Archives / March 2020

എം.കെ.ഹരികുമാർ
ജലാത്മകത

വെള്ളം നിശ്ചലമാകുന്നതും ഒഴുകുന്നതും അതിന്റെ സ്വഭാവികമായ ഊർജ്ജത്തെ അനുസരിച്ചാണ്‌. എന്നാൽ ഈ ഊർജ്ജം അത്‌ സ്വയം ഉപയോഗിക്കുന്നില്ല. അതിനു മറ്റേതെങ്കിലും ബാഹ്യഊർജ്ജം ഇടപെടണം. അതുകൊണ്ട്‌ ഒഴുക്ക്‌ അതിന്റെ ആന്തരികമായ സ്വഭാവമാണ്‌. ആ സ്വഭാവത്തിലൂടെ അത്‌ എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയും എപ്പോഴും എതിർത്തുകൊണ്ടിരിക്കുന്നു. നിശ്ചലമായിരിക്കുമ്പോഴും അത്‌ ഒഴുക്കിനെ ഒളിപ്പിക്കുന്നുണ്ട്‌. കാരണം ഒഴുകാനുള്ള എല്ലാ സാധ്യതയും അത്‌ അന്തരികതയിൽ സൂക്ഷിക്കുന്നു. എന്നാൽ ഒഴുകാൻ സ്വയം ശ്രമിക്കുന്നില്ല.
ഇതിന്റെ അർത്ഥം, സ്വന്തം നിശ്ചലതയെ അത്‌ എപ്പോഴും നിരാകരിക്കുന്നുണ്ടെന്നാണ്‌. നിരാകരിക്കുന്നില്ലെങ്കിൽ, അത്‌ നിശ്ചലമാകാനായിരിക്കും ആഗ്രഹിക്കുന്നത്‌. അതായത്‌, വെള്ളത്തിന്റെ നിശ്ചലതയിൽ തന്നെ നിരാകരണമുണ്ട്‌. നിശ്ചലതയെ ഓരോ നിമിഷവും നിരാകരിക്കുന്നു.

ഒഴുക്ക്‌ അതിന്റെ സ്വയം നവീകരണവും സ്വയം നിരാസവും പരിവർത്തനവുമാണ്‌. അനേകം സ്വയം നവീകരണങ്ങളും നിരാസങ്ങളും പരിവർത്തനങ്ങളും വെള്ളത്തിനുണ്ട്‌. അത്‌ എല്ലാം വെള്ളത്തിന്റെ നിശ്ചലതയ്ക്കിടയിലും സദാ പുറപ്പെടാൻ സജ്ജമാണ്‌. ഒഴുകുമ്പോൾ വെള്ളത്തിനു ഗൃഹാതുരത്വമില്ല. കഴിഞ്ഞുപോയതിനെക്കുറിച്ചോർക്കാനായി ഒരു നിമിഷംപോലും മാറ്റിവയ്ക്കുന്നില്ല. ഒഴുക്കിന്റെ വേഗതയും വെള്ളത്തിന്റെ തീരുമാനമല്ല. ഒഴുക്കിന്റെ വേഗം ശക്തിയെ ആശ്രയിച്ചിരിക്കുന്നു. വേഗം കുറയുന്നതോ കൂടുന്നതോ, ഗൃഹാതുരത്വമോ ഓർമ്മയോ കൊണ്ടല്ല. പഴയകാലങ്ങളിൽ ജീവിച്ചിരിക്കാതെതന്നെ, പുതിയ കാലങ്ങളിൽ ജീവിക്കാമെന്നതാണ്‌ വെള്ളത്തിന്റെ തത്വശാസ്ത്രം. ഇത്‌ തത്വശാസ്ത്രം മാത്രമല്ല, വെള്ളത്തിന്റെ അതിജീവനമന്ത്രവുമാണ്‌. സ്വാതന്ത്ര്യത്തിന്റെയും ജലാത്മകതയുടെയും സദാചാരം പോലുമതാണ്‌. ജലാത്മകത എന്നത്‌ ഭൂതകാലത്തിൽ ജീവിക്കാതിരിക്കലാണ്‌. അത്‌ ഭാവിയെ പ്രാർത്ഥിച്ചു കഴിയുന്നു. വെള്ളത്തിനു അതായിതന്നെ ജീവിക്കാനുള്ള ആഗ്രഹമില്ല. കെട്ടിക്കിടക്കുന്നതോ, ഒഴുക്ക്‌ തടയപ്പെട്ടതോ ആയ അവസ്ഥ വെള്ളത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമല്ല. അതുകൊണ്ട്‌, ഒഴുകാത്ത അവസ്ഥയിലും വെള്ളം അതിനെ നിരാകരിക്കുന്നു.

ഒഴുകുമ്പോൾ ഒഴുക്കു മാത്രമേയുള്ളു. ഓർമ്മകളില്ല. ഒഴുകുകയാണെന്ന്‌ അറിയാതിരിക്കുമ്പോഴും ഒഴുകുന്നു. ഒഴുക്ക്‌ തന്നെയാണ്‌ വെള്ളം. ഒഴുക്കിൽ നിന്ന്‌ അതിനു സ്വയം മാറണമെന്നില്ല. അല്ലെങ്കിൽ സ്ഥിരമായി ഒരേ രീതിയിൽ ഒഴുകണമെന്ന്‌ അത്‌ ആഗ്രഹിക്കുന്നില്ല. അതിന്റെയർത്ഥം ഒഴുകുമ്പോഴും അത്‌ സ്വയം നിരസിക്കുന്നു എന്നാണ്‌ . ഒഴുക്കും സ്വയം നിരാസമാണ്‌. ഒഴുകികടക്കുന്നത്‌ ഭാവിയിലേക്കാണ്‌. ഒഴുകാതിരിക്കുമ്പോഴോ, ഒഴുകുമ്പോഴോ അത്‌ ഒന്നും സ്ഥാപിക്കാനോ പ്രതിഷ്ഠിക്കാനോ ശ്രമിക്കുന്നില്ല. അതിനു സ്വന്തം ഒഴുക്കിന്റെ സമസ്യകളും, അതിന്റെ ഒരിക്കലും അവസാനിക്കാത്ത രൂപപരമായ സാധ്യതകളുമാണ്‌ ഉള്ളത്‌. ഇതും വെള്ളം ഓർമ്മയിൽ സൂക്ഷിക്കുന്നില്ല. നിർബാധവും നിരാസ്വദവുമായ ഒഴുക്കാണ്‌ വെള്ളം വിഭാവനചെയ്യുന്നത്‌.

വെള്ളത്തിന്റെ രൂപം ആർക്കും നിശ്ചയിക്കാം. കുളത്തിനും ഗ്ലാസിനും അത്‌ നിശ്ചയിക്കാം. അത്‌ മുൻകൂട്ടി തയ്യാറാക്കാൻ വെള്ളം ഉദ്യമിക്കുന്നില്ല. അതിന്റെയർത്ഥം സ്വന്തം ആവാസവ്യവസ്ഥയെപ്പറ്റിയോ രൂപപരിണാമങ്ങളെപ്പറ്റിയോ വെള്ളത്തിനും ഉത്കണ്ഠയില്ല എന്നാണ്‌. ഇതാണ്‌ സ്വയം നിരാകരണത്തിന്റെ കാതൽ. അതുകൊണ്ടു, വെള്ളത്തിനു സ്ഥിരമായ ജീവിതത്തത്വമില്ല. അത്‌ എപ്പോഴും മാറാൻ നിൽക്കുകയാണ്‌. മാറ്റം തന്നെയാണത്‌. അസ്തിത്വത്തിനു സ്ഥിരരൂപമില്ല എന്നത്‌ അതിനെ ദുഃഖിപ്പിക്കുന്നില്ല. വെള്ളം സ്വന്തം കൂടുപൊട്ടിച്ച്‌ കുതറിയോടാൻ സന്നദ്ധമാണ്‌. എവിടേക്കാണ്‌ അത്‌ ഒഴുകുന്നത്‌. ചരിത്രത്തിലേക്കല്ല. ചരിത്രം അതിന്റെ സമീപത്തെങ്ങും വരുന്നില്ല. ചരിത്രത്തിൽ അവശേഷിക്കുന്നതുപോലെ വിഡ്ഡിത്തം എവിടെയും ഉണ്ടാകുകയില്ലെന്ന്‌ അതിനറിയാം. ചരിത്രത്തിലെത്തുന്നതെല്ലാം നിശ്ശബ്ദമാവുകയേയുള്ളു. വെള്ളം ഏത്‌ രൂപത്തിലെത്തിയാലും നിശ്ശബ്ദമായിരിക്കും. അതിനൊന്നും പറയാനുണ്ടായിരിക്കുകയില്ല. അത്‌ ചരിത്രത്തിന്റെ ചരിത്രാത്മകതയെ പരിഹസിച്ചുകൊണ്ട്‌ ഭാവിയെ നിർമ്മിച്ചുകൊണ്ടിരിക്കും.

ലക്ഷ്യം, അതുകൊണ്ടുതന്നെ ഏത്‌ ദിശയിലേക്കുമാകാം. ഗ്ലാസിൽ നിന്ന്‌ മറിഞ്ഞ്‌ തറയിലേക്ക്‌ വീഴുന്ന വെള്ളം എങ്ങനെയായിരിക്കും ഒഴുകുക. പ്രവചിക്കാൻ കഴിയില്ല. ജലാത്മകത എന്നത്‌ ഈ പ്രവചനരാഹിത്യമാണ്‌. അതിനു നിശ്ചിത ലക്ഷ്യമില്ല. ലക്ഷ്യത്തിലെത്താനുള്ള നീക്കം തന്നെ ലക്ഷ്യമാണ്‌. എത്താനായി ഒരിടമില്ല. എവിടെയെത്തിയാലും അത്‌ ലക്ഷ്യമായി മാറുന്നു.

വെള്ളത്തിനു അന്യമായതൊന്നുമില്ല. എല്ലാറ്റിനുംവേണ്ടി അത്‌ ഉള്ളിൽ അസംഖ്യം അറകൾ നിർമ്മിച്ചുവച്ചിരിക്കയാണ്‌. വസ്തുക്കൾക്ക്‌ യഥേഷ്ടം വസിക്കാം. അവർ തിരഞ്ഞെടുക്കുന്ന ആഴത്തിൽ, വേഗത്തിൽ, കാലത്തിൽ കഴിയാം. അതിനായി വെള്ളം അതിന്റെ ഉള്ള്‌ വിപുലീകരിച്ചുകൊണ്ടിരിക്കും. എന്നാൽ വെള്ളത്തിന്‌ അവയെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയില്ല. വസ്തുക്കളെ അനാഥമാക്കിയ ശേഷം മറ്റൊരു അസ്തിത്വത്തിലേക്ക്‌ അത്‌ മാറാൻ നിമിഷങ്ങൾ മതി. വസ്തുക്കളെ നിരാകരിക്കുന്നതുപോലെ സ്വയം നിരാസവും സംഭവിക്കുന്നു.

ഓരോ നിമിഷവും വെള്ളം ഇങ്ങനെ പുതുതായി ജനിക്കുന്നു. ഗ്ലാസിൽ നിന്ന്‌ ഒഴുകി വലിയ കിണ്ണത്തിലേക്ക്‌ നിറയുമ്പോൾ അതിനു ഗ്ലാസ്‌ ഓരോർമ്മയല്ല. ഗ്ലാസിൽ കിടന്ന മുത്തുകൾ അതിന്റെ ബാധ്യതയല്ല; ഗ്ലാസിനെയും മുത്തുകളെയും, ഓർമ്മിക്കാതെ തന്നെ, അത്‌ കിണ്ണത്തിൽ പുതിയൊരു സാധ്യതയായി അവതരിക്കുന്നു. ഇവിടെ അസ്തിത്വം മറ്റൊന്നാണ്‌. ഓരോ അസ്തിത്വത്തിൽ തന്നെ വെള്ളം അസംഖ്യം അസ്തിത്വങ്ങളുടെ സാധ്യതയെയും സൂക്ഷിക്കുന്നു. എന്നാൽ ഒന്നിനോടും മമതയില്ല. സ്വന്തം രൂപത്തെ എപ്പോൾ, എവിടെ വേണമെങ്കിലും നിരാകരിച്ച്‌, പുതിയതൊന്നായി മാറാമെന്നതാണ്‌ ജലാത്മകതയുടെ മന്ത്രം. ഇവിടെ കിണ്ണത്തിൽ വെള്ളം പുതുതായി ജനിക്കുന്നു. അങ്ങനെ അത്‌ പുതിയ ലോകവുമായി ചേരുന്നു.

സ്വയം ആയിരിക്കുക എന്നതാണ്‌ ഏറ്റവും വലിയ അസന്തുഷ്ഠിയെന്ന്‌ വെള്ളം തിരിച്ചറിയുന്നു. സ്വയം വീക്ഷിക്കുക, സ്വയം അനുഭവിക്കുക എന്നിവയെല്ലാം നരകങ്ങളാണ്‌. ജലം സ്വന്തം നരകത്തെ ബാഹ്യവത്കരിക്കുന്നതിനായാണ്‌ തുളുമ്പുന്നത്‌. സ്വയം അഭിമുഖീകരിക്കുകയെന്ന ദുരിതം നിറഞ്ഞ പ്രശ്നമാണ്‌ വെള്ളം നേരിടുന്നത്‌. ഗ്ലാസിലെ നിറഞ്ഞ വെള്ളം അതിന്റെ തന്നെ സ്വയം അഭിമുഖീകരണമാണ്‌. എന്നാൽ ആ അഭിമുഖീകരണത്തെ അത്‌ തള്ളിക്കളയുന്നുമുണ്ട്‌. വെള്ളത്തിന്റെ ഒരു നിമിഷം പലതാണ്‌. പല വെള്ളങ്ങളുണ്ട്‌ അതിൽ. അവിടെ തന്നെ പല അസ്തിത്വങ്ങളുണ്ട്‌. പല നിരാസങ്ങളുണ്ട്‌.

സ്വന്തം അവസ്ഥയോട്‌ നിത്യമായി കലഹിക്കുമ്പോൾ വെള്ളം അതിന്റെ തന്നെ എതിർഭാഗത്തേക്കാണ്‌ പോകുന്നത്‌. വെള്ളം വേറൊരു ഇടത്തേക്കുള്ള വെള്ളത്തിൽ ചേരുന്നതോടെ അതിന്റെ കലഹം ഒന്നായി മാറുന്നു. സ്വയം ജലമായിരിക്കാൻ ഇഷ്ടപ്പെടാത്ത അവസ്ഥയെ, എപ്പോഴും ഒഴുകാനുള്ള സാധ്യതകൊണ്ടാണ്‌ ജലം തമാശയാക്കി മാറ്റുന്നത്‌. അങ്ങനെ സ്വന്തം നരകത്തെ ഒഴുക്കി കളയുന്നതിലൂടെ, നിശ്ചലമായ ജലാവസ്ഥ അസംബന്ധമായി മാറുന്നു.
സ്വയം തള്ളിക്കളഞ്ഞ്‌ മറ്റനേകം രൂപാന്തരങ്ങളിലേക്ക്‌ പോകാനാണ്‌ അസംഖ്യം ജന്മവാസനകളുമായാണ്‌ ജലം ജീവിക്കുന്നത്‌. ജലത്തിന്റെ അന്തരികമായ ഉള്ളടക്കമാണിത്‌.

മറ്റൊന്നായി മാറാനുള്ള ഉൾഭ്രാന്തമായ സഞ്ചാരമാണ്‌ ഒഴുക്ക്‌. അപ്പോഴും ഒഴുക്കിന്റെ ഗതി, അത്‌ സൃഷ്ടിക്കുന്ന ആകൃതികൾ എന്നിവയൊന്നും വെള്ളത്തിനും പൂർവ്വനിശ്ചയം നടത്താനാവില്ല. സ്ഥിരമായ ശരീരമില്ലാതിരിക്കുക എന്ന അവസ്ഥയിൽ ജലം, സ്ഥിരമായ ആശയ ഉള്ളടക്കമില്ലാതിരിക്കുകയും ചെയ്യുന്നു. ഇതാണ്‌ ജലത്തിന്റെ മോചനം. തുടർ പ്രക്രിയകളിലൂടെ ലയിച്ചു ലയിച്ചു പോകുന്ന അവസ്ഥയാണത്‌. സ്വന്തം മൗലികവാദങ്ങളിൽ നിന്ന്‌, ചരിത്രത്തിൽ നിന്ന്‌, ഉറച്ചുപോയ ചിന്തകളിൽ നിന്ന്‌ അപരിചിതവും അനാവൃതവുമായ ലോകങ്ങളിലേക്ക്‌, സ്വന്തം ആഗ്രഹങ്ങളില്ലാതെ കടന്നുപോകുകയാണ്‌ ജലം. ഇത്‌ നവാദ്വൈതമാണ്‌.

ഏത്‌ അവസ്ഥയിലും, ജലം അതിന്റെ തന്നെ സ്വാഭാവികതകളിൽ നിന്ന്‌ ,സാധ്യതകളിൽ നിന്ന്‌ പിന്നോക്കം പോകുന്നില്ല. ലോകം എന്ന വിസ്മയമാണ്‌ ജലത്തെ പ്രലോഭിപ്പിക്കുന്നത്‌. അപ്പോഴും ആ പ്രലോഭനത്തിന്റെ അടിമയാകുന്നില്ല. സ്വന്തം സങ്കുചിതത്വത്തെപ്പറ്റി അതിനു ഓർക്കാൻപോലും കഴിയില്ല. എല്ലായിടത്തും ജലം അതിന്റെ ഈ സ്വഭാവം നിലനിർത്തുന്നത്‌, ഭിന്നതകൾക്കപ്പുറത്തുള്ള ലോകം നമുക്കു ചുറ്റിനുമുണ്ടെന്നുള്ള അറിവു പകരുകയാണ്‌.
ഏതൊന്നായി നമ്മൾ നിലനിൽക്കാൻ വിധിക്കപ്പെട്ടുവോ, അതാകുന്നതിൽ നിന്ന്‌ വിസമ്മതിച്ച്‌ കൂടുതൽ വികസിതവും നിത്യപരിവർത്തനങ്ങൾക്ക്‌ ഇടം നൽകുന്നതുമായ ലോകാവസ്ഥകളിലൂടെ, എണ്ണമറ്റ സാധ്യതകളായി പരിണമിക്കുന്നിടത്താണ്‌ നവാദ്വൈതം. ജലത്തിനും ഈ സവിശേഷതയുണ്ട്‌.

വെള്ളം അനേകായിരം കൈകളാണ്‌. ആ കൈകൾ നമ്മുടെ ആദൃശ്യവും അപരിമേയവുമായ സ്ഥാവര പ്രതലങ്ങളിലേക്ക്‌
നീളുകയാണ്‌. ഈ ജീവിതത്തിന്റെ എത്രയോ ചെറിയ അംശമാണ്‌ നാം കാണുന്നത്‌. അനേക കോടി ജീവമുകുളങ്ങൾ ഒന്നിൽതന്നെയുണ്ടായിരിക്കെ, നാം അറിയുന്നത്‌ തീരെചെറിയ അംശം മാത്രം. നമ്മൾ കാണാത്ത ഇടങ്ങളിലേക്ക്‌ ജലം അതിന്റെ രോമകൂപങ്ങൾക്കിടയിൽ അസംഖ്യം ജീവമുകുളങ്ങളെ സംഭരിച്ചുകൊണ്ട്‌ മുന്നോട്ടു പോകുകയാണ്‌.
മുന്നോട്ട്‌ എന്നത്‌ ഭാവിയിലേക്കാണ്‌. അതിനു ഭാവി മാത്രമേയുള്ളു. പിന്നിൽ ഭൂതകാലമല്ല, മരണം തന്നെയാണ്‌. ജലം അതായിരിക്കുന്നത്‌ അസ്വാതന്ത്ര്യമാണ്‌ , മരണവുമാണ്‌. അതിനു വളരാൻ കഴിയാത്ത അവസ്ഥ.
എന്നാൽ നിശ്ചലതയിലും ജലം അതിന്റെ ബാഹ്യലോകവുമായുള്ള ബന്ധത്തിലൂടെ സ്വന്തം വാസസ്ഥലങ്ങളെ പലപ്പോഴായി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു. പല കാലങ്ങളിലായി ജന്മഗൃഹങ്ങൾ വിട്ടുപോരാൻ ജലത്തിനേ കഴിയൂ. ഒരു പക്ഷേ, ഈ വിട്ടുപോരൽ അവസാനിക്കാത്ത പ്രവൃത്തിയാണ്‌.

Share :