Archives / 2020 january

ധനിഷ്‌ ആന്റണി
ആൻഡമാനിലെ അത്ഭുതങ്ങളിലേക്ക് ഒരു യാത്ര ഭാഗം3:

           ആൻഡമാനിലെ ഹാവ്ലോക്ക് ദ്വീപിൽ ഞങ്ങളുടെ  യാത്ര തുടരുകയാണ് .ദ്വീപിലെ നടുഭാഗത്ത് കൂടെ കടന്നു പോകുന്ന റോഡ് ഏകദേശം  മധ്യഭാഗത്തായി രണ്ടായി പിരിയുന്ന വഴിയിൽ ഞങ്ങൾ എത്തുകയും  kala pathar beach ബീച്ചിലേക്ക് പോവുകയും ചെയ്തു .കറുത്ത നിറത്തിലുള്ള കല്ലുകൾ നിറഞ്ഞ പാറക്കൂട്ടങ്ങൾ കടൽത്തീരത്ത് ഉള്ളതിനാലാണ്  kala Pathar (കരിങ്കല്ല്  ബീച്ച് )എന്ന പേര് വന്നത് . അവിടെ കടൽത്തീരത്ത് വിവിധ ആകാരത്തിലും ,വലിപ്പത്തിലുമുള്ള  പവിഴപ്പുറ്റുകൾ കടൽ തീരത്ത് തന്നെ അടഞ്ഞു കിടക്കുന്നത് കാണാമായിരുന്നു .ഞങ്ങൾ അവ പെറുക്കിയെടുക്കുകയും, അതിൽ  മനോഹരമായവ തിരിച്ചുകൊണ്ടുവരുവാനായി പ്രത്യേകം ശേഖരിക്കുകയും ചെയ്തു.   കരിക്കിൻ വെള്ളം കുടിക്കുവാനായി കടൽതീരത്തിന്റെ സമീപപ്രദേശത്തുള്ള കടയിൽ കയറിയപ്പോൾ  അവിടുത്തെ ഒരു സ്ത്രീ എയർപോർട്ട് വരെ മാത്രമേ കടൽ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുവാനാകൂ എന്നും എയർപോർട്ടിൽ ഇവ തടയുമെന്നും ബിൽ ഇല്ലാത്ത കടൽ ഉൽപ്പന്നങ്ങളൊന്നും  കൊണ്ടുപോകാനാവില്ല എന്നും പറഞ്ഞു .വീട്ടിലെ അക്വേറിയത്തിലെ മീനുകൾക്കൊപ്പം പവിഴപ്പുറ്റുകൾ എന്ന എൻറെ സ്വപ്നം അവിടെവച്ച്  തകർന്നു,

നിരാശയോടെ  ഞങ്ങൾ ശേഖരിച്ച പവിഴപ്പുറ്റുകളും, ശംഖുകളും അവിടെത്തന്നെ ഉപേക്ഷിച്ചു  .

               

                                                                                               

 ഞങ്ങൾ വീണ്ടും  ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ദ്വീപുകളിൽ ഒന്നായി വിശേഷിക്കപ്പെടുന്ന  രാധാനഗർ ബീച്ചിലേക്ക്  പുറപ്പെട്ടു.അവിടെ  ഞങ്ങളുടെ ബാഗുകൾ ,വസ്ത്രങ്ങൾ മുതലായവയെല്ലാം കോസ്റ്റ് ഗാർഡിന്റെ പോസ്റ്റിന് സമീപത്തുള്ള ഉള്ള ഒരു ബെഞ്ചിൽ വച്ചതിനുശേഷം ഞങ്ങൾ ബീച്ചിൽ ഇറങ്ങി .ഏകദേശം മൂന്ന് മണിക്കൂറുകൾ ആണ് ഞങ്ങൾ അവിടെ ചെലവഴിച്ചത് .ഉച്ചസമയത്ത് വെയിലിൽ കടൽത്തീരത്ത് കുളിക്കുന്നതിനാൽ  ഞങ്ങൾക്ക് സൂര്യതാപം (Sunburn)ഉണ്ടായതിനാൽ നിറമാറ്റം അന്നു രാത്രിമുതൽ അനുഭവപ്പെട്ടിരുന്നു .കടൽത്തീരത്ത് തിരകൾ തുടങ്ങുന്ന ഭാഗം വരെ ഞങ്ങൾ ഇറങ്ങി ചെല്ലുകയും തിര വരുമ്പോൾ അതിനോടൊപ്പം പഞ്ചസാരപോലെയുള്ള മണൽത്തീരത്തേക്ക് നീന്തുകയും ചെയ്തു.  സമയം കടന്നുപോയത് എങ്ങനെയെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. ചെറിയ പവിഴപ്പുറ്റുകൾ അടർന്നുവീണു മാറി അവയും കൂടെ മണലിനൊപ്പം ചേരുന്നതിനാലാണ് പഞ്ചസാര പോലെയുള്ള മണൽ ഇവിടെ കാണപ്പെടുന്നതിന്  കാരണം .കടൽത്തീരത്തിന് അല്പം അകലെയായി ,ഏകദേശം അര കിലോമീറ്റർ ദൂരം ,കോസ്റ്റ് ഗാർഡിന്റെ ചെറുതും ,വലുതുമായ കപ്പലുകൾ നീങ്ങുന്നതും ,നങ്കൂരമിട്ടു കിടക്കുന്നതും ഒക്കെ കാണാമായിരുന്നു. ഇവിടെ നിന്നും പിന്നീട് ഞങ്ങൾ ബോട്ട് ജെട്ടിയിലേക്ക് പോകുവാൻ തയ്യാറെടുത്തു.രാധാനഗർ ബീച്ചിൽ നിന്നും ഇറങ്ങി ഞങ്ങൾ  അവിടെ തൊട്ടടുത്തുള്ള കുളിപ്പുരസൗകര്യത്തിൽ വച്ചുതന്നെ കുളിക്കുകയും ഞങ്ങളുടെ സ്കൂട്ടറിൽ തിരികെ പോരുകയും ചെയ്തു. ഏതാണ്ട് ഒരു  കിലോമീറ്റർ ആയപ്പോൾ കനത്ത മഴ പെയ്യുകയും ,മുൻപോട്ട് നീങ്ങാനാവാത്ത അവസ്ഥ വരികയും ചെയ്തു.ഭക്ഷണത്തിനായി ഞങ്ങൾ തൊട്ടടുത്തുള്ള ഒരു റസ്റ്ററന്റിറൽ കയറുകയും  ഒരു മണിക്കൂർ  അവിടെ ചെലവഴിച്ചെങ്കിലും മഴയ്ക്ക് ഒരു ശമനവും ഉണ്ടായില്ല .അപ്പോൾ ഏതാണ്ട് സമയം  3 ആയി .നാലുമണിക്ക് ഞങ്ങൾക്ക് ഏതാണ്ട് പത്ത് കിലോമീറ്റർ അകലെയുള്ള ജെട്ടിയിൽ എത്തുകയും അവിടെനിന്നും പോർട്ട് ബ്ലയർലേക്കുള്ള ക്രൂസ് ഷിപ്പിൽ എത്തുകയും ചെയ്യണം .ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് അവിടെ റിപ്പോർട്ട് ചെയ്യണം എന്നാണ് അവരുടെ അറിയിപ്പ് .അതിനാൽ മഴയത്തു തന്നെ യാത്ര തുടരുവാൻ ഞങ്ങൾ തീരുമാനിച്ചു .

                                                        

                  വീണ്ടും വീണ്ടും റീ ടാർ ചെയ്ത് വളരെ കട്ടി കൂടിയ  റോഡാണ് രാധാനഗർ ബീച്ചിലേക്ക് ഉള്ളത്.  എതിരെ നാലുചക്രവാഹനങ്ങൾ വരുമ്പോൾ അധികം വശങ്ങളിലേക്ക് ചേർത്താൽ മറിഞ്ഞു വീഴാനുള്ള സാധ്യത വളരെയധികം ഉണ്ട് .അങ്ങനെ ഇരിക്കുന്ന സമയത്താണ് കനത്തമഴയിലൂടെ ഞങ്ങൾ യാത്ര പുറപ്പെടുന്നത്. ഇട്ടിരിക്കുന്ന ഉടുപ്പുകൾ മുഴുവനും നനഞ്ഞു കൊണ്ടാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്. തിരിച്ച് യാത്ര തുടരുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഡോണുംഭാര്യ ഗ്രീനുവും ഇപ്പോൾ വരാം നിങ്ങൾ യാത്ര തുടരൂ എന്ന് പറഞ്ഞു തിരിച്ചുപോയി . കുറച്ചുനേരം കഴിഞ്ഞും അവരെ കാണുന്നില്ല എന്നത് ഞങ്ങൾക്ക് ആശങ്ക ഉളവാക്കി. കുറെനേരം അവരെ കാത്തു എങ്കിലും അവരെ കാണുന്നില്ല, തിരികെ പോകണമോ ,വേഗത കുറയ്ക്കണമോ ? താമസിച്ചാൽ കപ്പൽ നഷ്ടമാകും .ആകെ വല്ലാത്ത അവസ്ഥ. നെറ്റ് വർക്കില്ലാത്ത ദ്വീപിലെ അവസ്ഥ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി .വഴിയിൽ എതിർ വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ അവർ വീണുപോയിരിക്കുമോ എന്ന സംശയം മനസിൽ ബലപ്പെട്ടു, എന്തു ചെയ്യണമെന്നറിയാതെ കണ്ണാടിയിലൂടെ പുറകോട്ട് നോക്കി വേഗതകുറച്ച് കനത്ത മഴയിലൂടെ ഞങ്ങൾ നീങ്ങി.അൽപനേരത്തിനു ശേഷം അവർ പുറകെ വരുന്നത് കണ്ടപ്പോഴാണ് ആശ്വാസമായത് .റസ്റ്ററൻറിൽ വച്ച് അവർ മറന്നു പോയ മൊബൈൽ ഫോണിന് ഇത്രയും ആശങ്ക സൃഷ്ടിക്കുവാൻ സാധിച്ചു.!!

                    ബീച്ചിൽ നിന്ന് ഏതാണ്ട് മൂന്നര - നാലര കിലോമീറ്ററിനു ശേഷം മെയിൻ റോഡിൽ എത്തിയപ്പോൾ അവിടെ ഒട്ടുംതന്നെ മഴ ഉണ്ടായിരുന്നില്ല എന്ന് കണ്ട് ഞങ്ങൾ അമ്പരന്നു.  ഒരു പ്രത്യേകതരം കാലാവസ്ഥയാണ് ഇത് .ബീച്ചിന്റെ  ഭാഗത്ത് കനത്ത മഴ പെയ്യുമ്പോഴും  ദ്വീപിന്റെ മധ്യഭാഗത്തു ഒട്ടുംതന്നെ മഴ ഉണ്ടായിരുന്നില്ല.ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങൾ വാടകയ്ക്കെടുത് സ്കൂട്ടറുകൾ തിരികെ കൊടുത്തു .  സമീപത്തു തന്നെയുള്ള ഹോട്ടലിൽ തിരികെ എത്തുകയും ഞങ്ങളുടെ ബാഗുകളും, രേഖകളുമായി ബോട്ടുജെട്ടിയിൽ എത്തുകയും, അവിടെനിന്നും ബുക്ക് ചെയ്ത ടിക്കറ്റ് കാണിച്ച് ക്രൂസ് ഷിപ്പിൽ കയറുകയും ചെയ്തു. ക്രൂസ് ഷിപ്പിനകം ശീതികരിച്ചത് (A/c )ആയിരുന്നു .അതിനാൽ തന്നെ നനഞ്ഞ ഉടുപ്പുമായി വന്ന ഞങ്ങളുടെ ശരീരത്തിലേക്ക് തണുപ്പരിച്ചിറങ്ങി വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. പോർട്ട് ബ്ലെയറിൽ നിന്നും ദ്വീപിലേയ്ക്ക് വന്ന സർക്കാർ  ഉടമസ്ഥതയിലുള്ള കപ്പലിൽ കപ്പൽതട്ടിൽ നിൽക്കുവാൻ സാധിക്കുമായിരുന്നുവെങ്കിൽ അങ്ങനെ ഒരു സൗകര്യം ഇതിൽ ഉണ്ടായിരുന്നില്ല .രണ്ടു നിലകളിലായുള്ള കപ്പലിന്റെ വശങ്ങളിലേക്ക് സ്ഫടിക പാളികളിലൂടെ നോക്കുക എന്നുള്ളതായിരുന്നു ഏകമാർഗ്ഗം . തണുത്തുവിറച്ചു കൊണ്ടായാലും ഞങ്ങൾ  പോർട്ട് ബ്ലെയറിൽ എത്തിച്ചേർന്നു.

ബോട്ട് ജെട്ടിയിൽ കപ്പലിൽ കയറുന്നതിന് മുൻപ് വിമാനത്താവളത്തിലെന്നതു പോലെ നമ്മളേയും, ഒപ്പമുള്ള ബാഗും പരിശോധിക്കും, തിരിച്ച് വരുമ്പോൾ പരിശോധനയില്ലെങ്കിലും വിമാനത്താവളങ്ങളിൽ പുറത്തിറങ്ങുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ മെറ്റൽ ഡിറ്റക്ടറിലൂടെ നമ്മൾ കടന്നു പോകണം.

                        ആൻഡമാനിലെ തദ്ദേശവാസികളായ ജറാവകൾ (Jarawa)വസിക്കുന്ന വനത്തിനുള്ളിലൂടെ ഏകദേശം100 കിലോമീറ്റർ ദൂരത്തിൽ ഉള്ള യാത്രയാണ് പിറ്റേ ദിവസത്തേക്കായി പദ്ധതിയിട്ടിരിക്കുന്നത് .വാഹനങ്ങൾ Convoy -വാഹനവ്യൂഹം -ആയാണ് കടത്തിവിടുക ,രാവിലെ 6 മണിക്കും 8 നുമാണ് ഇത്തരത്തിൽ വാഹനങ്ങൾ കടത്തിവിടുക .ഒറ്റയ്ക്കുള്ള വാഹനങ്ങളെ വിഷം പുരട്ടിയ അമ്പുമായി ആക്രമിക്കുന്നവരാണ് ജറാവകളെന്നതിനാലാണ് ഇത്തരത്തിൽ വാഹനവ്യൂഹത്തെ മാത്രമായി കടത്തി വിടുന്നത്. ഇത്തരമൊരു വനയാത്രയിൽ ലഭിക്കുവാൻ പോകുന്ന രസത്തിൽ ആ രാത്രി ഞങ്ങൾ ഉറങ്ങുവാൻ കിടന്നു.

-

 

 

(തുടരും).

Share :