ശൂന്യതയുമായി ഒരു ഭാഷണം
ശൂന്യതയ്ക്ക് ബോധമുണ്ടെന്ന് ആരും പറയുകയില്ല. എന്നാൽ ഒരു മനുഷ്യൻ അതിനെ സ്ഥിരമായി അഭിമുഖീകരിക്കുകയാണെങ്കിൽ ആ ശൂന്യത പദസംഘാത്മകമായ ഭാഷണമായിത്തീരും. അർത്തോ ആ ശൂന്യതയെ അറിയുന്നതു തന്നെ വെളിപാടിന്റെ ലോകത്തേക്കുള്ള ക്ഷണമാണ്. തന്നിലുള്ള ശൂന്യതയെ അറിയുമ്പോൾ തന്നെ, അതിനുള്ളിലേക്ക് സ്വയം എറിഞ്ഞുടയ്ക്കാതിരിക്കാൻ പാടുപെടുകയാണ്. ഇതാണ് ആന്തരികമായ, നിഷ്ഫലതയുടെ സംവാദം. ഉള്ളിൽ എരിയുന്ന നരകമാണത്. തന്നിലെ കനലുകൾ കാണുന്നതോടൊപ്പം ഭയപ്പെടുകയും ചെയ്യുകയാണ്. അതിൽ നിന്ന് മോചനം നേടുക അസാധ്യമാണല്ലോ. കാരണം അത് ഉള്ളിൽ സദാ സന്നിഹിതമായിരിക്കുന്നു.
ഈ ലോകത്തെ നിരാകരിക്കാൻ തോന്നുന്നത്, ഉള്ളിലെ ഈ കത്തിയെരിയലിന്റെ ഫലമായാണ്. സാധാരണ മനുഷ്യർ മറ്റുള്ളവരെയാണ് കൂടുതലും നിരീക്ഷിക്കാറുള്ളത്. സ്വന്തം തകരാറുകളെല്ലാം അപരിചിതനിലാണ് കണ്ടെത്തുക. അതാണ് മനസിന് സുരക്ഷിതത്വം നൽകുന്നത്. പുറത്തുള്ളവരെ വിമർശിക്കുകയും നിയന്ത്രിക്കുകയും ചെയ്യാനുള്ള വ്യഗ്രത വ്യാപകമാകുമ്പോഴും അൽപംപോലും ആന്തരിക നിരീക്ഷണം ഉണ്ടാകില്ല. ഉള്ളിലേക്ക് നോക്കാനുള്ള കഴിവില്ലാത്തവർക്ക് ശൂന്യതയെ അഭിമുഖീകരിക്കേണ്ടിവരില്ല. എല്ലാ ശൂന്യതയും നാം ഒറ്റയ്ക്ക് കൊണ്ടു നടക്കുകയാണല്ലോ. അതുകൊണ്ടാണ് അർത്തോ പറഞ്ഞത്, താൻ ഈ ലോകത്തെ നിഷേധിക്കുമ്പോൾ തന്റെയുള്ളിലെ ശൂന്യതയെ തന്നെയാണ് നിരാകരിക്കുന്നതെന്ന്. ഒരുവശത്ത് അകം നിറയുന്ന ശൂന്യത, അതിനെ നേരിടുന്നതുകൊണ്ട് പുറംലോകം ആവശ്യമായിതന്നെ വരുന്നില്ല; അത് നിഷേധമായി വളരുന്നു. ആ നിഷേധത്തിലമരുമ്പോൾ, അത് ഉള്ളിലെ ശൂന്യതയ്ക്കെതിരായ കർമ്മമായി മാറുകയാണ്. ഈ ലോകം എങ്ങനെയാണ് നിലനിൽക്കുന്നത്? കാരണം ഉള്ളിലെ ശൂന്യതയും പുറംലോകവും ഒരുപോലെ വരികയാണല്ലോ. എന്നാൽ ഈ നിഷേധം വലിയ ഉൾത്താപമാണ്. അതിനുവേണ്ടി നാം ഏറ്റവും വലിയ ആഭ്യന്തലോകത്ത് വിഷാദത്തിന്റെ മുള്ളുകൾ ഏറ്റുവാങ്ങണം. ശൂന്യതയെ എതിർക്കുക എന്നാൽ യാതന അനുഭവിക്കുക എന്നാണർത്ഥം. മനുഷ്യന്റെയുള്ളിലെ ശൂന്യതയെ തിരിച്ചറിയണമെങ്കിൽ, കൂടുതൽ അഗാധമായ പരതൽ ആവശ്യമാണ്.
ഇത് ശരിക്കും അജ്ഞാതമായ ഒരു മേഖലയാണ്. ഉള്ളിൽ സംഭവിക്കുന്ന അജ്ഞാതത്വം. മനസാണ് ആ അജ്ഞാതത്വത്തെ വിഘടിപ്പിക്കുന്നത്. വിവരണാതീതമായ ഒരു പ്രദേശത്തിന്റെ ഇരുണ്ട സന്ദേശങ്ങളാണ് അർത്തോ( Antonin Artaud , 1896--1948) യ്ക്ക് പകരാനുണ്ടായിരുന്നത്.
ദൃശ്യമായ ജീവിതത്തിന്റെ മറുവശത്തുള്ള, മറഞ്ഞിരിക്കുന്ന ഭാഗമാണ് അർത്തോ ശ്രദ്ധിച്ചതു. അദ്ദേഹത്തിന്റെ ചിന്തകൾ ആദ്യം തന്നെ ചെയ്യുന്നത് അർത്തോ എന്ന കലാകാരനെ നിഷേധിക്കുകയാണ്. അവിടെ നാം നേരിട്ടു കാണുന്ന ജീവിത ദൃശ്യങ്ങളുടെ തനിപ്പകർപ്പുകൾ ഒന്നും തന്നെയില്ല. ആപത്കരമായ വിധം യഥാർത്ഥമാകുന്നതിന്റെ സമസ്യയാണിവിടെയുള്ളത്. മുൻവിധിയുടെ പശകൊണ്ട് ഒട്ടിച്ചുവച്ചിരിക്കുന്ന യാഥാർത്ഥ്യത്തെ ഇളക്കിമാറ്റി അതിനപ്പുറം പോകുകയാണ് അർത്തോ എന്ന കലാകാരന്റെ മാർഗം. എല്ലാ ബാഹ്യസൗന്ദര്യങ്ങളെയും അന്ധവിശ്വാസമായി തള്ളിക്കളയേണ്ടിവരുന്നു. വേറെ ഏതോ വർത്തമാനത്തിനുവേണ്ടി ചെവിയോർക്കേണ്ടിയും വരുന്നുണ്ട്. അർത്തോ കണ്ടത് എല്ലാറ്റിന്റെയും അടിയിലുള്ള ഇരുട്ടും നിസ്സഹായതയും മരണവുമാണ്. പ്രവൃത്തിയുടെ തൊട്ടപ്പുറത്ത് കാർബൺ കോപ്പി പോലെയുള്ള മരണവും ശൂന്യതയും. എത്രയൊക്കെ അപഗ്രഥിച്ചാലും യുക്തിയുടെ ചതുരവടിവുകൾക്കപ്പുറത്തേക്ക് ജീവിതം തുടർന്നുപോകുന്നതിന്റെ അനുഭവമാണിത്. യഥാർത്ഥജീവിതം എവിടെയെങ്കിലുമുണ്ടോ എന്ന് നാം ആലോചിക്കണം. എല്ലാം നിറം പിടിപ്പിച്ച നുണകളും വ്യത്യസ്ത കോണുകളിൽ നിന്നുള്ള നോട്ടങ്ങളുമാണ്.
അർത്തോ, ഈ ലോകത്തിന്റെ, നിർമ്മിതമായ ജീവിതത്തിന്റെ ഭാഗമായിരുന്നെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അദ്ദേഹം ഇങ്ങനെ കുറിച്ചു. ഞാൻ അർത്തോ എന്ന മരിച്ച മനുഷ്യനാണ്. പ്രായം ചെന്ന് മരിക്കുകയും ഒരിക്കലും ചരിത്രത്തിൽ പ്രവേശിക്കാതെ കടന്നുപോകുകയും ചെയ്ത ഒരാളുടെ ചരിത്രപരമായ കഥയാണ് എന്റേത്". ഒൻപത് വർഷം ഭ്രാന്തിന് ചികിത്സ കഴിഞ്ഞശേഷമുള്ള ഒരു കമന്റാണിത്. എന്നാൽ ഇതിൽപ്പോലും അർത്തോ ജീവിതകാലമത്രയും തുടർന്നുവന്ന ദാർശനിക സമീപനങ്ങളുടെ മുഴക്കം കേൾക്കാം. അർത്തോ എന്ന വ്യക്തി ജീവിച്ചിരുന്നില്ല. "ഞാൻ ചിതയിലേക്ക് വയ്ക്കപ്പെട്ടെങ്കിൽ, അത് എന്നെ ഈ ലോകത്തിൽ നിലനിർത്തുന്നതിനു വേണ്ടിയാണ്." ഇതാണ് അർത്തോയുടെ മതം. മരിക്കുമ്പോഴും അദ്ദേഹം ജീവിക്കുന്നു. ജീവിക്കുമ്പോഴാകട്ടെ നിരന്തരം മരിക്കുകയും ചെയ്യുന്നു.
യഥാർത്ഥ ജീവിതം കാംക്ഷിക്കുന്നതിന് നാം ക്ലിപ്തമായ ധാരണകളെ ഉപേക്ഷിക്കേണ്ടിവരും. സംസ്കാരങ്ങളുടെ നിറം പിടിപ്പിച്ച നുണകൾ ഒഴുക്കി കളയണം. ആധുനിക നാഗരിക സംസ്കൃതികളുടെ പുരോഗതിയെപ്പറ്റി നാം ശരിയായ സംശയങ്ങൾ നട്ടുനനച്ചു വളർത്തണം. "എന്റെ സൃഷ്ടികൾ ജീവിതത്തെ അപേക്ഷിച്ചു വളരെ കുറച്ചു മാത്രമാണ് സംസാരിക്കുന്നതെന്ന്" അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്ഥൂലമായ യാത്രകളാണ്. ചരിത്രത്തിന്റെയും, മൂല്യത്തിന്റെയും, സംസ്കാരത്തിന്റെയും പേരിൽ ചുറ്റും തിളച്ചുമറിയുന്നത്. ഒന്നും തന്നെ അടിത്തട്ടിൽ അടിയുന്നില്ല. എല്ലാ ആഘോഷങ്ങൾക്കു ശേഷവും ഒഴിഞ്ഞ കുപ്പിപോലെ മനുഷ്യമനസ് മറ്റെന്തിനോ വേണ്ടി ദാഹിക്കുന്നു. ആ ദാഹം എന്തിനുവേണ്ടിയുള്ളതായിരിക്കും. നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് വേണ്ടിത്തന്നെ. എന്നാൽ അതെല്ലാം നുണകളായി തന്നെ നാം നിർമ്മിച്ചതുമാണ്. ഒരു ശരി ജീവിതം നമ്മുടെ കാണാമറയത്താണുള്ളത്.
അർത്തോ എല്ലാവരിൽ നിന്നും അകലുന്നത് രോഗവും അതുണ്ടാക്കിയ മാനസികവ്യതിചലനവും മുഖേനയാണ്. വേർപിരിഞ്ഞ അദ്ദേഹത്തിന് മറ്റൊരു ജാലകപ്പഴുതു ലഭിച്ചു. സർഗാത്മക കലാകാരന് ധ്യാനം എളുപ്പമല്ല; അവൻ വികാരത്തിനടിപ്പെടുന്നവനാണ്. ഒരാശയത്തിനു വേണ്ടി ദീർഘനാൾ തപസ്സനുഷ്ഠിക്കാൻ കഴിയില്ല. ഇവിടെ അർത്തോയ്ക്ക്, തപസ്സിനു തുല്യമായ വിവേകം കിട്ടിയത് രോഗത്തിലൂടെയാണ്. അത് അർത്തോയുടെ ചുറ്റിനുമുള്ള ലോകത്തെ കുറേക്കൂടി അനാവൃതമാക്കി കാണിച്ചു.
ഒരു സ്വപ്നത്തിൽ നിന്ന് നാം എന്താണ് നേടുന്നത്? അതിന്റെ ഭാവനയോ, രൂപമോ? നമുക്ക് അതിന്റെ മായിക ശക്തിയിൽ നിന്ന് സ്വയം കണ്ടെത്താനാവുമോ? സാധിക്കുന്നില്ല. കാരണം ഒരിടത്തും നമ്മൾ സ്വയം അന്വേഷിക്കുന്നില്ല. സ്വയം നിർണയിക്കാനുള്ള സിദ്ധി നഷ്ടപ്പെടുന്നു. ഒരു പ്രവൃത്തിയെ നിരീക്ഷിച്ചുകൊണ്ട് നാം എത്തിച്ചേരുന്നത് അതിന്റെ യുക്തിയിലും രൂപത്തിലുമായിരിക്കും. അതിന്റെ ശാസ്ത്രീയത, ജീവിതപക്ഷപാതം, പ്രായോഗികത, ഉപയോഗക്ഷമത എല്ലാം നാം പരിശോധിക്കുന്നു. നമുക്ക് അതുമായുള്ള ബന്ധം തീരുമാനിക്കപ്പെടുന്നത് അങ്ങനെയാണ്. അതായത്, ഒരു വിശകലനത്തിൽ നമ്മുടെ പങ്ക് വളരെ കുറവായിരിക്കും. സ്വന്തം അനുഭവങ്ങളെ സത്യസന്ധമായി സമീപിക്കാൻ കഴിയില്ല. അതിനുപകരം, ആ അനുഭവങ്ങളുടെ സ്വാർത്ഥമായ ലക്ഷ്യങ്ങളാവും തിരയുക. അനുഭവം നമ്മുടെ സാമൂഹികപ്രക്രിയയിൽ നാം എന്ന വ്യക്തിയെ നിലനിർത്തുന്നതിനോ ഇല്ലാതാക്കുന്നതിനോ എങ്ങനെയെല്ലാം കാരണമായി എന്നാവും ചിന്തിക്കുക. ഇവിടെയെല്ലാം, വ്യക്തി നിഷേധിക്കപ്പെടുന്നു.
പഠനങ്ങളിലും സാഹിത്യ രചനകളിലും ഈ വ്യക്തി നിരാസമുണ്ട്. ഉപനിഷത്തിനെപ്പറ്റി എഴുതുകയാണെങ്കിൽ അതിൽ എഴുത്തുകാരൻ എന്ന വ്യക്തിയുണ്ടാകില്ല. പകരം അർത്ഥങ്ങളും രൂപങ്ങളും വിവരങ്ങളും മാത്രമേയുണ്ടാകൂ. അതിൽ എഴുതുന്ന വ്യക്തിയുടെ സ്വപ്നാത്മകതയ്ക്ക് യാതൊരു ഇടവും ലഭിക്കുന്നില്ല. ഇതിന്റെ കാരണം നാം തോളിലേറ്റിയിരിക്കുന്ന ശാസ്ത്രീയതയാണ്. ശാസ്ത്രീയത നമ്മെത്തന്നെ നഷ്ടപ്പെടുത്തുന്നയിടംവരെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇതിനെക്കുറിച്ച് അർത്തോ ഇങ്ങനെ കുറിക്കുന്നു. ശാസ്ത്രം നമ്മളിൽ നിന്ന് എല്ലാ കവർന്നെടുത്തിരിക്കുന്നു. അതിന്റെ എതിർയുക്തികളിൽ അത് എല്ലാറ്റിനെയും വേർതിരിച്ച് ഒറ്റപ്പെടുത്തിയിരിക്കുന്നു, അതിന്റെ മൈക്രോസ്കോപ്പുകൾ, സ്കെയിലുകൾ, സങ്കീർണമായ യന്ത്രങ്ങൾ; അത് എല്ലാറ്റിനെയും സംഖ്യകളായി വെട്ടിച്ചുരുക്കുന്നു. നമ്മുടെ ജൈവശക്തിയെ ഇല്ലാതാക്കുന്ന ശാസ്ത്രത്തിൽ നിന്ന് നാം വിജയകരമായി തിരിച്ചുവരേണ്ടിയിരിക്കുന്നു."
ഈ ശാസ്ത്രീയതയ്ക്ക് എതിരെ, നമ്മുടെയുള്ളിലെ വിചാരങ്ങളെ, അതിന്റെ നിമിഷം തോറുമുള്ള വ്യതിചലനങ്ങളെ അനുധാവനം ചെയ്തുകൊണ്ട് മറ്റൊരു മനുഷ്യത്വത്തിലേക്ക് എത്തുകയാണ് അർത്തോ ചെയ്യുന്നത്. അത് ആത്മാവിനു അഭിമുഖമായി പിടിച്ച കണ്ണാടിപോലെ ഉള്ളിലെ കറുപ്പും വെളുപ്പും പ്രതിഫലിപ്പിക്കുന്നു. അസ്തിത്വപരമായ പ്രശ്നങ്ങളെ യുക്തിപരമായി വിശകലനം ചെയ്ത് വ്യക്തിയെ നിഷ്കാസനം ചെയ്യുന്ന എല്ലാ ചിന്താപദ്ധതികളിൽ നിന്നും അകലുകയാണ് അദ്ദേഹം അവലംബിച്ചരീതി. നമ്മൾ സ്വയം എടുത്തണിയുന്ന ചിന്തയുടെ കുപ്പായത്തേക്കാൾ, നമ്മിലേക്ക് വന്നുവീഴുന്ന തോന്നലുകളുടെ അറിവുകളുടെ പൊടിപടലങ്ങളാണ് അഭികാമ്യമെന്ന് വരുന്നു.
അതുകൊണ്ട് അർത്തോയുടെ ലോകം കറുത്തമാജിക് നിറഞ്ഞതും തുറന്നതും ചമൽക്കാര രഹിതവുമാണ്. കവിതയെ അദ്ദേഹം ഒരടഞ്ഞ പ്രസ്താവനമായി കാണാൻ കാരണമതാണ്. കവിതയിൽ അദ്ദേഹം, ജീവിക്കുന്നവന്റെ തത്സമയങ്ങൾ കണ്ടുപിടിച്ചു. അതിഭാവനയുടെ ഫംഗസ് ബാധിക്കാത്ത, നഗ്നമായ വാക്കുകൾ അവിടെ ത്രസിച്ചു പിന്നീടാണ് അദ്ദേഹം കവിതയെന്ന മാധ്യമത്തെ തന്നെ പഴിച്ചതു.
പൊതുസമൂഹത്തിന്റെ സ്വീകാര്യതയ്ക്ക് പുറത്ത്, തന്റെ വിചാരങ്ങളെ സഹജമായ അസാധാരണത്വത്തോടെ പകർത്തുകയായിരുന്നു അർത്തോ. ഉള്ളിൽ തന്നെ അദ്ദേഹം വിഭജിക്കപ്പെട്ടു എന്ന് പറയുന്നതാവും കൂടുതൽ ശരി. ഏകകേന്ദ്രമില്ലാത്ത ഒരു മനസിന്റെ ചിതറൽ അതിന് മറ്റൊരുമാനം നൽകി.