Archives / December 2019

   വിജയകുമാര്‍ കളരിക്കല്‍
 മൂന്ന് ക്ഷണപ്രഭ കഥകള്‍                              

 

1. കണ്ണാടിക്കാഴ്ച
    സഹയാത്രികര്‍ അതിയായ ക്ഷീണത്താല്‍ മയക്കത്തിലായിക്കഴിഞ്ഞിരുന്നു, വൃക്ഷങ്ങളില്‍ ചാരിയിരുന്നും, പൊടിമണ്ണില്‍ പടിഞ്ഞു കിടന്നും.  ഏറെ ദുഃഖങ്ങള്‍ താണ്ടിയാണീ കുന്നിന്‍ മുകളില്‍ എത്തിയത്, ഇനിയും ഏറെ ദൂരമുണ്ട് ലക്ഷ്യത്തിലെത്താന്‍.  ഈ കുന്നിറങ്ങണം, വലിയ മലകള്‍ കയറണം, ഇറങ്ങണം, കാടും പടലും പുഴയും വനങ്ങളും താണ്ടണം........
    സഹയാത്രികര്‍ക്ക് ഭക്ഷണം ഒരുക്കുന്നതായിരുന്നു ഇന്നത്തെ കര്‍മ്മം.  കണ്ണിലെണ്ണയൊഴിച്ച് കാത്തരിക്കുകയായിരുന്നു, തിളകണ്ട് സന്തോഷിച്ച്.  ഒരു നിമിഷം കണ്ണൊന്നു തെറ്റി. മുഖത്തിന്‍റെ വിളര്‍ച്ച കണ്ണാടിയില്‍ നോക്കി മിനുക്കിയാലോയെന്ന് ചിന്തിച്ചു.  എണ്ണമെഴുക്കും പൊടിയും നിറഞ്ഞ് മുഖം കരുവാളിച്ചത് കണ്ട് വിഷമിച്ചു.  പക്ഷെ, കണ്ണാടി നല്‍കിയ പിന്‍കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരുവന്‍ തിളക്കുന്ന ഭക്ഷണത്തിലേക്ക് വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നു.
    എടേയ്.... അലറി വിളിച്ചു പോയി.
    ഞെട്ടിയുണര്‍ന്നു, സഹയാത്രികര്‍.
    ആ ഒരുവന്‍.......
 

2. ഒറ്റുകാര്‍
    മുപ്പതു വെള്ളിക്കാശിനു പോലും സ്നേഹിതനെ ഒറ്റുന്ന മനുഷ്യര്‍.  ഒറ്റിക്കിട്ടിയ പ്രതിഫലം ഉപയുക്തമാക്കാന്‍ കഴിയാതെ തൂങ്ങി മരിച്ച കഥയൊക്കെ പണ്ട്...... ഇന്നത്തെ  ഒറ്റുകാര്‍ ശതകോടീശ്വരന്മാരായി ആമോദം കൊള്ളുന്നു.  രാഷ്ട്രങ്ങള്‍ വരെ നേടുന്നു. ആ രാഷ്ട്രത്തിലെ കോടികള്‍ വരുന്ന മനുഷ്യരെ അടിമകളാക്കി വാഴുന്നു.  സ്വയം ദൈവങ്ങളെന്ന് ഘോഷിക്കുന്നു.  ദേവതകള്‍ മുപ്പത്തിമുക്കോടിയെന്നത് ഓരോ നിമിഷവും ഒന്നെന്ന നിലയില്‍ വര്‍ദ്ധിക്കുന്നു.
 

3. കള്ളന്‍ കപ്പലില്‍....
    കള്ളന്‍ കപ്പലില്‍ തന്നെയെന്നത് പഴംപറച്ചിലാണ്.  ഇന്ന് കപ്പലില്‍ ഏറെയും കള്ളന്മാരാണ്.  അവര്‍ കപ്പലിന്‍റെ ഓരോ കഴുക്കോലും, പട്ടികയും, വളയും, ആണിക്കോലും ഊരിയെടുത്ത് സ്വന്തമായി കപ്പലുകള്‍ പണിയുകയാണ്.  കടല്‍ നിറയെ കപ്പലുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.  ഇതൊന്നുമറിയാതെ വി കെ എന്നിന്‍റെ പയ്യന്‍ അന്തഃപുരത്തില്‍ മൃഷ്ടാന്നം ഭുജിച്ച്, സ്ത്രീ പരിചരണമേറ്റ് മയങ്ങുകയാണ്.  കപ്പിത്താന്‍, കാഴ്ചക്കാര്‍ അറുപത്തിനാല് കലയിലെ സൂത്രപ്പണികള്‍ കണ്ട് ആര്‍ത്ത് മദിക്കുന്നു.  സൂക്ഷിപ്പുകാര്‍ ‘കപ്പല്‍ക്ഷതം’, ‘കപ്പല്‍ക്ഷതം’ എന്ന് ഉറക്കപ്പിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.  ചില കാഴ്ചക്കാര്‍ കപ്പല്‍ സ്മൃതികള്‍ വായിച്ച് കേള്‍പ്പിക്കുന്നു.  ഇനിയും കപ്പലില്‍ പലതും ഉള്ളതുകൊണ്ട് മുങ്ങാതെ നില്ക്കുന്നു.

Share :