Archives / December 2019

എ.ചന്ദ്രശേഖര്‍
ഇന്ത്യന്‍ സിനിമയുടെ നവചക്രവാളം

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇക്കുറി പ്രവേശനം ലഭിക്കാത്ത മലയാള ചലച്ചിത്രപ്രവര്‍ത്തകര്‍ സംഘാടകര്‍ക്കെതിരേ പല്ലും നഖവും പുറത്തെടുക്കുന്നത് അല്‍പ ദിവസം മുമ്പ് വരെ നാം കണ്ടതാണ്.എന്നാല്‍, പൊതുവേ രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഇന്ത്യന്‍ വിഭാഗത്തിനും പ്രാദേശിക സിനിമാവിഭാഗങ്ങള്‍ക്കും പൊതുവേ പ്രേക്ഷകര്‍ കുറവായിരിക്കുമെന്നതാണ് അനുഭവം. ഹോളിവുഡ്ഡും ചുരുക്കം കൊറിയനും പിന്നെ യൂറോപ്യന്‍ സിനിമയും മാത്രം കാണാന്‍ അവസരം ലഭിക്കുന്ന പ്രേക്ഷകര്‍ രാജ്യാന്തര മേളകളെ ഭൂഗോളത്തിന്റെ മറുഭാഗങ്ങളിലെ അത്രമേല്‍ അടുത്തറിയാത്ത രാജ്യങ്ങളിലെ ജീവിതവും അതിജീവനും അറിയാന്‍ പാകത്തിന് ചിത്രങ്ങള്‍ തെരഞ്ഞെടുത്തു കാണുകയാണ് പതിവ്. ബഹുഭൂരിപക്ഷത്തിന്റെ കാര്യമാണിത്. മറിച്ച് മറ്റു മേളകളിലുമൊക്കെയായി അത്തരം ചിത്രങ്ങള്‍ കണ്ടിട്ടുള്ളവരും വിദേശ ചിത്രങ്ങളില്‍ പ്രതിപത്തിയില്ലാത്തവരുമൊക്കെയാണ് രാജ്യാന്തരമേളകളിലെ ഇന്ത്യന്‍/ഭാഷാ ചിത്രങ്ങള്‍ക്കായി സമയം നീക്കി വയ്ക്കുക. പക്ഷേ ഇങ്ങനെ സ്വന്തം സിനിമകളോടു മുഖം തിരിക്കുന്നവര്‍ക്ക് നഷ്ടപ്പെടുന്ന ചില മികച്ച ചലച്ചിത്രാനുഭവങ്ങളുണ്ടാവാറുണ്ട് എല്ലാ വര്‍ഷവും. അതുപോലെ ശ്രദ്ധിക്കപ്പെടേണ്ട രണ്ടു സിനിമകളുണ്ട് ഇക്കുറി കേരളത്തിന്റെ 24-ാമത് രാജ്യാന്തര മേളയിലും. അവയില്‍ രണ്ടെണ്ണത്തെപ്പറ്റി മാത്രം ഇവിടെ പരാമര്‍ശിക്കട്ടെ.

           ഗീതാഞ്ജലി റാവുവിന്റെ കന്നി സംവിധാന സംരംഭമായ ഇന്ത്യ റോസ് ആണ് ഒരു ചിത്രം. അനിമേറ്ററായ ഗീതാഞ്ജലി കൈകൊണ്ടു വരച്ച് അനിമേറ്റ് ചെയ്ത ചിത്രമാണിത്. അനുരാഗ് കാശ്യപ് മകരന്ദ് ദേശ്പാണ്ഡെ, ശിശിര്‍ ശര്‍മ്മ എന്നിവരടക്കം ഇന്ത്യന്‍ നവധാരയിലെ പ്രമുഖ ചലച്ചിത്രകാരന്മാരുടെയെല്ലാം പിന്തുണയും സഹകരണവും ലഭിച്ച ചിത്രം.ഇന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ മുംബൈയിലെ തെരുവില്‍ സിനിമാജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണിത്. ഇന്ത്യന്‍ കമ്പോള സിനിമയുടെ ശീലങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ത്തന്നെ അതിന്റെ പിന്നാമ്പുറക്കാഴ്ചകളിലേക്കു കൂടി ഈ സിനിമ വെളിച്ചം വീശുന്നു.്അനുരാഗ് കാശ്യപ് അടക്കമുള്ളവരാണ് വിവിധ കഥാപാത്രങ്ങള്‍ക്ക് സ്വരം നല്‍കിയിട്ടുള്ളത്.അനിമേഷന്‍ രംഗത്തു തന്നെ ഇപ്പോഴും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത അല്ലെങ്കില്‍ പക്വത പ്രകടിപ്പിച്ചിട്ടില്ലാത്ത ഇന്ത്യന്‍ സിനിമയില്‍, ഫ്രഞ്ച്, ഖത്തര്‍, യുകെ. സംരംഭമായി അവതരിപ്പിക്കപ്പെടുന്ന ബോംബേ റോസ് ആ വഴിക്കു പുതിയതും ഉറച്ചതുമായൊരു കാല്‍വയ്പു തന്നെയായി അടയാളപ്പെടുത്തേണ്ടതുണ്ട്.
ഇനിയൊന്ന് ഐഎഫ് എഫ് കെ ഷെഡ്യൂളില്‍ മുഴുവന്‍ പേരു പോലും വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഒരു ചിത്രമാണ് മറാത്തി ഭാഷയില്‍ നിന്നുള്ള മായി ഘാട്ട്-ക്രൈം നമ്പര്‍ 103/2005. ഇതില്‍ മായി ഘാട്ട് എന്ന ഭാഗം ഷെഡ്യൂളില്‍ വിട്ടുപോയിട്ടുണ്ട്. ക്രൈം നമ്പര്‍.... എന്നു മാത്രം വായിക്കുമ്പോള്‍ പെട്ടെന്ന് സുദേവന്റെ പഴയ മലയാള സിനിമയെന്നോ ഉദ്വേഗജനകമായ പൊലീസ് കഥയെന്നോ കരുതി ഉപേക്ഷിച്ചുപോകാവുന്ന ഒന്നാണ്. പക്ഷേൃ, തീര്‍ച്ചയായും അങ്ങനെ ഉപേക്ഷിക്കാന്‍ പാടില്ലാത്ത ഒരു സിനിമയാണ് മായി ഘാട്ട്.
എണ്‍പതുകള്‍ മുതല്‍ മുംബൈ നാടകവേദിയിലും മറാത്തി-ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധിക്കപ്പെട്ട നടന്‍ ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ആരാണീ ആനന്ദ് മഹാദേവന്‍ എന്നല്ലേ? മോഹന്‍ സംവിധാനം ചെയ്ത് ബാലചന്ദ്രമേനോന്‍ നായകും സുമലത നായികയുമായ ഇസബെല്ല എന്ന സിനിമയില്‍ സഹനടന്‍. മേനോന്റെ സുഹൃത്തായി വരുന്ന ആള്‍. എണ്‍പതുകളുടെ ഉത്തരാര്‍ധത്തില്‍ ഘര്‍ ജമായി പോലുള്ള ഹിന്ദി സിറ്റ്കോമം പരമ്പരകളിലൂടെ ഗൃഹസദസുകളുടെ പ്രിയപ്പെട്ടവനായിത്തീര്‍ന്ന അഭിനേതാവ്. തൃശൂര്‍ക്കാരന്‍ ആനന്ദ് നാരായണന്‍ മഹാദേവന്‍.പച്ച മലയാളി. പിന്നീട്, 2008 ല്‍ അനാമിക ദ് അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായി 2010ല്‍ മീ സിന്ധുതായ് സപ്കല്‍ എന്ന മറാത്തി ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ബഹുമതി നേടി. പത്തിലേറെ സിനിമകള്‍ സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മായി ഘാട്ട് ക്രൈം നമ്പര്‍ 103/2005. ഗോവ രാജ്യാന്തര മേളയിലെ മത്സരവിഭാഗത്തില്‍ മികച്ച നടിക്കുള്ള ബഹുമതിയും ഈ ചിത്രത്തിലഭിനയിച്ച ഉഷ യാദവിനായിരുന്നു. അവിടെ തീരുന്നില്ല ഈ ചിത്രത്തിന്റെ സവിശേഷത.
കേരളത്തില്‍ വിവാദമായ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിനെ അടിസ്ഥാനപ്പെടുത്തി ഉദയകുമാറിന്റെ അമ്മയുടെ നിയമപ്പോരാട്ടത്തിന്റെ കഥയാണ് മായി ഘാട്ട്-ക്രൈം നമ്പര്‍ 103/2005 അതിജീവനപ്പോരാട്ടങ്ങളുടെ കഥ തേടി ആകാശത്തും ഫ്രീസറിലും വരെ ചികഞ്ഞുപോകുന്ന സിനിമാക്കാര്‍ കാണാതെ പോകുന്ന തീവ്രസാമൂഹിക വിഷയങ്ങള്‍ അങ്ങകലെ മഹാരാഷ്ട്രയില്‍ ഒരു പ്രാദേശികഭാഷാ ചിത്രത്തിനു വിഷയമാകുന്നു! എന്തൊരു വൈരുദ്ധ്യം! ആകെ ആശ്വാസമുള്ളത് അതിന്റെ രചയിതാവും സംവിധായകനും ജന്മം കൊണ്ട് മലയാളിയാണെന്നുള്ളതാണ്.

                                            
ഇതു രണ്ടും സാമ്പിള്‍ മാത്രം. ഇതര ഇന്ത്യന്‍ ഭാഷകളിലും ഓരോ വര്‍ഷവും ഇതിലും മികച്ച രചനകളുണ്ടാവുന്നുണ്ട്.ദൗര്‍ഭാഗ്യവശാല്‍ അവയൊന്നും കാണാനുള്ള അവസരമുണ്ടാവുന്നില്ലെന്നു മാത്രം. നെറ്റ്ഫ്‌ളിക്‌സിന്റെയും ആമസണിന്റെയും വരവോടെ കാര്യങ്ങള്‍ക്കു കുറെയൊക്കെ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും തീയറ്റര്‍ കാഴ്ചയുടെ ആസ്വാദനലാവണ്യം അവയ്ക്കു പ്രദാനം ചെയ്യാനാവില്ലല്ലോ? ഇത്തരം സിനിമകളൊന്നും ശ്രദ്ധിക്കാതെയാണ് പലപ്പോഴും മേളാനന്തരം പ്രേക്ഷകര്‍ ചിത്രങ്ങളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് പരിതപിക്കുക. അതുകൊണ്ടു തന്നെ ഇത്തവണ ഇതൊരോര്‍മപ്പെടുത്തലാണ്. ഇന്ത്യന്‍ സിനിമ വിട്ടുകളയേണ്ട വിഭാഗമല്ല.

 

Share :