Archives / 2020 january

ഷാജി തലോറ
നൈസാമിന്റെ നാട്ടിൽ

ഭാഗം ഒന്ന് 

*ചാർമിനാർ*

ജീവിതം ഒരു യാത്രയാണ്,  യാത്ര ഒരു ഒഴുക്കാണ്.  മനസ്സില്‍അടിഞ്ഞു കൂടികിടക്കുന്ന സ്വാർത്ഥതയും അഹങ്കാരവും, വിഭാഗീയതയും അലിയിച്ചു കളയുന്ന ഒരൊഴുക്ക്.  കെട്ടിനിൽക്കുന്ന വെള്ളത്തിൽ അഴുക്കുകൾ അടിഞ്ഞു കൂടുക സ്വാഭാവികമാണ്. എന്നാൽ ഒഴുകുന്ന വെള്ളത്തിൽ ഒരു മാലിന്യവും അടിഞ്ഞു കൂടുകയില്ല . പുതിയ വഴികളിലൂടെ, വ്യത്യസ്ത  ദേശങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെ  ജനജീവിതങ്ങളിലൂടെ, ചരിത്രം സ്ഥലികളിലൂടെ  യുള്ള  അപരിചിതമായ കാഴ്‌ചകളിലേക്കുമുള്ള യാത്ര  സഞ്ചരിയുടെ  മനസ്സിനെ വിശാലമാക്കുവാനും  വിവിധ  സംസ്‌കാരങ്ങളുടെയും വൈവിധ്യമാർന്ന  അനുഭങ്ങളുടെയും നേർ സാക്ഷ്യങ്ങൾ തൊട്ടറിയുവാനും സഹായിക്കുന്നു. 

ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടുമൊരു ദീർഘദൂര യാത്ര പ്ലാൻ ചെയ്തിരുന്നത് പഞ്ചാബിലേക്കായിരുന്നു. ടിക്കറ്റ് റിസർവ് ചെയ്യാൻ പോയപ്പോൾ നിർഭാഗ്യവശാൽ ഞങ്ങൾ യാത്ര ചെയ്യാൻ നിശ്ചയിച്ച തീയതിയിൽ കണ്ണൂരിൽനിന്ന് അമൃതസറിലേക്കുള്ള റിസർവേഷൻ ടിക്കറ്റുകളെല്ലാം തീർന്നുപോയി. ഇനി എന്താണ് ചെയുക, എങ്ങോട്ടാണ് പോവുകഎന്നാലോചിച്ചപ്പോൾ ആദ്യം മനസിലെത്തിയത് ഹൈദരാബാദാണ്. രണ്ട് വർഷംമുന്നേ ഒരിക്കൽ  ഹൈദരാബാദ് ട്രിപ്പ് റോഡ് മാർഗം  പ്ലാൻ ചെയ്തിരുന്നതാണ് എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കിയതിന് ശേഷം അപ്രതീക്ഷിതമായി ആ ട്രിപ്പ് ക്യാൻസൽ ചെയ്യേണ്ടിവന്നു. എന്തായാലും അന്ന് വിഫലമായിപോയ നൈസാമിന്റെ നാട്ടിലേക്കുള്ളയാത്ര ഇന്ന് സഫലമായിരിക്കുന്നു.

2019 ഒക്ടോബർ 30 ന് രാത്രി 10.20 നുള്ള മംഗലാപുരം കാച്ചഗുടെ എക്സ്പ്രസ്സിൽ കണ്ണൂരിൽ നിന്ന് ഞങ്ങൾ യാത്രതിരിച്ചു. രാത്രി യാത്രയായതിനാൽ പുറം കാഴ്ചകളൊന്നും കാണാൻ കഴിയാത്തതിനാൽ ട്രൈൻ സ്റ്റേഷൻ വിട്ടപ്പോൾത്തന്നെ ഞങ്ങൾ കിടന്നുറങ്ങി . രാവിലെ ഏഴുമണിക്ക് സേലം ജങ്ഷനിലെത്തിയപ്പോഴാണ് ഉണർന്നത്. മൂന്നുനാല്  തവണ ഇതുവഴി കടന്നു പോയിട്ടുണ്ടെകിലും തമിഴ് ഗ്രാമീണതയുടെ പ്രഭാതകാഴ്ചകൾ പുതുമയോടെയാണ് സ്വീകരിച്ചത്. പച്ചപട്ടണിഞ്ഞ ഗ്രാമങ്ങൾ, സമൃദ്ധമായ നോക്കെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന കൃഷിപാടങ്ങൾ രാവിലെ തന്നെ പാടത്തെത്തി വേലകൾ ചെയുന്ന  അർദ്ധനഗ്നരായ കർഷകർ. മേഞ്ഞു നടക്കുന്ന കന്നുകാലി കൂട്ടങ്ങൾ, ലാളിത്യത്തിന്റെ പ്രതീകങ്ങളായി കൃഷിയിടങ്ങൾക്കിടയിലെ ചെറിയ ചെറിയ വീടുകൾ. വീടുകൾ ചെറുതാണെങ്കിലും എല്ലാവീടുകളുടെയും ടെറസ്സിനുമുകളിൽ ഡിഷ്‌ ആന്റിനകൾകാണാം. കേരളത്തിന് വെളിയിൽ യാത്രചെയുമ്പോൾ ഇതുപോലുള്ള ചെറിയ വീടുകൾ ധാരാളം കാണാം.

കേരളത്തിന് വെളിയിൽ യാത്ര ചെയ്യുമ്പോഴാണ് മലയാളികളുടെ പൊങ്ങച്ച സംസ്കാരം എത്രമാത്രം വലുതാണെന്ന് മനസിലാവുന്നത്. മലയാളികൾ വീടുവെക്കുന്നത്  ആവശ്യമോ സൗകര്യമോ നോക്കിയല്ല. അച്ഛനും  അമ്മയും രണ്ട് മക്കളുമടങ്ങിയ നാലംഗ കുടുംബത്തിന്റെ വീടിന്റെ  നിർമ്മാണചിലവ്‌  സാധാരണ നിലയില്‍ മുപ്പതും നാല്‍പ്പതും ലക്ഷം രൂപയില്‍കൂടുതലാണ്  എന്‍ജിനീയറും കരാറുകാരനും കുടുംബാംഗങ്ങളും എല്ലാവരും  ചേര്‍ന്ന് വീടിന്റെ നിര്‍മ്മാണച്ചെലവ്  ലക്ഷങ്ങൾ കടത്തും. അപ്പോഴും  ആശങ്കപ്പെടാതെ കിട്ടാവുന്നിടത്ത്നിന്നെലാം കൊള്ളപലിശക്ക് പോലും കടംവാങ്ങി മൂന്നും നാലും നിലകളുള്ള വീടുകൾ പണിയും ഒടുവിൽ ലോൺ തിരിച്ചടക്കാനാകാതെ ആത്മഹത്യചെയ്യും.പ്രകൃതിക്കും സ്വന്തം സാമ്പത്തിക നിലനില്പിനും വിരുദ്ധമായി ഒരായുസ്സിലെ സമ്പാദ്യംമുഴുവൻ വീടുവെക്കാൻ വേണ്ടി ഹോമിക്കുന്നവർ ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയൊന്നുയാത്ര ചെയ്തിരുന്നെങ്കിൽ അവരുടെ ആഡംബര ഭ്രമം ഒന്ന് കുറഞ്ഞേനേ.. 

തമിഴ്‌നാട് പിന്നിട്ട് തെലുങ്കാനയിലെത്തിയപ്പോഴും കൃഷിയിടങ്ങൾക്ക്  കാര്യമായ മാറ്റങ്ങളൊന്നും  കാണാൻ കഴിഞ്ഞില്ലെങ്കിലും വിശാലമായ വാനപ്രദേശങ്ങളും ഗ്രാനൈറ്റ് മലനിരകളും കാണാൻ കഴിഞ്ഞു.  ആന്ധ്രാപ്രദേശും, തെലുങ്കാനയും രാജ്യത്തെ പ്രധാന ധാതുലാവണങ്ങളുടെ കലവറയാണല്ലോ!ഇരുമ്പയിര്, ഗ്രാനൈറ്റ്, ചുണ്ണാമ്പ് കല്ല്, മാംഗനീസ്, ടൈറ്റാനിയം, കളിമണ്ണ് എന്നിവയെല്ലാം യഥേഷ്ടം ലഭ്യമാണിവിടെ.ഇപ്പോൾ ഇടിഞ്ഞുവീഴുമെന്ന് തോന്നിക്കുന്ന ഗ്രാനൈറ്റ് മലനിരകൾ നമ്മെ ആശ്ചര്യപെടുത്തുന്ന കാഴ്ച്ചയാണ്. 

രാത്രി പതിനൊന്നര മണിയോടെ ഞങ്ങൾ കാച്ചെഗുഡിയിലെത്തി. നല്ല വിശപ്പും, ഉറക്കക്ഷീണവുമുണ്ട്. റൂമെടുക്കണം, ഫ്രഷാവണം, ഭക്ഷണം കഴിക്കണം. ഉറങ്ങണം. നേരത്തെ റൂം ബുക്ക് ചെയ്തിരുന്നില്ല. അതിനാൽ ട്രയിൻ ഇറങ്ങിയ പോൾതന്നെ റൂം വാഗ്ദാനവുമായി വന്ന ടാക്സി കാരന്റെ കൂടെപോയി റെയിൽ വേറെ സ്റ്റേഷന് ഒരുകിലോ മീറ്റർ അകലെയുള്ള ഒരുഹോട്ടലിൽ പോയി വിലപേശി വാടകയുറപ്പിച്ചു റൂമെടുത്തു. 

ഹൈദരാബാദി ലെ ആദ്യദിനം. ആദ്യസന്ദർശനം ചരിത്ര പ്രസിദ്ധമായ ചാർമിനാറിലേക്കായിരുന്നു തിരക്ക്നിറഞ്ഞ ഹൈദരാബാദ് നഗരത്തിന്റെ മധ്യഭാഗത്താണ് ചാർമിനാർ. ഹൈദരാബാദ് സന്ദർശിക്കുന്ന ഏതൊരു സഞ്ചാരിയും സന്ദർശിക്കുന്ന സഥലം കൂടിയാണ് ചാർമിനാർ. പ്രവേശനകവാടം കടന്ന് അകത്തെത്തിയപ്പോൾ വലിയ ക്യുവാണ് ശ്രദ്ധയിൽ പെട്ടത്. രാവിലെ തന്നെ ചാർമിനാർ കാണാൻ ഇത്രയും തിരക്കോ? തെല്ലൊരു ആശ്ചര്യം തോന്നിയെങ്കിലും പിന്നീടാണ് കാര്യം മനസിലായത്. ചാർമിനാറിനോട് ചേർന്ന് തന്നെ ഒരു ദേവി ക്ഷേത്രമുണ്ട് ക്ഷേത്രദർശനത്തിനെത്തിയവരുടെ ക്യുവാണത്. 180 ഓളം അടി ഉയരമുള്ള ചാർമിനാറിന്റെ നിർമിതി ചരിത്ര കൗതുകമുണർത്തുന്നതാണ്. കരിങ്കല്ലുകൊണ്ടും ചുണ്ണാമ്പ് കൊണ്ടും നിർമിച്ച ചാർമിനാറിന്റെ നാല് മിനാരങ്ങൾ ഇസ്ലാമിലെ നാല് ഖലീഫമാരെ സൂചിപ്പിക്കുന്നതാണ്. സുൽത്താൻ മുഹമ്മദ്‌ ഷാഹി കുത്തബ് ഷാ യുടെ ഭരണകാലത്ത് ഹൈദരാബാദിനെ പിടിച്ചു കുലുക്കിയ പ്ലേഗ് നെ നിർമാർജനം ചെയ്തതിന്റെ സ്മരണാർ ത്ഥമാണ് കുത്തബ് ഷാ ചാർമിനാർ പണികഴിപ്പിച്ചത്. ഒട്ടേറെ ചരിത്ര കഥകൾ പറയാനുള്ള ചാർമിനാർ ഇന്ന് ലോക ഭൂപടത്തിൽ ഇടം പിടിച്ച ചരിത്രസ്മാരകമാണ്. ചതുരാകൃതിയിൽ നിർമിച്ച ചാർമിനാറിന്റെ നാല് വശങ്ങൾക്കും ഇരുപത് മീറ്റർ വീതം നീളമുണ്ട്‌. ഓരോ മിനാരത്തിനും 149 വീതം പടവുകളുണ്ട്. വീൽചെയറിൽ ഇത്രയും പടവുകൾ കയറുകയെ ന്നത് പ്രായോഗിക മല്ലാത്തതിനാൽ ഞങ്ങൾ അങ്ങനെയൊരു സാഹസത്തിനു മുതിർന്നില്ല.

എത്രയെത്ര മനുഷ്യരാണ് ഈ ചരിത്രസ്മാരകത്തെ യാശ്രയിച്ച് ഉപജീവനംനയിക്കുന്നത് .ദിവസവും ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ഇവിടെ വഴിവാണിഭ ക്കാരുടെ ബാഹുല്യം തന്നെകാണാം. ഒരുപക്ഷെ കുത്തബ് ഷാ ഇങ്ങനെയൊരു മിനാരം പണിയുമ്പോൾ ചിലരെങ്കിലും ചോദിച്ചിട്ടുണ്ടാവാം മിനാരം പണിതാൽ പട്ടിണി മാറുമോന്ന്.? ചരിത്രനിർമിതികളും, സ്മാരകങ്ങളും കാലങ്ങൾക്ക് അതീതമായി നിലനിൽക്കണമെന്ന ഉദ്ദേശത്തോടെ നിർമ്മിക്കുന്നവയാണ് അത്കൊണ്ട് തന്നെ ഇത്തരം നിർമിതികൾ കാലങ്ങളെയും തലമുറകളെയും അതിജീവിച്ചു തലയുർത്തി തന്നെ നിലനിൽക്കും. ഗവണ്മെൻറുകൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുകയാണെങ്കിൽ പട്ടിണി മാറ്റാനും ഇതുപോലുള്ള  ചരിത്രനിർമിതികൾ പ്രയോജനപ്പെടും.

 

                                                                                                                                                           (തുടരും )

 


 

Share :