നൈസാമിന്റെ നാട്ടിൽ ( മൂനാം ഭാഗം )
ലോകത്തിലെ ഏറ്റവും വലിയ ഫിലിംസിറ്റിയായി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഹൈദരാബാദ്ലെ രാമോജിഫിലിം സിറ്റിയിലെ ക്കായിരുന്നു മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര. ഹൈദരാബാദിൽ നിന്നും മുപ്പത്തിയൊന്നു കിലോമീറ്റർ അകലെയുള്ള വിജയവാഡയിലെ ഹയാത്നഗർ എന്ന സ്ഥലത്താണ് കാഴ്ച്ചകളുടെ പറുദീസയായ രാമോജി ഫിലിം സിറ്റി സ്ഥിതിചെയ്യുന്നത്. രാവിലെ ഒൻപതുമണിക്ക് പ്രവേശനം തുടങ്ങുമ്പോൾ തന്നെ എത്താൻ വേണ്ടി ഞങ്ങൾ രാത്രിതന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും അൽപ്പം വൈകിമാറ്റമേ ഇറങ്ങാൻ കഴിഞ്ഞുള്ളു. ഹൈദരാബാദ് യാത്രയുടെ പ്രധാന ആകർഷണം ഫിലിം സിറ്റിയായതിനാൽ എല്ലാവർക്കും നല്ല ആവേശമായിരുന്നു. OlA യിൽ ബുക്ക് ചെയ്തകേബ് ട്രാഫിക് ബ്ലോക്ക് കാരണം അൽപ്പം താമസിച്ചത് കൊണ്ട് പതിനൊന്നുമണിയായി ഞങ്ങൾ ഫിലിം സിറ്റിയിലെത്താൻ.
ഇവിടെ പ്രധാനമായി രണ്ട് തരം എൻട്രി പാസുകളാനുള്ളത്. പേക്കേജുകൾ അനുസരിച്ച് എൻട്രി ഫീസിലും വ്യത്യാസം വരും. മായിക ലോകത്തിലേക്കുള്ള കവാടം കടക്കുവാൻ കർശനമായ സുരക്ഷ പരിശോധനകളുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങളൊന്നും അകത്തേക്ക് കടത്തിവിടില്ല. യാത്രാ മദ്ധ്യേ കുറച്ചു ഫ്രൂട്ട്സ് ഞങ്ങൾ വാങ്ങിവെച്ചിരുന്നു. വീൽചെയറിൽ ഇരിക്കുന്നത് കണ്ടത് കൊണ്ടാവാം ഞങ്ങളുടെ ലഗ്ഗേജ് സെക്യുരിറ്റി പരിശോധിച്ചെങ്കിലും ഫ്രൂട്ട്സ് അകത്തേക്ക് കൊണ്ടുപോകാൻ അനുവാദം തരികയായിരുന്നു ഒപ്പം ഒരു വാണിങ്ങും തന്നു അകത്തെ റെസ്റ്റോറന്റ് കളിൽനിന്നോ, ആളുകളുടെ മുന്നിൽനിന്നോ ഇത് കഴിക്കരുതെന്ന്.
ഭിന്നശേഷിയുള്ളവർക്ക് എൻട്രി ഫീസിൽ ഇളവില്ലെങ്കിലും രാമോജിയിലെ ജീവനക്കാർ സഹായ മനസ്കരാണ്. പ്രധാന എൻട്രൻസിൽനിന്നും രാമോജിയുടെ ബസ്സിൽ കയറി നാല് കിലോമീറ്റർ യാത്ര ചെയ്തു വേണം കാഴ്ചകളുടെ വിസ്മയലോകത്തിലെത്താൻ. വീൽചെയറുപയോഗിക്കുന്നവർക്ക് ഫിലിം സിറ്റിയിലേക്ക് ധൈര്യമായിവരാം എല്ലായിടവും വലിയ ബുദ്ധിമുട്ടില്ലാതെ നമുക്കും ആസ്വദിക്കാൻ കഴിയും. ബസ്സിൽ കയറിയിറങ്ങുന്നതാണ് അൽപ്പം ബുദ്ധിമുട്ട് തോന്നിയത്. രാമോജിയിലെ ജീവനക്കാർ നന്നായി സഹകരിക്കുന്നവരാണ് അതിനാൽ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.
ആദ്യം ഞങ്ങൾപോയത്
മൂവി മാജിക്ക് ഷോ കാണുവാനാണ് ഇവിടെ സിനിമ ചിത്രികരണത്തിന്റെ വിവിധവശങ്ങൾ തത്സമയം ഷൂട്ട് ചെയ്ത് കാണിച്ചുതരും. സ്റ്റേജില്‍ മൂന്ന് പ്ലാസ്റ്റിക്കിന്റെ മോട്ടോർ സൈക്കിൾ നിരത്തി വച്ചിട്ടുണ്ട്. ബാങ്ക് കവർച്ച ചെയ്ത് രക്ഷപെടുന്ന മൂന്ന് കൊള്ളക്കാരുടെ സീനാണ് ഇവിടെ ചിത്രികരിക്കുന്നത് ഓരോ ദിവസവും സന്ദർഭം വ്യത്യസ്തമായിരിക്കും. സന്ദർശകർക്കിടയിലെ മൂന്നു സ്ത്രീകളാണ് ഇവിടെ താരങ്ങളായത്. ഇതിനിടയില്‍ ഫിലിം ഡയരക്ടർ ഇംഗ്ലീഷും തെലുങ്കും സിനിമയുടെ സാങ്കേതിക വിദ്യകളെ കുറിച്ച് ലഘുവിവരണങ്ങൾ നല്കികൊണ്ടിരിക്കും.പത്തു മിനുട്ടാണ് ഒരു ഷോ
അതുകഴിഞ്ഞ് തൊട്ടടുത്ത തീയേറ്ററിലേക്ക്.
നേരത്തെ ചിത്രീകരിച്ച ബാങ്ക് റോബറി ചെയ്ത് രക്ഷപെടുന്ന സ്ത്രികളെ ഇവിടെ നമുക്ക് ബിഗ് സ്‌ക്രീനിൽ കാണാം.
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് പിറകെ പോലീസ് പിന്തുടരുന്ന സീൻകാണാം. അതിനിടയില്‍ അവതാരകന്‍ വീണ്ടും സദസ്സില്‍ നിന്ന് മൂന്ന് പേരെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. ഇത്തവണ കുട്ടികളെയാണ് തെരഞ്ഞെടുതിരിക്കുന്നത്. സ്റ്റേജില്‍ സമീപത്തായി മണൽകൂട്ടിയിട്ടിരിക്കുന്നുണ്ട് . പിന്നെ കല്ലുകളും വലിയൊരു ഇരുമ്പു തകിടും ചെറിയൊരു ഹാമരും ചുറ്റിലും ബോക്‌സുകളുംകാണാം.
ഇവിടെ സിനിമക്ക് ആവശ്യമായ ശബ്ദങ്ങൾ കൃത്രിമമായിയുണ്ടാക്കുന്ന വിധമാണ് കാണിച്ചുതരുന്നത്.
സിനിമക്ക് ഡബ്ബിങ് ചെയുന്നത് വളരെ ചെറിയസമയം കൊണ്ട് പ്രേക്ഷകർക്ക് കാണിച്ചുതരുന്നു. വേദിയിലെത്തിയ കുട്ടികൾ സംവിധായകന്റെ നിർദ്ദേശപ്രകാരം കൂട്ടിയിട്ടിരിക്കുന്ന മണൽവാരി ടിന്നിന്റെ തകിടിൽ ഇടുമ്പോൾ മഴയുടെ ശബ്ദം വളരെ അനായാസമായി അവിടെ സൃഷ്ടിക്കപെടുകയായിരുന്നു. ചിരട്ടകൾതമ്മിൽ കൂട്ടിമുട്ടിച്ചു കുതിരയുടെ കുളമ്പടി ശബ്ദവും ഇരുമ്പ് തകിടിൽ ഹമാർകൊണ്ടടിച്ച് വെടിവെക്കുന്ന ശബ്ദവുമെല്ലാം നിമിഷനേരംകൊണ്ട് അവുടെ സൃഷ്ടിക്കുകയുണ്ടായി.
എത്ര അനായാസവും സ്വാഭാവികവുമായാണ് അവർ ഡബ്ബിങ് ചെയ്യുന്നതെന്ന് ആശ്ചര്യപെട്ടുപോയി.ഇനിയുമുണ്ട് സിനിമയുടെ പിന്നാമ്പുറ രഹസ്യങ്ങൾ രാമോജിയിൽ.പ്രേക്ഷകർ തീയേറ്ററിൽ അത്ഭുതത്തോടെ കാണുന്ന ഗ്രാഫിക്‌സുകളും ടെക്‌നിക്കുകളും തത്സമയം കാണിച്ചു തരികയാണ് സിനിമാ മാജിക്കിലൂടെ. സിനിമയുടെ മായിക ലോകം തന്നെയാണ് രാമോജി.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറിൽ ഏതൊ ഒരു സിനിമാവാരികയിൽ വന്ന ഫീച്ചറിലൂടെയാണ് രാമോജി ഫിലിംസിറ്റിയെ കുറിച്ച് ആദ്യമായി അറിയുന്നത് അന്നുതൊട്ടേയുള്ള ഒരാഗ്രഹമായിരുന്നു ഇവിടം ഒന്ന് സന്ദർശിക്കണമെന്ന്.നമ്മൾ കണ്ടുതള്ളിയ എത്രയോ സിനിമകൾക്ക് രാമോജി ഫിലിം സിറ്റി പശ്ചാത്തലമായി ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം അവസാന വാക്കാണ് ഇന്ന് രാമോജി ഫിലിം സിറ്റി.
'സിനിമ ഒട്ടേറെ കലാകാരൻമാരുടെ കൂട്ടമായ പ്രവൃത്തിയുടെ ഉല്പന്നമാണ് അത് പൂര്‍ണത പ്രാപിച്ച് വെള്ളിത്തിരയിലെത്തുമ്പോൾ അതിന്റെ പിന്നിലെ പ്രയാസവും പരിശ്രമവും എന്തെക്കെയാണെന്ന് മനസിലാക്കുവാൻ ഫിലിം സിറ്റി നമ്മെ പര്യാപ്തനാക്കും.
രാമോജിയിലേക്ക് സ്‌ക്രിപ്റ്റും പണവുമായി വന്നാല്‍ നിങ്ങള്‍ക്ക് ഇവിടെനിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന, നിങ്ങളുടെ ഭാവനയിലുള്ള സിനിമയുമായി തിരിച്ചു പോകാം അതാണ് രാമോജി റാവു നൽകുന്ന ഉറപ്പ്.
ലോകത്തിലെ ഒട്ടുമിക്ക ഉദ്യാനങ്ങളും, പട്ടണങ്ങളും, തെരുവുകളും, ചരിത്രസ്മാരകങ്ങളും കൊട്ടാരങ്ങളും ഇവിടെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു.ലണ്ടനും, ലോസ് ആഞ്ചൽസും, ആഗ്രയും, താജ്മഹലും, മൈസൂരിലെ വൃന്ദാവൻ ഗാർഡനും, കശ്മീരിലെ ആപ്പിൾ തോട്ടവും, ഇംഗ്ലണ്ടിലെ സ്പ്രിങ് പുഷ്പങ്ങളും, ദില്ലിയിലെ മുഗൾ ഗാർഡനും, മഴക്കാടുകളിലെ വെള്ളച്ചാട്ടങ്ങളും യൂറോപ്പിലെയും അമേരിക്കയിലെയും തെരുവുകളും കെട്ടിടങ്ങളുമെല്ലാം കാണുമ്പോള്‍ നമുക്കവിടെയെത്തിയ പ്രതീതിയുണ്ടാക്കാൻ രാമോജിയുടെ സ്വപ്നപദ്ധതിക്ക് കഴിയുന്നു.
ഹൈദരാബാദ് ബിരിയാണി വളരെ പ്രസിദ്ധമാണല്ലോ ഇവിടെ സന്ദർശിക്കുന്നവരെല്ലാം അതിന്റെ രുചിയറിഞ്ഞേ തിരിച്ചുപോകാറുള്ളൂ . ഹോട്ടൽ പാരഡൈസാണ് ഹൈദരാബാദ് ബിരിയാണിക്ക് പേരുകേട്ടതെങ്കിലും ഞങ്ങൾ റാമോജിയിലെ റെസ്റ്റോറന്റിൽ നിന്നാണ് കഴിച്ചത് ഇതിനകത്ത് എല്ലാറ്റിനും വിലയധികമാണ് 270 രൂപയാണ് ഹൈദരാബാദ് ബിരിയാണിക്ക്. ദോഷം പറയരുതല്ലോ സംഗതി കിടുവാന്. ബസ്മതി റൈസ് കൊണ്ട് ഉണ്ടാക്കുന്ന ഹൈദരാബാദിന്റെ പ്രത്യേകരുചി വിഭവം തന്നെയാണിത്. പ്രധാനമായും ബാസ്മതി അരി, ആട്ടിറച്ചി എന്നിവയാണ് ഇതിലെ ചേരുവകൾ ജനപ്രിയമായ പല തരങ്ങളിൽ ഹൈദരാബാദ് ബിരിയാണി യുണ്ടാക്കുണ്ട് പല നിറത്തിൽ, പല വിലയിൽ, പല രുചിയിൽ ലഭ്യമാണ്.മട്ടൻ, ചിക്കൻ, ബീഫ് തുടങ്ങി എല്ലാം തരം ബിരിയാണിയും പ്രസിദ്ധമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരബാദ് ഭരിച്ചിരുന്ന നിസാമിന്റെ താല്പര്യപ്രകാരം മുഗൾ, തെലുങ്കാന വിഭവങ്ങളുടെ ഒരു മിശ്രിതരൂപമായിട്ടാണ് ഹൈദരാബാദി ബിരിയാണി രൂപം കൊണ്ടത്. ഇതിലെ പ്രധാന ചേരുവകൾ ബാസ്മതി അരി, ഇറച്ചി, തൈര്, സവാള, സുഗന്ധവ്യഞ്ജനങ്ങൾ, നാരങ്ങ, കുങ്കുമം, മല്ലി എന്നിവയാണ്.
രാമോജി ഫിലിം സിറ്റിയിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. പൗരാണികതയും ആധുനികതയും ഒരുപോലെ സമ്മേളിക്കുന്ന ഹൈദരാബാദിന്റെ പ്രധാന ആകർഷണമാണ് രാമോജി ഫിലിം സിറ്റി.
വിനോദത്തിന്റെ അനന്തസാധ്യതകൾ തന്നെ രാമോജി നമുക്ക് തുറന്നു തരുന്നു. സർക്കസ്, അനിമേഷൻ ഷോ, റൈഡുകൾ, അമ്യുസ്മെന്റ് പാർക്കുകൾ, ചിൽഡ്രൻസ് പാർക്കുകൾ, റെയിൽവേ സ്റ്റേഷൻ, വിമാനതാവളം, ബട്ടർ ഫ്ലൈ പാർക്ക്, പുരാണ സീരിയലുകളും, സിനിമകളും ചിത്രികരിക്കുന്ന കൊട്ടാരങ്ങൾ, കാളവണ്ടി മുതൽ വിമാനം വരെയുള്ള സിനിമക്ക് ആവശ്യമായ വിവിധ കാലങ്ങളെ വാഹനങ്ങൾ പൂന്തോട്ടങ്ങളും പക്ഷി സങ്കേതങ്ങളുമെല്ലാം ഫിലിംസിറ്റിയില്‍ ആസ്വാദ്യകരമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
രാമോജിയിലെ അവസാനത്തെ സെഗ്മെൻറ് ബഹുബലി സൈറ്റാണ് ഇന്ത്യൻ സിനിമയെ ലോകസിനിമക്കുയർത്തിയ ബാഹുബലിയുടെ സാമ്രാജ്യമായ മഹിഷ്മതിയിലേക്ക് കടക്കുമ്പോൾ തന്നെ ബാഹുബലിയിലെ പാട്ടുകളും സംഭാഷണങ്ങളും കേൾക്കാം സിനിമ പോലെത്തന്നെ സിനിമയുടെ സെറ്റും നമ്മളെ ആശ്ചര്യപെടുത്തുന്നു.
രാമോജിയിൽ സിനിമയുടെ വിവിധ ഫ്രെയിമുകളിലൂടെയാണ് ഓരോ സഞ്ചാരിയും കടന്നുപോകുന്നത് സിനിമയെന്നത് ലോകത്തെ വളരെയധികം സ്വാധീനിച്ച കലാ മാധ്യമമാണ്.അതുകൊണ്ട് തന്നെയാണ് സിനിമാതാരങ്ങൾ നമ്മുടെയൊക്കെ ആരാധനാ പാത്രങ്ങളാകുന്നതും. താരങ്ങളെ പോലെയോ, അതിനു മുകളിലോ അംഗീകാരവും ആരാധനയും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരും അർഹിക്കുന്നുണ്ടെന്ന് രാമോജിയിലെ കാഴ്ചകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്
(തുടരും )