Archives / December 2019

 തിരുമല ശിവൻകുട്ടി
കവിതാക്ഷരങ്ങൾ

 

 .                                                         

കുത്തഴിഞ്ഞുളെളാരു നിൻ ജീവിത പുസ്തക -
ത്താളിലായക്ഷരത്തെറ്റുകൾ കൂടുന്നു.
വെങ്കിലും കത്തുന്ന കവിതാക്ഷരങ്ങളെൻ
മനക്കണ്ണിലഗ്നിവർഷിക്കുന്നു നിത്യം.

വെയിൽ കത്തിയെരിയുന്ന വേനലിൽ നീ
ചിറകറ്റ ചേക്കാറാ പക്ഷിയായ് പാറും
നിന്നുടെ പാട്ടുകൾ കൂയിൽ ചെയ്യും നാദം ചങ്കിലൊഴുകുന്ന ചൂടു നിണ ഗാനം

ഇരട്ടച്ചുഴിയാൽ പിറന്നു നീ ഭൂവിൽ
ഇരന്നുണ്ണുവാനല്ലോ നിനക്കു യോഗം
ഇനിയെന്റെ കൂട്ടുകാർ മരിച്ചവരെന്ന്
എഴുതി വച്ചിത്രേ ശവ മുറിയിൽ വാണു.

മാളമില്ലാതെ നീ ഇഴയുന്നതെങ്ങോ
മാനവരില്ലേ നിനക്കെന്നും കൂട്ടായ്.
ജയിൽ മുറ്റത്ത് നീ നട്ട സൂര്യകാന്തി -
വെയിലേറ്റു കരിഞ്ഞുണങ്ങിയോ ,ക വേ!

കയ്യിലെ മൺ വീണാതന്ത്രികൾ മീട്ടി
കണ്ണുനീരിൽ പാട്ടുകൾ പാടി നീ മണ്ണിൽ
അലഞ്ഞു നടന്നു അവധൂതനെപ്പോൽ
കൈരളി തൻ  പ്രിയ കാവ്യ തനയനായ്

കരളിലും കുപ്പായ കൈമടക്കിലും
കവിതയുമായ് നീ കാലം കഴിക്കവേ ,
ഉമിത്തീയിലുരുകിയ പൊന്നുപോലെ
ഉജ്ജ്വലിക്കുന്നു നിൻ രചനയോരോന്നും!
 

Share :