Archives / february 2020

ഷാജി തലോറ 
നൈസാമിന്റെ നാട്ടിൽ (നാലാം ഭാഗം )

നൈസാമിന്റെ നാട്ടിലെ നാലാംദിനത്തിലെ യാത്ര  ഗോൽകൊണ്ടയിലേക്കാണ്.  ഒരുപാട് ചരിത്രം അവകാശ പ്പെടാനുള്ള കോട്ടയാണിത്‌. പഴമയുടെ ഗന്ധമുള്ള ഇടുങ്ങിയ തെരുവുകൾ കടന്ന് ചരിത്രത്തിന്റെ പ്രതാപത്തിലേക്ക്  കടക്കുമ്പോൾ  അകലെ കുന്നിൻ മുകളിലെ കോട്ടയുടെ ഭിത്തികൾ കാണാം.

  

രാവിലെ പത്ത് മണി സമയം. പ്രഭാത സൂര്യന്റെ ചൂടിൽ മനസും ശരീരവും തണൽ തേടിയെങ്കിലും അടുത്തൊന്നും തണൽ കണ്ടില്ല. കൂടാതെ സന്ദർശകാരുടെ നല്ലതിരക്കും. രണ്ടുവർഷം മുന്നേ സോഷ്യൽ മീഡിയയിൽ ഒരു സുഹൃത്തിന്റെ ഗോൽ കൊണ്ട യാത്ര വായിച്ചനാൾ തൊട്ട് ഇവിടം സന്ദർശിക്കാൻ മനസ് നിർബന്ധിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴാണത് യാഥാർഥ്യമാകുന്നത്. 

വാറങ്കൽ ഭരിച്ചിരുന്ന കാകതീയ രാജാവ് രാജാ പ്രതാപ് രുദ്രദേവ് മണ്ണിൽ പണിത കോട്ടയാണിത്. ഗോൽ കൊണ്ട കുന്നിൻമുകളിൽ ആടുകളെ മേച്ചിരുന്നവർ അവിടെ ഒരു വിഗ്രഹം കാണുകയും അതിൽ ഈശ്വര ചൈതന്യമുണ്ടെന്ന് വിശ്വസിക്കുകയുംചെയ്തു പിന്നീട് കാകതീയ രാജാവ് അവിടെയൊരു ക്ഷേത്രം പണിയുകയുമായിരുന്നു. ശേഷം ക്ഷേത്രത്തിന് ചുറ്റും മണ്ണുകൊണ്ട് കോട്ടപ്പണിയുകയുംചെയ്തു. 

   

പിൽ്കാലത്ത് കോട്ട പിടിച്ചെടുത്ത ഖുത്തബ് ഷാഹിയുടെ പിൻഗാമികളാണ് മണ്ണുകൊണ്ടുള്ള കോട്ടയുടെ സ്ഥാനത്ത് ഇന്ന് കാണുന്ന ഗ്രാനൈറ്റ് കോട്ട പണിതത്. കോട്ടയുടെ പ്രധാന ഭാഗങ്ങളിലെല്ലാം റാമ്പുകളുള്ളതിനാൽ പ്രായമായവർക്കും വീൽചെയറിൽ കഴിയുന്നവർക്കും ഗോൽകൊണ്ട ഫോർട്ട്‌ സന്ദർശനം പ്രയാസരഹിതമാണ്‌. 

പ്രധാന കവാടത്തിലെ താഴികക്കുടത്തിനു താഴെ നിന്ന് കൈ കൊട്ടിയാൽ  ഒരു കിലോമീറ്റർ അകലെയുള്ള കോട്ടയുടെ ഏറ്റവും മുകളിലുള്ള 'ബാല ഹിസാർ ' പവലിയനിൽ ശബ്ദം വ്യക്തമായി കേൾക്കാം. 

ക്ലാപ്പിങ് പോയൻറ് ൽനിന്ന് ഏഴടി ചുറ്റളവിൽ നിന്ന് വേണം ക്ലാപ്പ് ചെയ്യാൻ. ക്ലാപ്പിംഗ് പോയിന്റിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന 24 ഡയമണ്ട് കട്ടകളിൽ പതിച്ചാണ് ശബ്ദം കോട്ടയുടെ മുകളിലേക്ക് എത്തുന്നത്. അത്ഭുതകരമെന്ന് തന്നെപറയണം ഇവിടത്തെ ശബ്ദം വിന്യാസം. രാജാവിന് സന്ദേശങ്ങൾ കൈമാറാനുള്ള രഹസ്യ കോഡ് കളാണ് ഇതുവഴി കൈമാറിയിരുന്നത്. ഒരുതവണ കൈകൊട്ടിയാൽ  രാജാവ് എഴുന്നള്ളുന്നുയെന്നും, രണ്ടുതവണ കൈകൊട്ടിയാൽ  അതിഥികൾ വരുന്നുണ്ടെന്നും, മൂന്നു തവണ കൈകൊട്ടിയാൽ  ശത്രുക്കൾ വരുന്നുണ്ടെന്നുമാണ് സൂചന. ഗോൽ കൊണ്ടയുടെ അതിഥിയായി ക്ലാപ്പിങ് പോയന്റിൽ നിന്ന് ഞാനും രണ്ട് തവണ ക്ലാപ്പിംഗ് ചെയ്തു, ഞങ്ങളുടെ സന്ദേശം ഖുത്തബ് ഷാ സ്വീകരിച്ചു കാണുമെന്ന പ്രതീക്ഷയോടെ കൂടുതൽ കാഴ്ചകൾ തേടി ഞങ്ങൾ മുന്നോട്ട് പോയി.

പതിനൊന്നു കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഗോൽ കൊണ്ട ഫോർട്ട്‌ മുഴുവൻ കണ്ടുതീർക്കുകഎന്നത് വളരെ ശ്രമകരമാണ് പ്രത്യകിച്ച് വീൽചെയറിൽ. കവാടങ്ങളും  താഴികക്കുടങ്ങളും വിഭാവനം ചെയ്ത വാസ്തു വിദ്യകൾ കലാചാതുരിയുടെ ഉത്തമ ഉദാഹരണങ്ങളാണ്.ഉദ്യാനങ്ങളാണ് മറ്റൊരു ആകർഷണം. ഇവിടെ ഈ ഉദ്യാനത്തിലായിരുന്നു പ്രതാപകാലത്ത് വജ്ര വ്യാപാരങ്ങൾ നടന്നിരുന്നത്. ലോക പ്രശസ്തമായ കോഹിനൂർ രത്നം ഗോൽ കൊണ്ടയുടെ സംഭാവനയാണ്.  ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും വജ്രവ്യാപാരികൾ ഇവിടെ എത്തിയിരുന്നു അക്കാലത്ത്. കുറെനേരം ഞങ്ങൾ ഉദ്യാനത്തിലിരുന്ന് വിശ്രമിച്ചു .നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കോട്ടക്കും ഉദ്യാനത്തിനും എത്ര എത്ര കഥകൾ പറയാനുണ്ടാവും. പ്രണയതിന്റെയും  യുദ്ധത്തിന്റെയും അധികാരത്തിന്റെയും കഥകൾ... 

കളിപ്പാട്ടം വിൽക്കുന്ന വൃദ്ധനായ ഒരു മനുഷ്യൻ അവിടെ വെയിലത്തു ഇരിക്കുന്നുണ്ടായിരുന്നു പാവം ജീവിക്കാൻ വേണ്ടിയാണല്ലോ ഈ വയസുകാലത്ത് പൊള്ളുന്ന വെയിലത്തിരുന്ന് കളിപ്പാട്ടം വിൽക്കുന്നതെന്നോർത്ത് വിഷമംതോന്നി അപ്പൂപ്പന്റെ കൈയിൽനിന്ന് രണ്ട് കളിപ്പാട്ടവും വാങ്ങി ഞങ്ങൾ കോട്ടയുടെ മുകൾ ഭാഗത്തേക്ക് പോയി. കോട്ടയുടെ ഏറ്റവും മുകളിലായി ഒരു ദേവി ക്ഷേത്രമുണ്ട്.ഒട്ടേറെ പടവുകൾ കയറിവേണം അവിടെയെത്താൻ. നൂറിലധികം പടവുകൾ വീൽചെയറുമായി  കയറുക എന്നത് അതി സാഹസികമായതിനാൽ ആ ഉദ്യമം അവിടെയുപേക്ഷിച്ചു. 

ദർബാർ ഹാളിൽനിന്നും കുന്നിനുചുറ്റുമുള്ള മറ്റ് കൊട്ടാരങ്ങളിലേക്കും, ചാർമിനാറിലേക്കും രഹസ്യതുരങ്കങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ഗോൽകൊണ്ട കോട്ടക്കകത്തെ പ്രധാന കെട്ടിടമാണ് കലാമന്ദിർ. കൂടാതെ അബിസിയാൻ കമാനങ്ങൾ, മോർച്ചറി ബാത്ത്, നാഗിനാ ബാഗ്, ദർബാർ ഹാൾ, അംബാർ ഖാന തുടങ്ങിയ കെട്ടിടങ്ങളും കോട്ടയുടെ പകിട്ടിന് മാറ്റുകൂട്ടുന്നവയാണ്.

കോട്ടയുടെ മുകളിൽനിന്ന് നോക്കിയാൽ പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ബഞ്ചാരഹിൽസ് കാണാം. ഇവിടെ നിന്നാണ് കോട്ടയിലേക്ക് ആവശ്യമായ വെള്ളമെത്തിച്ചു കൊണ്ടിരുന്നത്. നൂറ്റാണ്ടുകൾക്ക് മുന്നേ നിർമിച്ച വാട്ടർ ടാങ്കുകളും പൈപ്പ് സംവിധാനങ്ങളും ചരിത്രകുതുകികളെ ആശ്ചര്യപെടുത്തുന്നതാണ്. പീരങ്കികൾ ഘടിപ്പിച്ചിരിക്കുന്ന അർദ്ധ വൃത്താകൃതിയിലുള്ള കൊത്തളങ്ങളും ഗേറ്റുകളും  വാട്ടർ സപ്ലൈ സംവിധാനങ്ങളുമെല്ലാം ഗോൽ കൊണ്ടയുടെ എഞ്ചിനീയറിങ് മികവ് വെളിവാക്കുന്നതാണ്. 

നേരം ഉച്ച പിന്നിട്ടിരിക്കുന്നു കൈയിൽ കരുതിയിരുന്ന വെള്ളവും ഫ്രൂട്ട്സുമെല്ലാം കാലിയായിരിക്കുന്നു. ചുട്ടുപൊള്ളുന്ന ഉച്ചവെയിലേറ്റ് ഗോൽ കൊണ്ടയിൽ ഞങ്ങൾ ശരിക്കും വിയർത്തു. 

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുന്ന ഗോൽകൊണ്ട ഫോർട്ടിനെ പുരാവസ്തുക്കളുടെ നിധി എന്നാണ് വിശേഷിപ്പിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ യാണെങ്കിലും ഗോൽ കൊണ്ട കോട്ടയുടെ തനതായ വാസ്തുവിദ്യയുടെ മനോഹാരിത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോട്ടയുടെ പലഭാഗങ്ങളുമിപ്പോൾ ജീർണ്ണാവസ്ഥയിലാണ് കോട്ട സംരക്ഷിക്കാൻ ആവശ്യമായ പരിഗണന അധികൃതരുടെ ഭാഗത്ത്നിന്നുണ്ടാകുന്നില്ല എന്നുവേണം മനസിലാക്കുവാൻ. ഇത് ചരിത്രത്തോടുള്ള നീതികേടാണെന്ന് പറയാതെ വയ്യ.

Share :