Archives / December 2019

ഷുക്കൂർ ഉഗ്രപുരം
രാജ്ഘട്ട്

സായാഹ്ന സൂര്യൻ 

യമുനാ നദിക്ക് മീതെ
ചെഞ്ചായം വിതറി
മൃതിയടയാനായി 
ഇമ ചിമ്മുന്ന നേരത്ത്
തെരുവിന്നിരുളിൽ
നിന്നുമുയരുന്നു
റാം റാം വിളികൾ.
അലർച്ചകൾക്കിടയിൽ
ഒരു റാം വിളി 
അഭയം തേടി
അടുത്ത കുഴിമാടത്തിൻ
സ്മാരക ശിലയുടെ
വേരറുത്ത്
താഴേക്കൂളിയിട്ടു.
ഉറങ്ങിക്കിടക്കുന്ന
ദേഹി ‘റാമിൻ’
ഗന്ധമേറ്റ്
നിദ്ര മുറിഞ്ഞു
മിഴികളുയർത്തി!
ഊന്നുവടിയും
മേൽമുണ്ടും
കണ്ണടയും മാത്രം
കയ്യിൽ കരുതി
കുഴിമാടം ബേധിച്ചയാൾ

പുറത്തിറങ്ങി.

തൂമഞ്ഞ് പോൽ
ഭവിക്കേണ്ട
റാം വിളികൾ
തീ പന്തമായ്

എരിയുന്നത് കണ്ടയാൾ
സ്തപ്തനായി!
പച്ചമാംസത്തിൻ
ഗന്ധമായിരുന്നു
തെരുവിന്,
രക്തത്തിൽ ചുവന്ന
വർണ്ണമായിരുന്നു
അവിടുത്തെ രാവിന്!
പിന്നിലെ ചരിത്രത്തിൻ
ഇടനാഴിയിൽ
ശോകതയോടെയൊരു
വാനമ്പാടി
രാവിൻ സംഗീതം
പൊഴിച്ചു കൊണ്ടിരുന്നു.
ഇരുണ്ട രാവിൻ
നെടുവീർപ്പിൽ 
പുതുയുഗ പ്രഭാത
പുലരിക്കായ് 
റാം റാം
ജപിച്ച്കൊണ്ടയാൾ
ഗാന്ധിയെത്തേടി
നഗ്നപാദനായ്
നടന്നു നീങ്ങി!!

Share :