നൈസാമിന്റെ നാട്ടിൽ (രണ്ടാം ഭാഗം )
ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹൈദരാബാദ് നൈസാമിന്റെ നാട്, സിംഹനഗരം, പൂന്തോട്ടങ്ങളുടെ നഗരം, ഭാഗ്യനഗരം എന്നിങ്ങനെ ഒട്ടേറെ വിളിപ്പേരുകളാൽ അറിയപ്പെടുന്നു. ആധൂനികതയും പഴമയും സമ്മേളിക്കുന്ന ഹൈദരാബാദ് ആധൂനിക ഇന്ത്യയുടെ ഐടി സിറ്റികൂടിയാണ്. ഹൈദരാബാദ്ലെ രണ്ടാം ദിനത്തിലെ ഞങ്ങളുടെ യാത്ര ലക്ഷ്യം ഹുസൈൻ സാഗർ തടാകവും, ബിർള മന്ദിറും, ലുംബിനി പാർക്കുമാണ്.
ഹുസൈൻ സാഗർ മനുഷ്യനിർമിതമായ ഒരു തടാകമാണ്. കുത്തബ് -ഷാ യുടെ ഭരണകാലത്ത് ഹൈദരാബാദിൽ കടുത്ത വരൾച്ച നേരിട്ടപ്പോൾ നഗരത്തിന്റെ ഹൃദയഭാഗത്ത് അഞ്ച് ഏക്കർ വിസ്തീർണത്തിൽ നിർമ്മിച്ച വിശാലമായൊരു തടാകമാണിത്. തടാകത്തിന്റെ മധ്യഭാഗത്ത് കാണുന്ന പതിനെട്ടുമീറ്റർ ഉയരമുള്ള ഒറ്റക്കല്ലിൽ നിർമിച്ച ആകർഷണീയമായ ബുദ്ധപ്രതിമകാണാം, എം ടി രാമറാവു മുഖ്യമന്ത്രി യായിരുന്നുന്നപ്പോൾ നിർമിച്ചതാണിപ്രതിമ. തടാകത്തിന്റെ കരയിൽ ആകാശത്തോളമുയരത്തിൽ പാറി കളിക്കുന്ന ഇന്ത്യയുടെ ദേശീയ പതാക കാണാം ഞാൻ ആദ്യമായാതണ് ഇത്രയും വലിയ ദേശീയ പതാക നേരിൽ കാണുന്നത്. ഇന്ത്യയിലെ പ്രധാന ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നായ ഹുസൈൻ സാഗർ തടാകത്തെ ലോകത്തിലെ Heritage Heart Shaped Mark ലിസ്റ്റിൽ 2012 ൽ UNWTO ഉൾപെടുത്തുകയുണ്ടായി.
ഹൃദയാകൃതിയിലുള്ള തടാകങ്ങളെയും, ദ്വീപുകളെയുമാണ് Heart Shaped Mark പട്ടികയിലുൾ പെടുത്തുന്നത്. ഹൃദയാകൃതിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ തടാകമാണ് ഹുസൈൻ സാഗർ തടാകം. ഇത്തരം എഴുപത്തിയെട്ട് തടാകങ്ങൾ /ദ്വീപ് കൾ ലോകത്തുണ്ട്. ഇബ്രാഹിം കുത്തബ് -ഷാ ക്ക് അസുഖം ബാധിച്ചപ്പോൾ ചികിൽസിച്ചിരുന്ന സൂഫി വര്യനായ ഹുസൈൻ - ഷാവാലിയാണ് ഈ തടാകം രൂപ കല്പന ചെയ്തതും നിർമാണത്തിന് നേതൃത്വം നൽകിയതും. തന്റെ അസുഖം ചികിൽസിച്ചു മാറ്റുകയും ജലക്ഷാമത്തിനു പരിഹാരം കാണുകയും ചെയ്ത കടപ്പാടും ബഹുമാനാർഥവുമാണ് ഇബ്രാഹിം കുത്തബ് -ഷാ ഹുസൈൻ സാഗർ തടാകമെന്ന് പേരിട്ടത്.
ഹുസൈൻ സാഗർ കാഴ്ച്ചകൾ ആസ്വദിച്ചു ഞങ്ങൾ നഗരത്തിനോട് ചേർന്ന് നിൽക്കുന്ന ഇരുനൂറ്റി എൺപത് അടി ഉയരമുള്ള കുന്നിൻ മുകളിൽ സ്ഥിതിചെയുന്ന ബിർള മന്ദിർലേക്ക് പോയി. അറുപതോളം പടവുകൾ കയറിവേണം മന്ദ്‌റിൽ എത്താൻ എങ്ങനെ ഇത്രയും പടവുകൾ വീൽചെയറും കൊണ്ട് കയറുമെന്ന് ശങ്കിച്ചിരിക്കുമ്പോഴാണ് പ്രായമായവർക്കും ഭിന്നശേഷിയുള്ളവർക്കും അവിടെ ലിഫ്റ്റ് സൗകര്യമുണ്ടെന്നറിഞ്ഞത് ഞങ്ങൾ ലിഫ്റ്റ് സൗകര്യം പ്രയോചനപെടുത്തി മുകളിലേക്ക് കയറി.
ഇവിടെ നിന്നും ഇരുപതോളം പടവുകൾ കയറിവേണം ക്ഷേത്ര നടയിലെത്താൻ ഷിജുവും വിഷ്ണുവും നന്നായി അധ്വാനിച്ചു എന്നെ മുകളിലെത്തിക്കുവാൻ . മുകളിലെത്തുവാൻ അല്പം പ്രയാസപെട്ടെങ്കിലും പ്രയത്നം വെറുതെയായില്ല. ബിർള മന്ദിർ ഒരപൂർവകാഴ്ചയാണ് ഇവിടെ നിന്ന് നോക്കിയാൽ ഹൈദരാബാദ് പട്ടണം മുഴുവൻ കാണാം ഹുസൈൻ സാഗർ തടാകവും, ബുദ്ധപ്രതിമയും, തടാകകരയിലെ ത്രിവർണ്ണ പതാകയുമെല്ലാം കാണാം. ഇവിടത്തെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം മനസ്സിന് കുളിർമ്മ പകരുന്നതാണ്. പെട്ടന്നുതന്നെ മെഡിറ്റേഷൻ മൂഡിലേക്ക് മനസ് പോകുന്നതുപോലെ അനുഭവപെട്ടു. എന്തായാലും ശരിക്കും ആസ്വദിച്ചു. ക്ഷേത്രത്തിൽ തൊഴുകയോ പ്രസാദം വാങ്ങുകയോ ചെയ്തില്ല എങ്കിലും ബിർള മന്ദിർന്റെ അന്തരീക്ഷം തന്നെ മനസിനെ ഏകാഗ്രതയിലേക്ക് നയിക്കുവാനുതകുന്നതാണ്.
ഇന്ത്യയിലുടനീളം പ്രശസ്തബിസിനസ് ഗ്രുപ്പായ ബിർളാ ഫൗണ്ടേഷൻ നിർമിച്ച ക്ഷേത്രങ്ങളാണ് ബിർളാ മന്ദിരങ്ങൾ. ദ്രാവിഡ, രാജസ്ഥാനി വാസ്തു കലകളുടെ സമന്വയമാണ് ഇവിടത്തെ മന്ദിർ. പൂർണ്ണമായും വെളുത്ത മാർബിളിൽ നിർമ്മിച്ച ബിർള മന്ദിർലെ മറ്റൊരു പ്രത്യേകത ഗ്രാനൈറ്റിൽ കടഞ്ഞെടുത്ത പതിനൊന്ന് അടി ഉയരമുള്ള വെങ്കിടേശ്വര പ്രഭുവിന്റെ വിഗ്രഹമാണ്.
രണ്ട് മണിക്കൂറോളം ഞങ്ങൾ ബിർള മന്ദിരത്തിൽ ചെലവഴിച്ചു മുകളിലേക്ക് കയറിയാൽ താഴേക്ക് ഇറങ്ങാൻ തോന്നില്ല അങ്ങനെയുള്ള അന്തരീക്ഷമാണവിടെ
ഞങ്ങൾ നാട്ടിൽനിന്നും പുറപ്പെടുമ്പോൾ എന്റെ സുഹൃത്ത് മനോജ് പ്രത്യേകം പറഞ്ഞിരുന്നു നിശ്ചയമായും ബിർള മന്ദിർ സന്ദർശിക്കണമെന്ന്. ഇവിടെ എത്തിയപ്പോഴാണ് അതിന്റെ പൊരുൾ മനസിലായത്.
ബിർള മന്ദിർലെ രാത്രി കാഴ്ച്ച മനോഹരമാണെന്ന് കേട്ടിട്ടുണ്ടെങ്കിലും, സമയപരിമിതികരണം രാത്രിക്ക് മുന്നേ ഞങ്ങൾ ബിർള മന്ദിർൽനിന്നും പടവുകളിറങ്ങി....
ഹുസൈൻ സാഗർ തടാകത്തിനോട് ചെന്നുതന്നെയുള്ളൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലുംബിനി പാർക്ക്. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മൾട്ടി മീഡിയ ലേസർ ഷോ അവതരിപ്പിച്ചത് ഇവിടെയാണ്. പ്രസിദ്ധമായ ആ ലേസർ ഷോ കാണാനാണ് ഞങ്ങളിവിടെ എത്തിയിരിക്കുന്നത്.ഞങ്ങൾ ലുംബിനി പാർക്കിലെത്തുമ്പോൾ സമയം ഏഴുമണിക്കടുത്തിരുരുന്നു 7.15 നാണ് ഷോ ആരഭിക്കുന്നത് അതുകൊണ്ടുതന്നെ നല്ലതിരക്കായിരുന്നു. കേരളത്തിന് പുറത്ത് ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഭിന്നശേഷിയുള്ളവർക്ക് പ്രവേശനം സൗജന്യമായി അനുവദിക്കാറുണ്ട്. ലുംബിനി പാർക്കിലും ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമാണ്.
വിസ്മയ ദൃശ്യങ്ങളുടെ ഒരു മണിക്കൂർ അതാണ് ലുംബിനി പാർക്കിലെ ലേസർ അനിമേഷൻ ഷോ, താളാത്മകമായ ശബ്ദ വിന്ന്യാസവും, അസാധാരണമായ ബിം ഇഫക്റ്റുകളും മ്യുസിക്ക് ഫൗണ്ടനുമെല്ലാം കാഴ്ചകളുടെ വിസ്മയംതന്നെ സൃഷ്ടിക്കുന്നു. ആന്ധ്രായുടെയും, തെലുങ്കാനയുടെയും ഇന്ത്യയുടെയും കേരളമുൾപ്പെടെ ദക്ഷിണെന്ത്യൻ സംസ്ഥാനങ്ങളുടെയും സംസ്‌കാരങ്ങളും പൈതൃകങ്ങളും ചരിത്ര പുരുഷന്മാർ മുതൽ കായികതാരങ്ങളെ വരെ കോർത്തിണക്കുന്ന ലേസർ ഷോ ശരിക്കും ആസ്വാദ്യകരം തന്നെയാണ് എൺപത് രൂപയാണ് പ്രവേശന ഫീസ് എല്ലാദിവവും രാത്രി 7.15 നാണ് ഷോ ഞായർ രണ്ട് ഷോയുണ്ട് 7.15നും, 8.30നും. ഷോ കഴിഞ്ഞ് ഞങ്ങൾ നേരെ റൂമിലേക്ക് പോയി സെക്കെന്ററാബാദ് റയിൽവേ സ്റ്റേഷന് അടുത്താണ് ഞങ്ങളുടെ റൂം ഇരട്ടനഗരമായ ഹൈദരാബാദും സെക്കെന്റെരാബാദും ശുചിത്വത്തിന്റെ കാര്യത്തിൽ പിന്നോക്കമാണ്. ജനനിബിഡമായ ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമാണ് ഹൈദരാബാദ്, ട്രഫിക്ക് സംവിധാനങ്ങളും കാര്യക്ഷമമായി തോന്നിയില്ല. സദാസമയവും ട്രാഫിക്ക് ജാമാണ്. സിറ്റി യാത്രയിൽ ഞങ്ങൾ ആശ്രയിച്ചത് പൂർണ്ണമായും OLA,UBER പോലുള്ള ഓൺലൈൻ ടാക്സി കളെയാണ്. വളരെ കാര്യക്ഷമവും ലാഭകരവുമാണ് ഓൺലൈൻ ടാക്സികൾ....
(തുടരും ) |