Archives / february 2020

ബാബു വിശ്വൻ
രക്തസാക്ഷികൾ (കവിത)

ഇരുളിൻ മഹാനിദ്രയിൽ പതിയിരിയ്ക്കുന്നു 

ശവം തീനി കഴുകൻ കണ്ണുകൾ 

ആർത്തുവിളിയ്ക്കുന്നു

ഓർത്തു കരയുവതറിയാതെ

അറവുശാലകൾ തീർത്താരോ

അരയണയ്ക്കും അച്ചാരമുറപ്പിച്ചു

ആരച്ചാരന്മാരവർ അറവുശാലകളൊരുക്കുന്നു

ആരാച്ചാരന്മാരവരോടു

കൈകൂപ്പി

 പ്രാണനു പകരമെന്തും നല്കിടാം 

അരുതരുത് സോദരാ

വീണ്ടും വീണ്ടും യാചിയ്ക്കുന്നു 

ചങ്കു പൊട്ടുമാറൊച്ചത്തിൽ

കേണതു കേൾക്കാതെ

ചങ്കിൽ തറച്ചു

കത്തിമുനയാഴങ്ങളിൽ ഊർന്നിറങ്ങി

ഒന്നുരിയാടാതെ

 ആത്മദളങ്ങൾ താണ്ടി

ചോരപ്പുഴയൊഴുകി

കഴുകൻമാരവർ കാഹളം മുഴക്കി 

ഉന്മാദലഹരിയിൽ കോമങ്ങളായ്

ഉറഞ്ഞു തുള്ളി

 ഊറിച്ചിരിച്ചും ഊതിക്കെടുത്തിയെത്രയെത്ര

പ്രാണനിവിടെ കത്തിമുനയിലാഴത്തിലടർന്നു വീണ പ്രാണൻ കേഴുന്ന തെരുവോരത്തിന്നും

വിജയശ്രി ലാളിതരായ്

അടുത്ത ഇരയെത്തേടി ഇരുളിൽ മറയുന്നു

പ്രാണൻ പിടഞ്ഞു വീഴുന്നു

ഇറ്റുറ്റുവീണ ചോരത്തുള്ളികൾ ചെഞ്ചോലയിൽ മുക്കിച്ചുവപ്പിച്ച്

ആർദ്രനാളം മുഴക്കി

കൂട്ടിക്കിഴിയ്ക്കുന്നു ആരാച്ചാരൻന്മാരവർ

ഒരു പുലരിയിൽ ചെഞ്ചേലച്ചുറ്റിപ്പുതപ്പിച്ച്

വീടിന്റെ ഉമ്മറക്കോലായിൽ പ്രാണനറ്റ ശരീരത്തിൽ

തിരുമുറുവുകളെണ്ണിപ്പറഞ്ഞമ്മ

നാളെ നീയും ഓർക്കുക

ഉദരത്തിൽച്ചുമന്നോരമ്മ നിനക്കുണ്ട്

ഉദരനോമ്പരത്താൽ നിശ്ചലം ജനനിയും

ഒരു നാൾ നിൻ വഴികളിൽ നിന്നെയോർത്തു കരഞ്ഞീടും

ശാപശപഥങ്ങളാണ്

ഓർത്തീടുക ഓർത്തുവെച്ചീടുക

പേറ്റുനോവിൻ ഉദരവേദന

ആരറിയുന്നും

പാതയോരത്തെ സ്മൃതി സ്തുപത്തിലെ

ഒന്നു വിങ്ങിപ്പൊട്ടാൻ വിതുമ്പുന്ന രക്തസാക്ഷികളെത്ര

വിടരും മുന്നേ പൊഴിപ്പൂക്കൾ

ഇരുളിൻ മഹാനിദ്രയിൽ

 

 

Share :