Archives / 2020 january

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
മദമേറും മാനവർ.

മനുഷ്യരാകാൻ
മനഃശുദ്ധിയെങ്ങോ?
മാനം നടിക്കും
മലയാളിയാകാം.
മലപോലെയേറും
മടിയെന്നു സത്യം.
ജയമാണതേറെ
ജയിലാണതേറെ!
ഇരുളേറ്റുപോകു -
ന്നിരയായൊടുങ്ങും.
അറിവേറ്റുനാശ-
മറിയാതൊരു ജന്മം.
വിദ്യയേറ്റുയരും
വിദ്യാർത്ഥികളെത്ര?
നിർബന്ധവിദ്യാകുതന്ത്രം
നീറുമന്ധത്വമേറ്റമരും.
തമ്മിലടിച്ചു മരിക്കും
തനിമയില്ലാത്ത ജന്തുത്വം.
അധികാരവീര്യത്തിലടക്കും
ബാല്യകൗമാരങ്ങൾ.
അകക്കണ്ണുമറയ്ക്ക-
മണികളാക്കും നയതന്ത്രം.
അടിമത്തമേറ്റുമയങ്ങു-
മറിയാതഭിനയമേറും.
നരരായ്പ്പിറന്നു
നരകം പണിയുവോർ.
രാഷ്ട്രീയനാടകമരങ്ങിൽ
രക്ഷയില്ലാതലയും പൗരത്വം.
രക്ഷകരില്ലെങ്ങും
രാക്ഷസപ്രഭാവമേറിപ്പോയ്.
മതധർമ്മം മറയ്ക്കും
മതികേടേറും മാനവർ.
മത-രാഷ്ട്രീയാന്ധതയിൽ
മദമേറും മാനവർ.
മതികെട്ടാധിവ്യാധികളേറ്റു
മാന്യതയെന്നു വിധിപ്പൂ.

Share :