പ്രശസ്ത ചലച്ചിത്ര നിരൂപകൻ കൂടിയായ വിജയകൃഷ്ണനുമായി ആർച്ച നടത്തിയ സംഭാഷണം
ചോദ്യം : ഐ. എഫ്. എഫ്. കെയും താങ്കളുമായുള്ള ബന്ധത്തെപ്പറ്റി ഒരു അവലോകനം നടത്താമോ?
ഇന്ത്യയിൽ ധാരാളം ചലച്ചിത്രമേളകൾ ഉണ്ട്. 1952ൽ ഐ. എഫ്. എഫ്. ഐയാണ് ചലച്ചിത്രമേളകൾക്ക് തുടക്കം കുറിക്കുന്നത്. കുറച്ച് കാലങ്ങൾക്കുശേഷമാണ് അത് തുടർച്ചയായ പ്രക്രിയയായി മാറുന്നത്. അതിനിടയിൽ ഒന്നിടവിട്ട വർഷങ്ങളിൽ മറ്റു നഗരങ്ങളിൽ മേളകൾ കൂട്ടുന്നതിനിടയിൽ 1988ലാണ് കേരളത്തിൽ തിരുവനന്തപുരത്ത് എത്തുന്നത്. അന്നാണ് ചലചിത്രമേള കേരളീയർക്ക് എത്രത്തോളം ആവേശകരമാണെന്ന് മനസിലാകുന്നത്. മറ്റു പല സ്ഥലങ്ങളിലും ഇല്ലാത്ത തരത്തിലുള്ള ഒരു സമീപനമാണ് ആളുകൾ അതിനോട് കാട്ടിയത്.
എനിക്കും ആ മേള അവിസ്മരണീയമാണ്. കാരണം ആ മേളയോട് അനുബന്ധിച്ചാണ് എന്റെ 'മലയാള സിനിമയുടെ കഥ' എന്ന പുസ്തകം റിലീസ് ചെയ്യപ്പെടുന്നത്. ഡേവിഡ് റോബിൻസൺ എന്ന വളരെ പ്രശസ്തമായ ചലച്ചിത്ര നിരൂപകനാണ് ആ പുസ്തകം പ്രകാശനം ചെയ്തത്. അന്നത്തെതന്നെ കുട്ടികളുടെ സിനിമയെക്കുറിച്ചുള്ള സംവാദത്തിൽ മാധവിക്കുട്ടിയോടും പ്രേമാകാരന്തിനോടൊപ്പവും പങ്കെടുക്കാൻ കഴിഞ്ഞു.
അതിനുശേഷം രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ ഒരു ഇന്റർനാഷണൽ ചിൽഡ്രൻസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. എന്റെ ചിത്രം അതിൽ തിരഞ്ഞെടുക്കപ്പെടുകയും പ്രദർശിപ്പിക്കുകയും ചെയ്തതുകൊണ്ട് തന്നെ കൂടുതൽ ബന്ധമുള്ള ഫെസ്റ്റിവൽ ആയി മാറി. അന്നും മറ്റു നഗരങ്ങളിലാത്ത സ്വീകരണമാണ് ഫെസ്റ്റിവല്ലിനു ഇവിടെ കിട്ടിയത്. ഉദ്ഘാടനം നടക്കുമ്പോൾ കോരിചൊരിയുന്ന മഴയായിരുന്നു. ജയാ ബച്ചനായിരുന്നു അന്നത്തെ ചെയർ പേഴ്സൺ. അമിതാഭ് ബച്ചനും വന്നിരുന്നു. ആളുകളൊക്കെയും മഴയത്തായിരുന്നു നിന്നിരുന്നത്. മഴ നനഞ്ഞ് കൊണ്ട് തന്നെ ചിത്രങ്ങൾ കാണാൻ ആളുകൾ എത്തിയിരുന്നു. ഈ അനുഭവങ്ങളിൽ നിന്നാണ് ഐ. എഫ്. എഫ്. കെയുടെ പിറവി.
ഐ. എഫ്. എഫ്. കെയുടെ ആദ്യ വേദി കോഴിക്കോടായിരുന്നു. പിന്നെ കൊച്ചിയിൽ നടന്നിരുന്നു. പിന്നീട് തിരുവനന്തപുരം സ്ഥിരം വേദിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
സ്ഥിരം വേദിയാക്കുക എന്നാൽ വളരെ പ്രായോഗികമായ കാര്യമാണ്. കാരണം ഒരു മേളയുടെ എല്ലാ സജ്ജീകരണങ്ങളും ഒരു സ്ഥലത്ത് എത്തിക്കണം. അത് സ്ഥിരമായി ട്ടുള്ള സ്ഥലത്താകുമ്പോൾ എളുപ്പമാണ്. മറ്റേത് വളരെ പ്രയാസപ്പെട്ട കാര്യമാണ്. ഇത് അക്കാദമി ക്ക് വിഭാഗത്തിൽ പെട്ടതാണ്.
അന്ന് അക്കാദമി ആയിരുന്നില്ല. അക്കാദമി ആയ ശേഷമാണ് ഈ സ്ഥിരം വേദി എന്നുള്ള തരത്തിലേക്ക് നടക്കുന്നത്. അങ്ങനെ നമ്മൾ നോക്കിയാൽ ഐ. എഫ്. എഫ്. ഐ ഡൽഹിയിലും മുംബയിലുമൊക്കെ നടന്നിരുന്നത് സ്ഥിരം ഗോവ വേദിയായി മാറി. സ്ഥിരം വേദി ആക്കിയപ്പോൾ അതിന്റേതായ എളുപ്പമുണ്ട്. സൗകര്യങ്ങൾ തിയേറ്റുകൾക്ക് സ്ഥിരമായി ഒരുക്കാൻ കഴിയുന്നുണ്ട്. ഐ.എഫ്.എഫ്.കെ. ഈ തരത്തിലാണ് ഉരുതിരിഞ്ഞു വന്നത്. എനിക്കു തോന്നുന്നു 1990 കളിൽ ഉള്ള ചിലതിൽ മാത്രമാണ് മുഴുവൻ പങ്കെടുക്കാൻ കഴിയാത്തത്, സീരിയൽ തിരക്കു കാരണമാണ് അത്. അതിനു ശേഷം രണ്ടായിരത്തിനു ശേഷമാണ് വീണ്ടും വളരെ കാര്യമായിട്ടു അതിന്റെ കൂടെ നിൽക്കാൻ സാധിച്ചത്. ഇതിനിടയ്ക്കു കുറച്ചു കാലം ഈ ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ ഉണ്ടായിരുന്നു. അങ്ങനെ നേരിട്ടു തന്നെ അതിന്റെ സംഘാടനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു.
നമ്മുടെ മേളയെപ്പറ്റി പലരും പല പരാതികളും പറയാറുണ്ട്. അതിൽ വാസ്തവമുണ്ട്. ഒന്നാമതായി ഈ ആൾക്കൂട്ടം തന്നെയാണ്. ഇന്ത്യയിലെ ഐ' എഫ്. എഫ്. ഐ. അടക്കം ഉള്ള മേളകളിൽ ഇത്തരം ആൾത്തിരക്ക് കാണാറില്ല. അവിടെ അച്ചടക്കത്തിനാണ് മുൻഗണന. ഐ' എഫ്. എഫ്. ഐ. പ്രത്യേകിച്ച് കർശനമായ നടപടികൾക്കു ശേഷമേ ഡെലിഗേറ്റ് പാസ് അനുവദിക്കു. തിയേറ്ററിൽ സമരങ്ങളും പ്രതിഷേധങ്ങളുമില്ല. അതേ സമയം ഐ. എഫ്. എഫ്. കെയുടെ സ്ഥിതി അതല്ല. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത സമരക്കാർ പോലും ഇതിന്റെ വേദിയിൽ വന്ന് നിന്ന് സമരങ്ങളും ആഹ്വാനങ്ങളും നടത്തുന്നവരാണ്. കാരണം അവർക്ക് മാധ്യമ ശ്രദ്ധ കിട്ടാനുളള മാർഗമായിട്ടാണ് കാണുന്നത്. അത് പലപ്പോഴും യഥാർത്ഥ ചലച്ചിത്ര ആസ്വാദകനെ അലോസരപ്പെടുത്താറുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും അത് നമ്മുടെ മേളയുടെ ഒരു സ്വഭാവമായിട്ടു വേണം അതിനെ കാണാൻ. പോസിറ്റീവായും നമുക്ക് ഇതിനെ കാണാം. കാരണം ആളുകളുടെ പങ്കാളിത്തം എത്രത്തോളമുണ്ട് എന്നതിനെ ഒരു ഉദ്ദാഹരണമായിട്ടതിനെ പറയാം.
: പിന്നെ തിരുവനന്തപുരം നമ്മുടെ സ്വന്തം നഗരമായതുകൊണ്ട് ഇവിടെ മറ്റു പല ആവശ്യങ്ങളും ഉണ്ടാക്കും. അപ്പോൾ മുഴുവൻ സിനിമയും കാണാൻ പറ്റിയെന്ന് വരില്ല. കുറച്ചു നാൾ മുൻപ് വരെ ഞാൻ ചെയ്യുന്ന ഒരു കാര്യമാണ് കിം കി ഡുക്കിന്റെ ചിത്രങ്ങൾ ഗോവയിൽ നിന്ന് കാണുക എന്നതാണ്. യാതൊരു തിരക്കുമില്ലാതെ ആ ചിത്രം കാണാൻ സാധിക്കും. ഇവിടെ രജനീകാന്തിന്റെ ചിത്രങ്ങളുടെ തിരക്കിനെ തോന്നിപ്പിക്കും വിധം ആൾക്കൂട്ടമാണ്. അത് പലപ്പോഴും യഥാർത്ഥ ചലച്ചിത്ര ആസ്വാദകനെ അലോസരപ്പെടുത്തും. അതിനു വേണ്ടി കുറച്ചു നിഷ്കർഷമായ നിയമങ്ങൾ വെയ്ക്കേണ്ടതുണ്ട്.
കഴിഞ്ഞ വർഷം പ്രവേശന ഫീസ് കൂട്ടിയപ്പോൾ ഡെലിഗേറ്റിന്റെ സംഖ്യ കുത്തനെ കുറഞ്ഞു. അതു വരെ ഉണ്ടായിരുന്ന ബഹളമൊക്കെ ഇല്ലാതായി. അത് ഒരു തരത്തിൽ ഗുണമായി എന്നു പറയാം. ഒരു യഥാർത്ഥ ചലച്ചിത്ര ആസ്വാദകനെ സംബന്ധിച്ചിടത്തോളം നല്ല സിനിമകൾ കാണാനുള്ള ഒരു അവസരമായി. എന്നാൽ അതേ സമയം പെട്ടന്ന് നമ്മുടെ മേളയുടെ ഒരു സ്വഭാവം ചോർന്നു പോയോ എന്നു തോന്നിപ്പിക്കുന്ന ഒരു അവസ്ഥയുണ്ടായി. ഇങ്ങനെ നോക്കുമ്പോൾ ഐ.എഫ്.എഫ്.കെ. എന്നത് ഒരു വേറിട്ടമേള തന്നെയാണ്. ബഹളമില്ലാതെ ഇവിടെ മേള നടക്കാറില്ല.
ഇത്തവണ സ്വതന്ത്ര സിനിമകൾക്ക് പ്രാതിനിധ്യം കൊടുത്തില്ല എന്നതാണ്. അപ്പോ അത് പ്രതിഷേധങ്ങൾകൊക്കെ മുതിരുന്നുണ്ട്. പ്രതിഷേധങ്ങളൊക്കെ ഉണ്ടാക്കം. പിന്നെ ജൂറിയെ സംബന്ധിച്ചിടത്തോളം ഏത് ജൂറി വന്നാലും എല്ലാവർക്കും സ്വീകാര്യമാകുക എന്ന ഒന്നുണ്ടാവില്ല. ഒരു ജൂറിയുടെ അഭിപ്രായം ആയിരിക്കില്ല മറ്റൊരു ജൂറിക്ക്. അപ്പോ നമുക്ക് വളരെ മികച്ചതെന്ന് തോന്നുന്ന ചിത്രങ്ങൾ പുറത്തു പോയെന്ന് വരും. പിന്നെ റിലീസ് ചെയ്യാത്ത ചിത്രങ്ങൾ വേണമെന്ന് പറഞ്ഞാൽ, ദിലീസ് ചെയ്തതായാലും അല്ലെങ്കിലും കലാ ഗുണമുള്ള സിനിമകളിയിരിക്കണം എന്നു നിഷ്കർഷ വെയ്ക്കണം. കലാപരമായിട്ടുള്ള ചിത്രങ്ങൾക്ക് ഊന്നൽ കൊടുക്കണം എന്നു പറയുന്നതിൽ തെറ്റില്ല. അത്തരം സിനിമകൾക്ക് വേണ്ടിയാണല്ലോ നമ്മൾ ഈ മേളകൾ സംഘടിപ്പിക്കുന്നത്. തിയേറ്ററിൽ വരുന്ന പം മേളകളിൽ ഇല്ലെങ്കിലും ആളുകൾക്ക് കാണാം. പക്ഷേ മേളയിൽ വരുന്ന ചിത്രങ്ങൾ അവിടെ മാത്രമായിരിക്കും നമുക്ക് കാണാൻ കഴിയുന്നത്. അപ്പോൾ ചില നിഷ്കർഷകൾ ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് എനിക്കു തോന്നുന്നു. അങ്ങനെ ചുരുക്കത്തിൽ ഐ.എഫ്.എഫ്.കെ. എന്നുള്ളത് നിലനിൽക്കേണ്ട ആവശ്യകതയാണെന്ന് എല്ലാവരും കരുതുന്നുണ്ടായിരുന്നു. അത് നമ്മുടെ സംസ്ഥാനത്തിന്റെ സാംസ്കാരിക നേട്ടമാണ്.
കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് അത് വേണ്ട എന്നു തീരുമാനിച്ചപ്പോൾ ധാരാളം പ്രതികരണങ്ങളാണ് ഉണ്ടായത്. എല്ലാവരും ആവേശത്തോടു കൂടി മേള നടത്തുക തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് സർക്കാരിന്റെ ധനസഹായം വളരെ കുറഞ്ഞിട്ടും അത് നടത്താനുള്ള ധൈര്യം അക്കാദമി ഭാരവാഹികൾ കാണിച്ചു. അതു കൊണ്ട് നമ്മുടെ മേള മുടങ്ങിയില്ല. കഴിഞ്ഞ വർഷത്തെ പോലെ പ്രതിസന്ധി ഉണ്ടായിരുന്ന ഒരു വർഷത്തിൽ പോലും നടത്താൻ കഴിഞ്ഞു എന്നതാണ് നമ്മുടെ മേളയുടെ നേട്ടം.
തീർച്ചയായും ഒരു ചലച്ചിത്രപ്രേമി തൃപ്തിപ്പെടുന്ന ചിത്രങ്ങൾ ഉണ്ട്. ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അർഹരായവരൊക്കെ മികച്ച വ്യക്തികളാണ്. പലപ്പോഴും ഇങ്ങനെയുള്ള സംവിധായകരെ കൊണ്ടുവരാൻ കഴിയുമോ എന്നു സംശയം തോന്നുന്ന വ്യക്തികളാണ്. ലോകോത്തര വ്യക്തികൾക്കാണ് ആ അവാർഡ് കൊടുത്തു അംഗീകരിച്ചിട്ടുള്ളത്. അതിലൊന്നും വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം അപ്പോഴാണ് അതിന്റെ നിലവാരം കാത്തുസൂക്ഷിക്കാൻ പറ്റൂ. ഇത്തവണയും സൊൾനാസിനു കൊടുക്കുന്ന വഴി ആ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ്.
അങ്ങനെ ഐ.എഫ്.എഫ്.കെ നമ്മുടെ ഒരു വികാരമായി മാറിയിരിക്കുകയാണ്. വ്യക്തിപരമായിട്ടും എനിക്ക് ഇങ്ങനെയൊരു മേള ഉണ്ടെന്നുള്ളത് അഭിമാനമായിരിക്കുന്നു.