Archives / March 2020

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
കീർത്തിപത്രം.

മനഃസാക്ഷിയെങ്ങോ,
മൂല്യമകന്നുപോയ്.
ന്യായാധിപനോ
ന്യായമോതിടാം.
നിയമം നിർമ്മിക്കും
നയവഞ്ചകരോ!
മാതാപിതാക്കൾക്കെന്തുകാര്യം?
മാന്യതനടിക്കാമൊടുങ്ങാം.
മക്കളെ വളർത്തിടാം
മാറിനിന്നു കണ്ണീരൊഴുക്കാം.
കൗമാരകാമത്തിലാടിമറിയും
കോലംകെടുത്തും വിദ്യയോ?
ആരെയാദരിക്കുമിവരോ-
യാരെയും വെല്ലുന്ന ധിക്കാരമോ!
അവകാശബോധത്തിലേറു-
മതിനീചം വിജയലഹരിയോ?
രക്ഷിതാക്കളില്ലാത്തകാലം
രക്ഷയേകും രാഷ്ട്രീയലോകം.
ജന്തുധർമ്മം പകരും
ജീവധർമ്മമകറ്റും.
പൗരത്വമേറ്റീയകറ്റും
പാരം ദുരിതമീജന്മം.
ഇണകളെത്തേടും വിദ്യയാഭാസ-
മിരുന്നു ചിന്തിക്കുവതാരോ?
ഇരന്നുനേടും കാമദാഹ-
മിരവുപകലും മികവുമായ്.
പ്രകൃതിവിരുദ്ധമായ് വളർത്തും
പ്രീതിയേകും രാക്ഷസരോ!
ധർമ്മമകറ്റും നയതന്ത്രം
ധീരതയെന്നഭിനയതന്ത്രം.
ഹൈടെക് കേളികളേറീ
ഹീനം,ഗുരുത്വമില്ലാ വിദ്യയും.
ജനാധിപത്യം കാത്തരുളും
ജന്തുക്കളാകും കീർത്തിപത്രം!

Share :