Archives / January 2018

കൃഷ്ണകുമാർ.കെ
തുറക്കാത്ത കണ്ണുകൾ

നിറഞ്ഞ സദസ്സിനെ അക്ഷരാർത്ഥത്തിൽ കയ്യിലെടുത്തു അയാളുടെ വാഗ്ധോരണി. പുരാണ വിഷയങ്ങൾ സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിച്ചുള്ള കഥകളിലൂടെയും മറ്റും അയാൾ കുട്ടികളുമായി വേഗത്തിൽ ചങ്ങാത്തത്തിലായി. \"കാരുണ്യം വറ്റുന്ന മനുഷ്യ ജൻമങ്ങൾ \" എന്ന തന്റെ വിഷയത്തിൽ, ഭൂമി തന്റേത് മാത്രമാക്കി വച്ചിരിക്കുന്ന മനുഷ്യർ സഹജീവികളോട് ചെയ്യുന്ന ക്രൂരതകൾ അയാൾ അക്കമിട്ട് നിരത്തി സ്ഥാപിച്ചു.ഒരു പെരുമഴക്കാലത്ത് റോഡരുകിലെ ചവറുകൂനയിൽ ഏതോ ദ്രോഹികൾ ഉപേക്ഷിച്ചിട്ട് പോയ നാല് പൂച്ച കുഞ്ഞുങ്ങൾ മഴ നനഞ്ഞ് പിടഞ്ഞ് മരിക്കുന്ന ദൃശ്യം കാത്തു നിന്ന് പകർത്തിയ ചാനൽ വീഡിയോഗ്രാഫറുടെ മനുഷ്യത്വ രഹിതമായ പ്രവൃത്തിയുടെ കഥ ഹൃദയസ്പർശിയായി അയാൾ പറഞ്ഞപ്പോൾ മുൻ നിരയിലിരുന്ന അഞ്ചാം ക്ലാസുകാരി ദയയ്ക്ക് കരച്ചിലടക്കാനായില്ല.
പ്രസംഗ പീഠത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തലേന്ന് അടുക്കി വച്ചതൊക്കെ പുറത്തെടുത്ത സംതൃപ്തി അയാളിലുണ്ടായിരുന്നു.
വലിയ കയ്യടികൾക്കിടയിൽ തനിക്ക് ശേഷം നോട്ടീസിലുള്ളവരുടെ നീണ്ട നിര മനസ്സിലാക്കിയ അയാൾ,\' ഇനിയൊരു പരിപാടിയിൽക്കൂടി പങ്കെടുക്കണം എന്ന സ്ഥിരം പല്ലവിയോടെ വിട ചോദിച്ചു. സംഘാടകർ നീട്ടിയ കവർ ആദ്യം ബോധപൂർവ്വം നിരസിച്ചു. കാറിനുള്ളിൽ വച്ച് കവർ തുറന്ന് തരക്കേടില്ല എന്ന ഭാവത്തോടെ വീട്ടിലേക്ക് തിരിക്കുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. ഗേറ്റിന് മുന്നിലെത്തി ഹോൺ അടിച്ചപ്പോൾ കുടയും, കയ്യിൽ അല്പം ഭാരമുള്ള പ്ലാസ്റ്റിക് സഞ്ചിയുമായി ഭാര്യ വന്നു..\' അകത്തേക്ക് കയറ്റണ്ട, നിങ്ങൾ പറഞ്ഞിട്ട് പോയതുപോലെ നാലും സഞ്ചിയിലുണ്ട്.. രാത്രിയായതിനാൽ ആരും കാണില്ല. വേഗം പോയിട്ട് വാ..
ഇരുട്ടിൽ വിജനമായ റോഡിലൂടെ വണ്ടിയോടിച്ചയാൾ തെരുവ് പട്ടികൾ മേയാറുള്ള ചവറുകൂനയ്ക്കരികിലെത്തി. കാറിൽ നിന്നിറങ്ങി സഞ്ചി ഊക്കോടെ എറിഞ്ഞപ്പോൾ ചാറ്റൽ മഴയിൽ മുലപ്പാലിന്റെ മാധുര്യം നേടി തുറക്കാത്ത കുഞ്ഞി കണ്ണുകൾ നാവു നീട്ടി.. തിരികെ വീട്ടിലെത്തി ഭാര്യ നൽകിയ ചായ മൊത്തിക്കൊണ്ടയാൾ സെറ്റിയിൽ അമർന്നിരുന്നു. കലണ്ടറിൽ ചുവപ്പു വൃത്തമിട്ട് അടയാളം ചെയ്തിട്ടിരുന്ന നാളത്തെ അയാളുടെ പ്രസംഗ വിഷയം ഇതായിരുന്നു \" ജീവിക്കാനുള്ള അവകാശം മനുഷ്യന് മാത്രമല്ല.. \"

Share :