Archives / December 2019

വരദേശ്വരി. കെ.
നുണ പെയ്യുന്ന രാവുകള്‍

നുണ പെയ്യുന്ന രാവില്‍ അസ്തമിച്ച്

നിന്നു മൂക നക്ഷത്രം .

മലവെള്ളം തിന്ന

കുടിലിന്‍റെ മുറ്റത്ത് നിന്നവള്‍

അലസമായി നീങ്ങുന്ന കരിമേഘം

നീലവാനിന്‍തുരുത്തില്‍

നിലാവെഴുതിയകവിതതന്‍

നിശ്ചലവായനക്കാരിയായ്.

ഒപ്പമുറങ്ങിയ കുഞ്ഞ് മകളെവിടെ?

ദിക്കിന്‍റെ ദിശാബോധമില്ലാതെ

മനസ്സിന്‍റെ ചാനലുകള്‍

മാറ്റി മാറ്റി നോക്കുമ്പോഴും

ചേതങ്ങളുടെ തട്ടും തട്ടകവും

വിഷാദമായ് കുതിരുന്നു.

നാടിന്‍റെ നട്ടെല്ല് കട്ടിലാക്കിയ വിരുതന്മര്‍

എറിഞ്ഞ ചെളിക്കട്ടകള്‍.

വിഷ സര്‍പ്പങ്ങളും, ദുഷ്ട മൃഗങ്ങളും

ധന്യരാണോര്‍ക്കുകില്‍.

ഉളളിലൊരു വാത്സ്യല്യത്തിന്‍

ഉറങ്ങാത്ത താരാട്ട് പാട്ടുളളവര്‍..

തങ്ങള്‍ തന്‍ വര്‍ഗത്തിന്‍ മുന്നില്‍

ശിരസ്സ് കുനിക്കാത്തവര്‍.

കാക്കപ്പൂവിന്‍റെ തളിര്‍ മേനിയില്‍

മേരു പര്‍വ്വതമാകാത്തവര്‍.

മുറിഞ്ഞ് തൂങ്ങുന്ന വാക്കുകള്‍

വക്ക് പൊട്ടി നിലത്തിഴയുന്നു.

ആളൊഴിഞ്ഞ പാറക്കെട്ടുകളായ്

പുല്ലു പിടിക്കാത്ത തരിശു മനം.

നെഞ്ചകം തകര്‍ന്ന് പൊടിഞ്ഞിതാ

വീഴുന്നൊരമ്മനക്ഷത്രം കൂടി.

 

 

 

Share :