
ആൻഡമാനിലെ അത്ഭുതങ്ങളിലേക്ക് ഒരു യാത്ര ഭാഗം2:
ഹാവ് ലോക്ക് ദ്വീപിലെ പവിഴ നിരകളും, പഞ്ചസാര മണൽതീരങ്ങളുംആൻഡമാനിലെ യാത്രയ്ക്ക് എത്തുന്ന ഏതൊരു
സഞ്ചാരിയും ഉറപ്പായും സന്ദർശിക്കുന്ന ദ്വീപാണ് ഹാവ് ലോക് ദ്വീപ്. കടൽത്തട്ടിലെ പവിഴപ്പുറ്റുകളും, അവയോട് ചേർന്നുള്ള ജലജീവികളെയും നേരിൽകാണുവാനുള്ള സൗകര്യം മുതൽ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പത്ത് ബീച്ചുകളിൽ പെടുന്ന കടൽ തീരം വരെ കാണുവാനുള്ള അവസരമാണ് 18കിലോമീറ്റർ നീളവും 8 കിലോമീറ്റർ വീതിയുമുള്ള ഈ ചെറിയ ദ്വീപ് നമുക്ക് നൽകുന്നത് .ആൻഡമാന്റ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ നിന്നും 41കിലോമീറ്റർ അകലെയായാണ് ഹാവ് ലോക് ദ്വീപ് സ്ഥിതിചെയ്യുന്നത് .ഇന്ത്യയിലെ ബ്രിട്ടീഷ് ജനറൽ ആയിരുന്ന സർ ഹെൻട്രി ഹാവ്ലോക്കിന്റെസ്മരണാർത്ഥമാണ് ഹാവ് ലോക് ദ്വീപ് എന്ന പേരുവന്നത് . 2018ൽ സുഭാഷ് ചന്ദ്രബോസിന്റെ ബഹുമാനാർത്ഥം ഇതിനെ സ്വരാജ് ദ്വീപ് എന്ന് ഔദ്യോഗികനാമകരണം ചെയ്തു.
ഹാവ്ലോക്ക് ദ്വീപിൽ പലയിടത്തും സ്കൂബ ഡൈവിംഗ് സൗകര്യമുണ്ട് .ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ റിസപ്ഷൻ മുഖേന തൊട്ടടുത്തുള്ള ഒരിടത്തുസൗകര്യം ഏർപ്പെടുത്തി . പ്രത്യേക വേഷവിധാനങ്ങളോടുകൂടിയാണ് സ്കൂബ ഡൈവിംഗിന് പുറപ്പെടുന്നത് .നമ്മുടെ കയ്യിലുള്ള ബാഗുകൾ ,വിലപിടിപ്പുള്ളസാധനങ്ങൾ എന്നിവയെല്ലാം ഈ കടയിൽ തന്നെ വെച്ചിട്ടാണ് നമ്മൾ പുറപ്പെടുന്നത്. ഇതിന് പ്രത്യേക ലോക്കറുകളോ, മറ്റു സംവിധാനങ്ങളോ ഒന്നും തന്നെഉണ്ടായിരുന്നില്ല .കള്ളന്മാരുടെ ശല്യം ഇല്ലാത്ത - Zero Crime -നാടാണ് ആൻഡമാൻ എന്ന്
അവരും മറുപടി നൽകി.സ്കൂബ ഡൈവിംഗിനായി കടലിന്റെ ആഴങ്ങളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് അതിനു വേണ്ട പരിശീലനമാണ് ആദ്യം നൽകുന്നത് .വെള്ളത്തിനകത്ത് ശ്വാസം ലഭിക്കുന്നതിനാവശ്യമായ സാധനങ്ങൾ നമ്മുടെ ശരീരത്തിൽ വച്ച് കെട്ടുകയാണ് ആദ്യം ചെയ്യുന്നത് .ഓക്സിജൻ സിലിണ്ടർ പുറംഭാഗത്തായി ഘടിപ്പിക്കുന്നു.ഓക്സിജൻ നമ്മുടെ മുഖത്തേക്ക് എത്തിക്കുന്ന ആവരണം ,അത് വായിലേക്ക് കടിച്ചു പിടിച്ച ശേഷം ആണ് വെള്ളത്തിനടിയിലേക്ക് പോകേണ്ടത്. കടിച്ചു പിടിക്കുക എന്നത് വളരെ അത്യാവശ്യമാണ് ,ഇല്ലെങ്കിൽ വെള്ളം വായിലൂടെ നമ്മുടെ ശ്വാസകോശത്തിലേക്ക് കയറും .അങ്ങനെ സംഭവിക്കാതിരിക്കാനാണ് മുട്ടൊപ്പമുള്ള വെള്ളത്തിൽ നമ്മളെ ഇത് പരിശീലിപ്പിക്കുന്നത് .അങ്ങനെ വെള്ളത്തിനടിയിൽ ഏതാണ്ട് ഒരു മിനിറ്റ് തനിയെ കഴിയാറായി എന്ന അവസ്ഥയിൽ എത്തി കഴിയുമ്പോൾ ആണ് അവർ കൂടുതൽ ആഴമുള്ള സ്ഥലങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്നത് .ആദ്യമായി ഉണ്ടാകുന്ന പരിഭ്രമം മൂലം നമുക്ക് SCUBA Diving സാധ്യമാകുമോ എന്ന് ആശങ്ക ഉണ്ടാകാം .നാലും ,അഞ്ചും വയസ്സുള്ള കുട്ടികൾ വരെ സ്കൂബ ഡൈവിംഗ് നടത്തി തിരിച്ചു പോകുന്നത് കണ്ടത് ഞങ്ങൾക്കു വളരെ ആശ്വാസം നൽകി. അതിനുശേഷം ഞങ്ങൾ നാലു പേർക്കും ഓരോരോ professional ഡൈവർ എന്ന രീതിയിൽ അവരോടൊപ്പം കുറച്ചുകൂടി ആഴങ്ങളിലേക്ക് ഞങ്ങൾ പുറപ്പെട്ടു .നമ്മുടെ കൂടെയുള്ള പരിശീലകർ ഓരോരുത്തരുടേയും പുറത്തുള്ള സിലിണ്ടർ തള്ളി നീക്കി കൊണ്ടാണ് നമ്മളെ ജലത്തിനകത്തുകൂടെ കൊണ്ടുപോകുന്നത് .താറാവിന്റെ പാദത്തിനെ അനുസ്മരിപ്പിക്കുന്ന തുഴയുവാനുള്ള പ്രത്യേക സംവിധാനങ്ങൾ കാലിൽ ഉണ്ടെങ്കിലും നമ്മൾ കൈകാലുകൾ ഒന്നും അനക്കേണ്ടതില്ല .ചുരുക്കിപ്പറഞ്ഞാൽ നീന്തൽ വശം ഇല്ലാത്തവർക്കും ചെയ്യാവുന്ന ഒരു കാര്യമാണിത്. വെള്ളത്തിനടിയിൽ വച്ച് സന്ദേശങ്ങൾ നൽകുന്നത് ആംഗ്യ ഭാഷയിലൂടെയാണ്. ഇനിയും ആഴത്തിൽ പോകുന്നുണ്ടെങ്കിൽ നൽകേണ്ട ആംഗ്യം മുകളിലേക്ക് പോകേണ്ട ആംഗ്യം, എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കാണിക്കേണ്ട ആംഗ്യം ഇങ്ങനെ മൂന്നു കാര്യങ്ങളാണ് പ്രധാനമായും നമ്മളെ പഠിപ്പിക്കുന്നത് .എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻ തന്നെ വെള്ളത്തിൽ പൊങ്ങി കിടക്കുന്നതിനുള്ള നോബ്(knob) അവർ തിരിക്കുകയും പെട്ടെന്നു നമ്മൾ ജലപ്രതലത്തിലെത്തുകയും ചെയ്യും .ഞങ്ങൾ 20 അടി വരെ ആഴത്തിൽ പോയി എന്നാണ് എൻറെ ഊഹം പവിഴപ്പുറ്റുകൾക്കിടയിലൂടെ പോകുന്ന വിവിധനിറത്തിലുള്ള മത്സ്യങ്ങൾ ,പലതരത്തിലുള്ള ജലജീവികൾ ,പല ആകാരത്തിലും, വലിപ്പത്തിലുമുള്ള പവിഴപ്പുറ്റുകൾ,പവിഴപ്പുറ്റുകളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ചെറുസസ്യങ്ങൾ എന്നിവയെല്ലാം ഈ സമുദ്രാന്തർസഞ്ചാരത്തിൽ നമുക്ക് കാണുവാൻ സാധിക്കും
വളരെയധികം സാഹസികതയും ,കൗതുകവും, അതോടൊപ്പം ആദ്യമൊക്കെ ആശങ്കയും ഉണർത്തുന്ന ഒരു അനുഭവമാണ് സമുദ്രത്തിനിടയിലുള്ള ഈ
മുങ്ങാംകുഴിയിടൽ. പവിഴപ്പുറ്റുകൾക്കിടയിലൂടെ മത്സ്യങ്ങൾ നിരനിരയായും, കൂട്ടമായും ഒക്കെ പോകുന്ന കാഴ്ചകൾ നമുക്ക് ഇവിടെ കാണാൻ സാധിക്കും.
സ്കൂബ ഡൈവിംഗിനിടയിൽ ചിത്രങ്ങൾ എടുക്കുവാനും ,വീഡിയോ എടുക്കുവാനും അവർ തന്നെ സൗകര്യം ഏർപ്പെടുത്തിയിരുന്നു .വെള്ളത്തിനടിയിൽ
ചിത്രമെടുക്കാൻ സംവിധാനമുള്ള under Water ക്യാമറയിൽ അവർ ചിത്രങ്ങളെടുത്തു നൽകും. ജീവിതത്തിൽ ഒരിക്കലും മറക്കുവാനാകാത്ത ഒരനുഭവമാണ്
2000 രൂപയ്ക്ക് (ചിത്രങ്ങളും ,വീഡിയോയും ഉൾപ്പെടെ) ഇവിടെ നിന്നും ഞങ്ങൾക്ക് ലഭിച്ചത് .ഏകദേശം അര - മുക്കാൽ മണിക്കൂറിനുശേഷം ഞങ്ങൾ വീണ്ടും
തിരിച്ചെത്തി .ഞങ്ങളുടെ ബാഗുകളിൽ മൊബൈൽഫോൺ ,പഴ്സ് എന്നിവയെല്ലാം അതേ പോലെ ഇരിക്കുന്നത് കണ്ട് ഞങ്ങൾ ആശ്വസിക്കുകയും ഒപ്പം
ആശ്ചര്യപ്പെടുകയും ചെയ്തു.കേരളത്തിൽ ഒരു തട്ടുകടയുടെ മേശപ്പുറത്ത് ഇതുപോലെ സാധനസാമഗ്രികൾ വച്ചതിനുശേഷം മണിക്കൂറുകൾക്കുശേഷം
തിരിച്ചുവന്നാൽ അത് കാണും എന്ന് എനിക്ക് യാതൊരു ഉറപ്പും നൽകാൻ സാധിക്കില്ല ,എന്നാൽ ആൻഡമാനിൽ ആ ഉറപ്പു നൽകുവാൻ അവർക്ക്
സാധിക്കുന്നുണ്ട്.
അവിടെ നിന്നും ഞങ്ങൾ അടുത്തതായി പോയത് എലിഫൻറ് ബീച്ച് (Elephant Beach )എന്ന ഒരു ബീച്ചിലേക്ക് ആണ് .അവിടേക്ക് ബോട്ട് ജെട്ടിയിൽ നിന്നും സ്പീഡ്
ബോട്ടിൽ ഏതാണ്ട് 15- 20 മിനിറ്റ് ദൂരം യാത്രയുണ്ട് .മറ്റൊരു മാർഗം, ട്രെക്കിങ് നടത്തി അവിടേക്ക് എത്തുക എന്നുള്ളതാണ് .ഗൈഡുമാർ കൂടിയേ അങ്ങോട്ടേക്ക്
ട്രെക്കിങ് നടത്തി പോകാൻ സാധിക്കുകയുള്ളൂ. എലിഫൻറ് ബീച്ചിൽ സ്കൂബ ഡൈവിങ് ഒഴികെയുള്ള ഉള്ള സാഹസിക വിനോദ സൗകര്യങ്ങളെല്ലാം
ലഭ്യമാണ്. ഇവിടെ ഏകദേശം മൂന്ന് മണിക്കൂർ സമയം ചെലവഴിക്കുവാൻ ബോട്ട് ജീവനക്കാർ അനുവദിക്കും. ഈ ബീച്ചിലെ വിനോദ പരിപാടികൾ ഒന്നാണ്
ബോട്ടം ഗ്ലാസ് ബോട്ടിലുള്ള [Bottom Glass Boat]യാത്ര.സാധാരണ ബോട്ടിന്റെ അടിഭാഗം സുതാര്യമായ ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഒരു ജലവാഹനമാണിത് .
സുതാര്യമായതിനാൽതന്നെ യാത്രചെയ്യുമ്പോൾ അടിയിലുള്ള പവിഴപ്പുറ്റുകൾ ,പവിഴപ്പുറ്റുകളെചുറ്റി ജീവിക്കുന്ന ജലജീവികൾ, മത്സ്യങ്ങൾ മുതലായവയെ
ഇതിലൂടെ കാണാൻ സാധിക്കും.സ്കൂബ ഡൈവിംഗ് നടത്തിയതിനുശേഷം വന്നതിനാൽ ഞങ്ങൾക്ക് അതിൽ വലിയ ആവേശം ഒന്നും തോന്നിയില്ല .എന്നാൽ
അതിനുമുമ്പ് ആയിരുന്നുവെങ്കിൽ ഇത് വളരെ നല്ല ഒരു അനുഭൂതി ആയിരുന്നിരിക്കും പകരുക.
മറ്റു വിനോദങ്ങളിൽ പ്രധാനം പാരാസെയിലിംഗ് [para sail]ആണ്.ഒരു ബോട്ടിൽ വലിച്ചു കൊണ്ടുപോവുകയും പിന്നീട് അത് ഒരു ഗ്ലൈഡർ പോലെ
ആകാശത്തിൽ ഉയരുകയും ചെയ്ത് ആകാശത്തിലൂടെ ഗ്ലൈഡ് ചെയ്ത് നീങ്ങുന്നതാണ് പാരാസെയ്ലിംഗ്. ഏകദേശം അര മണിക്കൂർ യാത്ര ചെയ്യാൻ 3250
രൂപയാണ് ഞങ്ങളോട് പറഞ്ഞത് . അത്രയും ഒന്നുമില്ലാതെ ഗോവ,മംഗലാപുരം മുതലായ കടൽത്തീരങ്ങളുളള സ്ഥലങ്ങളിൽ ഇത് ചെയ്യാൻ സാധിക്കും. ഞങ്ങൾ
ഒക്ടോബർ ആദ്യം ,പൂജ അവധി സമയത്ത് പോയതിനാൽ പല വിനോദസഞ്ചാര -സാഹസിക പരിപാടികളും തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.ഒക്ടോബർ
മുതലാണ് ആൻഡമാനിൽ വിനോദ സഞ്ചാര സീസൺ തുടങ്ങുന്നത്. അതിനാൽ തന്നെ ആവശ്യത്തിന് ബോട്ടുകൾ ഇല്ലാത്തതിനാൽ ടിക്കറ്റ് എടുത്ത ശേഷം
തങ്ങളുടെ ഊഴത്തിനായി വളരെ നേരം കാത്തിരിക്കണമായിരുന്നു.മൂന്ന് മണിക്കൂറിനുള്ളിൽ സഞ്ചരിക്കുവാൻ സാധ്യമാകുമോ എന്ന് സംശയം ഉള്ളതിനാൽ
parasail പദ്ധതി ഉപേക്ഷിച്ചു.അടുത്തതായി ഉണ്ടായിരുന്നത് ബോട്ടിന് പിന്നിൽ മറ്റൊരുപ്രതലത്തിൽ
ഇരുന്നു കൊണ്ടോ,നിന്നുകൊണ്ടോ നമ്മളെ കെട്ടിവലിച്ചുകൊണ്ടുപോകുന്ന ഒരു വിനോദപരിപാടിയായിരുന്നു. ഏകദേശം അരമണിക്കൂർ എങ്കിലും വരിയിൽ
നിൽക്കണമെന്ന് ആളുകളുടെ എണ്ണം കണ്ടപ്പോൾ മനസിലായതിനാൽ ഞങ്ങൾ പിൻമാറുകയാണുണ്ടായത്. ഏകദേശം രണ്ടു മണിക്കൂർ സമയം ഞങ്ങൾ അവിടെ
ചെലവഴിച്ച ശേഷം വീണ്ടും പ്രധാന ബോട്ട് ജെട്ടിയിലേക്ക് തിരിച്ചു.
ഹാവ് ലോക് ദ്വീപിൽ ഞങ്ങൾ നാലു പേർക്കായി രണ്ട് ഇരുചക്ര വാഹനങ്ങൾ ദിവസ വാടകയ്ക്ക് എടുത്തിരുന്നു .ഒരു ദിവസം 500 രൂപ എന്ന നിലയിലാണ്
24മണിക്കൂർ സമയത്തേക്ക് വാടകയ്ക്ക് ലഭിക്കുക .വാഹനവുമായി എൻറെ സുഹൃത്ത് വന്നെങ്കിലും എനിക്ക് പെട്രോളടിക്കാൻ പെട്രോൾ ബങ്ക് വരെ
എത്താൻ പോലും സാധിച്ചില്ല, അതിനുള്ളിൽത്തന്നെ പെട്രോൾ തീർന്നു പോയി. (അവിടെ ഒരു പെട്രോൾ ബങ്ക് മാത്രമേയുള്ളൂ. അത് ദ്വീപിന്റെ ഏതാണ്ട്
മധ്യഭാഗത്തായാണ് നിലകൊള്ളുന്നത്.അതിനുമുമ്പ് നമ്മുടെ റാഷൻ കട (പൊതു വിതരണ സംവിധാനം) പോലെയുള്ള ഒരു കട ഉണ്ട് .ഒരു സ്വകാര്യ വ്യക്തി
അല്പം വില കൂട്ടി പെട്രോൾ നൽകുന്നതാണ് ).
സുഹൃത്തിന്റെ ഇരുചക്രവാഹനത്തിൽ പെട്രോൾ ലഭിക്കുന്ന അവിടം വരെ എത്തുകയും കുപ്പിയിൽ ഇന്ധനം നിറച്ച് തിരിച്ചെത്തുകയും ചെയ്തു. ഹാവ്
ലോക് ദ്വീപിലെ ഏറ്റവും സുന്ദരമായ ബീച്ചാണ് രാധനഗർ ബീച്ച്. ടൈം മാഗസിൻ 2004 ൽ ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ച് ആയി തെരഞ്ഞെടുത്ത ബീച്ച്
ആയിരുന്നു രാധാനഗർ ബീച്ച് .ബീച്ചുകൾ പലതും അവിടെ അറിയപ്പെടുന്നത് സംഖ്യകളിലാണ് .ബീച്ച് നമ്പർ 7 എന്നാണ് രാധാനഗർ ബീച്ച് അറിയപ്പെടുന്നത്
.ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും കൃത്യം 5 മണി .ബീച്ച് പരിസരത്തായി കോസ്റ്റ് ഗാർഡുണ്ട്.ആൻഡമാനിൽ
5 മണിയോടെ സൂര്യനസ്തമിക്കുവാൻ തുടങ്ങും. ബീച്ചിൽ
5 മണി വരെയേ വെള്ളത്തിൽ ഇറങ്ങുവാൻ സഞ്ചാരികളെ അനുവദിക്കുന്നുള്ളൂ .സഞ്ചാരികൾ അഞ്ചിനും, അഞ്ചരയ്ക്കും ഇടയിൽ വെള്ളത്തിൽ നിന്നും
പൂർണമായി പുറത്തിറങ്ങുകയും അസ്തമയസൂര്യൻ കാണുകയും ചെയ്യുന്നു .സൂര്യാസ്തമയം കാണുവാൻ ഞങ്ങൾക്ക് സാധിച്ചു .
അവിടെനിന്നും ഒരു റസ്റ്റോറന്റിലേക്ക് കടൽ വിഭവങ്ങൾ - Sea food - കഴിക്കുവാനായി ഞങ്ങൾ പുറപ്പെട്ടു .ഒരു തുറന്ന റസ്റ്ററന്റ്. അവിടെ ഒരു മൂലയിൽ
ഗിറ്റാറിൽ സംഗീതം ആലപിക്കുന്ന ഒരു യുവാവ്. റസ്റ്റോറന്റിൽ ആവശ്യമെങ്കിൽ മദ്യവും ലഭ്യമാണ് .ഇംഗ്ലീഷിൽ King fish എന്നറിയപ്പെടുന്ന മീനാണ് പൊതുവേ
ആൻഡമാനിലെ എല്ലാ റസ്റ്ററന്റുകളിലും സുലഭമായി കിട്ടുന്ന മത്സ്യ വിഭവം. ആ റസ്റ്ററൻറിൽ Lobster മുതലായവയും കിട്ടുമായിരുന്നു.Lobster ന്റെ തലച്ചോർ
തൊണ്ടയിലാണ്, നാഡീവ്യൂഹം വയറ്റിലും, പല്ലുകൾ ഉദരത്തിലും ,വൃക്കകൾ തലയിലും. കാലുകൊണ്ട് കേൾക്കുകയും, പാദങ്ങൾ കൊണ്ട് രുചിയറിയുകയും
ചെയ്യുന്ന വിചിത്ര ജീവി. ജീവനോടെ ഉള്ള അതിൻറെ വലിയ കൈകാലുകൾ കെട്ടി വെച്ച് ഞങ്ങളെ കാണിച്ചിരുന്നു എന്നാൽ അത് കഴിക്കാൻ സാധിക്കുമോ
എന്ന് സംശയം ഉള്ളതിനാൽ ഞങ്ങൾ മത്സ്യം തന്നെ ഓർഡർ ചെയ്തു .ഒരു വലിയ മത്സ്യത്തിൻറെ വില 1300 രൂപ ആണ്. സീഫുഡ് ആണ് വളരെയധികം
ആവശ്യക്കാരുള്ള വിഭവം.ദ്വീപുകൾ ആയതിനാൽ വില കുറവൊന്നും പ്രതീക്ഷിക്കാൻ ആവുകയില്ല ,എന്നാൽ നമ്മുടെ നാട്ടിലെ വിലയേ കോഴി പോലുള്ള
മാംസ വിഭവങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. താമസിക്കുന്ന ഹോട്ടലിൽ തന്നെ ഭക്ഷണം കഴിച്ചാൽ നമ്മുടെ നാട്ടിലെ ത്രീ സ്റ്റാർ ഹോട്ടലിൽ ഉള്ള വിലയേ
ഉണ്ടാവുകയുള്ളൂ .ഹോട്ടലിൽ നിന്നും ഭക്ഷണശേഷം കടൽ തീരത്തിന് ചുറ്റുമുള്ള കണ്ടൽ ചെടികളുടെ ഇടയിൽ കൂടി ഞങ്ങൾ കുറച്ച് നേരം കുറച്ചുനേരം
ചിലവഴിക്കുകയും തിരിച്ചു പോവുകയും ചെയ്തു. രാത്രിയിൽ കണ്ടൽചെടികൾക്ക് സമീപം തങ്ങുക എന്നു പറയുന്നത് വളരെയധികം അപകടം പിടിച്ച ഒരു
സംഗതിയാണ് എന്ന് ഞങ്ങൾക്ക് അപ്പോഴും അറിയില്ലായിരുന്നു. പിറ്റേന്ന് തിരിച്ചുപോയ ക്രൂസ് ഷിപ്പിലെ വീഡിയോ ക്ലിപ്പിൽ ആണ് ആണ് ഇത്തരം
കണ്ടൽക്കാടുകൾക്കിടയിൽ ഉപ്പുജല മുതലകൾ ഉണ്ടാകാമെന്നും അവയെ സൂക്ഷിക്കണമെന്നും ഉള്ള അറിയിപ്പ് കാണുന്നത് . ഒരിക്കൽ അത്തരമൊരു
ആക്രമണത്തിൽ ഒരു വിദേശി മരണപ്പെടുക വരെ ചെയ്തിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഞങ്ങൾ അമ്പരന്നു പോയതോടൊപ്പം ,അപകടമൊന്നും
സംഭവിക്കാത്തതിനാൽ ആശ്വസിക്കുകയും ചെയ്തു .
പിറ്റേ ദിവസത്തെ പരിപാടികൾ പദ്ധതിയിടുന്നതിനിടയിലാണ് സുഹൃത്ത് ഡോണിൻറെ പഴയ മേലുദ്യോഗസ്ഥൻ പി.എം.ജെയിൻ സർ വിളിക്കുന്നത്
.അദ്ദേഹമിപ്പോൾ മിലിട്ടറി എൻജിനീയർ സർവീസിൽ ആൻഡമാനിൽ ജോലിചെയ്യുകയാണ്.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാധാനഗർ ബീച്ചിൽ
സൂര്യാസ്തമയം മാത്രമേ ഞങ്ങ
കണ്ടുള്ളൂ എങ്കിൽ അതൊരു നഷ്ടം ആയിരിക്കും, പിറ്റേദിവസം തീർച്ചയായും അവിടെ പോകണം എന്നും, ബീച്ചിൽ കുളിക്കണം എന്നും അദ്ദേഹം പറഞ്ഞു.
അതിൻ പ്രകാരം പിറ്റേദിവസം ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചിൽ ലഭിക്കുവാൻ പോകുന്ന അനുഭൂതിയുടെ ഉൾപ്പുളകത്തോടെ ഞങ്ങൾ
ഉറങ്ങുവാനായി കിടന്നു.
(തുടരും...)