പി കെ സുധിയുടെ നോവല്‍ 'തട്ടാന്‍ വിള'(ചിന്ത പബ്ലിഷേഴ്സ്)
ഓര്‍മ്മകള്‍ അരിച്ചരിച്ചെടുത്താല്‍ അരിപ്പില്‍ അടിയുക സ്മരണകള്‍ക്കടിയില്‍ ചിതറിക്കിടക്കുന്ന മരണങ്ങളാകും...
വായിക്കെ....
ഭൂതകാലം വര്‍ത്തമാന കാലത്തിന്‍റെ ശൂന്യതയോടും ആശങ്കാഭരിതമായ ഭാവികാല സങ്കല്പത്തോടും ഇണങ്ങാതെ വരികയാണെങ്കില്‍ മൂന്നിന്‍റെയും ഭാരം അത് വഹിക്കുന് ആളിനെഎപ്പോഴുംഅലോസരപ്പെടുത്തിക്കൊണ്ടിരിക്കും.പൊരുത്തക്കേടുകളുടെ നിരന്തര വേട്ട അയാളെ അടിപതറിക്കും.ആ അവസ്ഥ അസഹ്യമാകുമ്പോഴാണ് ഒരാള്‍ ആത്മഹത്യയിലേയ്ക്ക് വഴുതിപ്പോകുകയോ,നടപ്പുകാലം അയുക്തികമെന്നു വിവക്ഷിച്ചേക്കാവുന്ന മാനസികാവസ്ഥയിലേയ്ക്ക് ചുരുങ്ങിപ്പോകുകയോ ചെയ്യുന്നത്.അവിടെ ആത്മഹത്യ കീഴടങ്ങലും അയുക്തികത അതിജീവനോപാധിയുമാകും.
ഭൂതകാല സങ്കല്പങ്ങളുടെ തട(കല)വറയിലേയ്ക്കു മാത്രമായ് ആഴപ്പെട്ടു പോയ ഒരാള്‍ക്ക് ആ കാലത്തെ മാത്രമേ ആവിഷ്കരിക്കാനാകൂ.അതില്‍ മാത്രമേ അയാള്‍ക്ക് തൃപ്തി കണ്ടെത്താനുമാകൂ..വര്‍ത്തമാന കാലത്തോട് ഇണങ്ങിയവര്‍ക്കോ ഭാവികാലം സ്വപ്നം കണ്ട് കഴിഞ്ഞു കൂടുന്നവര്‍ക്കോ അയാളുടെ ആ നിലയോട് പൊരുത്തപ്പെടാനാകില്ല.സമനില തെറ്റിയ ഒരാളുടെ ജല്പനങ്ങളായേ അവര്‍ക്ക് ഭൂതകാലം പുനരാവിഷ്കരിക്കുന്ന ആളെ കാണാനോ കേള്‍ക്കാനോ ആകൂ.കാരണം അവര്‍ പഴമയില്‍ നിന്നും ഏറെ അകലെയായിരിക്കും;ഭാവി അവരോടെന്ന വിധം...
ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പി കെ സുധിയുടെ`തട്ടാന്‍വിള'എന്ന നോവല്‍ കഴിഞ്ഞ ദിവസമാണ് ഞാന്‍ വായിച്ചു കഴിഞ്ഞത്.അതിലെ കേന്ദ്ര കഥാപാത്രമായ(എന്നെ സംബന്ധിച്ച്) നെടുമാനൂര്‍ പുത്തന്‍വീട്ടില്‍ കേശവപിള്ള തന്‍റെ യൗവന കാലത്തെ(ഭൂതകാലത്തെ) പുനരാവിഷ്കരിക്കാന്‍ സദാ ഉണര്‍ന്നിരിക്കുന്ന വര്‍ത്തമാനകാല വാര്‍ദ്ധക്യമാണ്.വാര്‍ദ്ധക്യത്തിന്‍റെ വിവശതയിലെത്തപ്പെട്ട ഈ കഥാപാത്രത്തിന്‍റെ ചിന്തകളും ചെയ്തികളുമെല്ലാം തന്‍റെ യൗവന കാലത്തിന്‍റെ ആവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെട്ടവയാണ്.വൈയക്തികമായവ മാത്രമല്ല,സാമൂഹികമായ അവസ്ഥകളും അതില്‍ കണ്ണിചേര്‍ന്നു വരുന്നു എന്ന പ്രത്യേകതയുമുണ്ട്.വര്‍ത്തമാന കാല ജീവിതത്തിലെ അനുയോജ്യമായ ഓരോ സന്ദര്‍ഭത്തിലും ഭൂതകാലത്തു നടന്നതോ താന്‍ ചെയ്തിരുന്നതോ ആയ സംഗതികളെ അതേവിധം പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുകയാണ് ഈ കഥാപാത്രം.അതുവഴി തെളിഞ്ഞു വരുന്നതോ ഓര്‍മ്മകളില്‍ നിന്നുപോലും മാഞ്ഞുപോയ പ്രാദേശികവും സാമൂഹികവുമായ ഒരു പരിസരവും ചരിത്രവുമാണ്.ചുറ്റുവട്ടത്ത് മുമ്പെങ്ങോ ഉണ്ടായിരുന്ന ഒരു ഭൂതകാലം അതേവിധം വീണ്ടും മുന്നിലെത്തുന്നതിന്‍റെ പ്രതീതിയാണ് അപ്പോള്‍ നമുക്കുണ്ടാകുക.അതിനായി നോവലിസ്റ്റ് തെരഞ്ഞെടുത്തിരിക്കുന്ന ഇടം നെടുമങ്ങാടു നഗരത്തോടു ചേര്‍ന്നുള്ള കരുപ്പൂര് എന്ന പ്രദേശവും രാജഭരണകാലത്ത് തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ സ്വര്‍ണ്ണപ്പണിക്കാരായ തട്ടാന്മാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന തട്ടാന്‍ വിള എന്ന ദേശവും അവരുടെ ജീവിതവും അതിജീവനവും പ്രതിസന്ധികളും അടങ്ങുന്ന അനുബന്ധ പരിസരങ്ങളുമാണ്.ആ പ്രാദേശികതയുമായി ബന്ധപ്പെട്ട തന്‍റെ യൗവനകാല ജീവിതാനുഭവങ്ങളെ നിലവില്‍ അനുയോജ്യമായി വരുന്ന കാലാവസ്ഥയിലെല്ലാം(സമാനമായ സാമൂഹിക സാഹചര്യങ്ങളിലും) കേശവപിള്ളയിലൂടെ പുനരാവര്‍ത്തിക്കപ്പെടുകയാണ്.എന്നു വച്ചാല്‍ അപ്പോഴുള്ള ജീവിത നിലകളെ മറന്നോ,മാറ്റി നിര്‍ത്തിയോ പകരം പഴയകാല ജീവിതത്തെ അവിടേയ്ക്ക് കേശവപിള്ള പ്രതിഷ്ഠിക്കുന്നു.ആ വേളയില്‍ കേശവപിള്ള അക്കാലത്തെ യുവാവായി സ്വയമങ്ങ് മാറുകയും അതിന്‍ പ്രകാരം പരിസരം മറന്നു പെരുമാറുകയും ചെയ്യുന്നു.കേശവപിള്ളയുടെ അത്തരം പെരുമാറ്റം മറ്റുള്ളവരില്‍ അസഹ്യതയാണു സൃഷ്ടിക്കുന്നത്.പക്ഷെ,ഒരാള്‍ മാത്രം അതു സശ്രദ്ധം നിരീക്ഷിക്കുകയും പകര്‍ത്തുകയും ചെയ്യുന്നു.(നോവല്‍ അതിന്‍റെ കര്‍ത്തവ്യമെന്തെന്ന് കൃത്യമായും പ്രകടമാക്കിത്തുടങ്ങുന്നത് അവിടം മുതലാണ്)അതോടെ കേശവപിള്ളയുടെ ഓര്‍മ്മകളുടെ പുനരാവിഷ്കാരം രേഖീയമായി മാറുന്നു.വിസ്മൃതിയിലാണ്ടുപോയ ഒരു ഭൂതകാലവും അന്നത്തെ ജീവിത സാഹചര്യങ്ങളും സാമൂഹിക പ്രതിസന്ധികളും അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്‍റെ ആന്തലുകളും അതേവിധം ആ നിരീക്ഷണ വ്യഗ്രതയിലൂടെ പകര്‍ത്തപ്പെടുന്നു.
കേശവ പിള്ളയുടെ ചെറുമകളും ഗവേഷണ വിദ്യാര്‍ത്ഥിയുമായ പവിതയാണ് ആ കഥാപാത്രം.തന്‍റെ ഗവേഷണ പ്രബന്ധം തയ്യാറാക്കുകയാണ് പവിത കേശവപിള്ളയുടെ അത്തരം ഓര്‍മ്മപ്പെരുക്കങ്ങളില്‍ നിന്നും.ഈടുറ്റ നിലയില്‍ അതു സാധ്യമാക്കുകയും ചെയ്യുന്നു.ഗുഡ്ബൈ മലബാര്‍ എന്ന നോവലില്‍ മലബാര്‍ മാന്വലിന്‍റെ രചയിതാവ് വില്യം ലോഗന്‍റെ വൈയക്തികവും ബൗദ്ധികവും സാമൂഹികവുമായ ജീവിതവും ബ്രിട്ടീഷ് ആധിപത്യം അലങ്കോലമാക്കിയ മലബാറിലെ അന്നത്തെ ആ കാലഘട്ടവും ലോഗന്‍റെ ഭാര്യ ആനിയിലൂടെ പുനരാവിഷ്കരിക്കാന്‍ നോവലിസ്റ്റ് കെ ജെ ബേബി കാട്ടുന്ന സൂക്ഷ്മത നമുക്കിവിടെ പവിതയിലും ദര്‍ശിക്കാനാകും.
പ്രബന്ധവുമായി ബന്ധപ്പെട്ടുള്ള നിലയില്‍ക്കൂടി പിന്നീട് നോവല്‍ വളരുന്നുണ്ട്.കൂടാതെ നിലവിലെ വിദ്യാഭ്യാസ നിലവാരശൂന്യതയുടെ പൊള്ളത്തരത്തിന്‍റെ തുറന്നു കാട്ടലുകളും ഗവേഷണ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വൈകാരികവും മാനസികവുമായ പ്രതിസന്ധികളുമൊക്കെ കടന്നു വരുകയും ചെയ്യുന്ന നോവലിന്‍റെ പശ്ചാത്തലം വിപുലവും വിശാലവുമാക്കാന്‍ അതു സഹായകരമാകുന്നു എന്നതു വാസ്തവം.എന്നാല്‍,എന്നെ സംബന്ധിച്ച് ഈ നോവലിലെ കാതലായ വശം സ്മരണകളുടെ ജൈവികമായ ആ പുനരാവിഷ്കാരം തന്നെ.അതുവഴി വെളിപ്പെട്ടു വരുന്ന വിസ്മൃതിയിലാണ്ടുപോയൊരു പ്രാദേശിക സാമൂഹികാവസ്ഥകളുടെ പൊടിപ്പും തൊങ്ങലുകളുമില്ലാത്ത ബോധ്യപ്പെടുത്തലുകള്‍ തന്നെ.രക്തബന്ധമെന്ന ബയോളജിക്കല്‍ കണ്ടിന്വേഷനിലൂടെ അവയെ അടയാളപ്പെടുത്താന്‍ എഴുത്തുകാരന്‍ നടത്തുന്ന പ്രതിഭാഭരിതമായ പരിശ്രമത്തില്‍ തന്നെ...
നോവലിലെ ഒരോ അടരുകളും പ്രദാനം ചെയ്യുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍,അതുവഴി ലഭ്യമാകുന്ന ഭൂതകാല ഗ്രാമീണ സംസ്കൃതിയുടെ പകര്‍ന്നേറ്റങ്ങള്‍,അതില്‍ തെളിയുന്ന കൃഷികേന്ദ്രീകൃതമായ സാംസ്കാരിക വൈവിധ്യങ്ങള്‍,വിസ്മൃതിയിലായ പ്രാദേശിക ഭാഷാ വഴക്കങ്ങളുടെ പെരുക്കപ്പട്ടികകള്‍...അതൊക്കെ വായിച്ചറിയേണ്ടവയാണ്.ഒരു സൗന്ദര്യാത്മക വ്യവഹാരത്തിനപ്പുറത്തേയ്ക്കു നോവല്‍ പടര്‍ന്നേറുന്നതിന്‍റെ തോതുകൂടി സൂക്ഷ്മ വായനയില്‍ നമുക്കു തെളിഞ്ഞു കിട്ടും..
എളുതായെങ്കിലും ഭൂതകാല സ്മരണകളോട് പ്രിയപ്പെട്ടു പോയൊരാള്‍ എന്ന നിലയിലാവാം ഞാനീ നോവല്‍ അതിലുള്‍ക്കൊണ്ട ഓര്‍മ്മപ്പെരുക്കങ്ങളുടെ നിലയെ മാത്രം നിരീക്ഷിച്ച് പറഞ്ഞു ചുരുക്കുന്നത്.ആ നിലകൂടി ഉള്ളതിനാലാവാം എനിക്ക് പി കെ സുധിയുടെ ഈ നോവലും പ്രിയപ്പെട്ടതാകുന്നത്.