Archives / December 2019

ഷുക്കൂർ ഉഗ്രപുരം
പേറ്റ്നോവ്

ഇടതടവില്ലാതെ രാത്രിമഴ പെയ്തു കൊണ്ടേയിരുന്നു.മുനിഞ്ഞ് കത്തുന്ന തെരുവ് വിളക്കിൻ പ്രതിബിംബ വെളിച്ചത്തിൽ പുഴക്ക് മീതെ ഗസൽ മീട്ടി ഓരോ മഴത്തുള്ളിയും നൃത്തമാടി. 

ഒഴുകുന്ന നദിയിൽ ആനന്ദ സ്നാനം കഴിഞ്ഞ് മൽസ്യങ്ങളിലെ ‘ആണുങ്ങൾ’സ്വഭവനങ്ങളിലേക്ക് തിരിച്ചു നീന്തി. തുടുത്ത മേനിയും, ഉന്തിയ വയറും, നിറഞ്ഞ മാറുമായി ഒഴുകുന്ന നദിക്ക്  കുറുകെസ്ത്രീകൾ കൂട്ടം കൂട്ടമായി നീന്തിത്തുടങ്ങി, ഒഴുക്ക് കുറഞ്ഞ കരയോട് ചേർന്ന ഭാഗത്തേക്കവർ നീന്തിയടുത്തു. 
ഒരു വിധം മറയുള്ള കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കുന്ന  സ്വകാര്യതയുടെ സുരക്ഷിത ഇടം അവർ കണ്ടെത്തി,  വിവസ്ത്രരായ് പ്രസവിക്കാനൊരുങ്ങി; ഉടനെ കരയിൽ പതുങ്ങിയിരുന്ന പുരുഷന്മാർ അവരുടെ  നഗ്നതയിലേക്ക് രൂക്ഷമായ ടോർച്ചിൻ വെട്ടം അടിച്ചുകയറ്റി, ഊരിപ്പിടിച്ച കത്തിയും വലയുമായി അവർക്ക് മേലെചാടി വീണു, അവരുടെ മാറിടങ്ങൾ മുറിച്ചുമാറ്റി, നിറവയറുകൾ കുത്തിക്കീറി ഭ്രൂണമെടുത്ത് അഗ്നിയിൽ വേവിച്ച് കഴിച്ചു ദുഷ്ടൻമാർ.

മൃഷ്ടാന്ന ഭോജനത്തിനുശേഷം രാത്രിയുടെ കവിതയെ മൂടിപ്പുതച്ച് വിശ്വമാനവികതയുടെ റോസാദളം വിരിച്ച മെത്തയിൽ കിടന്നവർ നിദ്ര പൂണ്ടു.

ഞങ്ങൾ റെഫ്രിജറേറ്ററിലെ ഫ്രീസറിൽ കിടന്ന് പൊട്ടിക്കീറിയ വയറിലെ നോവ് കടിച്ചമർത്തി ഞങ്ങളുടെ കുഞ്ഞുങ്ങളെയോർത്ത് കണ്ണീർ പൊഴിച്ചു.

ഒരമ്മയുടെ പേറ്റുനോവറിയാത്ത ഒരു വീട്ടമ്മ രാവിലെ കറിക്കായി ഞങ്ങളെയെടുത്ത് ആവി തിളച്ച് പൊന്തുന്ന ജലത്തിലേക്കിട്ടു, എല്ലാം ഒരു നിമിഷംകൊണ്ടവസാനിച്ചു!!

Share :