Archives / March 2020

ഫൈസൽ ബാവ
കഥയിലെ അഗ്നി (സിതാര.എസിന്റെ അഗ്നി എന്ന കഥയിലൂടെ)

 


            

മലയാള കഥയിൽ  ശക്തമായ ആഖ്യാനങ്ങൾ കൊണ്ട് ശ്രദ്ധേയയായ എഴുത്തുകാരിയാണ് സിതാര.എസ്. നിലനിൽക്കുന്ന സദാചാര ചിന്തകളെ തള്ളിക്കളഞ്ഞു     കൊണ്ടു സാമൂഹ്യവസ്ഥകളോടുള്ള തിരിച്ചറിവും പ്രതിഷേധവും പ്രതിരോധവും സ്വാതന്ത്ര്യത്തെകുറിച്ചുള്ള അനന്തമായ സ്വപ്നവും ഉള്ളിലുള്ള എഴുത്തുകാരിയുടെ കഥാനിർമ്മിതിയിൽ അഗ്നി പോലുള്ള കഥകൾ പിറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. 
"സൈക്കിൾയാത്ര പ്രിയയ്ക്ക് അത്ര ഇഷ്ടമുള്ള സംഗതിയല്ല. പക്ഷേ ചിലപ്പോഴൊക്കെ ഓഫീസിലെ കടലാസുകൾ ടൈപ്പുചെയ്തു കഴിയുമ്പോൾ നേരം സന്ധ്യയാകും. അങ്ങനെയുള്ള ദിവസങ്ങളിൽ വീട്ടിലേക്കു  വേഗം എത്താൻ ഒരു സൈക്കിൾ ഉള്ളതു നല്ലതാണ്. സന്ധ്യയ്ക്ക്, ഓഫീസിനു തൊട്ടുള്ള ടി.പി. നാസർ റോഡിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ പ്രിയ ഇക്കാര്യം ഒന്നുകൂടി  മനസ്സിൽ ഉറപ്പിച്ചു." അഗ്നി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. 

പ്രിയ ധൈര്യശാലിയായ യുവതിയാണ് എങ്കിലും നേരം ഇരുട്ടിയാൽ ആളൊഴിഞ്ഞ ഈ വഴിയിലൂടെ സഞ്ചരിക്കുന്നത് ഭയമാണ്. ഇത് നമ്മുടെ നാട്ടിലെ അവസ്ഥ കൂടിയാണ്. 
"ഒഴിഞ്ഞ ആ വഴിയിലൂടെ രാവിലെ വരുമ്പോൾപോലും പ്രിയയ്ക്ക് ചെറുതായി പേടി തോന്നും. എതിരേ വല്ലപ്പോഴും വരുന്ന മനുഷ്യരെ അവൾ സംശയത്തോടെ സൂക്ഷിച്ചുനോക്കും-കണ്ണുകളിൽ ആസക്തിയുമായി നടക്കുന്ന അപരിചിതൻ എന്ന ലേബൽ പതിക്കാവുന്നവനാണോ അയാൾ എന്ന്." 
  
മൂന്നുപേർ ചേർന്ന് പ്രിയയെ കുറ്റിക്കാട്ടിനപ്പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നു. 
എന്നാൽ തന്നെ ബലാൽസംഗം  ചെയ്ത മൂന്നുപോരോട്    പിന്നീടുള്ള പ്രിയയുടെ സമീപനമാണ് കഥയെ. മറ്റൊരു തലത്തിൽ എത്തിക്കുന്നത്.  സാറാ ജോസഫ് സിതാരയുടെ കഥകളെ പറ്റി ഇങ്ങനെ പറയുന്നു "എന്നെ ഏറെ അതിശയിപ്പിച്ചുകൊണ്ടാണ് സിതാര എന്ന പെണ്കുട്ടി ലക്ഷ്മണരേഖകളെ ഒന്നൊന്നായി ചവിട്ടിപുറത്താക്കുന്നത്. ലൈംഗികതയെപറ്റി തുറന്നു സംസാരിക്കാൻപോലും തയ്യാറല്ലാത്ത കാപട്യം നിറഞ്ഞ സമൂഹത്തോട് ലൈംഗികത കേന്ദ്രപ്രമേയമാകുന്നു..... കാമുക സന്നിധിയിൽ ലജ്ജകൊണ്ടു വിവശയായി കാൽനഖംകൊണ്ട് വരച്ചുനിന്നിരുന്ന 'പെണ്കുട്ടി'യിൽ നിന്ന് അഗ്നി എന്ന കഥയിൽ, തന്നെ ബലാൽസംഗം ചെയ്തവനോട് നീയത്രക്കുപോരാ, ഒരു പെണ്ണിനെ പൂർണമായി തൃപ്തിപ്പെടുത്താൻ നിനക്കാവില്ല എന്നു പുച്ഛിക്കുന്ന പെണ്കുട്ടിയിലേക്കുള്ള മാറ്റം അത്ര നിസാരമല്ലല്ലോ."  അഗ്നി എന്ന കഥയുടെ ശക്തി ഈ ട്വിസ്റ്റ് ആണ്. എന്നും മാഞ്ഞുപോകാത്ത കഥയാണ് സിതാരയുടെ അഗ്നി

Share :