Archives / January 2018

കവിത മനോഹർ
സി.വി.ബാലകൃഷ്ണന്റെ ലൈബ്രേറിയൻ എന്ന നോവലിന്റെ വായനാക്കുറിപ്പ്

സി വി ബാലകൃഷ്ണന്റെ ലൈബ്രേറിയന്‍ വായിച്ചു. പുസ്കതങ്ങളെ ഏറെ സ്നേഹിക്കുന്ന ഒരു ലൈബ്രേറിന്റെ ജീവിതത്തില്‍, ലോകം കണ്ട എഴുത്തുകാരും അവരുടെ പുസ്തങ്ങളിലൂടെ ജന്മമെടുത്ത കഥാപാത്രങ്ങളും കടന്നുവരുന്നു... വായിക്കുമ്പോള്‍ നമുക്കുമുന്നിലും... മറ്റുമനുഷ്യരോടൊപ്പം മണ്‍മറഞ്ഞെന്ന് നാം കരുതിയ എഴുത്തുകാര്‍ കണ്‍മുന്നിലെത്തുകയും സംസാരിക്കുകയും മാത്രമല്ല അവര്‍ ലൈബ്രേറിയന് ഉചിതമായ ഉപദേശങ്ങള്‍ നല്‍കുന്നു, സമാധാനിപ്പിക്കുന്നു. നാളെക്കായി ധൈര്യം പകരുന്നു...

“ കാക്കത്തൊള്ളായിരം പുസ്തകങ്ങളെ ജീവിതത്തോട് ഗാഢമായി ചേര്‍ത്ത എല്ലാ നല്ല ലൈബ്രേറിയന്മാര്‍ക്കു”മായാണ് സി വി ബാലകൃഷ്ണന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നത്. ലൈബ്രേറിയന്മാരാല്‍ വളമിടപ്പെടുന്ന ഒരുപാട് വായനയും ജീവിതങ്ങളും നമുക്കു ചുറ്റിലുമുണ്ട്. ബാഹുലേയനെന്ന ലൈബ്രേറിയന്റെ പ്രവര്‍ത്തികളാല്‍ വളരുന്ന ചില ലോകങ്ങള്‍ ഇവിടെയും കാണാം.

“തകഴി യോടാണേലും ഈര്‍ഷ്യ തോന്നിയാല്‍ അതങ്ങ് അടക്കാനൊക്കുമോ” എന്ന ചോദ്യം ലൈബ്രേറിയന്റെ തുറന്ന പ്രകൃതം വ്യക്തമാക്കുന്നു. ആദ്യഭാഗത്ത് “ബാഹുലേന്റെ മുതുകില്‍ സമാശ്വസി്പ്പിക്കുന്നതുപോലെ ഒന്നു തട്ടി, വടിയുമെടുത്ത് തകഴി പുറത്തേക്ക നടന്നു”എന്നു പറയുമ്പോള്‍ എഴുത്തുകാരനും വാനക്കാരനും തമ്മിലുണ്ടാകുന്ന രക്തബന്ധത്തോളം പോന്ന അടുപ്പം നാമറിയുന്നു.

“I have always imagined that paradise will be a kind of library .” സ്വര്‍ഗ്ഗത്തെ ഒരു ലൈബ്രറിയുടെ രൂപത്തില്‍ സങ്കല്‍പ്പിച്ച അര്‍ജന്റീനക്കാരനായ ജോര്‍ജ് ലൂയി ബോര്‍ഹെസ് എന്ന എഴുത്തുകാരനെക്കുറിച്ചുള്ള പരാമര്‍ശം പുസ്തകത്തിലിടക്കിടെ കാണാം. ഒരു ലൈബ്രറിയുടെ ജനനവും വളര്‍ച്ചയും നോവലില്‍ പറയുന്നു. ഒരു ലൈബ്രറി വളരുന്നത് പുസ്തകങ്ങളുടെ എണ്ണത്തിലൂടെ മാത്രമല്ല സമൃദ്ധമായ വായനക്കാരിലൂടെയുമാണ്. പക്ഷേ അലക്സാണ്ട്രിയയിലെ റോയല്‍ ലൈബ്രറി നേരിട്ട അതേ ദുര്‍വിധി വേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥാലയത്തിനും സംഭവിക്കുന്നു. പക്ഷേ പുസ്തകശാലകള്‍ക്ക് മരണമില്ല. ലൈബ്രറിയുടെ അതിജീവനവും നോവലില്‍ കാണാനാകുന്നു.

വായനയുടെ ശക്തി വെളിപ്പെടുത്തിക്കൊണ്ട് പുസ്കതവുമായി യാതൊരു ബന്ധവുമില്ലാത്ത സിദ്ധപ്പമല്ലര്‍ക്ക് ആന്തരികശ്ബദങ്ങള്‍ എന്ന് പേരുള്ള പുസ്തകം നല്‍കി മടങ്ങിപ്പോരുമ്പോള്‍ ലൈബ്രറിയും പുസ്തകങ്ങളും വായനയും ഒക്കെ തരുന്ന ഹൃദയവിശാലതയും, പ്രതിഷേധിക്കാനുള്ള ശക്തിയും,സര്‍വ്വോരി സ്വാതന്ത്യ്രവും എത്രത്തോളമെന്ന് തുറന്നുകാട്ടപ്പെടുന്നു...

“ഒരു ലൈബ്രേറിയനെ സംബന്ധിച്ച ഏറ്റവും സംതൃപ്തി നല്‍കുന്ന ഒരു കാര്യം അയാള്‍ കൈമാറിയ പുസ്തകം വായനക്കാരന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായിരുന്നുവെന്ന വെളിപ്പെടുത്തലാണ്.” “വായിച്ചു തീര്‍ത്ത ഒരു ഗ്രന്ഥകാരന്റെ മറ്റൊരു പുസ്തകം ആവശ്യപ്പെടുമ്പോള്‍ അതിന്റെ അര്‍ഥം വ്യക്തമാണ്”- നോവലിലെ ഈ വരികള്‍ ഒരു ലൈബ്രേറിയനും നിരന്തരം അവിടെയെത്തുന്ന വായനക്കാനും മാത്രമാറിയാവുന്ന ഒരു ഊഷ്മള ബന്ധത്തിന്റെ ഫലമാണ്. പത്മരാജന്റെ ഓരോ കഥകളും അദ്ദേഹത്തിന്റെ മറ്റ് കഥകള്‍ വായിക്കാനും ആവശ്യപ്പെടാനും പ്രേരിപ്പിക്കുന്ന പോലെ...

“മഴ തോര്‍ന്നാലും മരം പെയ്യുന്നത് പോലെ, കണ്ണുകള്‍ കരച്ചില്‍ നിര്‍ത്തിയാലും ഉള്ളിലതവസാനിക്കുകയില്ല.ഓരോ മനുഷ്യന്റെയുള്ളിലും കരയാനായി വേറെ വേറെ കണ്ണുകളുണ്ട്. പക്ഷേ, എല്ലാവര്‍ക്കും അവ വേണ്ടേ.” തങ്കമ്മാളുവിന്റെ വാക്കുകളില്‍ നിസ്സഹാത ഏറ്റവും പ്രകടമാകുന്ന വരികളാണിത്.

വളരും മുമ്പേ മരിച്ചുപോയ സോമവ്രതനുമായുള്ള തങ്കമ്മാളുവിന്റെ പ്രണയത്തോളം പോന്ന വായനബന്ധം, ദയവായി എന്നോട് സഹതപിക്കരുതെന്ന് പറയുന്ന ഉല്ലാസന്റെ നിലപാടുകള്‍, ശിവാനന്ദന്‍, ബാഹുലേയന്‍ തുടങ്ങിയവരുടെ ജീവിതം ഒക്കെച്ചേര്‍ന്നതാണ് ലൈബ്രേറിയന്‍. വള്ളത്തോള്‍, ചങ്ങമ്പുഴ, എസ് കെ പൊറ്റക്കാട്, മാധവിക്കുട്ടി, ബാലാമണിമ്മ, ഒ വി വിജയന്‍, ബഷീര്‍, ആന്‍ഫ്രാങ്ക്, ദസ്തയേവ്സ്കി, കാള്‍മാക്സ്.... തുടങ്ങി ഒരുപാടൊരുപാട് പേര്‍ ഇവിടെ ലൈബ്രേറിയനൊപ്പം വന്നെത്തുന്നുണ്ട്...

പുസ്തകങ്ങള്‍ കത്തിക്കുന്നവര്‍ ,വായനാശാലകള്‍ നശിപ്പിക്കുന്നവര്‍, എഴുത്തുകാരെ നിരോധിക്കുന്നവര്‍ മനസ്സിലാക്കുന്നില്ല പുസ്തകങ്ങള്‍ക്ക് ശത്രുക്കളില്ലെന്ന്. നാനാതുറകളില്‍പ്പെട്ട മനുഷ്യരുമായി സൌഹൃദം സ്ഥാപിക്കാനാണ് ഓരോ പുസ്തകവും ശ്രമിക്കുന്നതെന്ന്. ലൈബ്രറികള്‍ അലമാരികളിലടുക്കിവെച്ച കുറേ പുസ്തകങ്ങളല്ലെന്നും അതൊരു സോഷ്യല്‍ സ്പേസാണെന്നും ഓര്‍മ്മിപ്പിക്കുന്ന പുസ്തകം...:

Share :

Photo Galleries