Archives / December 2019

രാജു കാഞ്ഞിരങ്ങാട്
അതിജീവനം

ഒരു കവിത വന്നെന്റെ കൈയ്യിൽ 
കയറി പിടിച്ചു
എടുത്ത കയർ ഞാൻതാഴെയിട്ടു
ഒരിക്കൽ പാഞ്ഞു വരുന്ന
വണ്ടിക്കടിയിലേക്ക്
കുളത്തിലേക്കെന്ന പോലെ
ഊളിയിടാൻ ആഞ്ഞപ്പോൾ
ഒരു കവിത വന്നെന്റെ കരണ-
ത്തടിച്ചു
പുകയുന്ന കുഞ്ഞു കണ്ണുകളെ
കാട്ടിത്തന്നു
പിന്നെയൊരിക്കൽ
കവിത വന്നെന്റെ കഴുത്തിൽ -
പിടിച്ചു
കാളകൂടത്തെപ്പോലെ കഴുത്തു
നീലിച്ചെങ്കിലും
കാലന് കൂട്ടായ് പോകാൻ കഴി-
ഞ്ഞില്ല
മരണത്തെ കട്ടെടുക്കാൻ
സമ്മതിക്കില്ലെന്ന്
ഇന്ന്
കവിത കണ്ണുരുട്ടി കാണിക്കുന്നു.
കവിത അതിജീവനമെന്ന്
ഈ പുതുജീവിതത്തിലിരുന്ന്
ഞങ്ങൾ പരസ്പരം ചിരിക്കുന്നു

 

 

Share :