Archives / December 2019

ആരിഫ് തണലോട്ട്
കണ്ണീർപാട്ട്

ആ  കാണുന്ന
കുന്നിൻ ചെരുവിൽ
എനിക്കൊരു
വീടുണ്ടായിരുന്നുവെന്ന്
തെരുവിലിരുന്നൊരാൾ
പാട്ടുപാടുന്നു

ഹാർമോണിയപ്പെട്ടി
പ്രിയതമയെപ്പോലെ
ചേർത്തു പിടിച്ചാണ്
വിരലോടിക്കുന്നത്

മുന്നിലുള്ള
മുഷിഞ്ഞ വിരിപ്പിൽ
കുറച്ച് ഗാന്ധിത്തലകൾ
കൂടുതലും
അശോകചക്രം
ചാപ്പകുത്തിയ
കിലുകിലുക്കങ്ങൾ

നടന്നുപോയവരും
കൂടി നിൽക്കുന്നവരും
അയാളെ കേട്ടതേയില്ല
പട്ടാളക്കാരന്റെ
പച്ചയൂണിഫോമിലേക്ക്
എപ്പോഴും ദേഹത്തെ
കയറ്റിവെക്കാവുന്ന
കാഴ്ചക്കാരാണ്
നിന്നവരിലധികവും

അയാളുടെ ഒച്ച
കനത്ത് വരുമ്പോൾ
ഒരു ഗ്രാമത്തിന്റെ
നിശബ്ദതക്കു മേൽ
അനുഛേദങ്ങളുടെ
ശേഷിപ്പുകളങ്ങനെ
നിഴൽ വിരിക്കുന്നു!

നിറയെ മാലാഖമാരുള്ള
സ്വപ്നത്തിലേക്ക്
ഓരോ ഗാനങ്ങളും
വിവർത്തനം ചെയ്ത്
സർവ്വ സ്വാതന്ത്ര്യവും
ആവാഹിച്ചെടുത്ത്
അയാൾ പിന്നെയും
പെൺമക്കളെയോർത്ത്
കരഞ്ഞ് പാടുന്നു

 

 

Share :