Archives / December 2019

അനന്തു ശ്രീകുമാർ
കുഞ്ഞുടുപ്പ്

വർഷമൊന്നായി,
പിഞ്ചിക്കീറി
ഇനിയുമുടുക്കാൻ
എനിക്ക് വയ്യമ്മേ"
എന്നവൾ
പലവട്ടം പറയുന്ന
പോലെ തോന്നിയിരുന്നു.
ശരിയാണ്
കഴിഞ്ഞ ഓണത്തിന്
വാങ്ങിയതാണ്
ഇക്കുറി ഓണം
വെള്ളം കൊണ്ട്
പോയപ്പോൾ
ഓൾ ഒന്നും
ചോദിച്ചില്ല,
ചോദിക്കല്ലേയെന്ന്
മുത്തപ്പനോട്
പ്രാർത്ഥിച്ചിരുന്നു.
അല്ലേലും
മുത്തപ്പൻ
ആരുമില്ലാത്തവരുടെ
വിളി ഉറപ്പായും
കേൾക്കുമെന്നാണ്
വിശ്വാസം, അല്ല

അനുഭവം.
ചുവപ്പിൽ വെള്ളപ്പുള്ളി
നിറഞ്ഞ
ഒരു കുഞ്ഞുടുപ്പ്
അന്തിച്ചന്തയിൽ
വിലപേശി വാങ്ങി.
ഇരുട്ടു മൂടിയ
കുറ്റിക്കാടുകൾ
താണ്ടവേ
പുത്തനുടുപ്പിലെ
വെള്ളപ്പുള്ളികൾ
മാഞ്ഞു
ചുവപ്പ് മുഴുവൻ
മണ്ണിൽ പടർന്നു
നിലവിളിക്കുമ്പോൾ
മുത്തപ്പൻ
ഉറങ്ങി കഴിഞ്ഞിരുന്നു.

Share :