Archives / December 2019

കെ. എന്‍. സുരേഷ്‌കുമാര്‍
കവിതയില്‍, കാലത്തിന്റെ നിലവിളി

 കവിത കാലത്തിന്റെ കണ്ണാടിയാണ്; ബഹുനിലക്കണ്ണാടി. ആ കണ്ണാടിയ്ക്കു മുന്നില്‍ നിന്നാല്‍ കാലത്തിന്റേയും ലോകത്തിന്റേയും മുഴുക്കോലം കാണാം. ഋതുഭേദങ്ങള്‍ പോലെ കാലഭേദങ്ങളും ദര്‍ശിക്കാം. കാലത്തിന്റെ കണ്ണാടിക്കോലം കവിതയില്‍ കണ്ട്  ലോകത്തെപ്പറ്റിയറിഞ്ഞ് അനുവാചകന് കൗതുകപ്പെടുകയും ഉത്ക്കണ്ഠപ്പെടുകയും പ്രത്യാശിക്കുകയുമൊക്കെ ചെയ്യാം.
 ഒരു ഫോട്ടോഗ്രാഫിലെ ദൃശ്യം പോലെയല്ല കവിതയിലെ ലോക ദൃശ്യങ്ങള്‍. ഫോട്ടോ ഒരു സ്ഥലത്തെ അതുപോലെ എടുത്തു കാണിക്കുന്നു; ഫോട്ടോസ്റ്റാറ്റ് പോലെ. എന്താണോ യഥാര്‍ത്ഥ വസ്തുവിലുള്ളത്, അതിന്റെ കോപ്പി. എന്നാല്‍, കവിതയിലെ കാഴ്ചകള്‍ വെറും കാഴ്ചകളല്ല. പ്രത്യക്ഷ കാഴ്ചകളുടെ മുന്‍, പിന്‍ വഴികളിലൂടേയും വശങ്ങളിലൂടേയും ഊടുവഴികളിലൂടേയും അത് നമ്മെ മറുകാഴ്ചകളിലേക്ക് കൊണ്ടുപോകുന്നു. മറുകാഴ്ചകള്‍ ചില വശക്കാഴ്ചകളിലേക്കും നയിക്കും. അങ്ങനെ വലിയൊരു വിസ്മയക്കൊട്ടകയില്‍ ചെന്ന പോലെ, കണ്ടും കൗതുകപ്പെട്ടും സമൂഹത്തിന്റെ നിഗൂഢതകളിലേക്ക് ഒരു സഞ്ചാരം നടത്താന്‍ കവിതവഴി കഴിയുന്നു. ആ യാത്രയില്‍ കൈയിലുള്ള വെളിച്ചം കവിതയാണ്; വാക്കാണ്.
 കവിത കാലത്തിന്റേയും ലോകത്തിന്റേയും ഭൂതക്കണ്ണാടി പോലേയും പ്രവര്‍ത്തിക്കുന്നുണ്ട്. അതുവഴി നോക്കിയാല്‍ ചെറുതിനെ വലുതായി കാണാം;  ചെറുതിന്റെ വിശേഷതകള്‍ പഠിയ്ക്കാം. നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതു പലതുമുണ്ടല്ലൊ സമൂഹത്തില്‍. അവയെ കാട്ടിത്തരികയാണ് കവിതയാകുന്ന ഭൂതക്കണ്ണാടി ചെയ്യുന്നത്. അത് മാറ്റിനോക്കിയാലോ കാഴ്ചകള്‍ ചെറുതാകുന്നു; ചിലപ്പോള്‍ ഒന്നും കാണാന്‍ കഴിയാത്ത വിധം. ഒന്നും ദൃശ്യമാകുന്നില്ലെന്നു കരുതി ഒന്നും ഇല്ലെന്ന് അര്‍ത്ഥമില്ല. ഉള്ളതു കാണാന്‍ കഴിയുന്നില്ല എന്നാണ് അതിന്റെ അര്‍ത്ഥം. കാണുന്നില്ലെങ്കില്‍ വേണ്ടെന്നു കരുതി മുന്നോട്ടുപോകുന്നത് ശരിയുമല്ല. കുടിവെള്ളത്തില്‍ രോഗാണുക്കളെ നാം കാണുന്നില്ലെന്നു കരുതി അവയെ ഗൗനിക്കാതിരിക്കാന്‍ കഴിയില്ലല്ലൊ. അപ്പോള്‍ ഉള്ളതിനെ കണ്ടുപിടിക്കേണ്ട, അറിയേണ്ട ആവശ്യകത ഉടലെടുക്കുന്നു. ഇതിനുള്ള ജൈവ ഉപകരണമായി പ്രവര്‍ത്തിക്കുകയാണ് കവിത ചെയ്യുന്നത്.
 കാലവും ലോകവും കവിതയില്‍ ദൃശ്യമാകുന്നത് ഒരു അരിപ്പയിലൂടെ കടന്നു ചെന്നാണ്. കവിത തന്നെ ശുദ്ധാശുദ്ധങ്ങളെ വേര്‍തിരിക്കുന്ന അരിപ്പയാണ്. വിശുദ്ധവും വിശ്വസനീയവുമായ പാനീയം അരിപ്പ വഴിയാണ് ലഭിക്കേണ്ടത്. ഈ പോഷകജലം കുടിച്ചുവേണം നമുക്ക് ജീവിക്കാന്‍. ഇല്ലെങ്കില്‍ വിഷവെള്ളം കൊണ്ട് ദാഹം മാറ്റേണ്ടിവരും; ആയുസ്‌സു കുറയുകയോ മരിക്കുകയോ ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ കവിത ജീവൗഷധം തന്നെയാണ്.
 കാവ്യരചനയ്ക്ക് പ്രചോദനമാകുന്ന സ്പാര്‍ക്ക് അഥവാ 'മിന്നല്‍’ കവിയുടെ മനസ്‌സില്‍ ഒരു ജൈവപ്രവര്‍ത്തനത്തിന് വിധേയമാകുന്നു. രക്തവും മജ്ജയും മാംസവും തലച്ചോറും ഹൃദയവും കണ്ണീരും കിനാവുകളും വികാരവും വിചാരവുമൊക്കെ കൂടിക്കലര്‍ന്നുള്ള സവിശേഷമായ ഒരു രാസപ്രവര്‍ത്തനം. അപ്പോള്‍ കവിബോധം ഒരു തുലാസായി പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ടതിനേയും അറിഞ്ഞതിനേയും അനുഭവിച്ചതിനേയും അതേപടി എഴുതുകയല്ല കവി ചെയ്യുന്നത്. ഒരു തട്ടില്‍ മൂല്യത്തിന്റെ തങ്കക്കട്ടികളും മറുതട്ടില്‍ അനുഭവത്തിന്റെ ഉരുക്കുകട്ടകളും വെയ്ക്കുന്നു. ഏതിനെ വാഴ്ത്തണം, ഏതിനെ താഴ്ത്തണമെന്നു തീരുമാനിക്കുന്നത് കവിയുടെ മൂല്യബോധത്തിന്റെ സൂചികയാണ്. ഈ ബോധത്തിന്റെ അടിസ്ഥാനം സമൂഹത്തിന്റെ മൂല്യസത്തയാണ്. അതിന്‍മേല്‍ കവി കെട്ടിപ്പടുക്കുന്ന സൗധത്തിന് അദ്ദേഹത്തിന്റെ സ്പര്‍ശമുണ്ടാവും. ചിലപ്പോളത് കവിയുടെ താജ്മഹലാവും. കവിയുടെ കരുത്തും കലാവിരുതുമാണ് കൊട്ടാരനിര്‍മ്മിതിയെ അനശ്വരമാക്കുന്നത്. വാക്കും ഭാവനയും ദര്‍ശനവും അനുഭവച്ചൂളയുമൊക്കെ ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. കറുപ്പിന്റെ ഉലയില്‍ കനയ്ക്കുമ്പോഴാണ് കവിതപ്പൊന്ന് സ്വര്‍ണ്ണനൂലാവുന്നത്.
 മുകളില്‍പ്പറഞ്ഞ, ജൈവികമായ രാസപ്രവര്‍ത്തനം നടക്കുമ്പോള്‍, വേണ്ടത് വലയിലാവുകയും അല്ലാത്തത് വെളിയിലാവുകയും ചെയ്യുന്നു. കവിയുടെ നിരൂപണബോധവും ധര്‍മ്മബോധവും അവിടെ തള്ളാനും കൊള്ളാനുമുള്ള അളവുകോലും അധികാരവടിയുമാകുന്നു. അങ്ങനെയാണ് 'അരിയ്ക്കല്‍ പ്രക്രിയ’ നടക്കുന്നത്. കവിയും കവിതയും ഇവിടെ ഒരേ സമയം അരിപ്പയും തുലാസുമായി പ്രവര്‍ത്തിക്കുന്നു. വര്‍ത്തമാനത്തിന്റെ ദേവ, അസുര സ്പര്‍ശങ്ങളാണ് കവിതയുടെ മണ്ണ്. കാലവും ലോകവും ആസുരമെങ്കില്‍ കവിതയും ആസുരമാവും. കാരണം  അവയില്‍ നിന്ന് വേറിട്ട് കവിതയ്ക്ക് നിലനില്‍പ്പില്ല. അസുരകവിതകളുടെ ലക്ഷ്യം പക്ഷേ, ആസുരതയുടെ കാലു തിരുമ്മലല്ല, മറിച്ച് മറുകാല്‍ കണ്ടെത്തലാണ്.
 എങ്ങനെ ആസുരതയെ തള്ളി ഇഷ്ടലോകം പടുക്കാമെന്നാണ് വാക്കാളികളും ചിലപ്പോള്‍ വഴക്കാളികളുമായ കവികള്‍ ചിന്തിയ്ക്കുന്നത്. അതിനുള്ള അവരുടെ വഴി വാക്കും താളവുമാണെന്നു മാത്രം. ചിലപ്പോള്‍ ശുഷ്‌കമായ താളം പോലുമില്ലാതെ വരണ്ട മണ്ണില്‍ നിന്ന് അവര്‍ വിണ്ടുപാടാറുണ്ട്. നല്ല കാലത്തിനും ലോകത്തിനും വേണ്ടി തൊണ്ട കീറിയുള്ള കവികളുടെ നിലവിളികള്‍ പക്ഷേ, വെറും മാറ്റൊലികളായി മാറുന്നുണ്ടോ? മണ്ണിനും മനുഷ്യനും വേണ്ടിയുള്ള അവന്റെ രോദനം അടഞ്ഞ തൊണ്ടയില്‍ നിന്നും പുറത്തു വരാതാവുന്നുണ്ടോ? അതുകൊണ്ടാണോ കവികളുടെ ചുവന്ന വിളികള്‍ക്കൊന്നും പച്ചക്കൊടി കിട്ടാത്തത്? മണ്ണിനും മനുഷ്യനും കാടിനും കാട്ടാറിനും വിണ്ണിനും വായുവിനും വേണ്ടിയുള്ള നിലവിളികളില്‍ വര്‍ത്തമാനകാലത്തേയും ലോകത്തേയും നിരത്തിവായിക്കാം.
 ജ്ഞാനപീഠ ജേതാവായ ഒ. എന്‍. വി. കുറുപ്പിന്റെ പ്രശസ്തമായ 'ഭൂമിക്ക് ഒരു ചരമഗീതം’ എന്ന കവിതയില്‍ ഭൂമിയുടെ ആസന്ന മരണത്തെക്കുറിച്ച് ആകുലതയോടെ വിവരിക്കുന്നുണ്ട്. ഇത് എത്ര സത്യമാണെന്ന് പറയേണ്ടതില്ല. ഭൂമി ഇപ്പോള്‍ മരണക്കിടക്കയിലാണല്ലൊ. അതുകൊണ്ടുതന്നെയല്ലേ ചൊവ്വാ പര്യവേക്ഷണങ്ങള്‍ക്ക് ഇത്ര വേഗതയേറുന്നത്? കാടും കുന്നും ആറുകളുമെല്ലാം ഒഴിയുമ്പോള്‍ ഭൂമി വെറുമൊരു മരുപ്പറമ്പായി മാറാം. അങ്ങനെ വന്നാല്‍ ജീവന് നിലനില്‍പ്പുണ്ടാവില്ല. അപ്പോള്‍ മാറിത്താമസിക്കാന്‍ ഒരിടം വേണ്ടേ. ആ മോഹം കൂടിയാണ് ചൊവ്വാ പര്യവേക്ഷണങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. മണ്ണിന്റെ മക്കളായ മനുഷ്യര്‍ തന്നെ അതിന്റെ അന്തകരായി മാറുന്ന പുതുകാലത്തിന്റെ മക്കള്‍ചരിതം ഭൂമിക്കൊരു ചരമഗീതത്തില്‍ കവി ചൊല്ലിക്കാട്ടുമ്പോള്‍ ആ കവിത പുതുകാലത്തിന്റെയും പുതുലോക പൈശാചികതയുടേയും ബഹുനിലക്കണ്ണാടിയാകുന്നു. ഒ. എന്‍. വി. എഴുതുന്നത് ഇങ്ങനെയാണ്;

'അറിയാതെ ജനനിയെ പരിണയിച്ചൊരു
യവന തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു 
വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു
വിപണിയലവ വിറ്റുമോന്തുന്നു
വിടനഖര മഴുമുനകള്‍ കേളി തുടരുന്നു
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍
നിന്നഗ്‌നി വര്‍ഷിച്ചു രോഷമുണരുന്നു
സര്‍ഗ്ഗലയതാളങ്ങള്‍ തെറ്റുന്നു
ജീവരഥ ചക്രങ്ങള്‍ ചാലിലുറയുന്നു’

 ഗ്രീക്ക് പുരാണ കഥാപാത്രമായ ഈഡിപ്പസ് അമ്മയെ വിവാഹം കഴിച്ച് കാമപൂര്‍ത്തിക്ക് ഉപയോഗിച്ചത് പഴയങ്കഥയാണ്. എന്നാല്‍ ഭൂമിയുടെ മക്കളായ മനുഷ്യര്‍ അവളെ വസ്ത്രാക്ഷേപം നടത്തി നഗ്‌നയാക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ കഥ പുതിയതാണ്. കാടിനേയും കാട്ടാറിനേയും മണ്ണിനേയും മണലിനേയും  വിറ്റുതിന്നുന്നു. ഭൂമിയുടെ പച്ചപ്പുതപ്പായ കാടുവെട്ടിവെളുപ്പിക്കല്‍ ഇപ്പോള്‍ വാര്‍ത്തയേ അല്ല. കലികാലത്ത് തോടും പുഴയും കടലും വരെ  മാഫിയപ്പാടങ്ങളാണ്.   എല്ലാ0 വിറ്റുതിന്ന്‌കൊഴുത്ത ഭൂമിയുടെ മക്കള്‍ 'കളി’ തുടരുകയാണ്. ഇതൊരു അവസാന കളിയാണെന്ന് അവര്‍ അറിയുന്നുണ്ടോ?  അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിയ്ക്കുകയാണോ? 
  :ഭൂമിക്കൊരു ചരമഗീതത്തില്‍ പറയുന്ന അവസ്ഥക്ക് ഒരു വ്യത്യാസവും ഇപ്പോള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇപ്പോഴും ഈ കവിത ഭൂമിയ്ക്കും അതു നേരിടുന്ന കഷ്ടകാലത്തിനും മനുഷ്യന്റെ ദുരയ്ക്കും നേരെ പിടിച്ച കണ്ണാടിയാണ്. ഇവിടെ ഭൂമിയുടേയും മനുഷ്യന്റേയും മുഴുക്കോലം കവി വരച്ചിടുന്നു. താപമേറിയ സൂര്യന്‍ 'കത്തുന്ന’ കാര്യം നമുക്കറിയാം. കാടു വെട്ടിമാറ്റുന്നതു മൂലം അന്തരീക്ഷത്തിനും ഓസോണ്‍ പാളിയ്ക്കും ഉണ്ടാകുന്ന ബലക്ഷയവും മനുഷ്യരാശിക്ക് ഭീഷണിയാണ്. ഓസോണ്‍ പാളി ഓട്ടപ്പെട്ടാല്‍ സൂര്യനില്‍ നിന്നുള്ള അപകടരശ്മികള്‍ മനുഷ്യനെ കരിയ്ക്കാന്‍ തുടങ്ങും. സൂര്യതാപം മൂലം മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുന്ന വാര്‍ത്തകളും നാമിപ്പോള്‍ വായിക്കാറുണ്ടല്ലൊ. ഋതുഭേദങ്ങളും പഴയതുപോലെയല്ല വന്നുപോകുന്നത്. കാലം മാറിയെന്നും മാറുന്നുവെന്നും ഇപ്പോള്‍ പഴമക്കാര്‍ മാത്രമല്ല, മനസ്‌സിലാക്കുന്നത്. സൃഷ്ടി, സ്ഥിതികളുടെ ലയതാളങ്ങള്‍ തെറ്റുകയാണ്. ഇങ്ങനെ, എങ്ങനെ തുടരാനാവുമെന്ന ചോദ്യം ശക്തമായി ഉന്നയിക്കുന്ന ഈ കവിത ഭൂമിയുടെ സൂക്ഷ്മ ദര്‍ശിനിയാണ്. മണ്ണിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള നിലവിളി ഈ കവിതയില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നു.
 വളരെ ലളിതമായ ചില പറച്ചിലുകള്‍  കാലത്തിന്റെ ഭൂഗര്‍ഭത്തിലേക്ക് ആഴ്ന്നുപോകുന്ന ചാട്ടുളികളായി മാറുന്ന കാഴ്ചകള്‍ നമുക്ക് കവിതകളില്‍ കാണാനാവുന്നു. പഴുക്കുന്ന തട്ടകത്തില്‍ നിന്നുകൊണ്ട് രണ്ടു കൈയും വിട്ട് നിലവിളിക്കുന്ന കവികളെ അത്തരം കവിതകളില്‍ കാണാം. ചാപിള്ളയെ മടിയില്‍ വെച്ചു നിലവിളിയ്ക്കുന്ന ഒരമ്മയുടെ ചങ്കുപൊട്ടലാണത്. ആളൊഴിയുമ്പോള്‍ നിശ്ശബ്ദമാകുന്ന വേദിക പോലെ, ചിലരും ചില അവസ്ഥകളും ഒറ്റപ്പെട്ടുപോകുന്നു. അത് പെണ്ണാവാം, ആണാവാം, എന്തുമാവാം. കുഴൂര്‍ വിത്‌സന്റെ  'അവള്‍ വെജിറ്റേറിയനും ഭക്തയുമായത്’ എന്ന കവിത അത്തരത്തില്‍ ഒന്നാണ്. 

                  

കാക്കയ്ക്കും പൂച്ചയ്ക്കും
ചെതുമ്പലുകളും ചെകിളയും
തല കൊച്ചുമോള്‍ക്ക്
വാല്‍ മിടുക്കനായ മോന്
നടുക്കഷ്ണങ്ങള്‍ അച്ഛനും
കൂട്ടുകാരനും
വീതം വെച്ചു കഴിഞ്ഞപ്പോള്‍
അവള്‍ വെജിറ്റേറിയനായി

ഉളുമ്പുനാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി

ഭക്ത

നീ കഴിക്കാത്തതെന്തേ 
എന്ന ചോദ്യത്തിന് 
നോയമ്പെടുത്തു

അമ്മയ്ക്ക് വേണോ എന്ന
നിഷ്‌ക്കളങ്കതയ്ക്കു മുന്നില്‍
ഉപവാസം

പലനേരവും ഒരുനേരം നോറ്റ് 
അങ്ങനെ അറിയപ്പെടുന്ന
ഭക്തയുമായി

 ഭര്‍ത്താവും മക്കളും ബന്ധുക്കളും നാട്ടുകാരുമൊന്നുമറിയാതെ, പകലിനേയും രാത്രിയേയും കൂട്ടിമുട്ടിക്കാന്‍ തത്രപ്പെടുെേമ്പള്‍, സ്വയം പട്ടിണികിടന്ന് ചിരിക്കുന്ന പെണ്ണുങ്ങള്‍ ചരിത്രത്തിന്റെ വിയര്‍പ്പാണ്. എല്ലാവര്‍ക്കും വിളമ്പിക്കഴിയുമ്പോള്‍ വെച്ചൊരുക്കാന്‍ വിയര്‍പ്പൊഴുക്കിയോള്‍ ഒരു വറ്റുപോലും കിട്ടാതെ ബഹിഷ്‌കൃതയാകുന്നു. വയറ്റിലെ തീയിന് നല്‍കാന്‍ അവള്‍ക്ക് പച്ചവെളളം മാത്രമേ കിട്ടുന്നുള്ളൂ. വന്നവരെല്ലാം ഉണ്ട്, ഏമ്പക്കം വിട്ടു പിരിയുമ്പോള്‍ വീട്ടിനു പിന്നിലെ കിണറ്റില്‍ നിന്ന് അവള്‍ പച്ചവെള്ളം കോരിക്കുടിച്ച് ഒന്നു മുഖം കഴുകി, മുണ്ട് മുറുക്കിയുടുക്കുന്നുണ്ടാവും. ചരിത്രത്തിന്റെ ഏതു ഘട്ടത്തിലും പെണ്ണുങ്ങള്‍ ഇങ്ങനയൊരു പങ്ക് വഹിച്ചിരുന്നു. നിങ്ങളെ ഊട്ടാനായി ഞാന്‍ പട്ടിണി കിടക്കുകയാണെന്ന് അവള്‍ ആരോടും വിളിച്ചു പറയുന്നില്ല. അല്ലെങ്കിലത്, പറയുമ്പോള്‍ മാത്രം അറിയേണ്ട ഒന്നല്ലല്ലൊ. അറിഞ്ഞിട്ടും ആരോക്കെയോ ഇവിടെ കണ്ണടയ്ക്കുന്നത് നാം കാണുന്നു. അവള്‍ക്ക് അത്രയൊക്കെ മതി എന്നും പലരും കരുതുന്നു.
  അനുഭവങ്ങള്‍ സ്ഥിരപ്പെടുമ്പോള്‍ മനുഷ്യന്റെ രൂപം മാറും. ദോഷമായി ഭവിച്ച ഒന്നിനെ ഭൂഷണമായി കരുതാന്‍ അതിജീവനത്തിന്റെ മന:ശാസ്ത്രം അവനെ പഠിപ്പിയ്ക്കും. കാക്കയ്ക്കും പൂച്ചയ്ക്കും വരെ കൊടുത്തുകഴിഞ്ഞപ്പോള്‍ അവള്‍ക്കൊന്നുമുണ്ടാവില്ല. ഇത് സ്ഥിരാനുഭവമാകുമ്പോള്‍ കഴിക്കാന്‍ കിട്ടാത്ത അവസ്ഥയോട് പൊരുത്തപ്പെട്ട് 'വെജിറ്റേറിയന്‍’ അല്ലാതിരുന്നിട്ടും അവള്‍ വെജിറ്റേറിയനാവുന്നു. ഇറച്ചിയും മീനും കഴിക്കാന്‍ കിട്ടാത്ത അവസ്ഥയോട് 'ഞാന്‍ വെജിറ്റേറിയനാണ്’ എന്നു പറഞ്ഞ്  അവള്‍ക്ക് മധുരമായി എന്നാല്‍ ശക്തമായി പ്രതികരിക്കാന്‍ കഴിയും. ജടരാഗ്‌നി പോലുള്ള, പെണ്ണിന്റെ പ്രതിഷേധാഗ്‌നിയെയാണ് ഈ കവിതയില്‍ കാണേണ്ടത്. എന്തു കണ്ടിട്ടും പഠിക്കാത്തവരോട്, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നവരോട് പൊട്ടിത്തെറിച്ചിട്ടെന്തു കാര്യമെന്ന ആക്ഷേപവും പരിഹാസവും കൂടി ഇത്തരം പ്രതിഷേധത്തില്‍ ലീനമാണ്. പേപ്പട്ടിയെ കല്ലെറിഞ്ഞിട്ടെന്തു കാര്യം എന്ന ചിന്ത പോലെ.
 വീട്ടുകാര്‍ക്ക് കഴിക്കാനായി മീന്‍ നന്നാക്കുന്നത് അവളാണ്. അവരെ ഊട്ടാന്‍ അവള്‍ പട്ടിണി കിടക്കുകയും ചെയ്യുന്നു. എന്നാല്‍ അവളൊന്നു നാറിയാലോ? വീടൊന്നു നാറിയാലോ? അതിനു കേള്‍ക്കേണ്ടിവരും പുളിച്ച തെറി. അതു പേടിച്ച് തെങ്ങിന്‍ചുവട്ടിലെ സിമെന്റുതൊട്ടിയില്‍ നിന്ന് വെള്ളം കപ്പില്‍ കോരി നാറ്റം പോകാന്‍ വീണ്ടും വീണ്ടും കൈ കഴുകുന്ന ഒരു പെണ്ണ് ഇതാ നമ്മുടെ മുന്‍പില്‍ കുനിഞ്ഞു നില്‍ക്കുന്നു. എത്ര കഴുകിയാലും പോകാത്തത് വീടിനും നാടിനും അവളോടുള്ള അളിഞ്ഞ സമീപനമാണ്. മീനിന്റെ മണമില്ലാതെ ആര്‍ക്കും ഉണ്ണാനാവില്ല. ഉണ്ടു കഴിഞ്ഞാല്‍ പിന്നെ മീന്‍മണം അശുദ്ധമാവുകയായി. ഉപകാരിയ്ക്ക് അതോടെ ഭ്രഷ്ട് കല്‍പ്പിക്കുകയായി. അനാദികാലം മുതലുള്ള മനുഷ്യന്റെ 'തെണ്ടിത്തര’വും നന്ദികേടും ഈ കവിതയില്‍ കാണുന്നു. അത് ഈ കാലത്തിന്റെ ചിത്രം തന്നെയല്ലാതെ മറ്റെന്താണ്? ഈ ലോകത്തിന്റെ ഭൂപടമല്ലാതെ വെറെന്താണ്?
 നോയമ്പാണെന്നു പറഞ്ഞ് പട്ടിണിയെ അവള്‍ മറ്റുള്ളവരില്‍ നിന്നു മറയ്ക്കുന്നു. കഴിച്ചു കൊതിതീരാത്ത കുട്ടികളുടെ നിഷ്‌ക്കളങ്കമായ ആശയ്ക്കു മുന്നില്‍ അവള്‍ ഉപവാസിയാവുന്നു. അങ്ങനെ നോയമ്പും ഉപവാസവും ആവര്‍ത്തിച്ച് പട്ടിണിക്കോലമാവുന്ന അവള്‍ കറകളഞ്ഞ ഭക്തയായി മാറുന്നു. കാലം അടിച്ചേല്‍പ്പിക്കുന്ന ഒരു അവസ്ഥയില്‍ നിന്ന് രക്ഷയില്ലെന്നു കാണുമ്പോള്‍ പൊരുത്തപ്പെട്ട് അതിനെ സുഭാഷണമോ ഭൂഷണമോ ആക്കുകയേ നിര്‍വാഹമുള്ളൂ. ഒരു ഭ്രാന്തന്‍ തന്റെ ചങ്ങലക്കെട്ടുകളെ സ്വര്‍ണ്ണാഭരണമെന്ന് വിശേഷിപ്പിച്ച് സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന മന:ശാസ്ത്രമാണത്. ഭ്രാന്തന് അത് ഇരുമ്പു ചങ്ങലയാണെന്ന് അറിയാം. ആ അറിവുകൊണ്ട് പ്രയോജനമില്ലെന്ന തിരിച്ചറിവ് ചിലപ്പോള്‍ അവനെ മരണതുല്യനാക്കാം. ആ അവസ്ഥയിലേക്ക് കടന്നുചെല്ലാനുള്ള വിസമ്മതം മൂലം അവന് ചെയ്യാവുന്ന ഏക കാര്യം ഇരുമ്പുചങ്ങല സ്വര്‍ണ്ണച്ചങ്ങലയോ സ്വര്‍ണ്ണാഭരണമോ ആണെന്ന് നടിക്കുകയാണ്. അത് മനുഷ്യന്റെ ജന്‍മസിദ്ധമായ, എന്നാല്‍ മന:ശാസ്ത്രപരമായ ഒരു രക്ഷാമാര്‍ഗ്ഗമാണ്.

ചിത്രരചനാ മത്‌സരം തുടങ്ങി
വിഷയം പ്രകൃതിഭംഗി
വരയ്ക്കാന്‍ പെന്‍സിലെടുത്ത കുട്ടി
വളരെ നന്നായി ആലോചിച്ചു
എന്തു വരയ്ക്കണം?
കുന്നുകള്‍, മരങ്ങള്‍, പുഴ
പലതും മനസ്‌സിലേക്കോടിയെത്തി
കടലാസിലേക്ക് വര പകരും മുന്‍പേ
വേഗത്തിലോടിവന്ന ജെ. സി. ബി
എല്ലാം ഇളക്കിമറിച്ചുകളഞ്ഞു- എന്ന് പി. ശ്രീജ 'കൈയൊപ്പ്’ എന്ന സമാഹാരത്തില്‍ എഴുതുന്നു. കാലത്തിന്റെ ആസുരത കുരുന്നുകളുടെ ഭാവനയെ പോലും തകര്‍ക്കുന്നുവെന്ന് ശക്തമായി ലളിതമായ ശൈലിയില്‍ ശ്രീജ പറയുന്നു. സര്‍ഗ്ഗാത്മകമായ ചിന്തകള്‍ക്കും ഭാവനകള്‍ക്കും നേരെ എവിടെ നിന്നോ ഒരു അപകടവണ്ടി കുലുങ്ങിവരുന്നുണ്ട് എന്ന സൈറണ്‍ ഈ കവിതയില്‍ മുഴങ്ങുന്നു.


  കാലത്തിന്റെ കാടത്തം കവിതയില്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ലക്ഷ്യവും അതിനു പിന്നിലുള്ള ആശയും ആ കാടത്തം മിനിമം നാടത്തമെങ്കിലുമായി മാറണണമെന്നതാണ്.  ആ മോഹം കവിതയില്‍ വാക്കുകളായി പ്രകടിപ്പിച്ചുകൊള്ളണമെന്നില്ല. പക്ഷേ, ലക്ഷ്യം അതായിരിക്കും. തെറ്റു കാണിക്കുന്ന മക്കള്‍ക്ക് തല്ലു കൊടുക്കുന്ന മാതാപിതാക്കളുടെ സ്ഥാനത്താണ് ഇവിടെ കവി. മാതാപിതാക്കളുടെ തല്ലിന്റെ ലക്ഷ്യം മക്കള്‍ നന്നാവണമെന്നായിരിക്കുമല്ലൊ. സാധാരണ ഗതിയില്‍ അങ്ങനെയാണ്. കാടത്തങ്ങള്‍ എടുത്തുകാട്ടുന്ന കവികളുടെ ലക്ഷ്യവും അതുതന്നെ. ഭൂമി മരിക്കുന്നു എന്നു കവി പറയുമ്പോള്‍ ഭൂമിയെ കൊല്ലരുത് എന്നാണ് വിവക്ഷ. അതുകൊണ്ട് സാരോപദേശവാക്കുകളൊന്നും പ്രത്യക്ഷത്തിലില്ലെങ്കില്‍ പോലും ഒരു നല്ല ലോകത്തിനു വേണ്ടി വാദിക്കുകയാകുന്നു, കവി. ദൃശ്യമാകുന്ന കാലത്തേയും ലോകത്തേയും കവിതയില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അതിനേക്കാള്‍ ഏറെ മെച്ചമായ കാലവും ലോകവുമായിരിക്കും എല്ലാ മനുഷ്യന്റേയുമെന്ന പോലെ കവിയുടേയും  സ്വപ്നം. കവിതകളും കവികളും വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇത്തരം നല്ല സന്ദേശങ്ങള്‍ സഹൃദയരുടെ പെരുപ്പം വഴി സമൂഹത്തില്‍ പരക്കുകയും അതൊരു സംസ്‌കാരമായി രൂപപ്പെടുകയും വേണം. അതിന് കാലത്തോട് പ്രത്യക്ഷത്തില്‍ത്തന്നെ പ്രതികരിക്കുന്ന കവിതകള്‍ ഉതകുന്നു

Share :