നൈസാമിന്റെ നാട്ടിൽ (അഞ്ചാം ഭാഗം )സലാർ ജംഗ് മ്യൂസിയം
ഹൈദരാബാദിലെ ഞങ്ങളുടെ അവസാന ദിവസം പ്രധാനമായും രണ്ടു സ്ഥലങ്ങളാണ് സന്ദർശിക്കാനുള്ളത്, ഒന്ന് സലാർ ജംഗ് മ്യുസിയവും രണ്ടാമത് ചൗദ് മഹല്ല പാലസുമാണ്. വേറെയും സ്ഥലങ്ങൾ ഹൈദരാബാദിൽ കാണാനുണ്ടെങ്കിലും സമയ പരിമിതിയാൽ ബാക്കിയുള്ളവ ഒഴിവാക്കുവാൻ ഞങ്ങൾ നിർബന്ധിതരാവുകയായിരുന്നു.
ഇന്ത്യയിലെ പ്രധാനപെട്ട മൂന്ന് മ്യൂസിയങ്ങളിൽ ഒന്നാണ് ഹൈദരാബാിലെ മൂസി നദിയുടെ കരയിലുള്ള ദാർ -ഉൽ -ഫിയയിൽ സ്ഥിതിചെയുന്ന സലാർ ജംഗ് മ്യുസിയം. സലാർ ജംഗ് കുടുംബത്തിന്റെ സ്വകാര്യ കലാ സമാഹാരങ്ങളാണ് പിന്നീട് രാജ്യത്തിന്റെ പൊതുമ്യൂസിയമായി പരിണമിക്കുകയാണുണ്ടായത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയമ്യൂസിയങ്ങളിൽ ഒന്നായ സലാർ ജംഗിൽ യൂറോപ്, ഈജിപ്റ്റ്, വടക്കേ അമേരിക്ക, പേർഷ്യ, നേപ്പാൾ, ബർമ്മ, ജപ്പാൻ, ചൈന, ഇന്ത്യ തുടങ്ങിയ വിവിധരാജ്യങ്ങളിലെ ശില്പങ്ങൾ, കൊത്തുപണികൾ, കൈയെഴുത്ത് പ്രതികൾ,പെയിന്റിങ്ങുകൾ, തുണിത്തരങ്ങൾ, പരവതാനികൾ, ആയുധങ്ങൾ, ഘടികാരങ്ങൾ, സെറാമിക് ഉത്പന്നങ്ങൾ, തുടങ്ങിയ അപൂർവശേഖരങ്ങളുടെ വലിയൊരു കലവറതന്നെയുണ്ട്.
ഇവിടെ മൂന്ന് ബ്ലോക്കുകളിലായി മുപ്പത്തിയെട്ട് ഗ്യാലറികളാണുള്ളത് . ഒന്ന് ഇന്ത്യ ബ്ലോക്ക്(27ഗ്യാലറികൾ ), രണ്ട് വെസ്റ്റേൺ ബ്ലോക്ക്( 7ഗ്യാലറി കൾ ),മൂന്ന് ഈസ്റ്റേൺ ബ്ലോക്ക്(4 ഗ്യാലറികൾ ) എന്നിവയിലായി പതിമൂന്നായിരത്തിലധികം പുരാവസ്തുക്കൾ പ്രദർശനത്തിനുണ്ട്.
മൂന്നു നിലകളുള്ള സലാർ ജംഗ് വീൽചെയർ ഫ്രണ്ട്ലിയാണ് എല്ലാം ബ്ളോക്കിലും വീൽചെയറിൽ സുഗമമായിതന്നെ കടന്നുചെല്ലാം കർശനമായ സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് പൂമുഖത്തേക്ക് കടക്കുമ്പോൾ മ്യൂസിയത്തിന്റെ സ്ഥാപകനായ സലാർ ജംഗ് ന്റെയും കുടുംബത്തിന്റെയുംവലിയ ഛായാചിത്രങ്ങൾ കാണാം. പ്രവേശന ഫീസിന് പുറമെ സ്പെഷ്യൽ ചാർജ് കൊടുത്താൽ മ്യുസിയത്തിലെ ഓരോ വസ്തുക്കളെ കുറിച്ചും വിശദമായി വിവരിക്കുന്ന ഓഡിയോ സംവിധാനം പ്രയോജനപെടുത്താവുന്നതാണ്.
സലാർ ജംഗിൽ വലിയൊരു വെങ്കല ശേഖരം തന്നെയുണ്ട് . പല്ലവ കാലഘട്ടത്തിലെ വിഷ്ണുവിന്റേയും, ശിവന്റെയും അരഡസനോളം ശില്പങ്ങളും പ്രതിമകളും ഇവിടെയുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങി വിവിധഭാവങ്ങളിലുള്ള ശിവന്റെയും വിഷ്ണുവിന്റേയും ശില്പങ്ങൾ ആകർഷണീയമാണ്. കൂടാതെ വ്യത്യസ്ത ശൈലിയിലുള്ള ഒട്ടേറെ സവിശേഷതകൾ നിറഞ്ഞ ബുദ്ധന്റെയും സർപ്പ കിടക്കയിൽ അനന്തശയനംചെയ്യുന്ന വിഷ്ണുവിന്റേയും കാകതീയ കാലഘട്ടത്തിലെ മറ്റനേകം ശില്പങ്ങളും പൗരാണികവസ്തുക്കളും കണ്ട് ഞങ്ങൾ അടുത്ത ഗ്യാലറിയിലേക്ക് പോയി.
ഭാരതീയ, പേർഷ്യൻ, ഇസ്ലാമിക് വസ്ത്ര ശൈലിയുടെ വിപുലമായ ശേഖരംതന്നെ ഇവിടെയുണ്ട് വൈവിദ്ധ്യങ്ങളെ പ്രതിനിധീകരിക്കുന്ന ബന്ദാനി ടെക്‌സ്‌റ്റൈൽസ്, പളോറ്റ സാരികൾ, കലം കാരി തുണിത്തരങ്ങൾ, ആന്ധ്ര പ്രദേശിലെ പരമ്പരാഗത വസ്ത്രങ്ങൾ, രാജാക്കന്മാരുപയോഗിച്ചിരുന്ന രാജകീയ വസ്ത്രങ്ങൾ തുടങ്ങി മൂന്നു നൂറ്റാണ്ടുകളുടെ തുണിത്തരങ്ങളും വസ്ത്രങ്ങളും സലാർ ജംഗ് മ്യൂസിയത്തിന് അലങ്കാര വർണ്ണം പുതക്കുന്നു. സമയപരിമിതി കാരണം ഓരോ ഗ്യാലറിയും സൂക്ഷ്മായി കാണാൻ കഴിഞ്ഞില്ലെങ്കിലും എല്ലാം ഗ്യാലറി കളിലും ഒരു ഓട്ടപ്രദർശമെങ്കിലും നടത്താൻ ശ്രെമിച്ചിട്ടുണ്ട്.
ലോകത്തിലെ പലഭാഗങ്ങളിലുള്ള ആനകളുടെ കൊമ്പുകൾ കൊണ്ടുള്ള ശില്പങ്ങളും കരകൗശല വസ്തുക്കളും കലാ ചാതുരിയുടെ മാതൃകകളാണ്. ഫ്രാൻസിലെ ലൂയിസ് പതിനാലാമൻ മൈസൂർ സുൽത്താൻ ടിപ്പുവിന് സമ്മാനിച്ച യൂറോപ്യൻ ആനകളുടെ കൊമ്പുകൾകൊണ്ട് നിർമിച്ച ദന്ത കസേരകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.
അപൂർവവും വൈവിദ്ധ്യകരവുമായ അനേകം ആയുധങ്ങളുടെ ശേഖരം സലാർ ജം ഗ് ലെ അപൂർവ നിധികളായി നിലകൊള്ളുന്നു, വിവിധതരം കവചങ്ങൾ, വാളുകൾ, യുദ്ധമഴു, കുന്തം, അമ്പും വില്ലും, തോക്കുകൾ, പരിചകൾ, കവചകുണ്ഡലങ്ങൾ, ഹെൽമെറ്റുകൾ... ഔറംഗസേവ്, ടിപ്പു സുൽത്താൻ, മുഹമ്മദ് ഷാ, ബഹാദൂർ ഷാ, അബ്‌ദുള്ള ഖുത്തബ് ഷാ തുടങ്ങിയവരുടെ പേരുകൾ ആലേഖനം ചെയ്ത ആയുധങ്ങളും ഡയമണ്ട് പതിച്ച അറബ് വാളുകളുമെല്ലാം അതിശയകരമായ കാഴ്ചകളാണ്.
രത്നങ്ങളുടെ ഗ്യാലറിയിൽ പ്രവേശിച്ചാൽ മരതകങ്ങൾ മുതൽ കരുത്തമുത്തുകളിൽ വരെ നിർമ്മിച്ച പ്ളേറ്റുകൾ, ഗ്ലാസുകൾ, കപ്പുകൾ, ബുക്ക് സ്റ്റാന്റുകൾ, തുടങ്ങി ഇന്ത്യൻ രത്നങ്ങളുടെയും വിദേശ രത്നങ്ങളുടെയും വലിയ ശേഖരം കാണാം ഷാജഹാന്റെ തലപ്പാവിൽ അലങ്കരിച്ച രത്നങ്ങളും ജഹനാര ബീഗം, നൂർജഹാൻ എന്നിവരണിഞ്ഞ രത്നങ്ങളും സലാർ ജം ഗ് ന്റെ അഭിമാനസ്വത്താണ്.
ഇന്ത്യയിലെ മിനിയേച്ചർ പെയിന്റിങ്ങുകളെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർ തീർച്ചയായും സലാർ ജംഗ് മ്യൂസിയം സന്ദർശിക്കുന്നത് നന്നായിരിക്കും. മുകൾ മിനിയേച്ചറുകളുൾപ്പെടെധാരാളം പെയിന്റിങ് കൾ ഇവിടെയുണ്ട്. പാശ്ചാത്യ ഇന്ത്യൻ ശൈലിയിലുള്ള ആദ്യകാല ചിത്രങ്ങളും ജൈന കല്പസൂത്രങ്ങളും, സംഗീതങ്ങളേയും രാഗങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളും ശ്രീ കൃഷ്ണ ലീലകളും ആർട്ട് ഗ്യാലറിയിൽ ഇടം പിടിച്ചിരിക്കുന്നു.
എൺപതിൽ പരം കലാകാരൻമാരുടെ ആധുനിക പെയിന്റിങ്ങുകൾ ഇവിടെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ ക്‌ളാസിക്കുകളിൽ രാജാ രവിവർമ്മയുടെ ചിത്രങ്ങളും പുരാണ പശ്ചാത്തലചിത്രങ്ങളുമുണ്ട്. ഇന്ത്യൻ പെയിന്റിങ് കളുടെ ആധുനിക നവോത്ഥാനത്തിന്റെ നന്ദൻ ലാൽ ബോസ് സംഗൻ ന്റെ ക്‌ളാസിക്ക് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന രചനകളും സലാർ ജംഗ് മ്യൂസിയത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
മിഡിൽ ഈസ്റ്റേൺ പരവതാനികൾ അറബിക് പേർഷ്യൻ കൈഎഴുത്ത് പ്രതികൾ കുഫിക്ക് ലിപിയിൽ കടലാസ്സിൽ എഴുതിയ ഖുർആൻ ഒമർ ഖയാമിന്റെയും ജഹനാര ബീഗത്തിന്റെയും കയ്യെഴുത്ത് പ്രതികൾ എന്നിവയും അപൂർവ കാഴ്ചകളാണ്.
ജപ്പാൻ, ചൈന, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ശില്പകലയുടെ ഗ്യാലറിയിൽ രസകരമായ ഒട്ടേറെ ശില്പങ്ങൾ കാണാൻ കഴിയും . വെങ്കലത്തിലും മരത്തിലും വിവിധതരം ലോഹങ്ങളിലും നിർമിച്ചിട്ടുള്ള ബുദ്ധ ശില്പങ്ങളും ജപ്പാനിലെ സമുറായ് യോദ്ധാക്കളുടെ ആയോധന മുറകളും സന്ദർശകരിൽ കൗതുകമുണർത്തുന്നതാണ്.
യൂറോപ്യൻ ഗ്യാലറിയിലേക്ക് പ്രവേശിക്കുമ്പോൾ സവിശേഷമായ എണ്ണ പെയിന്റിങ്ങുകളും ആകർഷകമായ ഗ്ലാസ് വസ്തുക്കളും, പ്രൗഡഗംഭീരമായ ഫർണിച്ചറുകളും ആനക്കൊമ്പിൽ കൊത്തിയ വിവിധതരം ശില്പങ്ങളും,പലതരം ക്ളോക്കുകളും യൂറോപ്യൻ കലകളുടെ വൈവിദ്ധ്യമാർന്ന ശേഖരങ്ങളും കണ്ട് ആശ്ച്ചര്യപെട്ട്പോകും. ഹൈദരാബാദ് സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് സലാർ ജം ഗ് മ്യുസിയം. രാവിലെ പത്ത് മണിക്ക് കയറിയതാണ് രണ്ടുമണി പിന്നിട്ടിട്ടും മ്യൂസിയത്തിന്റെ മുഴുവൻ ഗ്യാലറിയും വിശദമായി കാണാൻ കഴിഞ്ഞില്ല.സലാർ ജംഗ് മ്യൂസിയം വിശദമായി കണ്ടുതീർക്കാൻ ഒന്നിൽ കൂടുതൽ ദിവസങ്ങൾ വേണ്ടിവരുമെന്ന് തോന്നുന്നു. കാഴ്ച്ചകളുടെ വലിയൊരു നിധിശേഖരം തന്നെ മനസിലേറ്റികൊണ്ട് സലാർ ജംഗ് നോട് വിടപറഞ്ഞ് ഞങ്ങളുടെ ഹൈദരാബാദ് യാത്രയിലെ അവസാന ഡെസ്റ്റിനേഷനായ ചൗദ് മൊഹല്ല പാലസിലേക്ക് പോയി...
(തുടരും )