Archives / 2020 january

ധനിഷ് ആൻറണി
 ഭാഗം-4: കാലാപാനിയിലെ രക്തസാക്ഷികളുടെ ഓർമ്മകളും, പോർട്ട് ബ്ലെയർ കാഴ്ചകളും.


         ആൻഡമാൻ ദ്വീപുകളിൽപ്പെട്ട ഹാവ് ലോക്ദ്വീപിൽ നിന്നും തിരിച്ച് സൗത്ത് ആൻഡമാൻ ദ്വീപിൽ എത്തിയ ഞങ്ങൾ അവിടെ നിന്നും ഏകദേശം 100 കിലോമീറ്റർ ദൂരത്തിൽ വനത്തിന് നടുവിലൂടെയുള്ള സാഹസിക യാത്രയ്ക്കായി ഒരുങ്ങുകയായിരുന്നു .രാത്രിയായതിനാൽ തിരിച്ചെത്തിയ ഉടൻ തന്നെ ഒരു ടാക്സി പിറ്റേന്നത്തേക്ക് ബുക്ക് ചെയ്യുവാൻ തീരുമാനിച്ചു.അതിരാവിലെ തന്നെ  പോകണമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. പോർട്ട് ബ്ലെയറിൽ നിന്നും ഏതാണ്ട് 40 - 60 കിലോമീറ്റർ അകലെയാണ് 40 എങ്കിലും വരുന്ന വാഹനവ്യൂഹത്തെ (convoy) ആയി കടത്തിവിടുന്നത്. രാവിലെ 6 നും 8 നും രണ്ട് തവണ മാത്രമാണ് ഇങ്ങനെ പ്രവേശനം അനുവദിക്കുകയുള്ളൂ. ഒറ്റക്ക് പോകുന്ന വാഹനങ്ങളെ ജറാവ (Jarawa) ആദിവാസികൾ വിഷം പുരട്ടിയ അമ്പുമായി ആക്രമിക്കാറുണ്ട്. അതിനാലാണ് വാഹനവ്യൂഹസംവിധാനം.ആധുനിക മനുഷ്യരുമായി സമ്പർക്കമുള്ളവരാണ് കുറെയൊക്കെ ജറാവകൾ.

         


                 ബുക്ക് ചെയ്തു എങ്കിലും പിറ്റേദിവസം തിങ്കളാഴ്ച ആയതിനാൽ ടാക്സി ഒന്നും  ഇത്തരം യാത്രകൾക്കായി ലഭിക്കുകയില്ല എന്നും  സൗത്ത് ആൻഡമാനിൽനിന്ന് ഒരു തുരുത്ത് വഴി നോർത്ത് ആൻഡമാനിലേക്ക് പോകുന്ന ഭാഗം വരെ സർക്കാർവക ബസ്സുകളിൽ കയറി ചെന്നെത്താവുന്നതു മാത്രമാണ് ഏക പോംവഴിയെന്നും ടാക്സിഡ്രൈവർ പറഞ്ഞതിനാൽ   രാവിലെ നാലുമണിക്ക് ഞങ്ങൾ തയ്യാറായി പോയി. മലയാളം അറിയാവുന്ന ഒരു ഓട്ടോക്കാരനെ കണ്ടെത്തിയാൽ ഞങ്ങൾ വളരെയധികം സന്തോഷിച്ചു .ആൻഡമാനിൽ മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഒക്കെ സംസാരിക്കപ്പെടുന്നുണ്ട്.Rangat, Maya Bander, Baratang മുതലായ സ്ഥലങ്ങളിലേക്ക് ഉള്ള ബസ് നോക്കി നിന്നാൽ മതി, അതിൽ കയറി പോകാം എന്നാൽ ചെറുതുരുത്തിക്കോ കടന്നുപോകുന്ന യാത്രയും കഴിഞ്ഞു കിട്ടുന്ന Mud Volcanoഒന്നും കാണാൻ സാധിക്കുകയില്ല എന്നും അയാൾ സൂചിപ്പിച്ചിരുന്നു. ഭൂമിക്കടിയിൽ നിന്നും മണ്ണ് പുറത്തേക്ക് വരികയും  പലനിറങ്ങളിൽ കാണപ്പെടുകയും ചെയ്യുന്ന  പ്രതിഭാസമാണ് മഡ് വോൾക്കാനോ.
അവിടെ തിങ്കളാഴ്ച തുറക്കില്ല.അതിനാലാണ് ടാക്സികൾ അങ്ങോട്ട് തിങ്കളാഴ്ച പോകാത്തത്.വനമദ്ധ്യത്തിലൂടെയുള്ള യാത്ര മാത്രമാണ് തിങ്കളാഴ്ച സാദ്ധ്യമാവുക.ഒന്ന് രണ്ട്  ബസ്സുകൾ വന്നു ,ഞങ്ങൾ ടിക്കറ്റ് മുൻകൂർ എടുത്തോ എന്ന് ചോദിക്കുകയും ഇല്ലാത്തതിനാൽ പിന്നീടുള്ള വണ്ടിക്ക് വരാൻ പറയുകയും ചെയ്തു .തിങ്കളാഴ്ചയായതിനാൽ സ്വകാര്യവാഹനങ്ങളൊന്നും കടത്തിവിടുന്നില്ല ,എങ്ങനെയെങ്കിലും അവിടെ എത്തിപ്പെട്ടാൽ തിരിച്ചുവരിക എന്ന് പറയുന്നത് അസാധ്യമായി തീരും. എങ്കിലും ബസ്സിൽ പോവുകയും തിരിച്ചു വരുന്ന സമയത്ത് തിരിച്ചെത്തുകയും ചെയ്യാമെന്ന് ഞങ്ങളുടെ കണക്കുകൂട്ടലിലാണ് ഞങ്ങൾ അവിടെ നിന്നത് . എന്നാൽ ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മറ്റു ബസുകളും ഇനി വരികയില്ല എന്നും ഇനി അവിടെ ചെന്നാൽ തന്നെ തിരിച്ചെത്തുക  അസാധ്യമാണെന്നും അവിടെയുള്ള ചിലർ പറഞ്ഞതിനാൽ വിഷമത്തോടെ കൂടി ആണെങ്കിലും തദ്ദേശീയരായ ആദിവാസികളുടെ ഇടയിലൂടെ ഉള്ള യാത്ര ഞങ്ങൾ വേണ്ട എന്ന് വെച്ചു.  അവയൊക്കെ കാണുക  തിങ്കളാഴ്ച ദിവസങ്ങളിൽ സാധ്യമല്ല എന്നത് ഇന്റർനെറ്റിൽ സേർച്ച്  ചെയ്തപ്പോൾ ഒന്നും എവിടെയും കണ്ടിരുന്നില്ല.  വിനോദസഞ്ചാര കേന്ദ്രങ്ങൾ ,മ്യൂസിയങ്ങൾ മുതലായവ അവരുടെ അവധിദിനങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധപ്പെട്ടത്താത്തത് വളരെ അകലെ നിന്നും വരുന്ന സഞ്ചാരികൾക്ക് നൽകുന്ന  വിഷമം എത്രയെന്ന് അധികാരികൾ  അറിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന് ഞാൻ ഇപ്പോഴും അതിശയിക്കാറുണ്ട്.

 

     
            വളരെയധികം പ്ലാൻ ഒന്നും ചെയ്യാതെ പുറപ്പെട്ട യാത്രയായതിനാൽ കുറഞ്ഞത് 7 ദിവസം കൊണ്ട് നടത്തേണ്ട ആൻഡമാൻ യാത്ര വെറും നാല് ദിവസം കൊണ്ടാണ് ചെയ്യേണ്ടി വന്നത് .ഇനി ഇതിൽ തന്നെ പ്രധാനപ്പെട്ട ഒരു കാഴ്ചയായ വനാന്തർഭാഗത്തുടെയുള്ള യാത്രയും, അവിടെ തദ്ദേശിയരെ കാണാനുള്ള ഞങ്ങളുടെ സ്വപ്നവും ഇനി ഇല്ല എങ്കിലും ഞങ്ങളെ കാത്ത് കൊണ്ട് മറ്റൊരു ചരിത്ര സ്മാരകമുണ്ടായിരുന്നു. കാലാപാനി ...
                     കറുത്ത ജലം എന്നർത്ഥമുള്ള കാലാപാനി എന്ന ഹിന്ദി വാക്കിൽ ആണ്  cellular Jail എന്ന കുപ്രസിദ്ധ ജയിൽ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പോരാടുന്ന ഓരോ വ്യക്തിയേയും,ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു അവരുടെ മനോബലം ഇല്ലാതാക്കുക എന്നതായിരുന്നു കാലാപാനി യുടെ പ്രധാന ഉദ്ദേശം. ബ്രിട്ടീഷുകാർ ഇതിൽ വളരെയധികം വിജയിക്കുകയും ചെയ്തു .ഇന്നത്തെ കാലത്തെ വിവാദ പുരുഷനും ,ചിലർക്കെങ്കിലും വീരപുരുഷനുമായിരുന്ന വിനായക് സവർക്കർ ഇവിടുത്തെ ഒരു അന്തേവാസി ആയിരുന്നു .കാലാപാനിയിലെ പീഡനങ്ങളിൽ മനം മടുത്തു ബ്രിട്ടീഷ് രാജ്യത്തിനെതിരെ ഒന്നും ചെയ്യുകയില്ല എന്നും തൻറെ പ്രവർത്തികൾ മൂലം ബാക്കിയുള്ള സ്വാതന്ത്ര്യ സമര പോരാളികൾ കൂടി അതിൽ നിന്നും പിന്മാറാൻ സഹായിക്കുമെന്നും എഴുതി കൊടുത്തു കൊണ്ടാണ് വിനായക് ദാമോദർ സവർക്കർ കാലാപാനിയിൽ നിന്നും പുറത്തിറങ്ങിയത് എന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നതെന്ന്  ഒരുഭാഗം പറയുമ്പോൾ ,മാപ്പ് അപേക്ഷ നൽകിയതിനുശേഷം വന്നു സ്വാതന്ത്ര്യത്തിനായി പോരാടിയെന്ന് എന്ന മറുവശം പറയുന്നു. എന്തൊക്കെയായിരുന്നാലും സവർക്കർ കാലാപാനിയിലെ ഒരു സെല്ലിൽ വർഷങ്ങളോളം ജീവിതം നഷ്ടപ്പെടുത്തി എന്നുള്ളതും ,സ്വന്തം സഹോദരൻ ഗണേഷ് ദാമോദർ സവർക്കർ (ബാബാ റാവു സവർക്കർ )അതേ ജയിലിൽ തന്നെ മറ്റൊരു ഭാഗത്തുണ്ട് എന്നുള്ളത് പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷമാണ് അവർ രണ്ടുപേരും തിരിച്ചറിയുന്നത് എന്നതൊക്കെ സത്യമായ കാര്യം തന്നെയാണ്.എല്ലാ അന്തേവാസികളെ യും ഒരേസമയം വീക്ഷിക്കുവാൻ സാധിക്കുക എന്ന രീതിയിൽ സംവിധാനം ചെയ്ത സെല്ലുലാർ ജയിലിൽ 7 ചക്രക്കാലുകൾ ( wings)പോലെ പോലെ നിൽക്കുന്ന രൂപകല്പനയായിരുന്നു. ഓരോ ഭാഗത്തിനും മൂന്നു നിലകളുണ്ടായിരുന്നു .അതിൻറെ നടുഭാഗത്ത് ഓരോ അന്തേവാസികളേയും നിരീക്ഷിക്കുന്ന രീതിയിലായിരുന്നു ജയിലർമാരുടെ സ്ഥാനം  രൂപകല്പന ചെയ്തിരുന്നത് .696 ജയിൽ മുറികൾ ആയിരുന്നു ഈ ജയിലിൽ ഉണ്ടായിരുന്നത് .1896  പണി ആരംഭിക്കുകയും 1906 പണി പൂർത്തീകരിക്കുകയും ചെയ്ത ഈ ജയിലിൽ ഓരോ മുറിക്കും 4.5 മീറ്റർ നീളവും 2.7 മീറ്റർ വീതിയും അതായത് 14.8 അടി നീളം 8.9 അടി വീതിയും ഉണ്ടായിരുന്നുള്ളൂ.മൂന്ന് മീറ്റർ പൊക്കത്തിൽ ഒരു ചെറിയ വെൻറിലേറ്റർ അല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. വിസർജ്യം  പുറത്തു പോകുവാനായി ഒരു സംവിധാനം പോലും ഉണ്ടായിരുന്നില്ല ഈ ജയിലിൽ .ഇത്തരം ഒരു കുടുസുമുറിയിൽ  മുമ്പോട്ട് നോക്കിയാൽ മറ്റൊരു ജയിലിത്തെ പിൻഭാഗം മാത്രമേ കാണാമായിരുന്നു. ഒരേ വിങ്ങിൽ തന്നെ താമസിക്കുന്ന  മറ്റ് അന്തേവാസികളേയും കാണുവാൻ സാധിക്കുമായിരുന്നില്ല. പ്രശസ്തരായ പല സ്വാതന്ത്രസമര സേനാനികളും ഇവിടെ അന്തേവാസികൾ ആയിരുന്നു. ഭഗത് സിങിനൊപ്പം  ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞ Battukeshwar Dutt ഇവിടത്തെ ഒരു പ്രശസ്തനായ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു . ഇവിടുത്തെ ക്രൂര പീഡനങ്ങളുടെ നിരവധിയായ കഥകൾ ഉണ്ട്. കാളകളെകൊണ്ടുപോലും ഒരുദിവസം ഉത്പാദിപ്പിക്കുവാൻ സാദ്ധ്യമായതിലും അധികമായ  ചക്കിലിട്ടുള്ള എണ്ണ ഉൽപാദനം ലക്ഷ്യമാക്കി പല തടവുകാർക്കും കൊടുക്കുകയും അതു പൂർത്തീകരിക്കാൻ ആവാത്തതിനാൽ മൂന്നു ദിവസം മുഴുവനും  കൈ ഉയർത്തിപ്പിടിച്ച്  ചങ്ങലയ്ക്ക് ബന്ധിക്കുകയും പിന്നീട് മൂന്നു ദിവസത്തിനുശേഷം സ്വന്തമാക്കിയപ്പോൾ അയാൾ ഭ്രാന്തൻ ആയി മാറുകയും ചെയ്യുക,  പുഴുക്കൾ നിറഞ്ഞ ഭക്ഷണം നൽകിയതിനാൽ പ്രതിഷേധിച്ചുകൊണ്ട് നിരാഹാരം ഇരുന്ന 
3 പേരെ ബലമായി പാൽ കുടിപ്പിച്ചതിനാൽ (force feeding) മരണമടഞ്ഞ കഥകൾ പറയുന്ന ചുവരുകൾ . അങ്ങനെ പല ക്രൂരതകളും  പറയുന്ന ജയിലറകൾ .വർഷങ്ങളോളം നീണ്ടുനിന്ന ബ്രിട്ടീഷ് ക്രൂരതകൾക്ക്  എല്ലാം സാക്ഷ്യം വഹിച്ചിട്ടുള്ള  ഒരു ആൽമരം ആ ജയിൽ മുറ്റത്തുണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് അത് മറിഞ്ഞുവീണു, അതിൻറെ കുറ്റിയിൽ നിന്നും വളർന്നു വന്ന മറ്റൊരു ആൽമരം ഇന്നുണ്ട്. അതിൽ സ്വാതന്ത്രസമര സേനാനികൾക്ക് പ്രണാമമർപ്പിക്കുന്ന കെടാത്ത തീജ്വാലകൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു .  ജയിൽ പരിസരത്ത് തന്നെയുള്ള കഴുമരം ആയിരുന്നു മറ്റൊരു ഭീകരകാഴ്ച.കഴുമരവും ,മനുഷ്യർ തൂങ്ങിനിൽക്കുന്ന ഭാഗവും വളരെയധികം നിശബ്ദതയോടെ ,ഉള്ളിലെ വേദനയോടുകൂടി യേ എനിക്ക് കണ്ടുനിൽക്കാൻ സാധിച്ചുള്ളു .ഓരോ ജയിലറകളിൽ കയറുമ്പോഴും ,ഇതെഴുതുമ്പോഴും അന്നത്തെക്കാലത്ത് എത്രയധികം മനുഷ്യർ ബലിയാടുകൾ ആയ സ്ഥലമാണത് എന്ന് ഞാൻ ഓർത്തു പോകുന്നു.
            ജയിൽ അധികാരി ആയിരുന്ന വാർഡൻ ഞാനാണ് ഇവിടുത്തെ ദൈവമെന്നും , ഇവിടെ ഞാൻ അറിയാതെ ഒരു കാര്യവും നടക്കുകയില്ല എന്നും ആദ്യമായി വരുന്ന അന്തേവാസികളോട് .പറയുമായിരുന്നു നിങ്ങൾ ശ്രദ്ധിച്ചാലറിയാം വളരെയധികം ഉയർന്ന മതിലല്ല ഇവിടെ എന്നും , ആരും ഇതിന് പുറത്തുപോകാൻ ധൈര്യപ്പെടാറില്ല എന്നും അത്തരത്തിലാണ് നിങ്ങളെ ഓരോരുത്തരെയും ഇവിടെ സ്വീകരിക്കുക എന്നും അദ്ദേഹം പറയുമായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാളികളുടെ മനോവീര്യം ക്രൂര പീഡനങ്ങൾ നടത്തി ഇല്ലാതാക്കുക എന്നത് ജീവിത ദൗത്യമായി കരുതിയിരുന്ന വാർഡൻ ആയിരുന്നു അദ്ദേഹം. കാലാപാനിയിൽ  ഇന്ന് 7 ചക്രക്കാലുകളിൽ മൂന്ന് എണ്ണം മാത്രമേ ഉള്ളൂ. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ സേന കയ്യേറിയ ഇവിടെ   കുറെ ഭാഗങ്ങൾ പൊളിച്ചു കളയുകയും, സ്വാതന്ത്ര ലബ്ദിക്ക് ശേഷം  രണ്ട് ഭാഗം ആശുപത്രിയി  പണിയുന്നതിനായി പൊളിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇവിടുത്തെ അന്തേവാസികൾ പ്രതിഷേധിക്കുകയും തുടർന്ന് ജയിൽ സംരക്ഷിക്കുവാൻ തീരുമാനിക്കുകയുമായിരുന്നു.ആ ഭാഗത്ത് ഇന്ത്യയിലെ ആഭ്യന്തര മന്ത്രിയായിരുന്ന ഗോവിന്ദ വല്ലഭ് പന്തിന്റെ പേരിൽ ഒരു ആശുപത്രി ഉണ്ടാക്കുകയും ചെയ്തു .ജയിലിന്റെ  ഒരു വശത്തു നിന്നും നോക്കിയാൽ ആശുപത്രി നമുക്ക് കാണാൻ സാധിക്കും. ഇത്രയും ആളുകളുടെ ജീവൻ നഷ്ടപ്പെട്ട ഒരു സ്വാതന്ത്ര്യ പ്രതീകം എത്ര ലാഘവത്തടു കൂടിയാണ് പിന്നീട് ഉള്ള സർക്കാർ കണ്ടതെന്നതിനുള്ള ഒരു തെളിവു കൂടിയാണ് 7 Wing ഉണ്ടായിരുന്ന സെല്ലുലാർ ജയിൽ ഇന്ന് മൂന്നു Wing മാത്രമായി ആയി മാറിയത് .ഇന്നും അവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ,ഇടിഞ്ഞുപൊളിഞ്ഞു പോയ ഭാഗങ്ങൾ ശരിയാക്കിയെടുക്കുകയും ചെയ്യുന്നുണ്ട്.

            അവിടെനിന്നും പിന്നെ ഞങ്ങൾ പോയത് സോണൽ ആന്ത്രപ്പോളജി മ്യൂസിയം കാണുവാനാണ് തദ്ദേശീയരായിട്ടുള്ള ആദിവാസികളുടെ ആവാസവ്യവസ്ഥകൾ ,അവരുടെ ആയുധങ്ങൾ  ,ഭക്ഷണ പാത്രങ്ങൾ ,വീട് മുതലായവയും ,ജീവിതരീതിയും,  വീഡിയോകൾ ,വീടിന്റെ മോഡലുകൾ മുതലായവയിലൂടെ പരിചയപ്പെടുത്തുന്ന ഒരു മ്യൂസിയമാണ് ഇത് .ആൻഡമാനിലെ ആദിവാസി കാര്യം പറയുമ്പോൾ ഏറ്റവുമധികം ആളുകൾ കേട്ടിരിക്കാൻ സാധ്യതയുള്ളതാണ് നരഭോജികളായറിയപ്പെടുന്ന SentineIeseആദിമനിവാസികൾ .പോർട്ട് ബ്ലെയറിന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഒരു ദ്വീപാണ് നോർത്ത് സെൻറിനൽ .പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത 500  ആദിവാസികൾ ഇവിടെ  ഉണ്ട് എന്നാണ് കരുതപ്പെടുന്നത് .ആഫ്രിക്കക്കാരുമായി വളരെയധികം സാമ്യം പുലർത്തുന്ന ഒരു വംശജരാണ് ഇവർ.  ഇരുമ്പിനെ കണ്ടുപിടുത്തം ഇവർക്ക് ഇല്ലാത്തതിനാൽ  പൊളിഞ്ഞുപോയ കപ്പലുകളിൽ നിന്നും മാത്രമാണ് ഇവർക്ക് ഇരുമ്പ് ലഭിക്കുന്നത് .അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുള്ള എല്ലാവരെയും അവർ കൊന്നൊടുക്കുകയുണ്ടായി.ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ കുറെ പേരെ പിടിച്ചു കൊണ്ടു പോവുകയും എന്നാൽ അതിൽ പ്രായമായവർ പെട്ടെന്ന് മരിക്കുകയും ചെയ്തതിനാൽ മറ്റുള്ളവരെ തിരിച്ചു വിടുകയാണുണ്ടായിട്ടുള്ളത്. ഇന്ത്യ രാജ്യത്ത് നിയമമനുസരിച്ച് ഇവിടെ നിന്നും 10 കിലോമീറ്റർ അകലെ മാത്രമേ വിനോദസഞ്ചാരികളുടെയോ, മത്സ്യബന്ധനബോട്ടുകൾക്കോ  സഞ്ചരിക്കുവാൻ പാടുള്ളൂ .ഗവേഷണത്തിനായി പോലും അവിടെ പോകുന്നത് വളരെയധികം പരിമിതപ്പെടുത്തുകയാണ് ഇന്ത്യാ ഗവൺമെൻറ് .എങ്കിലും 2018ൽ  മിഷനറി പ്രവർത്തനത്തിനായി ഒരു അമേരിക്കൻ യുവാവ് അവിടെ ചെല്ലുകയുണ്ടായി, പിന്നീട് അദ്ദേഹത്തെ പറ്റി യാതൊരുവിധ അറിവും ഉണ്ടായില്ല. മത്സൃ ബന്ധനത്തൊഴിലാളികൾ പറയുന്നതിൻ പ്രകാരം അയാളുടെ  തലയില്ലാത്ത ശരീരവുമായി ആദിവാസികൾ ദ്വീപിൽ പലയിടത്തും കാണപ്പെട്ടു.2004 ലെ സുനാമി വരുന്നതിനുമുമ്പേ  ലക്ഷണങ്ങൾ അനുസരിച്ച് ഇവർ അകത്തേക്ക് വലിയുകയും, രക്ഷപ്പെടുകയും ചെയ്തു. മത്സൃ ബന്ധനസൗകര്യങ്ങൾ അവർക്ക് നഷ്ടമായെങ്കിലും ,പുതിയ അവസ്ഥയുമായി അവർക്ക് താദ്യാമ്യം പ്രാപിക്കുവാൻ സാധിക്കുകയും ചെയ്തു എന്നാണ് ഗവൺമെൻറ് വിലയിരുത്തുന്നത് .സുനാമിക്ക് മൂന്ന് ദിവസത്തിനുശേഷം ഹെലികോപ്റ്ററിൽ അവിടെ നിരീക്ഷണം നടത്താൻ പോയപ്പോൾ ഹെലികോപ്ടറിനെ അമ്പ് കൊണ്ട് ആക്രമിക്കുവാൻ ശ്രമിക്കുന്ന തദ്ദേശവാസികളെ അവർക്ക് കണ്ടെത്താൻ സാധിച്ചു.ചില കണക്കുകൾ പ്രകാരം അഞ്ഞൂറിൽ പരം ആളുകൾ എന്നത് തെറ്റാണെന്നും എണ്ണം വെറും 38 വരെ ആകാം എന്നാണ് നിഗമനം എന്ന് സൂചിപ്പിക്കുന്ന വീഡിയോയും കാണുവാൻ സാധിച്ചു .ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാണുന്ന മറ്റ് ആദിമ നിവാസികളായ Jarawa കളെ പറ്റിയും, onge കൾ, Jangil കളെപ്പറ്റിയും മറ്റും വിശദമായി അവരുടെ ആവാസവ്യവസ്ഥകളുടെ മാതൃക ,ഉപയോഗിക്കുന്ന അമ്പ് -വില്ല് ,ഭക്ഷണ പാത്രങ്ങൾ മുതലായവയും ഈ മ്യൂസിയത്തിൽ കാണാൻ സാധിക്കും .
            അവിടെ നിന്നും ഞങ്ങൾ പിന്നീട് പോയത് നേവിയുടെ കീഴിലുള്ള മറൈൻ മ്യൂസിയം  കാണുവാനായിട്ടായിരുന്നു. സമുദ്രത്തിലുള്ള ജലജീവികൾ ,പവിഴപ്പുറ്റുകൾ 
,സ്റ്റാർ ഫിഷ് ,ജെല്ലി ഫിഷ് പോലെയുള്ള ജീവികൾ എന്നിവയൊക്കെ അവിടെ കാണുവാൻ സാധിച്ചു .ഒരു ചെറിയ നീല തിമിംഗലത്തിന് അസ്ഥികൂടം ആണ് മ്യൂസിയത്തിന്റെ   മുമ്പിൽ തന്നെ സഞ്ചാരികളെ വരവേൽക്കുന്നത് . രണ്ടാനയുടെയെങ്കിലും നീളമുള്ള ഒരു ചെറിയ നീലത്തിമിംഗലത്തിന്റെ അസ്ഥികൂടം.
           പിന്നീട് ഞങ്ങൾ പോയത് corbyns Cove ബീച്ചിലേക്കായിരുന്നു. മിഷനറി പ്രവർത്തനങ്ങളുടെ പേരിൽ പോർട്ട് ബ്ലെയറിൽ  തൊഴിലാളികളെ അടിച്ചമർത്തുന്ന ഒരു മിഷനറി ആണ് Fr.corbynsഎന്നാണ് ഇന്ന് ചരിത്രം രേഖപ്പെടുത്തുന്നത്. ഇവിടെ സ്പീഡ് ബോട്ട് ,വാട്ടർ  സ്കൂട്ടർ തുടങ്ങിയ വിനോദങ്ങളിലേർപ്പെടാൻ സഞ്ചാരികൾക്ക് സാധ്യമാണ് .പിന്നീട് ഞങ്ങൾക്ക് പോയത് Joggers Park ൽ ആയിരുന്നു. ഈ പാർക്കിൽ നിന്ന് നോക്കിയാൽ പോർട്ട് ബ്ലെയർ സിറ്റി മുഴുവനും ആകാശ വീക്ഷണം നടത്താൻ സാധിക്കും. അവിടെ നിന്നും നോക്കിയാൽ വീർ സവർക്കറിന്റെ പേരിലുള്ള ഉള്ള എയർപോർട്ട് പൂർണ്ണമായും കാണുവാൻ സാധിക്കും .അവിടെ തുറന്ന ജിംനേഷ്യമുള്ളത് (Open air gmnasium )എന്നെ ആകർഷിച്ചു. അവിടെ വരുന്ന ആർക്കും ഇത്  ഉപയോഗിക്കാൻ സാധിക്കും. ഒരു ജിംനേഷ്യത്തിലുള്ള അടിസ്ഥാന ഉപകരണങ്ങളൊക്കെയും ഇവിടെയുണ്ട് . ഇതുപോലെ ഒരു സംവിധാനം എല്ലാ പഞ്ചായത്തിലും ഏർപ്പെടുത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമായിരിക്കും എന്നെനിക്ക് തോന്നി .ഇത്രയുമായപ്പോൾ ഞങ്ങളുടെ ഒരു ദിവസം തീർന്നു. പിറ്റേന്ന്  രാവിലെ 11ന് എയർപോർട്ടിലേക്ക് പോവുക മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിലും വൈകുന്നേരം cellular jail ലെ ലൈറ്റ് ഷോ കാണുവാനായി ഞങ്ങൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ ദുർഗാ പൂജയും മറ്റും ആയതിനാൽ ഒരു വണ്ടി പോലും ലഭിച്ചില്ല .നഗരത്തിൽ വൻ തിരക്കുകളായിരുക്കും ഓരോ അമ്പലത്തിൽ നിന്നും വന്നു പോയിരിക്കുന്നവർ സൃഷ്ടിക്കുന്നത് . ഈ തിരക്കിനിടയിൽ വണ്ടിയുമായി വരാൻ ഒരു ടാക്സിക്കാരനും , ഓട്ടോഡ്രൈവർമാരും തയ്യാർ ആയിരുന്നില്ല .വീണ്ടും ഞങ്ങൾ നിരാശരായി അത്  വേണ്ടെന്നുവച്ചു .
                  പിറ്റേന്ന് മറ്റ് എയർപോർട്ടുകളിൽ ഉള്ളതിന് ഉപരിയായി നമ്മളെ  ഒരു ഭാഗത്തേക്ക് കൊണ്ടു പോവുകയും ,അവിടെ ക്യാരി ബാഗ് ഉൾപ്പെടെയുള്ളവ പരിശോധിക്കുകയും ചെയ്യുന്നത് കണ്ടു. സമുദ്ര സംബന്ധിയായ ജീവികൾ ,ഉൽപന്നങ്ങൾ എന്തെങ്കിലും ഉണ്ടോയെന്നാണ് ഇവിടെ പരിശോധിക്കുന്നത് .ഏതായാലും ആൻഡമാൻ കണ്ട  സന്തോഷത്തോടെയും ,അതോടൊപ്പം പല സ്ഥലങ്ങളും കാണാൻ സാധിച്ചില്ല എന്നുള്ള നിരാശയോടും കൂടി ഞങ്ങൾ ആൻഡമാൻ ദ്വീപുകളുടെ വിടപറഞ്ഞു. ഇങ്ങോട്ടേക്ക് ഇനി വരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ സംശയമുണ്ട് .ലോകം  വിശാലമായി കിടക്കുന്നതിനാൽ ഇനിയൊരിക്കലും ഇങ്ങോട്ട് വരാൻ സാധ്യത ഉണ്ടാവുകയില്ല എന്ന് അറിയുന്നു ,പക്ഷേ പോവുകയാണെങ്കിൽ ഒരല്പം കൂടി പ്ലാൻ ചെയ്യുകയും അവിടുത്തെ കാഴ്ചകൾ കാണുന്നതിനുള്ള ദിവസങ്ങളെ പറ്റി കൂടുതൽ അറിവ് അറിഞ്ഞശേഷം പോവുകയും ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും എന്ന് ഞങ്ങൾക്ക് തോന്നി. ആൻഡമാനോട് അങ്ങനെ ഞങ്ങൾ വിടവാങ്ങി.

(.അവസാനിച്ചു )
 

.

Share :