Archives / December 2019

 മായ ബാലകൃഷ്ണൻ . 
മാറുന്ന മുഖം ! ( എന്റെ നാട് മഹകവിയുടെയും ! നായത്തോട് )

 വ്യവസായികനഗരമായ എറണാകുളം ജില്ലയിൽ പൂർണ്ണാനദിയുടെ (പെരിയാർ) കുളിർസ്പർശമേറ്റ് പുളകിതയായ , ആദിശങ്കരന്റെ ജന്മകൊണ്ടു പവിത്രമായ കാലടിക്ക് സമീപം ,ഭാരതീയസാഹിത്യനഭസ്സിൽ  ജ്ഞാനപീഠം കയറിയ ശങ്കരന്മാരിൽ ആദ്യ ശങ്കരനായ സാക്ഷാൽ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജന്മം കൊണ്ടു സുകൃതമായ മണ്ണു !  'നായത്തോട്' എന്ന എന്റെ ഗ്രാമം ! 

എറണാകുളം ,തൃശൂർ ജില്ലകളുടെ അതിർത്തിപങ്കിടുന്ന അങ്കമാലി പട്ടണത്തിൽ (നഗരസഭയിൽ) ഉൾപ്പെടുന്നു ! വികസനം വായുംപിളർത്തി ,നെടുമ്പാശ്ശേരി എയർപ്പോർട്ട് ന്റെ രൂപത്തിൽ സ്വച്ഛവും ശാന്തവുമായ ഈ നാടിന്റെ ഓരങ്ങളെയും നക്കിത്തുടച്ചു . നെടുമ്പാശ്ശേരിക്ക് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തിന്റെയും അങ്കമാലി നഗരസഭയിലെ നായത്തോട് പ്രദേശത്തിന്റേയും ഓരോ ഭാഗവും അടർത്തിയെടുത്താണു വിമാനത്താവളം സാക്ഷാൽക്കരിച്ചത്. 

1999 ഇൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിനും  ഏതാണ്ട് 6 ,7 വർഷം മുൻപേ ' 93 -94 കളിൽ ഭൂമിയേറ്റെടുക്കലും സമരപ്രതിരോധ മുറകളും  തുടർന്ന്  നിർമ്മാണഘട്ടങ്ങളിൽ ടിപ്പറിന്റെ രൂപത്തിലുമാണു അത് ഞങ്ങളുടെ സ്വസ്ഥതയും ശാന്തതയും കട്ടെടുത്ത് കടന്നുവന്നത്. രാപ്പകലുകളില്ലാതെ പാഞ്ഞു പൊടിതുപ്പി മണ്ണ് കയറ്റിവരുന്ന ടിപ്പറുകൾ ! പിന്നെപ്പിന്നെ അപായ സൈറണും മുഴക്കിവരുന്ന ഫയർഫോഴ്സ് വണ്ടികളും ആദ്യമൊക്കെ ഞങ്ങളെ ആധിയേറ്റി ശ്വാസഗതി മുട്ടിക്കുമായിരുന്നു . വിമാനത്താവളത്തിനു എടുത്തുകൂട്ടിയ ഏക്കർ കണക്കിനു ഭൂമിയിൽ പൊന്തിയ പുൽക്കാടുകൾക്ക് തുടരെ തുടരേ  വേനൽക്കാലത്ത് തീപിടിച്ചും വർഷകാലങ്ങളിൽ കുളങ്ങൾപോലെ നിറഞ്ഞു കവിഞ്ഞുകിടക്കുന്ന ഇഷ്ടിക നിർമ്മാണത്തിനു മണ്ണെടുത്ത മുൻ  പാടശേഖരങ്ങളിലെ കുഴികളിൽ മനുഷ്യർ വീണു അപായം സംഭവിക്കുന്നതിന്റെയും സൂചനയായി അത് പതുക്കെ പതുക്കെ ഞങ്ങളുടെ ഒരു ഭാഗമായി വന്നു .   

പൊതുവേ വെള്ളംകയറാത്ത ഭൂമിയാണു . എങ്കിലും '99 ലെ വെള്ളപ്പൊക്കം എന്ന്  ചരിത്രംകുറിക്കുന്ന വെള്ളപ്പൊക്കകാലത്ത് നായത്തോടിന്റെ ഹൃദയക്ഷേത്രമായ തിരുനായത്തോട് ക്ഷേത്രമത്തിൽക്കകത്തും വെള്ളംകയറിയതായ്‌  മഹാകവി ജി യുടെ ആത്മകഥയായ "ഓർമ്മയുടെ ഓളങ്ങളിൽ" പറയുന്നുണ്ട് .

അവസാനം ഞങ്ങളത് കണ്ടു . ഇക്കഴിഞ്ഞ 2018 ആഗസ്റ്റ് 16 ന് കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിൽ വീണ്ടും വെള്ളം ഏതാണ്ട്‌ ഞങ്ങളുടെ നാടിനെ നനച്ചു തോർത്തിയെടുത്തു . മഹാക്ഷേത്രത്തിലും പരിസരത്തുംഒക്കെ വെള്ളം കയറി . പെരിയാറിന്റെ കൈവഴിയായ ചെങ്ങൽതോടിനെ പടിയടച്ച് ഇറക്കാൻ ഏതുവികസനം ശ്രമിച്ചാലും കഴിയില്ലെന്ന് തെളിയിക്കുകയാണ് തുടരെയുള്ള വെള്ളപ്പൊക്ക കഥകളും അനുബന്ധമായ്‌ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടുന്നതും കഥയല്ലാതാവുമ്പോൾ ഓർക്കുക വെള്ളത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ ഒരുശക്തിക്കും കഴിയില്ല . വികസനം ആവാം .പ്രകൃതിയെ ചൂഷണംചെയ്തും പുഴയെ , വയലുകളെ നികത്തിയും കുന്നിടിച്ചും പാറപൊട്ടിച്ചും ഒരിടംതന്നെ ഇല്ലാതാവുമ്പോൾ ഇത്തരം പ്രളയങ്ങൾ നൂറ്റാണ്ടിൽ സംഭവിക്കുകയല്ലാ , ആവർത്തിക്കുകയാണ് . 

 എന്നാൽ ആദ്യമായി ഒരു വെള്ളപ്പൊക്കം ഞങ്ങളെ ഭീതിയിലാഴ്ത്തിയത് 2013 ഇൽ കേരളത്തിലെ ഡാമുകളും പുഴകളും നിറഞ്ഞ് ഇടുക്കി , മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നുവിട്ട സമയത്താണു . അങ്ങനെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ആ മഴവെള്ളപ്പെരുക്കത്തിൽ ഇടിഞ്ഞു റൺ വേയിൽ വെള്ളംകയറി അന്ന് ആദ്യമായി വിമാനത്താവളം അടച്ചിട്ടു . പ്രവർത്തനം നിശ്ചലമാക്കിയ ആ രണ്ടോ മൂന്നോ ദിവസം , വർഷങ്ങൾക്കിപ്പുറം ഞങ്ങൾ ആ പഴയ ഗ്രാമത്തിന്റെ മുഖം കണ്ടു ! ആരവങ്ങളില്ലാതെ തികച്ചും ശാന്തമായ നിരത്തും അതിനുമുകളിലെ ആകാശവും . 

വർഷകാലങ്ങളിൽ ഇരമ്പിയാർക്കുന്ന മഴക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ രാത്രികാലങ്ങളിലും മറ്റും വന്നിറങ്ങുന്ന വിമാനത്തിന്റെ മുഴക്കം . ആദ്യകാലത്ത് ചെറിയൊരു ഭയം ഉണ്ടാക്കിയിട്ടുണ്ട്.. മനം നൊന്തു പ്രാർത്ഥിച്ചുപോവും . ഈ മണ്ണിൽ വന്നിറങ്ങുന്ന ഒരു കുഞ്ഞിനുപോലും,  ആപത്തൊന്നും വരുത്താതെ കാത്തുകൊള്ളണേയെന്ന്  ഉറക്കച്ചടവോടെ ഏതൊരു ഗ്രാമീണനും മനംനൊന്തു പ്രാർത്ഥിച്ചിട്ടുണ്ടാവും .

വീണ്ടും പത്തുവർഷം മുൻപ് തുടങ്ങിവച്ച ശബരി റയിൽപാതയുടെ രൂപത്തിലും വികസനഭീമൻ ഞങ്ങളുടെ നാടിനെ രണ്ടായി പിളർത്തുവച്ചു . ഇന്നും അതിന്റെ പ്രവർത്തനം ആരംഭദശയിൽ തന്നെ നിൽക്കുന്നുള്ളൂ . എന്തായാലും വരുംതലമുറകൾ അതിന്റെ ഭീകരതകൾ നേരിടേണ്ടിവരും .

ഇനി എന്റെ നായത്തോടിന്റെ മണ്ണിലേക്കു തന്നെ വരാം . ചരിത്രഭൂമിയിൽ നിന്നും അടർത്തിയെടുത്തതുപോലെ ' നായത്തോട് ' എന്ന സ്ഥലനാമത്തിനു പിന്നിലും ഒരു കഥയുണ്ട് . 16 -ആം നൂറ്റാണ്ട് ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ രാജാവ് പണികഴിപ്പിച്ചതാണു ഇവിടുത്തെ ഏറെ പ്രത്യേകതകൾ നിറഞ്ഞ തിരുനായത്തോട് ശിവനാരായണ ക്ഷേത്രം . ചേരമാൻ പെരുമാൾ രാജാവിനു തന്റെ ഗുരുവായ യതിവര്യനിൽനിന്നും അദ്ദേഹത്തിന്റെ സമാധിക്കുമുൻപു നൽകിയ ഒരു ആജ്ഞ നിറവേറ്റാനുണ്ടായിരുന്നു  . പുനർജ്ജന്മത്തിൽ ഗുരു ഒരു നായ ആയി ജന്മംകൊള്ളും . അക്കാലം ആ നായ അതിന്റെ നൈസർഗ്ഗിക വാസനകളാൽ , അശുദ്ധഭക്ഷണങ്ങളുംമറ്റും കഴിക്കാൻ ഇടവരാതെ ഈ ശിഷ്യൻ  ശ്രദ്ധിച്ചുകൊള്ളണം എന്നായിരുന്നു  . അങ്ങനെ ആ ശ്വാനനെ സന്തതസഹചാരിയായി കൂടെക്കൂട്ടിയ ചേരരാജനു ഒരിക്കൽ തന്റെ ഗുരുവിന്റെ പുനർജ്ജന്മത്തിലെ നായ മലിനവസ്തു ഭക്ഷിക്കുന്നത് കണ്ടു തടയാനായി കുതിരപ്പുറത്ത് ഇരുന്നു തന്റെ വാളുകൊണ്ട് അതിനെ ആഞ്ഞുവെട്ടേണ്ടതായി വന്നു  ! ആ സംഭവം നടന്നത് ഒരു തോടിനുചേർന്ന ഭൂമിയിലായിരുന്നു . അങ്ങനെ നായയെ വെട്ടിയ തോട് എന്നത് ലോപിച്ച് നായത്തോട് ആയി എന്നും ഭാഷ്യം!  ഈ നാടിന്റെ ഹൃദയഭൂമി എന്ന് ഇവിടം വിശേഷിപ്പിക്കാം .

വെട്ടിയത് നായയെ ആണെങ്കിലും ഗുരുവിന്റെ പുനർജ്ജന്മം ആയിരുന്നല്ലോ.  അങ്ങനെ ഗുരുഹത്യാ പാപം/ശാപം  എന്ന് അലട്ടിയതിനുള്ള ശാന്തിക്കുവേണ്ടി  പാപപരിഹാരാർദ്ധം ചേരമാൻ പെരുമാൾ രാജാവ് പണികഴിപ്പിച്ച ക്ഷേത്രമാണു ഇവിടുത്തെ തിരുനായത്തോട് ശിവനാരായണ ക്ഷേത്രം . മഹാവിഷ്ണുവും ശിവനും ഒരു പീഠത്തിൽ ഇരിക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണിത് . 

 ചുമർചിത്രങ്ങളും ,നാലമ്പലവും തിടപ്പള്ളി ,കൂത്തമ്പലം,  ചെമ്പോടുകൾ കൊണ്ടുള്ള വട്ടശ്രീകോവിലും , ആനമതിൽ എന്നറിയപ്പെടുന്ന പത്താൾ പൊക്കത്തിലുള്ള ചുറ്റുമതിലുമൊക്കെ ഇതിന് സ്വന്തം . ടിപ്പുവിന്റെ പടയോട്ടക്കാ ലത്ത് ക്ഷതം ഏറ്റതെന്നു വിശ്വസിക്കുന്ന വിള്ളലുകൾ ക്ഷേത്രശ്രീകോവിൽ  ചുമരുകളിൽ കാണാം . ഇന്ന് കേരള  പുരാവസ്തുവകുപ്പിന്റെ കീഴിൽ ചുമർച്ചിത്രങ്ങളും മറ്റും സരക്ഷിച്ചു പോരുന്നു .

 ഇതിന്റെ  പടിഞ്ഞാറേ ഗോപുരവാതിലിനോട് ചേർന്ന് ഓടിട്ട ഇന്നും കേരളീയതനിമ നഷ്ടപ്പെടാതെയുള്ള ഒരു വീടുണ്ട്. മഹാകവി ജി യുടെ ജന്മഗൃഹം! മഹാകവി ശംഖൂതി കൊട്ടിപ്പാടി സേവിച്ചതും ഈ ക്ഷേത്രത്തിന്റെ തിരുമുറ്റത്തു നിന്നുമാണു . ഈ നാടിന്റെ , ജന്മനാടിന്റെ ആത്മാവ് കടംകൊണ്ട് എടുത്തതാണു തന്റെ കവിതകൾ എന്ന് മഹാകവി ജീവചരിത്രത്തിൽ പറയുന്നതും ഈ നായത്തോട് ന്റെ ഹൃദയത്തിൽ തൊട്ടുകൊണ്ടാണു . 

 നായയെ വെട്ടിയ ആ തോട് എന്ന് പറയുന്നത് പെരിയാറിന്റെ ഒരു കൈവഴിയാണു . ഈ തോടിനെ തുറ എന്നാണു ഇവിടങ്ങളിൽ അറിയുന്നത്. തോടിനോട് ചേർന്ന് ഒരു ശ്രീകൃഷ്ണസ്വാമീ ക്ഷേത്രമുണ്ട് , ഇതിനെ തുറങ്കര ക്ഷേത്രം എന്നാണു അറിയപ്പെടുന്നത്. തിരുനായത്തോട് ക്ഷേത്രത്തിനോടുചു റ്റപ്പെട്ട നാലു കരഭാഗങ്ങൾ ഉണ്ടു . വയലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ  തെക്ക് കരയിൽ  അയ്യപ്പക്ഷേത്രവും വടക്കു ശിവക്ഷേത്രവും പടിഞ്ഞാറും കിഴക്കും കൃഷ്ണനുമാണുള്ളത്... വടക്കുപടിഞ്ഞാറു നാടിന്റെ ഗ്രാമലക്ഷ്മി എന്നു പറയാവുന്ന സാക്ഷാൽ ഭദ്രകാളീക്ഷേത്രവും നിലകൊള്ളുന്നു.

ശിവനാരായണ ക്ഷേത്രവും, തുറങ്ങര ക്ഷേത്രവും ഒരു പാടശേഖരത്തിന്റെ വിടവ്. ഇവിടെ നിന്ന് നോക്കിയാൽ അങ്ങുദൂരെ സെന്റ് തോമസ് പുണ്യാളന്റെ കാലടികൾ പതിഞ്ഞ സാക്ഷാൽ മലയാറ്റൂർ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ മലയുടെ അഗ്രഭാഗം കാണാനാവും. ബാല്യത്തിലെ ഞങ്ങളുടെ കൗതുകങ്ങളിൽ ഒന്നായിരുന്നു രാത്രികാലങ്ങളിൽ അങ്ങുദൂരെ പൊട്ടുപോലെ, മലയാറ്റൂർ മലമുകളിലെ പള്ളിയിൽ തെളിഞ്ഞുകാണുന്ന ആ വെളിച്ചം! സെന്റ് തോമസ് പുണ്യാളൻ ആദ്യമായ് കേരളത്തിൽ എത്തിയത് മലയാറ്റൂർ എന്ന് പരാമർശമുണ്ടല്ലോ. സെന്റ് തോമസ് പുണ്യാളൻ നേരിട്ട് മാമ്മോദീസ മുക്കിയ കുടുംബം എന്നൊക്കെ അഭിമാനപൂർവ്വം പറയാറുമുണ്ടല്ലോ...

ഇങ്ങനെ ഓരോ കരയിലും ക്ഷേത്രങ്ങൾക്കൊപ്പം തന്നെ കൃസ്ത്യൻ പള്ളികളും ഉണ്ട്. കാത്തലിക് , ജാക്കൊബൈറ്റ്സ് വിഭാഗങ്ങൾ ആണു പ്രധാനമായുമുള്ളത് . മലങ്കര സുറിയാനി സഭയുടെ മെത്രാപ്പോലീത്താ പൗലോസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത വലിയതിരുമേനിയും ഈ നാട്ടുകാരൻ ആയിരുന്നു . നാനാജാതിക്കാർ ഹിന്ദുക്കളും കൃസ്ത്യാനികളും കൈകോർത്തു പരസ്പരാശ്രിതാരായി കഴിയുന്ന ഒരു ജനവിഭാഗം! നിരക്ഷരരും കൃഷിയും കൈത്തൊഴിൽ ചെയ്യുന്നവരും എന്ന ആ പഴയ ഖ്യാതിയിൽ നിന്നും ഇന്ന് ഒട്ടേറെ മാറിയിരിക്കുന്നു .

പഴയ കൃഷിഭൂമിയൊക്കെ ഫ്ലാറ്റും വില്ലകളും ,ത്രീ സ്റ്റാർ, പഞ്ചനക്ഷത്ര ഹോട്ടലുകളുമൊക്കെ കയ്യേറിയിരിക്കുന്നു . ഇരുനില വീടുകളും കാറും ബൈക്കും ഏതു സാധാരണക്കാരന്റെയും മുഖമുദ്രയായി . പണ്ടൊക്കെ ഏതൊരു സാധാരണക്കാരനും കുറച്ചു പൈസയുണ്ടായാൽ കൃഷിഭൂമി/ പാടവും മറ്റും വാങ്ങിയിടുക എന്നതിൽ നിന്നും ഇന്ന് ഒരു കെട്ടിടം പണിത് വാടകക്ക് കൊടുക്കുക എന്നതാണു ലക്ഷ്യം. എയർലൈൻസ് ജോലിക്കാരും സിയാൽ കമ്പനിയിലെ ജോലിക്കാരും സുരക്ഷാവിഭാഗം ആളുകളും ഇങ്ങനെ ഒത്തിരി അന്യനാട്ടുകാർ താമസക്കാരായി ഉണ്ട് .

എന്നിരിക്കിലും ഇന്നും മാറാതെ ഒന്നുണ്ട് . ഇവിടങ്ങളിലെ വിവിധങ്ങളായ  അമ്പലങ്ങളിലെയും പള്ളികളിലെയും  ഉത്സവവും പെരുന്നാളും എല്ലാം എല്ലാ വർഷവും ഏതാണ്ട് ഒരേ മാസങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിലായിരിക്കും. ജനുവരി ,മകരം മാസത്തിൽ  ഒരേ ദിവസങ്ങളിൽ നാട് ഭക്തിയുടെയും ഉത്സവങ്ങളുടെയും ലഹരിയിൽ നിറയും  ! മാറ്റം ഒന്നിനു മാത്രം, പകൽസമയങ്ങളിൽ നടന്നിരുന്ന പള്ളിപ്രദക്ഷിണവും മറ്റും വാഹന ഒഴുക്കിനു സ്വല്പമെങ്കിലും ശമനംവരുന്ന രാത്രിസമയങ്ങളിലേക്കും ഇടറോഡുകളിലേക്കും കടന്ന് പരിഹാരം കാണുന്നു. .  

ഓണത്തിനും മറ്റും കൂട്ടമായി തുറസ്സായ ഇടങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചു വട്ടമിട്ടുനിന്നു പാടി കയ്യടിച്ചു കളിച്ചിരുന്ന കാലമൊക്കെ പോയി.എല്ലാ നാട്ടിലെയുംപോലെ അതൊക്കെ ക്ലബ്ബുകളും കാർണിവലുകളും ഏറ്റെടുത്തു. 

പാലയ്ക്കാട്ടു കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ! നായത്തോടിന്റെ നാനാകരയിൽ നിന്നും ഏറ്റവും കൂടുതൽ ജനങ്ങൾ ഒഴുകിയെത്തിയി രുന്നയിടമാണു .കലാപരിപാടികളും മറ്റും കാണാൻ സന്ധ്യക്കുതന്നെ കൂട്ടത്തോടെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും പായും ചുരുട്ടി കക്ഷത്തിൽ വച്ച് ചൂട്ടും കത്തിച്ച് വരുന്ന കാഴ്ച്ച ഇന്നോർക്കുമ്പോൾ കൗതുകം തോന്നും . 

അടുത്ത ക്ഷേത്രങ്ങളിലൊക്കെ ഞങ്ങൾ അമ്മായിമാരും മക്കളും അടുത്ത വീട്ടിലെ ചേച്ചിമാരുമൊക്കെയായി പാടവരമ്പും കൊച്ചുകൈത്തോടുകളും ചാടിക്കടന്ന് ,ബാലെയും കഥപ്രസംഗവും കാണാൻ പോകുമായിരുന്നു . ചരലും പുല്ലും നിറഞ്ഞ ക്ഷേത്രമൈതാനത്ത് പേപ്പറുവിരിച്ചും ഇഞ്ചിമുട്ടായിയും കപ്പലണ്ടി കൊറിച്ചും മൂടിപ്പുതച്ചിരുന്നു എല്ലാം കണ്ടത് ഇന്നത്തെ കുട്ടികൾക്ക് അവിശ്വസനീയമായിത്തോന്നാം . 

മദ്ധ്യകേരളത്തിന്റെ തനതു കലയായ, ഭഗവതിക്ഷേത്രങ്ങളിൽ മാത്രം നടത്തപ്പെടുന്ന മുടിയേറ്റ് എന്ന അനുഷ്ഠാനകലാരൂപം ഞങ്ങളുടെ പാലയ്ക്കാട്ടു കാവിലെ പ്രത്യേക വഴിപാട് ആണു . വെളുപ്പിനു 2 മണി സമയത്തിനുശേഷം തുറന്ന അരങ്ങിൽ ആസുരവാദ്യങ്ങളായ ചെണ്ടയുടെയും, മദ്ദളം  ഇലത്താളം തുടങ്ങിയവയുടെ അകമ്പടിയോടെ തുടങ്ങുന്ന കാളീപുറപ്പാടും മറ്റും കാണികളിൽ ആവേശം നിറയ്ക്കും .

അസുരനായ ദാരികനെ കൊണ്ടുള്ള ശല്യം സഹിക്കാനാവാതെ നാരദൻ ശ്രീപരമേശ്വരനെക്കണ്ട് ഉണർത്തിക്കുമ്പോൾ ദാരികാനിഗ്രഹത്തിനായി ഭഗവാൻ അദ്ദേഹത്തിന്റെ മൂന്നാംകണ്ണു തുറന്ന് തിരുനെറ്റിയിൽനിന്നും കാളിയെ സൃഷ്ടിക്കുന്നതും തുടർന്ന് ദാരികന്റെ തലവെട്ടിയെടുക്കുന്നതുമാണു കഥ. ദാരികാ നിഗ്രഹത്തിനുശേഷം സംഹാരതാണ്ഡവമാടിയ ദേവിയുടെ രോഷം ശമിക്കാതെ വരുമ്പോൾ സർവ്വനാശംഭയന്ന് അവസാനം പിതാവായ പരമശിവൻ തന്നെ പ്രത്യക്ഷപ്പെട്ട് ദേവിയുടെ മാർഗംതടഞ്ഞ് നിലത്തുകിടക്കും ! പിതാവിനെ ചവിട്ടിയോ വകഞ്ഞുപോവാനോ പാടില്ലാലോ..അവിടെ  കലിയിറങ്ങി ഉഗ്രരൂപിണിയായ  ദേവി ശാന്തരൂപം കൈക്കൊള്ളും . ആ ശാന്തഭാവത്തിൽ ഇരിക്കുന്ന ദേവിയാണു പാലയ്ക്കാട്ടുകാവിലെ പ്രതിഷ്ഠ . ഈ ക്ഷേത്രത്തിൽ കുളിച്ചുതൊഴാൻ വരുന്നതുമെല്ലാം മഹാകവിയുടെ  ജീവചരിത്രത്തിലും വായിക്കാം .

കാളിയുടെ കിരീടം പ്ലാവിന്റെ ഉറച്ച തടികൊണ്ടു നിർമ്മിച്ച വളരെ ഭാരമേറിയതാണു . കുരുത്തോല മുടിയും മുഖത്തെഴുത്തും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു വലംവച്ചു മുന്നിലും പിന്നിലുമായി ദാരികനും കാളിയും വാളും ചിലമ്പും അരമണിക്കിലുക്കങ്ങളും തീപ്പന്തങ്ങളും തെള്ളിയും എറിഞ്ഞ് ആർത്തുവിളിച്ച് ജനങ്ങളും എല്ലാം കൂടെ, ചെറുപ്പത്തിൽ അതുകാണുമ്പോൾ പേടിയായിരുന്നു.. ഇടയ്ക്ക് കാളിയെ ശുണ്ഠിപിടിപ്പിച്ച് പോരുമുറുക്കുന്നതിനുമായി കൂടെക്കൂടുന്ന പമശിവന്റെ അനുചരവൃന്ദങ്ങളായ കാളികൂളിയുടെ കാട്ടാളവേഷം വരും ! പച്ചിലകൾകൊണ്ട് നഗ്നതമറച്ചു ഉടലാകെ മുഖത്തും  കരിതേച്ച് വികൃതികൾ കാണിച്ചുവരുന്ന ഭൂതംകുറ്റി (പൂതംകുറ്റി) എന്ന് ഞങ്ങളൊക്കെ ആ വേഷത്തെ വിളിക്കും . ഭൂതംകുറ്റി എന്നുപറയുമ്പോൾതന്നെ കുട്ടികൾക്കൊക്കെ ഭയമാണു .

ഒരിക്കൽ പേടിച്ചു ഞാനും , ഇരുന്നയിടത്തു നിന്നും, ക്ഷേത്രത്തിന്റെ വളരെ ഉയരമുള്ള പടിക്കെട്ടും ചാടിക്കടന്ന് പ്രാണഭയത്താൽ  ഒറ്റയ്ക്ക് വീട്ടിൽ പാഞ്ഞെത്തി ! അതോർക്കുമ്പോൾ ഇന്നും ചിരിവരും. എന്നെക്കാണാഞ്ഞ് തിരഞ്ഞു കൂടെയുള്ള ചേച്ചിമാരും അന്ന് കുറെ കഷ്ടത്തിലായി. അങ്ങനെ മാഞ്ഞുപോയ ഗ്രാമീണതകൾ ഇന്നും ചാരുതയോടെ കളിവിളക്കിനു മുന്നിലെ ആട്ടംപോലെ ഒന്നു പിന്തിരിഞ്ഞുനിന്നു ചികഞ്ഞാൽ കാണാം .

ഇക്കഥ പറയുമ്പോൾ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ "ചന്ദനക്കട്ടിൽ " എന്ന കൃതിയിൽ പറയുന്ന കഥയിൽ,  ഈ ജന്മനാടുമായി , ഇവിടെ ഞങ്ങളൊക്കെ കേട്ടു അറിവുള്ള ഒരു മുടിയേറ്റു കഥ ചുരുൾ നിവരുന്നുണ്ട് .  ഏതോ കാലത്ത് ദാരികനായി വന്ന മനുഷ്യന്റെ ( കലാകാരന്റെ ) തല, കാളി അറുത്ത് ക്ഷേത്രമുറ്റത്തുണ്ടായിരുന്ന കിണറിൽ കൊണ്ടിട്ടു എന്നുമൊക്കെയാണു ഞങ്ങൾ കേട്ടിരിക്കുന്നത്. ജി കവിതയിൽ ഒരു മരുമകനും അമ്മാവനുമാണു കാളിയും ദാരികനുമാവുന്നത്. തമ്പുരാന്റെ കല്പനപ്രകാരം അവിടെ ദാരികന്റെ തല അറുക്കുക തന്നെ വേണം ,വെറുതെ കളി പോരാ എന്നതിൻ പ്രകാരം കാളി ദാരികന്റെ തലയറുക്കുക തന്നെ ചെയ്തു. അതായത് അമ്മാവന് മരുമകന്റെ തലയറുക്കേണ്ടിവന്നു . എന്നൊക്കെ ചന്ദനമരം തേടി കിഴക്കൻ മലയിലേക്കു പോകുന്ന നായന്മാരും തച്ചന്മാരും , പറയുന്ന കഥയിൽ ഉള്ളത് ചെറുപ്പത്തിൽ ഞങ്ങളൊക്കെ  കേട്ടിരിക്കുന്നതു തന്നെയാണ് മഹാകവിയും അമ്മയിൽനിന്നു കേട്ടിരിക്കുന്നതും .  

ഞങ്ങളുടെ നാട്ടിൽ ആകെയുണ്ടായിരുന്ന ഒരു സരസ്വതീക്ഷേത്രം 1980 കളിൽ ഒരു ഗവണ്മെന്റ് യു പി സ്കൂൾ ആയിരുന്നു . ആ കാലങ്ങളിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു 6 കി മീറ്റർ അങ്കമാലിയിലേക്കും ,  10 കിലോമീറ്റർ കാലടിയിലേക്കും, നെടുമ്പാശ്ശേരിക്കുമൊക്കെ നടന്നുവേണമായിരുന്നു പോകാൻ. അന്നത്തെ ഗ്രാമവാസികളുടെ പ്രധാന ആഗ്രഹവും ആവശ്യവും ഇവിടെ ഹൈസ്കൂൾ വരിക എന്നതായിരുന്നു . അതാണ് ഇന്നിപ്പോ മഹാകവി ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് .  അത് വികസനത്തിന്റെ വലിയൊരു ചുവടുവയ്പായിരുന്നു . മഹാകവി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂൾ .അന്ന് അത് ഓലയും മറ്റുംവച്ചുകെട്ടി മറച്ച കുടിപ്പള്ളിക്കൂടമായിരുന്നു . ഇന്നത് അങ്കമാലി നഗരസഭയിലെ ഏക ഗവ .ഹയർ സെക്കൻഡറി സ്ക്കൂൾ ആണ് . 

ഭാഷാപിതാവിന് തുഞ്ചൻപറമ്പിൽ സ്മാരകം എന്ന ആശയം ആദ്യമായി ഉന്നയിച്ച അദ്ദേഹത്തിന്റെ ജന്മഗൃഹം ഇന്നും സർക്കാരിന്റെ പരിരക്ഷണമില്ലാതെ കിടക്കുന്നു . ആശാനും ചങ്ങമ്പുഴയ്ക്കും തകഴിക്കും അഴീക്കോട് മാഷിനും മാധവിക്കുട്ടിക്കും എല്ലാം അതതു നാട്ടിൽ ഉചിതമായ സ്മാരകങ്ങൾ ഉണ്ട് . 

ഇന്നും എങ്ങും എത്താതെ ഒരു മുറവിളിപോലെ ഒരു നിവേദനം ഈ നാടിന്റേതായി ഉണ്ട് . അദ്ദേഹത്തിനു ജന്മനാട്ടിൽ ഒരു സ്മാരകം ! ഭാഷയുടെ പോഷണത്തിനും നിലനിൽപ്പിനും മലയാള സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായോ, പഠനവിഭാഗമായോ ഇവിടം ഉയർത്തിക്കൊണ്ടു വരേണ്ടത് നമ്മൾ അദ്ദേഹത്തോടും മലയാളത്തോടും ചെയ്യുന്ന ആദരവായിരിക്കും ! 

ഒരു ചെടി കിളിർത്ത്  വളർന്ന് പന്തലിച്ചു  പൂവും കായുമിടുന്നത്  ആ മണ്ണിന്റെ വെള്ളവുംവളവും ആവാഹിച്ചാണു . അദ്ദേഹം ജനിച്ചുവളർന്നു വിവാഹവും കഴിഞ്ഞു ജോലിയുമായി ബന്ധപ്പെട്ട് ,അദ്ദേഹത്തിന്റെ കർമ്മഭൂമി മാത്രമേ ആവുന്നുള്ളൂ എറണാകുളം .  ഈ മണ്ണിൽ ഉയിർകൊണ്ട കവിതകൾ ! ഈ ആത്മതീരം നഷ്ടപ്പെടുന്നത് ഈ സർഗ്ഗകേരളം അറിയുന്നില്ലേ...

മനസ്സിലാക്കുന്നില്ലേ...?

മാറിയകാലത്തിൽ ഇനി അതിനൊന്നും പ്രസക്തിയില്ലെന്ന് ചിന്തിക്കുന്നവരും ഉണ്ടാകും . ഒന്നു മനസ്സിലാക്കുക ,അദ്ദേഹം ഈ നായത്തോടിന്റെ മാത്രം അല്ല ! മലയാളഭാഷയുടെ ,സാഹിത്യത്തിന്റെ അമരവാണിയാണു . 

ഈ നായത്തോടിന്റെ മണ്ണിൽ നിന്നുകൊണ്ട് എനിക്കിത്രയൊക്കെയേ ശബ്ദിക്കാനാവൂ.....പ്രതിദ്ധ്വനിക്കട്ടെ ! ഇത് കേരളംമുഴുവൻ എന്ന ഒറ്റ ആഗ്രഹം മാത്രമേയുള്ളൂ...!

 

 

 

Share :