Archives / March 2019

ശ്രീദേവി കക്കാട് (കവി എൻ എൻ കക്കാടിൻ്റെ ഭാര്യ)
കാട് കാണാന്‍ പോകാം

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രാക്തനസംസ്കാരത്തിന്‍റെ തണലില്‍
അരങ്ങേറുന്ന മനോഹരമായ ഒരു പ്രണയകഥ അവതരിപ്പിക്കുന്ന മലയാറ്റൂര്‍
രാമകൃഷ്ണന്‍റെ ‘പൊന്നി’, മനുഷ്യസ്പര്‍ശം ഏറ്റിട്ടില്ലാത്ത കൊത്തും കിളയും
ഏല്‍ക്കാത്ത വയനാടന്‍കുന്നിലെ കന്നിമണ്ണില്‍ കൃഷിചെയ്തു ജീവിക്കാന്‍
പ്രകൃതിയോട് മല്ലിട്ട കുടിയേറ്റക്കാരുടെ കഥ പറഞ്ഞ എസ്. കെ പൊറ്റക്കാടിന്‍റെ
‘വിഷകന്യക’, കുടിയേറ്റക്കാരുടെയും ആദിവാസി സംസ്കാരത്തിന്‍റെയും കഥ പറയുന്ന
കെ. പാനൂരിന്‍റെ ‘കാട്ടിലെ കഥകള്‍’, വയനാടന്‍ ജീവിതം ചിത്രീകരിച്ച പി.
വത്സലയുടെ ‘നെല്ല്’, ആദിവാസികള്‍ക്കെതിരെ നടക്കുന്ന ചൂഷണത്തിന്‍റെ
യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന കെ.ജെ ബേബിയുടെ ‘മാവേലി മന്‍റം’ എന്നിവക്ക്
പുറമേ ആ ജനുസ്സില്‍ അധികമൊന്നും കൃതികള്‍ എഴുതപ്പെട്ടിട്ടില്ല. ആ
ശ്രേണിയിലേക്ക് പുതുതായി എത്തിച്ചേര്‍ന്ന സൃഷ്ടിയാണ് ഷീല ടോമിയുടെ ‘വല്ലി.’
മുമ്പ് പ്രസ്താവിച്ചവര്‍ അധികവും സമതലങ്ങളില്‍ പാര്‍ത്ത് കാടിനെപ്പറ്റി
പഠിക്കാന്‍ കാട് കയറിയവരാണെങ്കില്‍ വയനാടന്‍ മലനിരകളില്‍ ജനിച്ചുവളര്‍ന്ന്
ബാല്യവും കൌമാരവും ചെലവഴിച്ച് ഇപ്പോള്‍ വിദേശത്ത് വസിക്കുന്ന ഷീല
ജന്മനാടിനെ പകര്‍ത്തുമ്പോള്‍ അനുഭവത്തിന്‍റെ തീക്ഷ്ണത കൂടുതല്‍ പ്രകടമാവുന്നത്
സ്വാഭാവികം. ഷീല സ്വന്തം ദേശത്തെ തിരിഞ്ഞുനോക്കി കാണുമ്പോള്‍ കാലങ്ങളായി
ആ ദേശം മുന്നോട്ടുവച്ച രാഷ്ട്രീയ സാമൂഹ്യ ചരിത്രം വയനാടന്‍ ജീവിതങ്ങളെ
എങ്ങനെ ബാധിക്കുന്നുവെന്നും നാളെയിലേക്കുള്ള ദിശാസൂചന എങ്ങോട്ടാണ്
എന്നും ഈ നോവല്‍ കൃത്യമായി പറയുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറ
കൊള്ളയടിക്കപ്പെട്ടതിന്‍റെയും വന്യസംസ്കൃതിയുടെ തച്ചുടക്കലിന്‍റെയും
മണ്ണിന്‍റെയും മനുഷ്യന്‍റെയുംമേലുള്ള അധിനിവേശങ്ങളുടെയും ചരിത്രവല്ലിയെ വായിക്കാം 

                                     

                                

> കാഞ്ഞിരപ്പള്ളിക്കാരിയായ സാറ ടീച്ചറും കടപ്പുറത്തെ ഒരു നല്ല മനുഷ്യന്‍
എടുത്തു വളര്‍ത്തിയ തോമസ്‌ മാസ്റ്ററും ബഹുദൂരം സഞ്ചരിച്ച് വയല്‍നാട് എന്ന
വയനാട്ടിലേക്ക് ചുരം കയറി എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. സാറയുടെ
കുടുംബക്കാരുടെ എതിര്‍പ്പിനെ വകവെക്കാതെ പ്രേമവിവാഹിതരായ അവര്‍ ദൂരെയുള്ള
സ്കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങി എത്തിയതാണ്. ചുരം കയറി രാവില്‍
മാനന്തവാടിയില്‍ വന്നിറങ്ങിയപ്പോള്‍തന്നെ നാട്ടില്‍ അപരിചിതരായ അവരെ
പോലീസ് ചോദ്യം ചെയ്യുന്നു. പോലീസുകാരില്‍ ഒരാള്‍ തോമസിന് വര്‍ഗീസിന്‍റെ
ഛായയുണ്ടെന്നു പറയുമ്പോള്‍ വര്‍ഗീസിന്‍റെ കൊലയും വയനാട്ടിലെ നക്സല്‍
വിപ്ലവവും കാലഗണനയായി സൂചിതമാകുന്നു. സഹപാഠിയായ പീറ്ററിന്‍റെ

മേല്‍വിലാസവുമായാണ് അവര്‍ അവിടെയെത്തുന്നത്. പാവങ്ങള്‍ക്കു വേണ്ടി
പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പീറ്റര്‍. എന്നാല്‍ പീറ്ററിന്‍റെ പിതാവ് ആദ്യകാല
കുടിയേറ്റക്കാരനും ആര്‍ത്തിപിടിച്ച് ഭൂമി വെട്ടിപ്പിടിക്കാന്‍ എന്തക്രമത്തിനും
മടിക്കാത്തവനുമാണ്. എന്നാലും പീറ്ററിന്‍റെ ശുപാര്‍ശയില്‍ ആ ദമ്പതികള്‍ അവരുടെ
ഔട്ട്‌ഹൌസില്‍ താമസിച്ച് കല്ലുവയല്‍ എന്ന കാട്ടുപ്രദേശത്തെ സ്കൂളില്‍
പഠിപ്പിക്കാന്‍ തുടങ്ങുന്നു.
തോമസ് ആദ്യമായി പരിചയപ്പെടുന്ന പത്മനാഭന്‍ എന്ന പപ്പന്‍ മാഷ്‌
പറയുന്നുണ്ട് ‘ചുരം കയറി വയനാട്ടില്‍ വന്നുവീഴുന്ന ആര്‍ക്കും വിപ്ലവകാരി
ആകാതിരിക്കാന്‍ കഴിയില്ല’ എന്ന്‍. തോമസും ആ ഒഴുക്കില്‍ പെട്ടുപോകുന്നു.
അടിക്കടിയായി ഉണ്ടാകുന്ന നിരവധി ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്നു.
കലുഷിതമായ അന്തരീക്ഷത്തില്‍ കഥ പുരോഗമിക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍
ഏറെയുണ്ട് പറയാന്‍; വല്ലിയിലെ പ്രകൃതിക്കും വല്ലിയിലെ മനുഷ്യര്‍ക്കും. വന്നു
കയറുന്ന സമയം തുടങ്ങി വയനാട് തോമസ്‌ മാഷിനെ സ്വാധീനിക്കുകയാണ്‌. അന്ന്‍
തുടങ്ങി വയനാട് ആ വ്യക്തിയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ വല്ലിയില്‍ കാണാം.
നിരന്തരമായ പോരാട്ടങ്ങളില്‍ ഒരു കാവലാളായി നിലകൊള്ളാനുള്ള ഇച്ഛാശക്തി
നേടുകയാണ് തോമസ്‌. വല്ലി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം മനുഷ്യന്‍ മനുഷ്യനെ
സ്നേഹിക്കുകയും മനുഷ്യന്‍ പ്രകൃതിയുടെ കാവലാളുകള്‍ ആവുകയുമാണ്.
ബസവന്‍ എന്ന നിഷ്കളങ്കനായ ആദിവാസിയുടെ സാന്നിധ്യം ആദ്യന്തം കാടിന്‍റെ
ഗന്ധം പ്രസരിപ്പിക്കുന്നു. ഒരു തുണ്ട് പുകയിലയും മദ്യവും തന്ന്‍ ഞങ്ങളുടെ ഭൂമി
തട്ടിയെടുത്തവരേ കാട് ഞങ്ങള്‍ വിട്ടുതരില്ല, ഞങ്ങളുടെ മണ്ണ്‍ ഞങ്ങള്‍ക്ക്
എന്നാണ് ആദിവാസി വിപ്ലവകാരികളുടെ മുദ്രാവാക്യം. ഇടവകയിലെ പള്ളിവികാരി
ഫാദര്‍ ഫെലിക്സ് മുല്ലക്കാട്ടില്‍ എന്ന പ്രകൃതിസ്നേഹി പാവങ്ങളോട് കാരുണ്യവും
കരുതലും എന്നാല്‍ അതിലുപരി യേശുവിന്‍റെ വിപ്ലവ സാനിധ്യവുമായി കഥ
തീരുമ്പോഴും കല്ലുവയലില്‍ നിറഞ്ഞു നില്‍ക്കുന്നു. കഥാസന്ദര്‍ഭത്തിന്
അനുയോജ്യമായി കോര്‍ത്തിണക്കിയ ബൈബിള്‍ വചനങ്ങള്‍ നന്മയുടെ ഉറവായി
വായനയെ വിമലീകരിക്കുന്നു. വനസ്ഥലിയുടെ ഒപ്പീസ്’, ‘ഫലം തരാത്ത
അത്തിവൃക്ഷങ്ങള്‍’, ‘പീറ്ററിന്‍റെ ഗത്സമന്‍ തോട്ടം’ അങ്ങനെ പല അധ്യായങ്ങളുടെ
പേരുകളില്‍ പോലുമുണ്ട് സാന്ദര്‍ഭികമായ വചനലയനം.
താളുകള്‍ മറിച്ച് മുന്നേറവേ കാട് ഒരു ആവേശമായി നിറയുന്നു. അവിടത്തെ
വന്‍മരങ്ങളും വളഞ്ഞുപുളഞ്ഞു പോകുന്ന വഴികളും ഹൃദിസ്ഥമാകുന്നു.
പണിയസഹോദരങ്ങളുടെ ലിപിയില്ലാത്ത ഭാഷ അടിക്കുറിപ്പില്ലാതെ തന്നെ
മനസ്സിലായിത്തുടങ്ങുന്നു. അതിനൊക്കെ നിദാനം കാടും ചരാചര പ്രകൃതി ആകെയും
തന്നെ ഈ നോവലിലെ സജീവ കഥാപാത്രമായി കടന്നുവരുന്നു എന്നതാണ്.
ഉദാഹരണങ്ങള്‍ നോവലില്‍ ഉടനീളം പരന്നുകിടക്കുന്നു. ‘കാട് പൂക്കാന്‍ മറന്നു,
തളിര്‍ക്കാന്‍ മറന്നു.’‘കാട് മലകള്‍ക്കപ്പുറം ഓടി മറയാന്‍ തുടങ്ങി.’ ‘സൂര്യന്‍ ഉദിക്കാന്‍
മറന്നു.’ ‘കാട്ടുചോല പോലെ തെളിഞ്ഞ മനുഷ്യന്‍.’ ‘വേര്‍പാടുകളുടെ തുടക്കമാണ്

അതെന്ന് പുഴയറിഞ്ഞില്ല. ക്ഷോഭങ്ങള്‍ മറച്ചുവെച്ച് കൊടുങ്കാറ്റിനെ ഉള്ളില്‍
ഒതുക്കി അത് ഒഴുകി നീങ്ങി.’ ‘വഴികള്‍ നനഞ്ഞും തളര്‍ന്നും കരഞ്ഞും കിടന്നു.’
അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍!
തമ്പ്രാന്‍കുന്നിലെ ഊഞ്ഞാലിടുന്ന മരങ്ങള്‍ പിഴുതെറിഞ്ഞ് ആടിക്കളിക്കാന്‍
മരവിച്ച യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന കാഴ്ച ഇന്നത്തെ സാമൂഹിക മനസ്സിന്‍റെയും
പ്രതിഫലനമാകുന്നു. ‘ഓരോ അക്ഷരത്തിലും ഒരു മരം. ഓരോ മരത്തിലും ഒരു കാട്’ എന്ന
പുനരുജ്ജീവന വനസംസ്കൃതി ഛിന്നഭിന്നമാക്കപ്പെടുന്നതിന്‍റെ ആശങ്കയാണ്
വല്ലിയുടെ സ്പന്ദനം. അറ്റമില്ലാത്ത അധികാരക്കൊതിയും പകയും കുതികാല്‍വെട്ടും
മനസ്സില്‍ നിറച്ച മനുഷ്യരുടെ പതനവും സ്നേഹത്തിന്‍റെ സര്‍വ്വതലസ്പര്‍ശിയായ
സാന്നിധ്യവും എടുത്തുകാട്ടുന്നുമുണ്ട് തലമുറകളുടെ കഥ പറയുന്ന നോവല്‍.
തിന്മയുടെമേല്‍ നന്മയുടെ വിജയമാണല്ലോ സ്വാഭാവികമായും മനുഷ്യ
കഥാനുഗായികളായ എഴുത്തുകാരുടെ രചനകള്‍ നല്‍കുന്ന സന്ദേശം. ആ ധര്‍മ്മമാണ് ഷീല
ടോമിയുടെ വല്ലിയില്‍ സാക്ഷാല്‍കൃതമാകുന്നത്. എഴുത്തിന്‍റെ സാഫല്യവും
അതുതന്നെ. ഒപ്പം മനോഹരമായ ക്രാഫ്റ്റും വല്ലിയ്ക്ക് സ്വന്തം. എഴുത്തുകാരിയുടെ
പരിശ്രമങ്ങളെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

Share :