Archives / January 2018

എം.കെ. ഹരികുമാര്‍
ഒരു വാര്‍ത്ത നമ്മെ ഞരമ്പുരോഗിയാക്കാന്‍ പുറപ്പെടുമ്പോള്‍

വാര്‍ത്തകള്‍ ഇന്ന് ആര്‍ക്കും എഴുതാം. സംപ്രേഷണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കാം. പത്രപ്രവര്‍ത്തകര്‍ എന്ന വര്‍ഗം ഇല്ലാതായി. പത്രാധിപരും ഇല്ലാതായി. ഒരു മൊബൈല്‍ഫോണ്‍ ഉള്ളവര്‍ക്കൊക്കെ വാര്‍ത്ത പുറത്തുവിടാം. ആര്‍ക്കാണ് പ്രത്യേകതകളുള്ള ഫോട്ടോ കിട്ടുന്നതെന്ന് പറയാന്‍ പറ്റില്ല. പത്രങ്ങളുടെയോ ടിവിയുടെയോ ചിന്തേരിട്ട, ചെത്തിതേച്ച വാര്‍ത്താ സങ്കല്പങ്ങള്‍ അസ്തമിച്ചു കഴിഞ്ഞു. ഒരു വാര്‍ത്ത സൗന്ദര്യാത്മകമായ തികവില്‍ അവതരിക്കുകയായിരുന്നു. ഇതുവരെ പത്രങ്ങളിലെ വാര്‍ത്തകള്‍ക്ക് ലക്ഷണങ്ങളൊക്കെയുണ്ട്. ഒരു ആമുഖവും വിഷയവും ഉപസംഹാരവുമുണ്ടാവും. ഒരേകാര്യം തന്നെ പല രീതിയില്‍ ആവര്‍ത്തിച്ചുകൊണ്ടാണ് വാര്‍ത്ത വായനക്കാരനെ വശീകരിക്കുന്നത്. അവതരണം സൗന്ദര്യമാണ്. അതായത്, ഏഴുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത ഒരു യുവതിയെ, കൃത്യത്തിനുശേഷം ജീവനോടെ കത്തിച്ചുകൊന്നു എന്ന സംഭവം വാര്‍ത്തയാകുന്നത് ഒരു ചതുരവടിവിലൂടെയാണ്. വാര്‍ത്തയ്ക്ക് ഛന്ദസ്സ് വേണമെന്ന് പാരമ്പര്യ മാധ്യമങ്ങള്‍ വാദിക്കുന്നു. ഒരാമുഖത്തിലൂടെ തുടങ്ങി, കുറ്റകൃത്യം വിശദീകരിച്ച്, ഒരു കഥാപരമായി വ്യാഖ്യാനം നല്‍കി അനുവാചകനെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്. ക്രൂരമായ ഒരു പ്രവൃത്തി, ആനന്ദം പ്രദാനം ചെയ്യാനുള്ളതായി മാറുകയാണ്. വാര്‍ത്ത എത്ര അധമമായാലും, അതില്‍ ആനന്ദത്തിനുള്ള വക ഉണ്ടായിരിക്കുമത്രേ. അല്ലെങ്കില്‍, ഏതെങ്കിലും തരത്തില്‍ വായനക്കാരനെ സമാശ്വസിപ്പിക്കുകയോ വിനോദത്തിലേക്ക് നയിക്കുകയോ ചെയ്യാത്ത ഒരു വ്യാഖ്യാനമോ അവതരണമോ സാധ്യമായില്ലെങ്കില്‍ അതിന് ഒരു വാര്‍ത്തയാകാന്‍ കഴിയുകയില്ല എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. വാര്‍ത്ത ഒരു സ്കൂളാണ്. അതിന് സ്വന്തമായ ഒരു രൂപമുണ്ട്. ആ രൂപത്തിനകത്ത് സ്വയം ഒരു ഘടനയാകുകയാണ് വാര്‍ത്തയുടെ നിയോഗം. എന്നാല്‍ ഒരു സാധാരണവ്യക്തിക്ക് വാര്‍ത്തയെ തിരിച്ചറിയാന്‍ ഛന്ദസ്സ് വേണ്ട. അവന് കയ്യില്‍ കിട്ടുന്നതെല്ലാം എടുത്തു പെരുമാറാം. ബലാത്സംഗത്തിന്‍റെ വാര്‍ത്തയല്ല, ബലാല്‍സംഗം തന്നെയാണ് അവന്‍ വീഡിയോ ആയി പോസ്റ്റുചെയ്യുന്നത്. ഇത് തീവ്രജേര്‍ണലിസമാണ്. വാര്‍ത്ത എന്ന നിലയില്‍ ഒരു ബലാല്‍സംഗ വീഡിയോ പോസ്റ്റ് ചെയ്യുന്നവന് നډതിډകളൊന്നുമല്ല; സാമൂഹിക സദാചാരമോ മാമൂലോ ഇല്ല. അവന്‍ സ്വാതന്ത്ര്യത്തെയാണ് വാര്‍ത്തയെന്ന പേരില്‍ നമുക്കുനേരെ വച്ചുനീട്ടുന്നത്. നമ്മള്‍ അത് സ്വീകരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അവന്‍റെ ചിന്തയില്‍ സ്വീകാര്യതയെന്ന വാക്കുതന്നെ ഒരു തര്‍ക്കവിഷയമാണ്. അയാള്‍ പോസ്റ്റ് ചെയ്ത വാര്‍ത്ത നമ്മള്‍ സ്വീകരിച്ചില്ലെങ്കിലെന്താണ് പ്രശ്നം? അത് സ്വീകരിച്ചാലും പ്രയോജനമൊന്നുമില്ല. ആ വാര്‍ത്തയുടെ പേരില്‍ പണമൊന്നും അയാള്‍ ചോദിക്കുന്നില്ലല്ലോ. കുറേക്കൂടി അടുത്തുനിന്ന് കാണാനാണ് അയാളുടെ ശ്രമം. അതിനായി കെട്ടിടത്തിന്‍റെ വിളുമ്പിലേക്കോ, കൊലക്കത്തിയുടെ മുന്നിലേക്കോ അയാള്‍ ഇറങ്ങിച്ചെല്ലും. അയാള്‍ക്ക് തത്സമയ വീഡിയോ ആണ് വേണ്ടത്. അത് യഥാര്‍ത്ഥമാണ്. അതിന്‍റെമേലെ വാക്കുകളുടെ മറയുണ്ടായിരിക്കില്ല. അത് യഥാര്‍ത്ഥമായിരിക്കണമെന്നതില്‍ ഉറച്ചുനില്‍ക്കുന്നതോടെ, അത് തീവ്ര ജേര്‍ണലിസമാവുന്നു. ഒരു ചാനലിനോ, പത്രത്തിനോ ബലാല്‍ത്സംഗത്തിന്‍റെ തത്സമയ വിവരണം കൊടുക്കാന്‍ പ്രയാസമായിരിക്കും. കാരണം, ഏത് തരം പത്രങ്ങള്‍ക്കും ഒരവതരണഗാനം ആവശ്യമാണ്. ഒരു മുഖവുര പലതരത്തില്‍ പാടി ഇരുത്തിയശേഷമേ അവര്‍ക്ക് വാര്‍ത്ത എന്ന കലാപരിപാടി തുടങ്ങാനാവൂ. ചാനലുകളിലെ വാര്‍ത്ത തുടങ്ങുന്നതുതന്നെ മനോഹരമായ ഒരു ഓര്‍ക്കസ്ട്രയോടുകൂടിയാണ്. അത് പ്രേക്ഷകരെ ഒരു ഗാനാത്മകതയിലേയ്ക്ക് കൊണ്ടുപോയി കാഴ്ചയുടെ വിരുന്നൊരുക്കുന്നതിനുവേണ്ടിയുള്ളതാണ്. പ്രേക്ഷകന്‍ വിനോദജീവിയാണ്. അവന് എന്തും രസിക്കണം. അവന് ഒന്നുകില്‍ ചിരിക്കാന്‍ കഴിയണം; അല്ലെങ്കില്‍ സഹതപിക്കണം. രണ്ടും വിനോദം തന്നെ. ക്രൂരമായ കൊലപാതകങ്ങള്‍ പ്രേക്ഷകരെ ഹരംപിടിപ്പിക്കാനാണ് പത്രങ്ങളും ചാനലുകളും വീണ്ടും വീണ്ടും വിസ്തരിക്കുന്നത്. കൃത്യത്തിന്‍റെ തീവ്രത പകരാന്‍ മാത്രമല്ല അത് അണിയിച്ചൊരുക്കുന്നത്. അതിലൂടെ പ്രേക്ഷകനെ തങ്ങളുടെ അടിമയാക്കുകയാണ് ലക്ഷ്യം. വ്യക്തിഗത ജേര്‍ണലിസമാകട്ടെ വളരെ ഏകാന്തമായ തലത്തില്‍ നിസ്സംഗതയോടെ ഒരു കണക്കുതീര്‍ക്കുന്നു. ഇതുവരെ തനിക്ക് നിഷേധിക്കപ്പെട്ട വാര്‍ത്തയുടെ പൊള്ളുന്ന നേരം ഇതാ താന്‍ പുറത്തുവിടുന്നു എന്ന ഭാവമാണയാള്‍ക്ക്. അതിലൂടെ സകലമനുഷ്യരെയും വളരെ ഭ്രാന്തമായി അയാള്‍ സ്വതന്ത്രരാക്കുന്നു. പല മഹാډാരെയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ സ്ത്രീശരീരത്തില്‍ നിന്ന് പിറന്നുവീഴുന്നത് ആരും കണ്ടിട്ടില്ല. ഭാവിയില്‍ അതും ചിത്രീകരിക്കപ്പെടും. ഓരോ കുഞ്ഞിന്‍റെയും പിറവിയില്‍ സാധാരണത്വമേയുള്ളൂ. എന്നാല്‍ അവന്‍/അവള്‍ ഭാവിയില്‍ ആരായിത്തീരും എന്ന് ചിന്തിക്കുമ്പോള്‍, അല്ലെങ്കില്‍ ആരെങ്കിലുമൊക്കെ ആയിത്തീരുമ്പോള്‍, ആ പിറവിയും വാര്‍ത്താ പ്രാധാന്യം നേടും. മനുഷ്യന്‍റെ പ്രായത്തില്‍നിന്ന് പിന്നോട്ട് തിരിഞ്ഞ് ചെന്ന് പിറവി ഒരു വീജിയോ വൈറലായി മാറും. പണ്ട്, ഒരു പത്രത്തിനകത്ത്, അതിന്‍റെ സര്‍ക്കുലേഷനകത്ത് മാത്രമേ ഒരു വാര്‍ത്തയ്ക്ക് വൈറലാകാന്‍ പറ്റൂ. വ്യക്തിഗത ജേര്‍ണലിസം പലേ സീമകളും തകര്‍ത്ത് മുന്നോട്ടുപോകുന്നു. അത് മനുഷ്യരുടെ അബോധത്തെയും ഉണര്‍ത്തി ഞരമ്പുരോഗിയാക്കിമാറ്റുന്നു.

Share :