Archives / february 2020

ഷിബു കൃഷ്ണൻ
.ഞാൻ

എന്നെയറിയാൻ ഉള്ളിലേക്കിറങ്ങിയ
ആത്മാവിനെത്തിരഞ്ഞു ഞാൻ,
കണ്ടതൊന്നല്ല, രണ്ടല്ല ഒരായിരം
ആത്മാക്കളായി മാറിയൊരെന്നേ!
ആകാശ കപ്പലിലൂറ്റി വെച്ച മഴയെ
കൊത്തിനുറുക്കിയ ഹൃദയത്തെ
നീറ്റലിൻ കടലാക്കിയൊഴുക്കിയെങ്ങോ..
ദാരിദ്ര്യം വിറ്റു തുലച്ചു ശരീരം നീറ്റിൽ
ഒഴുക്കിയ പട്ടിണിവയറുകൾ.
രാത്രി ഉറക്കമിളച്ചുണ്ടാക്കിയ രാവിന്റെ
കറുത്ത ഭ്രാന്തായതും ഞാൻ തന്നെ.
മൗനനൂലിനാലറുത്തു കീറിയ വേദന-
ഒഴുക്കിയ ഭ്രൂണമായി മാറിയതും ഞാൻ.
ഞാനില്ലാതാകുമ്പോൾ നീ ജനിക്കുന്നു.
ഞാനില്ലാതാവുകയല്ലാ, ഞാൻ നീയായി
പരിണമിക്കുന്നു; നിന്നെ വിത്താക്കുന്നു.
മണൽ കൂനകളിൽ എഴുതിയ അക്ഷരം
പോലെ മനസ്സിന്റെയകത്തളങ്ങളിൽ
ശബ്ദമുയർത്തിയും ചോദ്യങ്ങൾ ചോദിച്ചും
ഞാൻ അവസാനം നിശബ്ദനായി...

Share :