Archives / December 2019

ശാന്തൻ
ഇരുപത്തിനാലു വർഷത്തെ എന്റെ ഐ.എഫ്.എഫ്. കെ. അനുഭവങ്ങൾ .....

ഐ.എഫ്. എഫ്.കെ. ഒരു മായിക പ്രപഞ്ചമാണ്. സിനിമയും കലാകാരന്മാരും കാഴ്ചക്കാരായ കൂട്ടുകാരും  ഒത്തുചേർന്നൊരു മായാപ്രപഞ്ചം. കലയുടെ ആ വന്യലോകം കാഴ്ചക്കാരുടെയും ,നിറങ്ങളുടെയും ,പ്രണയത്തിന്റെയും വിരഹത്തിന്റെയും കാമത്തിന്റെയും പട്ടിണിയുടെയും പലായനത്തിന്റെയും യുദ്ധത്തിന്റെയും ഭ്രാന്തുപിടിച്ച ഓർമ്മകളാണ്. എങ്ങനെയൊ തുടക്കം മുതൽ ഞാൻ അതിൽപ്പെട്ടു. 1994-ൽ കോഴിക്കോടു നടന്ന ആദ്യമേള മുതൽ ഇതുവരെയുള്ള മേളയുടെ ഓർമ്മകൾ മറക്കാനാവാത്തതാണ്. കൈമോശം വരാതെ സൂക്ഷിച്ച തുടക്കം മുതലുള്ള ഫെസ്റ്റിവൽ ബുക്കുകളും ,ബുള്ളറ്റിനകളും സിനിമ അനുഭവങ്ങളുടെ കുറിപ്പുകളും. 

         1994 ഡിസംബർ 17 മുതൽ 23-വരെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ കോഴിക്കോടു വെച്ചായിരുന്നു ആദ്യമേള നടന്നത്. 

           ലോക ക്ലാസിക്കുകളുടെ ഒരു പ്രദർശനോത്സവമായിരുന്നു ആദ്യത്തെ മേള. സി.വി.രാമൻപിള്ളയുടെ നോവലിനെ അധികരിച്ച് പി.വി.റാവു സംവിധാനം ചെയ്ത നിശബ്ദചിത്രമായ മാർത്താണ്ഡവർമ്മയായിരുന്നു ഉദ്ഘാടന ചിത്രം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.കെ.കരുണാകരൻ ആയിരുന്നു ചിലച്ചിത്രോത്സവം കോഴിക്കോട്ടെ ടാഗൂർ തിയേറ്ററിൽ വെച്ച് നിറഞ്ഞ സദസ്സിൽ തിരികൊളുത്തി ഉദ്ഘാടനം ചെയ്തത് .  ഉത്ഘാട സമ്മേളനത്തിൽ കെ.എസ്.എഫ്.ഡി എം.ഡി.കെ.ജയകുമാർ , ഫെസ്റ്റിവൽ ഡയറക്ടർ പി.കെ.നായർ ,കെ .എസ് .എഫ്.ഡി .സി . ചെയർമാനും നടനുമായ പി.സുകുമാരൻ ,നടൻ കെ.പി.ഉമ്മർ പി.വി.ഗംഗാധരൻ ,നടി ശാന്തികൃഷ്ണ ,സംവിധായകൻ രാജീവ് നാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. നാഷണൽ ഫിലിം ആർക്കെവ്സിൽ നിന്നും എൻ.എഫ്.സി.സിയിൽ നിന്നും എംബസികളിൽ നിന്നുമാണ് അന്ന് ചിത്രങ്ങൾ സംഘടിപ്പിച്ചത്. ഐ.എഫ്. എഫ് .കെ .യുടെ ശൈശവകാലമായി രുന്നെങ്കിലും ഇത്രയും ക്ലാസ്സിക് സിനിമകളുടെ ഒരുമിച്ചുള്ള കാഴ്ച പ്രബുദ്ധമായ ഒരു സിനിമാസ്വാദനം കേരളത്തിൽ സ്രഷ്ടിച്ചെടുത്തു .

                                                                       

            മൃണാൽ സെൻ സന്നിഹിതനായിരുന്ന രണ്ടാം ചലച്ചിത്രമേള 1995 നവംബർ 1 മുതൽ 7വരെ തിരുവനന്തപുരത്തു വച്ചായിരുന്നു.  സമകാലിക ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഹംഗേറിയൻ ചിത്രങ്ങളായ വോയ്സെക് ,ഓൺ ദത്ത് റോ ,കോറിയൻ ചിത്രങ്ങളായ റോസി ലൈഫ് എന്നിവ വേറിട്ട അനുഭവമായിരുന്നു. രണ്ടാം ലോക മഹായുദ്ധ സിനിമകളുടെ ഒരുമിച്ചുള്ള പ്രദർശനം വിവിധ രാജ്യങ്ങളുടെ കാഴ്ചപ്പാടുകൾ പ്രദാനം ചെയ്തു

          ഒരേ ചരിത്രവും സംസ്കാരവും സാമ്പത്തിക സ്ഥിതിയും .വിധിയും അനുഭവിക്കുന്ന മനുഷ്യരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുക എന്നതാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലക്ഷ്യമെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ പി.ഗോവിന്ദപ്പള്ളയുടെ പ്രഖ്യാപനത്തോടെ ആരംഭിച്ച മൂന്നാം ചലച്ചിത്രമേള ആഫ്രോ-ഏഷ്യൻ, ലാറ്റിനമേരിക്കൻ സിനിമകളുടെ ഉത്സവമായി. രണ്ടു ചലച്ചിത്രമേളയ്ക്കശേഷം മുടങ്ങിക്കിട ന്ന മേള 1998 ഏപ്രിൽ 5മുതൽ 12 വരെ തിരുവനന്തപുരത്ത് വെച്ചായിരുന്നു നടന്നത്.  അക്കാലത്താണ് ബീനാ പോൾ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയായി. ഷാജി.എൻ.കരുൺ ഫെസ്റ്റിവെൽ ഉപദേഷ്ടാവായി.
         അക്സാണ്ടർ ഡൊകറോവിന്റെ അമ്മയും മകനും ഒമർ കപൂറിന്റെ ദ സീക്രട്ട് ഫെയ്സും ഗബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ രചനകളെ ആസ്പദമാക്കി നിർമ്മിച്ച അപകടകരമായ പ്രണയങ്ങളും മേളയിലെ വേറിട്ട അനുഭവങ്ങളായിരുന്നു.

                                                                     

 

           1998-ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് രൂപം നൽകിയ ശേഷം ഒരു മത്സര മേളയായി ഐ.എഫ്. എഫ്.കെ നടത്തണമെന്ന് തീരുമാനിച്ചു. 
      ഐ.എഫ്.എഫ്.കെ.യ്ക്ക് FlAPF-ന്റെ അംഗീകാരം കിട്ടാൻ നാലാം ചലച്ചിത്രമേള കാരണമായി. ചലച്ചിത്ര അക്കാദമിയുടെ ലോഗോ ആയ ചകോരം ഐ.എഫ്. എഫ്.കെ.യുടെ പക്ഷിയായതും പുരസ്ക്കാരത്തിന്റെ പേര് സുവർണ ചകോരമായും കൊച്ചിയിൽ നടന്ന അന്താരാഷ്ട ചലച്ചിത്രമേള മുതലാണ്.
        അഞ്ചാമത് ചലച്ചിത്രമേള വീണ്ടും കോഴിക്കോട് വെച്ചായിരുന്നു. ഇറ്റാലിയൻ സിനിമാ പ്രതിഭാസമായിരുന്ന പസോളിനിയുടെ പതിനാറു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചത് വേറിട്ട സിനിമാ അനുഭവമായി. 120 ഡേയ്സ് ഓഫ് സോഡോം കണ്ട് സ്ത്രീകൾ  തല കുനിച്ചിരുന്നു.
         ആറാമത് മേള മുതൽ തിരുവനന്തപുരം സ്ഥിരം വേദിയായി. ഇറാനിയൻ സിനിമാ സംവിധായകൻ മഖ്മൽ ബഫിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

        ഏഴാമത് ഫെസ്റ്റിവൽ ഡയറക്ടറായകുന്നത് അടൂർ ഗോപാലകൃഷ്ണനാണ്. 
        
      ജി.അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദൻ സ്മാരക പ്രഭാഷണപരമ്പര ആരംഭിച്ചത് ഏട്ടാമത് ഐ.എഫ്.എഫ്.കെ.യിലാണ്. അത് ഇപ്പോഴും തുടരുന്നു. എട്ടാമത് മേളയിൽ പ്രദർശിപ്പിച്ച ഡിഗോ അർസ്വാഗയുടെ ദ ലാസ്റ്റ് ട്രെയിൻ ,സിദ്ധിക് ബർമാക്സിന്റെ ഒസാമ ,മേളയിൽ സുവർണ ചകോരം നേടിയ അബൗന തുടങ്ങിയ സിനിമകൾ ഇപ്പോഴും  മറക്കാനാവാത്ത സിനിമാ അനുഭവങ്ങളാണ്. ഹോ ളഡ് സംവിധായകനായിരുന്ന തീയോ വാൻഗോഗിന്റെ ഇന്റർവ്യു ഈ മേളയിലെ പ്രശസ്തമായ ചിത്രമായിരുന്നു. ഇൻസ്യുവിന് തിയോ വാൻഗോഗ് ചെയ്ത ചിത്രം ഹോളണ്ടു യാഥാസ്ഥിതികരായ മുസ്ലീംങ്ങളെ ചൊടിപ്പിക്കുകയും അവർ പ്രതിഭാധനായ ആ ചലച്ചിത്രകാരനെ വെടിവെച്ചു കൊല്ലുകയും ചെയ്തു എന്നത് ഐ.എഫ്.എഫ്. കെ.യുടെ ദു:ഖകരമായ ഓർമ്മയാണ്.

            കിം കി ദുക്കിന്റെ അഭ്ര കാവ്യങ്ങളുടെ പാക്കേജ് പത്താം ഐ.എഫ് എഫ്.കെയുടെ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു. 
          ഉദ്ഘാടാന ചിത്രമായ സൗണ്ട്സ് ഓഫ് ഡാൻഡ്സ് ,കിം കി ദുകിന്റെ ദ ബോ ,ജാഫർ പനാഹിയുടെ ഓഫ് ദിസൈഡ് , സ്ക്റീം ഒഫ് ദ് ആൻറസ് ,വോൾവർ തുടങ്ങിയവ പതിനൊന്നാം മേളയിൽ മറക്കാനാവാത്ത ദൃശ്യാനുഭവം കാഴ്ചവെച്ചു. 

            വിഗ്വൽ ലാറ്റിന്റെയും ജാഫർ പനാഹിയുടെയും സാന്നിധ്യം കൊണ്ട് മികവാന്നു പന്ത്രണ്ടാം ചലച്ചിത്രമേള . പെട്രോ അൽമദോവിന്റെ സ്മൃതി പരമ്പര ,സുവർണ ചകോരം നേടിയ xxy ,മാനിയ അക്ബറിയുടെ 10 + 4 ,ചൈനീസ് ചിത്രമായ ഗേറ്റിംഗ് ഹോം എന്നിവ പന്ത്രണ്ടാം മേളക്ക് മറക്കാൻ കഴിയില്ല.

          പതിനാലാം മേളയിൽ പ്രദർശിപ്പിച്ച അസ്ഹർ ഫർഹാദി യുടെ അബൗട്ട് എല്ലി ,സൗത്ത് ആഫ്രിക്കൻ സിനിമയായ മൈ സീക്രട്ട് സ്കൈ  ,താജിക് - റഷ്യൻ സംരംഭമായ :ദ ട്രു നൂൺ. ഇറാൻ ചിത്രമായ വിസ് പർ വിത്ത് വിൻഡ് ' ,ലാർ സ് വോൺട്രയറിന്റെ ആൻറിക്രൈസ്റ്റ് '  എന്നിവ മനോഹരമായ ദൃശ്യാനവങ്ങളായിരുന്നു. ശാരീരിക പീഡനവും ,നഗ്നതയും സ്വയംഭോഗവും മരണവും വെറുപ്പിച്ച ആന്റി ക്രൈസ്റ്റ് ' മലയാളത്തിന്റെ സംവേദനശീലങ്ങളെ ഞെട്ടിച്ചു.

               ബാർഡോഗിന്റെ സാന്നിദ്ധ്യം കൊണ്ട് മികവുറ്റതായിരുന്നു പതി നഞ്ചാമത് ഐ.എഫ് .എഫ്‌.കെ. ഏറ്റവും കൂടുതൽ ഡെലിഗേറ്റുകളുടെ സാന്നിദ്ധ്യം ഈ മേളയെ മികവുറ്റതാക്കി. ആൽഫ്രെഡ് ഹിച്ച്ക്കോക്കിന്റെ റിങ് എന്ന നിശബ്ദചിത്രത്തിന്റെ ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള പ്രദർശനത്തോടെയായിരുന്നു പതിനൊഴാം മേള തുടങ്ങിയത്. 

         കിം കിദുക്കിന്റെ സാന്നിദ്ധ്യം കൊണ്ട് മികവാർന്ന മേളയായിരുന്നു 2013 ഡിസംബർ 6 മുതൽ 13 വരെ നടന്ന പതിനെട്ടാമത് മേള 
         മഖ്മൽബഫിന്റെ ദി പ്രസിഡന്റ് ,ഇറാൻ ചിത്രമായ ഒബ്ലീവിയൻ സീസൻ ,ജോർജിയൻ ചിത്രമായ കോൺ ഐലന്റ് എന്നിവ പത്തൊമ്പതാം മേളയുടെ അന്തസുയർത്തിയ ചിത്രങ്ങളായിരുന്നു.

     ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന മലയാള ചിത്രം ഇരുപതാം ചലച്ചിത്ര മേളയിൽ ആദ്യമായി സുവർണ ചകോരം നേടി എന്നത് അഭിമാനർഹമാണ്.

  ഐ.എഫ്.എഫ്.കെയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് സിനിമ നിർമ്മിച്ച ഏറെ ചെറുപ്പക്കാരായ സംവിധായകന്മാർ നമുക്കുണ്ട്. ഇത് ഐ.എഫ്.എഫ്.കെയുടെ വിജയമാണ് വിളിച്ചോതുന്നത്.

            ഐ.എഫ്.എഫ്.കെ.യുടെ നിത്യ സാനിധ്യമായിരുന്ന ഏറേ പേർ നമ്മെ വിട്ട് പിരിഞ്ഞു പോയി. എ അയ്യപ്പൻ ,ഡി.വിനയചന്ദ്രൻ ,ഭരത് മുരളി ,സി.പി.പദ്മകുമാർ ,എ.കെ.ഹമീദ് ,കെ.വിഅനൂപ് ,ശരത്ചന്ദ്രൻ , എസ്.ശങ്കരൻ കുട്ടി തുടങ്ങിയവർ  . അവരെ ഓർമ്മിക്കാതെ രജത ജൂബിലിയിൽ എത്തി നിൽക്കുന്ന  ഐ.എഫ്.എഫ്.കെയുടെ ചരിത്രമില്ല. അകാലത്തിൽ വിട്ടുപിരിഞ്ഞ ഋതുപർണഘോഷ് മേളയുടെ ദുഃഖകരമായ ഓർമ്മയായി അവശേഷിക്കുന്നു.

       ഐ.എഫ്. എഫ്.കെ.യുടെ ഇരുപതാം വർഷം അതിന്റെ ചരിത്രം എനിക്കു "സുവണ ചകോരം" എന്ന പുസ്തക മാക്കാൻ കഴിഞ്ഞു. സിനിമ കണ്ട അനുഭവം സിനിമയെ കുറിച്ചുള്ള കുറിപ്പുകൾ ,ഫെസ്റ്റിവൽ ബുക്കുകൾ എന്നിവ അതിന് ഉപോദ്ബലകമായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് അത് പുസ്തകമാക്കിയത്.   
മലയാള സിനിമ ഉൾപ്പെടെയുള്ള സിനിമകളെ കുറിച്ചുള്ള  ഒരു കൈ പുസ്തകമാണ്‌ -എന്റെ ' സുവണ ചകോരത്തിൻറെ കഥ '. ....

Share :