Archives / 2020 january

രമാ  പിഷാരടി  ബാംഗ്ളൂർ
മുക്കുറ്റിപ്പൂവുകൾ /കവിത

മഞ്ഞുകാലമാണിന്നെൻ്റെയുള്ളിലെ

വർണ്ണമെല്ലാമുറഞ്ഞുപോയീടുന്നു

ആതിരാക്കുളിർപ്പൂക്കളുമായ് ധനു-

രാവുകൾ വന്ന് പോകുന്നുവെങ്കിലും

ഞാനിരിക്കുന്നു ഭീതിദസ്വപ്നങ്ങൾ

കൂടുകൂട്ടും പലാശവൃക്ഷങ്ങളിൽ

ഹോമപാത്രങ്ങളെല്ലാം പുകനീറി-

രാവു പോലെ കറുത്തുപോയീടുന്നു

വന്നു പോയ പ്രളയകാലങ്ങളിൽ

ഭിന്നസന്ധ്യകൾ മാഞ്ഞുപോയെങ്കിലും

ഒന്നൊഴിയാതെ വീണ്ടും കരിനീല

വന്യനാഗങ്ങൾ വീണ്ടുമെത്തീടുന്നു

സർപ്പരാശികൾ മുന്നിൽ ഫണങ്ങളിൽ

നിത്യരോഷവിഷം ചീറ്റിനിൽക്കുന്നു

വർത്തമാനകാലത്തിൻ ചുമരിലെ

ചിതകമ്പളം നോവാൽ കുതിരുന്നു

അശ്വമേധത്തിനായിയൊരുങ്ങുന്ന

വിശ്വഭൂപടം കാറ്റിൽ പറക്കുന്നു

മഞ്ഞുതൂവികൊഴിയുമിലകളിൽ

നിർണ്ണയങ്ങൾ നിശ്ശബദ്മായീടുന്നു

വന്നു പോയ മഴകളിൽ വിഹ്വലം

ജന്മരാശികളെങ്കിലും ഇന്നിതാ

വിണ്ണിലേക്കൊരു വെൺപ്രാവുമായ്

ഭൂമി കണ്ണിണയിൽ കടലുപ്പുറ്റവെ

കാലമാകെ കടുന്തുടിയ്ക്കുള്ളിലെ

പ്രാണസ്പന്ദങ്ങൾ തേടിയോടീവെ

പിന്നെയും പുതുവൽസരം ഗ്രാമമേ

കുഞ്ഞുമുക്കുറ്റിപ്പൂക്കൾ വിരിയുന്നു

അഗ്നിവർണ്ണം ചിമിഴിൽ തുടിക്കുന്ന

കുഞ്ഞുപൂവിതൾ, പ്രത്യാശയാകവെ

കൃഷണപക്ഷം കെടുത്തും നിലാവിനെ

മൃത്യുവിൽ നിന്ന് മെല്ലെയെയുർത്തിടാം

കൺകളിൽ കുഞ്ഞുമുക്കൂറ്റിപ്പൂവുകൾ

പിന്നെയും സൂര്യദീപം തെളിക്കവെ

കൈയിലേറ്റാം പ്രപഞ്ചസത്യത്തിൻ്റെ

മൺവിളക്കിനെ ഭൂമിയെ സ്നേഹത്തെ..

..

Share :