Archives / 2020 january

ധനിഷ് ആൻറണി
ആൻഡമാനിലെ അത്ഭുതങ്ങളിലേക്ക് ഒരു യാത്ര ഭാഗം 1: സഞ്ചാരികളുടെ വിനോദ തീരം -ഹാവ

           2019ലെ പൂജ അവധിക്കാലത്ത് ഏതെങ്കിലും പുതിയ സ്ഥലം സന്ദർശിക്കണമെന്ന ആഗ്രഹവുമായാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ കൂടുതൽ വിശദമായി പഠിക്കുന്നത്. അത് അവസാനം ചെന്നെത്തിയത് ഇന്ത്യയുടെ മെയിൻ ലാൻഡ്മായി  വളരെ അകലത്തിൽ സ്ഥിതി ചെയ്യുന്ന,എന്നാൽ സമീപ രാജ്യങ്ങളായ മാൻമാർ ,ഇൻഡോനേഷ്യ മുതലായവയുമായി ഇരുന്നൂറിൽപ്പരം കിലോമീറ്ററുകൾ മാത്രം  ദൂരത്തിൽ സ്ഥിതി ചെയ്യുന്നതുമായ ആൻഡമാൻ ദ്വീപുകളിലായിരുന്നു.

 


                തമിഴ്നാട്ടിലെ ചെന്നൈയിൽനിന്നും  ഏകദേശം 1200 കിലോമീറ്ററുകൾ ആണ് ആൻഡമാനിലേക്ക് ഉള്ളത് , എന്നാൽ ഇന്തോനേഷ്യയിലെ സുമാത്രയുമായി 150 കിലോമീറ്റർ പോലും ദൂരമില്ല , ഇന്ത്യയുടെ അയൽരാജ്യമായ മ്യാൻമാറുമായി 190 കിലോമീറ്റർ ദൂരം
മാത്രമേ  ഉള്ളൂ . ഇന്ത്യൻ ഭരണം നിലനിൽക്കുന്ന ഏറ്റവും അകലെയുള്ള പ്രദേശമാണ് ആൻഡമാൻ ദ്വീപുകളും-നിക്കോബാർ ദ്വീപുകളും.  ആൻഡമാൻ തലസ്ഥാനമായ പോർട്ട് ബ്ലെയറിലേക്ക് വിമാനമാർഗം ആയോ, കപ്പൽ മാർഗ്ഗമോ ആൻഡമാനിലേക്ക് ഉള്ള സഞ്ചാരം സാധ്യമാണ് .ഹൈദരാബാദിൽ നിന്നും ആൻഡമാനിലെ
പോർട്ട് ബ്ലെയർലേക്ക് വിമാനമാർഗം  ഉള്ള ഞങ്ങളുടെ യാത്ര  അങ്ങനെ ആരംഭിച്ചു.
              ആൻഡമാൻ-നിക്കോബാർ ദ്വീപുകളെന്നത് മൊത്തം 572 ദ്വീപുകളുടെ ഒരു ദ്വീപ സമൂഹമാണ് .അതിൽ വെറും 37 എണ്ണം മാത്രമേ സ്ഥിരമായി മനുഷ്യവാസമുള്ളതായിട്ടുള്ളൂ .നിക്കോബാർ ദ്വീപുകളിലേക്ക് സഞ്ചാരികളെ അധികം പ്രവേശിപ്പിക്കാറില്ല എന്നാണ്  ആൻഡമാനിലെ മനുഷ്യർ പറഞ്ഞ് അറിയാൻ
കഴിഞ്ഞത് .അവിടെ തദ്ദേശികളായ ആദിവാസികളും ,ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ ചില ഗവേഷണങ്ങളും ആണ് നടക്കുന്നത്  .ഇന്ത്യയുടെ കര - നാവിക വ്യോമ സേനകൾ മൂന്നും ഒരൊറ്റ കമാൻഡിന്റെ കീഴിൽ  കഴിയുന്നത് ഇവിടെ മാത്രമാണ്.
             പോർട്ട് ബ്ലെയർനോട് അടുക്കുമ്പോൾ വിമാനം താഴ്ന്നു പറക്കുമ്പോൾ തന്നെ   പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട ചെറിയ ചെറിയ ദ്വീപുകൾ ആകാശ കാഴ്ചയിൽ തന്നെ നമുക്ക് കാണുവാൻ സാധിക്കും. നീലാകാശത്തിനു കീഴേ നീലക്കടലിൽ വെള്ളാരം കല്ലുകളെന്ന് തോന്നിപ്പിക്കുന്ന പവിഴപ്പുറ്റുകളും  അത് വലയം ചെയ്ത് നിൽക്കുന്ന പച്ചപ്പ് നിറഞ്ഞ ചെറുഭൂമികയും സഞ്ചാരികൾക്ക്  നവ്യാനുഭൂതിയാണ് നൽകുന്നത് .പോർട്ട് ബ്ലെയർ വിമാനത്താവളം വളരെ ചെറിയ ഒരു വിമാനത്താവളമാണ് .അടിസ്ഥാന സൗകര്യങ്ങൾ മാത്രം.അവിടെ നിന്നും  ഒരു ടാക്സിയിൽ അടുത്തുള്ള തുറമുഖത്ത് എത്തിച്ചേരുകയും, തുറമുഖത്തുനിന്നും ഏകദേശം 40 കിലോമീറ്റർ അകലെയുള്ള  പ്രധാനപ്പെട്ട വിനോദസഞ്ചാര ദ്വീപായ ഹാവ്ലോക്ക് ഐലൻഡ് ( havelock island)അഥവാ  സ്വരാജ് ദ്വീപിലേക്ക് കപ്പൽമാർഗം ഞങ്ങൾ യാത്ര  പുറപ്പെട്ടു. 
                        സർക്കാർ ഉടമസ്ഥതയിലുള്ള Bambuka എന്ന് പേരുള്ള ഒരു കപ്പൽ ആയിരുന്നു
അത്. (Bambuka ആൻഡമാനിലെ ഒരു ദ്വീപിന്റെ പേരാണ്). ദ്വീപ് നിവാസികൾ അവരുടെ യാത്രയ്ക്കും,സാധനസാമഗ്രികൾ കൊണ്ടുവരുന്നതിനായും ഉപയോഗിക്കുന്ന  ഒരു മാർഗമാണ് ഈ കപ്പൽ. ഇതിൽ ടൂറിസ്റ്റുകൾ ആയിട്ടുള്ളവർക്ക് ഏകദേശം 650 രൂപ ഈടാക്കുമ്പോൾ ദ്വീപു നിവാസികൾക്ക് ഏതാണ്ട് 30 രൂപയേ ചെലവാകയുള്ളൂ. പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഉള്ളുവെങ്കിലും 
കപ്പൽ മേൽത്തട്ടിൽ കടൽക്കാറ്റേറ്റ് ചുറ്റിനുമുള്ള ദ്വീപസമൂഹങ്ങൾ നേരിൽ കണ്ടു കൊണ്ട് യാത്ര ചെയ്യുകയെന്നത് വളരെ നല്ല അനുഭൂതിയായിരുന്നു.
                     Havelock island ന്റെ നാമധേയം 2018 ൽ സ്വരാജ് ദ്വീപ് എന്ന്  ഇന്ത്യ ഗവൺമെൻറ് മാറ്റുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി, ഇന്ത്യയുടെ ഏതെങ്കിലുമൊരു  പ്രദേശം സ്വതന്ത്രമായതായി  ആദ്യം പ്രഖ്യാപിച്ചത് ആൻഡമാൻ ദ്വീപുകളിൽ ആണ് .അതിനാലാണ് ഈ പേര് വന്നത്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ  ജപ്പാൻ സഹായത്തോടെ സുഭാഷ് ചന്ദ്ര ബോസ് ഇവിടെ സ്വയംഭരണാധികാര സ്വഭാവത്തോടുകൂടിയ ഒരു ഭരണസംവിധാനം ഏർപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു. ഹാവ്ലോക്ക് ദ്വീപിലേയ്ക്ക് ഏകദേശം രണ്ടു മണിക്കൂർ യാത്രയായിരുന്നു ഉണ്ടായിരുന്നത്. ഏതാണ്ട് അഞ്ചു മണിയോടുകൂടി ഞങ്ങൾ അവിടെ എത്തിച്ചേർന്നു.   ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വച്ച് നോക്കിയാൽ വൈകുന്നേരത്തെ നല്ല വെളിച്ചമുള്ള സമയം ആകണം അത്. എന്നാൽ ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എന്നപോലെ പോലെ ആൻഡമാനിലും അഞ്ചരയോടെ കൂടി രാത്രിയാവും .തുറമുഖത്തിന് (ബോട്ട് ജെട്ടി ) ഏറ്റവും അടുത്തുള്ള  ഒരു റസ്റ്റോറന്റിൽ എന്തെങ്കിലും കഴിക്കുവാനായി കയറി .എന്നാൽ  വളരെ കൂടിയ തുകയ്ക്കുള്ള ഉള്ള ഭക്ഷണ സാധനങ്ങൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് .ആൻഡമാൻ പൊതുവേ സഞ്ചാരികൾക്ക് ചിലവേറിയതാണ്.റെസ്റ്ററന്റുകളിലെ ഭക്ഷണം നമ്മുടെ നാട്ടിലേതുമായി താരതമ്യം ചെയ്താൽ 3 Star - 5 star ഹോട്ടൽ വിലനിലവാരത്തിലുള്ളവയാണ്.ആൻഡമാനിലേക്കുള്ള യാത്ര വളരെ ചിലവേറിയതാണ് എന്നതാണ് എല്ലാ സഞ്ചാരികളുടെയും പ്രധാന പരാതി .പണ്ടുകാലം മുതലേ,  വിമാന മാർഗ്ഗ സഞ്ചാരം വളരെ ചിലവേറിയതാണ് .ഉദാരവൽക്കരണത്തിന് ശേഷം വ്യോമഗതാഗതം വളരെ മാറ്റങ്ങൾക്ക് വിധേയമായി എങ്കിലും താരതമ്യേന മറ്റു പ്രദേശങ്ങളേക്കാൾ കൂടിയ യാത്രാനിരക്കാണ് ഇന്നും ആൻഡമാനിലേക്ക് വിമാന കമ്പനികൾ ഈടാക്കുന്നത് .ഇവിടുത്തെ മറ്റൊരു പ്രത്യേകത  യാതൊരുവിധ വാർത്താവിനിമയ സംവിധാനത്തിനും എളുപ്പമുള്ള മാർഗ്ഗമില്ല എന്നതാണ് .സാറ്റലൈറ്റ് വഴിയാണ് മൊബൈൽഫോൺ സേവനങ്ങൾ എന്നതിനാൽ  മൂടിക്കെട്ടിയ കാലാവസ്ഥയിൽ  വാർത്താവിനിമയ സംവിധാനങ്ങൾ ഫലപ്രദമാകില്ല. ഇന്നും ആൻഡമാനിൽ 2G നെറ്റ്‌വർക്ക് മാത്രമാണ് നിലനിൽക്കുന്നത് എന്നതാണ്  അതിശയിപ്പിക്കുന്ന മറ്റൊരു
 കാര്യം .ഏതായാലും പുറം ലോകത്തെ തിരക്കുകളിലും, ബഹളങ്ങളിലും നിന്നും താൽകാലികമായ വിട വേണ്ടവർക്ക് പറ്റിയ ഇടമാണിത്. 
                    അവിടെനിന്നും ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു കൊണ്ട് ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് പോയി .ഹോട്ടലിൽ ചെന്ന് ചോദിക്കുമ്പോൾ ആണ് അറിയുന്നത് ആൻഡമാനിൽ ഒരിടത്തും തന്നെ മോഷണമോ ,പിടിച്ചുപറിയോ ഒന്നുമില്ല . സാധനങ്ങൾ എവിടെ വേണമെങ്കിലും വെക്കുകയോ ,കാത്തുസൂക്ഷിക്കുകയോ ചെയ്യുന്നതിന് യാതൊരു പ്രശ്നവുമില്ല .സ്വരാജ് ദ്വീപ് എന്നത് വലിയ ഒരു കരപ്രദേശം അല്ല .10 -20  കിലോമീറ്റർ മീറ്റർ നീളവും അതിൻറെ പകുതിയോളം വീതിയുമുള്ള ഒരു ചെറിയ ദ്വീപ് .അതിലൂടെ ഒരു റോഡ് മാത്രം .ദ്വീപിന്റെ ഏതാണ്ട് പകുതിയാവുമ്പോൾ റോഡ് രണ്ടായി പിരിയുന്നു .ഇരുചക്രവാഹനങ്ങളിലെ ഡ്രൈവർക്ക് ഹെൽമറ്റ് ഉണ്ട് എന്നതു മാത്രമല്ല, പിന്നിലുള്ള യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധിതമാണ് .എല്ലാവരും അതുപയോഗിക്കുന്നുണ്ട് ,ആളുകൾ കുറവായതിനാൽ നിയമ സംവിധാനവും വളരെ ശക്തമാണ് ,അവ പാലിക്കപ്പെടാൻ എല്ലാവരും നിർബന്ധിതരാവുന്നു അല്ലെങ്കിൽ എല്ലാവരും അതിനു തയ്യാറാകുന്നു. എന്തായാലും രാത്രിയിൽ ദ്വീപ് ചുറ്റി കാണണമെന്ന ആഗ്രഹവുമായി ഞങ്ങൾ ഹോട്ടലിൽ നിന്നും പുറത്തേക്കിറങ്ങി .അപ്പോൾ ഒരു
ടെമ്പോട്രാവലർ ഇലക്ട്രോണിക് ബോർഡുമൊക്കെയായി വന്നു നിന്നു. സർക്കാർ പൊതുഗതാഗത സംവിധാനമാണ് അത്.എസി ഉള്ള ഒരു ടെമ്പോ ട്രാവലർ ,അതിൽ കയറി അവസാന സ്റ്റോപ് വരെ പോകട്ടെ എന്ന്  പറഞ്ഞപ്പോൾ സഞ്ചാരികളാണ് ഞങ്ങൾ
എന്ന് മനസ്സിലാക്കിയ  കണ്ടക്ടർ ഞങ്ങളോട് ആൻഡമാനിൽ രാത്രിജീവിതം - Night life - ഇല്ല എന്ന് സൂചിപ്പിച്ചു .6 നു രാത്രിയാകും അതിനുശേഷം ഒരു ഏഴരയോടെ എല്ലാവരും അവനവൻറെ  വീടുകളിലേക്ക് മടങ്ങുകയും വീടുകളിലെ രാത്രികാല ജീവിതം നയിക്കുകയുമാണ് ചെയ്യുന്നത്.
             എന്തായാലും സർക്കാർ പൊതുഗതാഗതവാഹനത്തിൽ ഞങ്ങൾ ആ ദിലീപിൻറെ അങ്ങേയറ്റത്ത് നിന്നും ഇങ്ങേ അറ്റത്തേക്ക് രാത്രികാല സഞ്ചാരം നടത്തി. എന്നാൽ രാത്രികാല സഞ്ചാരത്തിന് ഒട്ടും യോഗ്യമായിരുന്നില്ല ആ ദ്വീപ്. കാരണം നമ്മുടെ നാട്ടിലെ പോലെ സ്ട്രീറ്റ് ലൈറ്റ്  സംവിധാനമോ, വീടികളിലെ വെളിച്ചം വഴിയിലേക്ക് വരികയോ , ഒന്നും തന്നെ ചെയ്യുന്നുണ്ടായിരുന്നില്ല .അതിനാൽ തന്നെ ചുറ്റിനും കൂരിരുട്ടു മാത്രമേ കണ്ടെത്താൻ സാധിച്ചുള്ളൂ ,എങ്കിലും ഞങ്ങൾക്ക് ആ രാത്രിയിൽ മനസ്സിലാക്കാൻ സാധിച്ചത് കേരളത്തിനു സമാനമായ ഭൂപ്രകൃതിയാണ് അവിടെ ഉണ്ടായിരുന്നത് എന്നാണ്. കമുക്, തെങ്ങ്, പാടങ്ങൾ ഒക്കെയായിരുന്നു ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. അവിടിവിടെ ചെറിയ വീടുകൾ കാണാമായിരുന്നു .ഏതായാലും അന്നത്തെ യാത്ര അവിടെ ഞങ്ങൾ അവസാനിപ്പിക്കുകയും ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു .പിറ്റേദിവസം നടത്താനിരിക്കുന്ന SCUBA ഡൈവിംഗ് ഒരേസമയം ഞങ്ങളെ രസം കൊള്ളിക്കുകയും , ആശങ്ക ഉണ്ടാക്കുകയും ചെയ്തു .എന്റെ സുഹൃത്ത് ഡോണിനും, എനിക്കും അത് ആവേശമായിരുവെങ്കിൽ എൻറെ ഭാര്യ കടലിൽനിന്നും സ്രാവ് പോലുള്ള ജീവികളുടെ ആക്രമണം ഉണ്ടാകുമോ എന്ന്  കാര്യമായ രീതിയിൽ ഭയപ്പെട്ടിരുന്നു. എന്തായാലും പിറ്റേദിവസം ആകുന്നതിനായി ഞങ്ങൾ കാത്തിരുന്നു.എന്നാൽ സ്രാവ് അല്ല മറ്റൊരു ഭീകരജീവിയാണ് സഞ്ചാരികൾക്ക് ഭീഷണിയെന്നത് അപ്പോൾ ഞങ്ങൾക്കറിയില്ലായിരുന്നു.

(തുടരും....)

 

Share :