ധീര സമീരേ യമുനാ തീരെ....\കഥ
മക്കളും, കൊച്ചുമക്കളും എല്ലാവരും കൂടി ഒത്തുചേരുന്നത് വല്ലാത്ത ഒരു സന്തോഷം തന്നെയാണെന്ന് എപ്പോഴും 'അമ്മ ആഗ്രഹം പ്രകടിപ്പിയ്ക്കും. ഈ വേനൽ അവധി അമ്മയുടെ ആഗ്രഹം പോലെത്തന്നെ അമ്മയുടെ അടുത്തുതന്നെ എന്ന് മക്കളെല്ലാവരും തീരുമാനിച്ചു. സ്വാതിയും, ചേച്ചിമാരും, സഹോദരനും എല്ലാവരുടെയും കുടുംബവും നിറഞ്ഞ ആഹ്ലാദത്തിന്റെ ആരവം ഉയർന്നുപൊങ്ങുകയാണ് ഓർമ്മകളിൽ ഉറങ്ങിക്കിടന്ന ആ തറവാട്ടിൽ ഇന്ന്. കവുങ്ങും തെങ്ങും നിറഞ്ഞ വിശാലമായ തൊടിയുടെ ശീതളഛായയിൽ കുനികുത്തിയോടുന്ന പശുകുട്ടിയ്ക്കു പിന്നാലെ ഓടുകയാണ് കുട്ടികളെല്ലാവരും. ചിരിയും തമാശകളും തുകിൽകൊട്ടുന്ന ഉത്സവമാണിന്നവിടെ. തെക്കേ ഉമ്മറത്തിരുന്നു കുഞ്ഞിനെ മുലയൂട്ടികൊണ്ടിരുന്ന സ്വാതി കുട്ടികളുടെ ആഹ്ലാദത്തിൽ മുഴുകി കൗമാരം തന്നിൽനിന്നും തട്ടിത്തെറിപ്പിച്ച ബാല്യം അയവിറക്കികൊണ്ടിരിയ്ക്കുകയാണ്. ഉണ്ണിക്കുട്ടന്റെ നനഞ്ഞ തുണികൾ മാറ്റി കുഞ്ഞുടുപ്പ് ഇട്ടുകൊടുക്കാനും, അവനെ ചിരിപ്പിയ്ക്കാനും കളിപ്പിയ്ക്കാനും ഒരു സേവകനെപ്പോലെ ഭർത്താവ് ഗോകുൽ തൊട്ടടുത്തുനിന്ന് അവളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. ഇടയ്ക്കെന്തൊക്കെയോ അവളുടെ ചെവിയിൽ പറഞ്ഞു പരസ്പരം നോക്കി ചിരിയ്ക്കുന്നു. എന്നാൽ കുട്ടികളുടെ ആഹ്ലാദത്തിലുപരി അമ്മയിൽ ആനന്ദം നൽകിയിരുന്നത് സ്വാതിയും ഗോകുലും തമ്മിലുള്ള സ്നേഹമായിരുന്നു. അത് ആസ്വദിച്ച് മനസ്സുനിറഞ്ഞ അമ്മ സ്വയം പറഞ്ഞു 'കണ്ടില്ല്യേ എന്റെ കുട്ടിയുടെ സന്തോഷം സ്വാതി കൊട്ടുന്നതിന് ഒപ്പം തുള്ളുന്ന ഭർത്താവ്! ഇങ്ങിനെ അവളെ കാണാൻ പറ്റും എന്ന് വിചാരിച്ചോ. എല്ലാം തറവാടിന്റെ സുഹൃദവും മുറ്റത്തെ ഭഗവതിയുടെ അനുഗ്രഹവുമാണ്. സന്തോഷായി എനിയ്ക്ക്". അമ്മയുടെ ഈ ആശ്വാസത്തിലും കാരണമുണ്ട് .
ഇത് സ്വാതിയുടെ രണ്ടാം വിവാഹമാണ്. വേണമെങ്കിൽ അവളിലെ പുനർജ്ജനി എന്നും പറയാം. പഠനം കഴിഞ്ഞ ഉടനെ ഇനി കാത്തിരുന്നാൽ പ്രായം പോകും എന്നും പറഞ്ഞു വീട്ടുകാർ ആലോചിച്ച് പരസ്പരം സംസാരിച്ച് ജാതകത്തിൽ പത്തിൽ എട്ടും പൊരുത്തം തികച്ചുമുണ്ട് എന്നറിഞ്ഞു നടത്തിയ വിവാഹമായിരുന്നു അയാളാണെങ്കിൽ സുന്ദരനും, സുശീലനും നല്ല സാമ്പത്തികശേഷി ഉള്ളവനും ആയിരുന്നു. എന്നാൽ ഈ പണത്തിനോ സൗന്ദര്യത്തിനോ സ്വാതി ആഗ്രഹിച്ച ഒരു ഭർത്താവായി അവൾക്കുവേണ്ട സ്നേഹം നൽകാനായില്ല. അവളിലെ ക്ഷമ അങ്ങേയറ്റം പരിശ്രമിച്ചിട്ടും ഒരു നല്ല ഭർത്താവാക്കുന്നതിൽ അവൾ പരാജയപ്പെട്ടു. അയാൾ തന്നിൽനിന്നും പ്രതീക്ഷിച്ചത് ഒരു സഹോദരിയുടെ സ്നേഹമാണോ എന്ന് അവൾക്കു തോന്നി. അവളെ ഒരു അമ്മയാക്കാനുള്ള പൗരുഷം അയാളിലുണ്ടായിരുന്നോ എന്നവൾ സംശയിച്ചു. ജീവിതപങ്കാളിയിൽ നിന്നും കൊച്ചു കൊച്ചു സന്തോഷങ്ങളും, കുസൃതിയും, പങ്കിടലും ആഗ്രഹിച്ച് വിവാഹ ജീവിതം ആരംഭിച്ച സ്വാതിയുടെ ഈ പരാജയം ചൊറുചൊറുക്കും, ഉത്സാഹവും നഷ്ടപ്പെട്ടു അവളെ ഊതികെടുത്തിയ ഒരു നിലവിളക്കുപോലെയാക്കി. ഇന്നവൾക്ക് കൂട്ടായി ജോലിയും, സങ്കൽപ്പങ്ങളെ മനസ്സിന്റെ ക്യാൻവാസിൽ വരച്ചു മാച്ച് കളയുന്ന മൗനവും, ഈശ്വരവിശ്വാസവും മാത്രമായി. മനുഷ്യനോട് പറയാൻ വിശ്വാസമില്ലാത്ത മനസ്സിന്റെ നൊമ്പരങ്ങൾ ഒരിയ്ക്കലും ചതിയ്ക്കാൻ കഴിയാത്ത കരിങ്കൽ വിഗ്രഹങ്ങളോടു പങ്കുവയ്ക്കാൻ തീരുമാനിച്ച് രാവിലെ ഭഗവാനുമായുള്ള ഒരു കൂടിക്കാഴ്ച അവൾ പതിവാക്കി.
ഉച്ചഭക്ഷണത്തിനിരിയ്ക്കുമ്പോഴാണ് പുതിയതായി സ്ഥലം മാറിവന്ന അയാളെ കൂട്ടുകാരി അവൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. അധികം സംസാരിയ്ക്കാൻ ഇഷ്ടപ്പെടാത്ത സ്വാതി ഒരു പുഞ്ചിരിയിൽ ആ സൗഹൃദം ഒതുക്കി. എങ്കിലും ആദ്യ കൂടികാഴ്ചയിൽ എവിടെയോ കണ്ടുമറന്ന ഒരു ബന്ധം അവൾക്ക് അനുഭവപ്പെട്ടു. പതിവായുള്ള കൂടിക്കാഴ്ച്ച അവരുടെ സൗഹൃദത്തെ പുഞ്ചിരിയിൽ നിന്നും ഒരു നോട്ടത്തിലേക്കെത്തിച്ചു. അതിനപ്പുറത്തേയ്ക്ക് ചുവടുവയ്ക്കാൻ രണ്ടുപേരും ശ്രമിച്ചില്ല.
അന്ന് അവിചാരിതമായാണ് രണ്ടുപേരും അമ്പലത്തിൽ കണ്ടുമുട്ടിയത്. അവിടെയും ഒരു പുഞ്ചിരിയിൽ മാത്രം ഒതുക്കിനിർത്താൻ ശ്രമിച്ച സ്വാതിയോടു അയാൾ ചോദിച്ചു
ഇയാളും ഒരു കൃഷ്ണഭക്തയാണോ? ഇതറിഞ്ഞിരുന്നെങ്കിൽ എവിടെയാണ് അമ്പലം എന്ന് ഇത്രയും പേരോട് ചോദിയ്ക്കേണ്ടിയിരുന്നില്ല"
"അതെ' ഒരേ ഒരു വാക്കിൽ മറുപടി ഒതുക്കി അവൾ ഇറങ്ങി നടന്നു.
ക്രമേണ പലദിവസങ്ങളിലും ഒത്തുചേർന്ന ഈ കൂടികാഴ്ച പുഞ്ചിരിയിൽ ഒതുങ്ങി നിന്ന സൗഹൃദത്തെ വാചകങ്ങളാക്കി പലപ്പോഴും മാറ്റി എന്നത് സൗഹൃദത്തിന്റെ ഒരു വളർച്ചയായിരുന്നു. എന്നിരുന്നാലും വ്യക്തിപരമായ വിഷയങ്ങൾ സംസാരവിഷയമാകുമ്പോൾ അവളിൽ തെന്നി മാറാനുള്ള ഒരു പ്രവണത അയാൾ ശ്രദ്ധിച്ചു. ഈ തെന്നിമാറൽ കൂടുതൽ അവളെക്കുറിച്ച് അറിയണമെന്ന് ആഗ്രഹമായി അയാളിൽ വളർന്നു.
ഒരു തമാശയെന്നോണം അയാൾ ചോദിച്ചു “ഒരു സ്ത്രീയ്ക്ക് അവളുടെ ഭർത്താവ് ദൈവമല്ലേ പിന്നെയെന്തിന് എന്നും പതിവായി ഇവിടെ വരുന്നു?”
"എന്റെ ഭർത്താവ് അതിനു ദേവനല്ലല്ലോ? മനുഷ്യന് ദൈവമാകാൻ കഴിയില്ലല്ലോ? മാത്രമല്ല ഭർത്താവ് ദൈവമാണെങ്കിൽ സുമംഗലികളായ സ്ത്രീകൾക്ക് ക്ഷേത്രദർശനത്തിന്റെ ആവശ്യമില്ലല്ലോ” എന്നവൾ അയാളുടെ ജിജ്ഞാസ മനസ്സിലാക്കികൊണ്ടെന്നോണം പറഞ്ഞു
മറുപടിയിൽ ഒരൽപ്പം ഗൗരവസ്വരം ഉള്ളതായി തോന്നി. ഞാൻ സ്വാതിയോടു ചോദിച്ചത് തെറ്റായിപ്പോയോ? എന്നയാൾ ചിന്തിച്ചു.
സ്വാതിയോടു നേരിട്ട് ക്ഷമ ചോദിയ്ക്കണം എന്ന് തോന്നി. പക്ഷെ എന്തോ ഒരു ധൈര്യക്കുറവ്.. ക്ഷമ ചോദിയ്ക്കാതിരിയ്ക്കാനും വയ്യ. അയാൾ ഒരു പേപ്പറിൽ സോറി എന്നെഴുതി അതിൽ ഒരു പൂവും ചേർത്തുവച്ച് സ്വാതിയുടെ ഓഫീസ് ടേബിളിൽ വച്ചു. കണ്ട മാത്രയിൽ സ്വാതിയ്ക്കു മനസ്സിലായി ഇതാരായിരിയ്ക്കും വച്ചിട്ടുണ്ടാകുക എന്ന്. അയാളുടെ കുസൃതിയിൽ അവൾ സ്വയം മനസ്സിൽ ചിരിച്ചു. ഫോണെടുത്ത് അയ്യാളുടെ നമ്പർ കറക്കി വളരെ ഗൗരവത്തോടെ ചോദിച്ചു. " ഇയാളാണോ എന്റെ ടേബിളിൽ പൂ വച്ചത് "
"അതെ" ആ ഗാംഭീര്യ ശബ്ദത്തിനു മറുപടിയായി താഴ്ന്ന സ്വരത്തിൽ പറഞ്ഞു,
"ഞാൻ ഇയാളോട് പല പ്രാവശ്യം പറഞ്ഞു ഞാൻ വിവാഹിതയാണെന്നു. ഇത്തരത്തിലെല്ലാം പെരുമാറാൻ ഇയാളിത് കോളേജ് ക്യാമ്പസ്സാണെന്നു കരുതിയോ?" സ്വാതി ഗൗരവത്തിൽ തന്നെ ചോദിച്ചു.
ഈ ഗൗരവം അയാളെ ഒന്ന് നടുക്കി. വീണ്ടും ഒരുപാട് പ്രാവശ്യം സ്വാതിയോടു ക്ഷമ പറഞ്ഞു. “ദേഷ്യപ്പെടാതെ എനിയ്ക്കു പറയാനുള്ളത് ദയവായി കേൾക്കണം. എന്നും ഞാൻ അമ്പലത്തിൽ കാണുന്ന സ്വാതി ഇതിൽ നിന്നും വ്യത്യസ്തയാണ്. പലപ്പോഴും എനിയ്ക്ക് ഒരു ദേവിരൂപമെന്നു തോന്നാറുണ്ട്. ഭഗവാന് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ, ആ മുഖത്ത് ലക്ഷ്മീദേവിയുടെ ഐശ്വര്യവും, കുലീനത്വവും ചൈതന്യവും എനിയ്ക്ക് അനുഭവപ്പെടാറുണ്ട് എങ്കിലും ആ ഭാവങ്ങൾക്കിടയിലും അടക്കിപ്പിടിച്ച ഒരു നെടുവീർപ്പ് എനിയ്ക്കനുഭവപ്പെടാറുണ്ട്. അതിനാൽ സ്വാതിയെക്കുറിച്ച് കുടുതലായറിയാൻ എനിയ്ക്ക് ആകാംക്ഷ തോന്നി എന്നുള്ളത് സത്യമാണ് ..." അയാൾ തുടർന്നു.
ഒരു സ്ത്രീയെ മനസ്സിലാക്കാൻ കഴിവുള്ള ഒരു നല്ല മനസ്സ്. " അവൾ മനസ്സിലോർത്തു എങ്കിലും അയാളെ അധികം വാചാലനാക്കാതിരിയ്ക്കാൻ, സംഭാഷണത്തിന്റെ ഗതി മാറ്റാൻ ഒരു അൽപ്പം നർമ്മം കലർത്തി അവൾ ചോദിച്ചു.
"അപ്പോൾ അമ്പലത്തിൽ വരുന്നവരുടെ ഭാവമാറ്റം ശ്രദ്ധിയ്ക്കാനാണല്ലെ ‘കൃഷ്ണഭക്തി’ എന്നും പറഞ്ഞു വരുന്നത്? അതോ കൃഷ്ണന്റെ ഗോപികമാരിൽ ഒരാളെ തട്ടിക്കൊണ്ടു പോകാനോ?"
മനസ്സിൽ ഒരൽപം കുളിരു പെയ്തതുപോലെ അയാൾക്കനുഭവപ്പെട്ടു . അയ്യാൾ പറഞ്ഞു " ഞാൻ ഗോകുൽ, സാക്ഷാൽ ശ്രീകൃഷ്‌ണന്റെ ബാല്യ കൗമാരങ്ങൾ ചിലവഴിച്ച സ്ഥലനാമധാരി. കൃഷ്ണൻ തന്റെ പ്രേമഭാജനമായ രാധയെ കണ്ടുമുട്ടിയത് അവിടെ വെച്ചാണ്. എനിയ്ക്കും ഗോപികയെയല്ല പ്രണയത്തിന്റെ പര്യായമായ രാധയെത്തന്നെയാണ് വേണ്ടത്. സാക്ഷാൽ കൃഷ്‌ണന്റെ സഹായത്തോടെ എനിയ്ക്കും ഒരു രാധയെ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ. ഈ ആവശ്യം എന്നും ആ നടയിൽ കണ്ണടച്ച് പറയാറുണ്ട്. ഈ അടുത്ത ദിവസം മനസ്സുരുകി കൃഷ്‌ണനോട് ഇക്കാര്യത്തിനായി പ്രാർത്ഥിച്ച് കണ്ണുതുറന്നപ്പോളാണ് ഞാൻ സ്വാതിയെ കണ്ടത് . എന്റെ സങ്കൽപ്പത്തിലെ അതേ രൂപം. കൃഷ്‌ണൻ സ്വാതിയിലുടെ ഞാൻ ആവശ്യപ്പെട്ട രാധയെ കൊണ്ടുതന്നതു പോലെ"
"ദേ പല പ്രാവശ്യം ഞാൻ പറഞ്ഞതാണ് ഞാൻ വിവാഹിതയാണെന്നു" ഇനിയും എന്നെ രൗദ്രരൂപിണിയാക്കരുത്"സ്വാതി പറഞ്ഞു. ഗോകുലിനോട് അങ്ങിനെയൊക്ക പറഞ്ഞെങ്കിലും അയാളിലെ മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവ്, ആത്മാർത്ഥത, നർമ്മം, സ്നേഹം എന്നിവ സ്വാതി ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. കഴുത്തിലണിഞ്ഞ താലിയിൽ പിടിച്ചവൾ ഓർത്തു "നാലഞ്ചു വർഷമായി ഞാൻ അണിഞ്ഞു നടക്കുന്ന നിര്ബബന്ധിതമായും ഔദ്യോഗികമായും രണ്ടു മനസ്സുകൾ ചേർക്കുന്ന ഈ മുദ്രയ്ക്ക് ഉപയോഗിയ്ക്കാതെ മാറ്റു കുറഞ്ഞിരിയ്ക്കുന്നു. എന്നാലും ബന്ധങ്ങളെയും ബന്ധനങ്ങളെയും കൊണ്ട് ഉറപ്പിയ്ക്കപ്പെട്ട ഇത് പൊട്ടിയ്ക്കാൻ എനിയ്ക്ക് ശക്തിയില്ലല്ലോ?" അത് പൊട്ടിയ്ക്കാൻ എനിയ്ക്കാകുമോ? സൽസ്വഭാവിയും സുമുഖനും നല്ല ഉദ്യാഗസ്ഥനുമായ ഗോകുൽ എന്തിനാണ് വിവാഹിതയായ എന്നിൽ അവന്റെ രാധയെ പ്രതിഷ്ഠിയ്ക്കുന്നത്?
അവളുടെ ഈ പറച്ചിലൊന്നും കണക്കിലെടുക്കാതെ അവളെ കുറിച്ച് കൂടുതൽ അറിയാൻ തന്നെ ഗോകുൽ തീരുമാനിച്ചു. അവൻ തുടർന്നു " അതിനെന്താ കൃഷ്ണന്റെ രാധയും വിവാഹിതയായിരുന്നു"
"അപ്പോൾ ഗോകുൽ ഇവിടെ പ്രതീക്ഷിയ്ക്കുന്നത് ഒരു രാധാകൃഷ്ണ സമാഗമമാണോ?" അതിലൊന്നും താല്പര്യമില്ലാത്ത മട്ടിൽ അവൾ സംഭാഷണം അവസാനിപ്പിച്ചു.
എങ്കിലും ഈ സംഭാഷണം, ഗോകുൽ വിവാഹിതയായ തന്നോട് കാണിയ്ക്കുന്ന അടുപ്പം എന്നിവ അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. “അവൻ എന്നിൽ ഉണ്ടെന്നു പറയുന്ന ദേവി രൂപം ശരിയാണോ? കൗമാരം മുതൽ ഒരു ജീവിത പങ്കാളിയ്ക്കായി ഞാൻ എന്റെ മനസ്സിൽ നിന്നും ഒഴുകാതെ കാത്തുവച്ച പരിശുദ്ധമായ സ്നേഹഗംഗ അവൻ കണ്ടെത്തിയോ? " ഈ പുതിയ സൗഹൃദത്തെകുറിച്ചോർത്ത് കണ്ണടച്ചപ്പോൾ ആ രാത്രിയുടെ കരിമിഴികളിൽ നിന്നും അവൾക്കു മുന്നിൽ ജ്വലിച്ചിറങ്ങുന്നത് ഒരുപാട് ചോദ്യ ചിന്ഹങ്ങളായിരുന്നു. സ്വയം ഉത്തരം കാണാൻ ശക്തിയില്ലാത്ത സമസ്യകൾ. തിരിഞ്ഞും മറഞ്ഞും കിടന്നവൾ നിദ്രാദേവിയെ കെട്ടിപ്പുണർന്നു.
രാവിലെ ഉണർന്നു അമ്പലത്തിലേയ്ക്ക് പോകുമ്പോൾ അന്നവളുടെ മനസ്സിൽ എന്നത്തേയും പോലുള്ള സമർപ്പണ ഭാവം മാത്രമായിരുന്നില്ല. ജീവിത യാത്രയിലെ സമസ്യകളുടെ ഉത്തരം തേടിയുള്ള ഒരു യാത്രയായി അവൾക്ക് തോന്നി. ഭഗവാന് മുന്നിൽ കൈകൂപ്പാൻ ഒരുങ്ങിയപ്പോൾ പുറകിൽ നിന്നും ഗോകുലിന്റെ ശബ്ദം "സ്വാതി രാധയെക്കുറിച്ച് കൃഷ്ണനോടൊന്നു ചോദിയ്ക്കണം. സ്വാതി തന്നെയാണോ ആ രാധയെന്നും."കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ മുഖം തിരിച്ച് സ്വാതി കൃഷ്ണന് മുന്നിൽ കണ്ണടച്ച് കൈകൂപ്പി നിന്നു. തന്റെ മുന്നിൽ തെളിഞ്ഞു വന്ന ആ കൃഷ്ണരൂപം അവൾ മനക്കണ്ണുകൊണ്ട് അടിമുടി നോക്കിക്കണ്ടു. ഏതോ ഒരു ദിവ്യപ്രഭയിൽ അവൾ കൺതുറന്നു നോക്കിയപ്പോൾ ദിവസവും ഭഗവാന് സോപാന സംഗീതം പാടിരസിപ്പിയ്ക്കുന്ന അച്ച്യുതമാരാർ അടുത്തുവന്നു പറഞ്ഞു "ഇന്നുണ്ടായ ഒരു അതിശയം കേൾക്കണോ കുട്ടിയ്ക്ക് ഞാൻ പ്രളയപ്പയോതി ജലേ….. പാടാൻ ഒരുങ്ങിയാണ് വന്നത് എന്നാൽ ഭഗവാൻ നിർബന്ധം പിടിയ്ക്കുംപോലെ പാടിവന്നപ്പോൾ ധീര സമീരേ യമുനാ തീരെ എന്ന കീർത്തനമായി. ഇന്നെന്തോ ഭഗവാന് ഒരു രാധാകൃഷ്ണ ഭാവം. കുട്ടി അതിലങ്ങോട്ട് ലയിച്ചത് പോലെ തോന്നി "
മറുപടിയായി അവൾ ഒന്ന് അച്ച്യുതമാരാരെ നോക്കി ചിരിച്ചു. സ്വാതിയുടെ ഹൃദയമിടിപ്പ് കൂടി. എന്തോ ഒരു സമ്മതം അവൾക്ക് കൃഷ്‌ണനിൽ നിന്നും കിട്ടിയത് പോലെ. അവൾ ചുറ്റിലും ഗോകുലിനെ രാധ കൃഷ്ണനെ തേടുന്നത് പോലെ തേടി. പ്രദക്ഷിണ വഴിയിലൂടെ വിഷാദമൂകയായി നടക്കുമ്പോഴും അവൾ അവളിലെ കൃഷ്ണനെ തേടി. അപ്രതീക്ഷിതമായി പിന്നിൽ നിന്നും ഒരു ചോദ്യം "ഞാൻ പറഞ്ഞത് കൃഷ്ണനോട് ചോദിച്ചുവോ? അതിനുള്ള ഉത്തരം കിട്ടി എന്നത് എനിയ്ക്ക് കണ്ണുകളിൽ നിന്നും വായിച്ചെടുക്കാം" ഗോകുൽ അവൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു.
എന്നാലും പിടികൊടുക്കാത്ത മട്ടിൽ സ്വാതി പറഞ്ഞു " ഗോകുൽ ഞാൻ പറഞ്ഞു ഞാൻ വിവാഹിതയാണ്" എന്നും ഈ ഉത്തരം ദേഷ്യത്തിൽ പറയുന്ന സ്വാതിയുടെ സ്വരത്തിൽ ഇന്ന് തെളിഞ്ഞു കണ്ടത് ഒരു നിസ്സഹായതയാണ്.
അവിടെ നിന്നും ഇറങ്ങി നടന്ന സ്വാതിയുടെ മനസ്സിൽ ഉണ്ണിക്കണ്ണനെ ഉരലിൽ കെട്ടിയിട്ടപ്പോൾ ഉരലും വലിച്ച് ഓടിയ കൃഷ്ണൻ രണ്ടു വൃക്ഷങ്ങൾക്കിടയിലൂടെ കടന്നതും അപ്പോൾ ആ വൃക്ഷങ്ങൾക്ക് ശാപമോക്ഷം ലഭിച്ച് നളകുവരയെന്നും, മണിഗ്രീവയെന്നുമുള്ള രണ്ടു ഗന്ധർവ്വൻമാരായി മാറിയ കഥ തെളിഞ്ഞുവന്നു. ഇവിടെ സ്വാതിയുടെ മനസ്സിലെ സമസ്യകളുടെ ഭാരം കൃഷ്ണനെ ഏൽപ്പിച്ചപ്പോൾ കൃഷ്‌ണൻ ഇവർക്കും ശാപമോക്ഷം കൊടുത്തിരിയ്ക്കുന്നു, അതോടെ സ്വാതിയുടെ ശുഷ്കിച്ച വിവാഹജീവിതത്തിന്റെ കടപുഴകി വീണ് അവൾക്ക് ഒരു പുതിയ ജീവിതത്തിലേയ്ക്കായുള്ള മോക്ഷം ലഭിച്ചു. അതേസമയം തന്റെ രാധയെ തിരഞ്ഞു അലഞ്ഞു നടന്ന ഗോകുലിന് അതിൽ നിന്നും മോക്ഷം നൽകാൻ സ്വാതിയെ കാണിച്ച് കൊടുത്തിരിയ്ക്കുന്നു. അവർ പരസ്പരം മനസ്സ് തുറന്നു ഒരു പുതിയ ജീവിതത്തിലേയ്ക്കുള്ള യാത്രയ്ക്കായി കൈപിടിച്ച് നടന്നു അധികം വൈകാതെ ആദ്യവിവാഹ മോചനം വാങ്ങി സ്വാതി ഗോകുലിന്റെ രാധയായി മാറി. അത് ഏതോ നിയോഗമായിരുന്നു., ദൈവനിശ്ചയമായിരുന്നു എന്ന് ഭക്തയായ സ്വാതി ഉറച്ചു വിശ്വസിച്ചു. സ്വാതിയുടെ ജീവിതം നൂപുരധ്വനികളാൽ ക്രിയാത്മകമായി. അവൾ സ്നേഹവും ആത്മാർത്ഥതയും കുസൃതിയും കൊണ്ട് അവളുടെ കൃഷ്ണനെ പൂജിച്ചുകൊണ്ടിരുന്നു സംതൃപ്തിയുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഒത്തു ചേരലിന്റെ സുഗന്ധം ആ പൂജയിൽ നിന്നും ഉയർന്നുപൊങ്ങി.
സ്വാതിയുടെ ജീവിതത്തിൽ വന്നുചേർന്ന ആ സുഗന്ധമാണ് അവളുടെ അമ്മ ഇന്ന് 'ആസ്വദിയ്ക്കുന്നത്. അത് മാത്രമല്ല എത്രയോ വിശിഷ്ടം എന്ന് പറയുന്ന ജാതങ്ങളുടെ പത്തിൽ എട്ടു പൊരുത്തത്തെക്കാൾ എത്രയോ മഹത്തായതാണ് രണ്ടു മനസ്സുകൾ തമ്മിലുള്ള മനഃപൊരുത്തം എന്ന യാഥാർഥ്യത്തിന്റെ തിരിച്ചറിവിൽ നിർവൃതി കൊള്ളുകയാണ് ആ 'അമ്മ.