കല  / സിനിമ

ആർ.സുകുമാരൻ ഫിലിം ഡയറക്ടർ
android kunjappan ആൻഡ്രോയിഡ് കുഞ്ഞപ്പൻ (റിവ്യൂ )

 

ഒരു സിനിമയിൽ കഥയുമായി വിലയം പ്രാപിക്കുന്ന കഥാപാത്രങ്ങളെയാണ് നാം കാണുന്നത്.എന്നാൽ സിനിമക്കും കഥാപാത്രങ്ങൾക്കുമപ്പുറത്തേക്ക് പോയി ജീവിതം കാണിച്ചു തരുന്ന ഒരു അത്ഭുത കാഴ്ച കാണാൻ നിങ്ങൾക്ക് സന്ദർഭം ഇതാ വന്നിരിക്കുന്നു.ആ അവസരം പാഴാക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു ,അപേക്ഷിക്കാൻ കാരണമുണ്ട്.ലോക സിനിമ കണ്ടുകൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഒരു മലയാളം പടം കൊട്ടിഘോഷിക്കുന്ന ചെലവിലെടുക്കാത്ത ഒരു കൊച്ചു ബഡ്ജറ്റ് പടം അതും താരപകിട്ടില്ലാതെ എടുത്തിരിക്കുനത്ത് കാണാൻ നിങ്ങൾ തയ്യാറാകുമോ? എന്ന് ചോദിക്കുമ്പോൾ ഒരു ചിരി നിങ്ങളിൽ ഉണ്ടാകും.അത് പുച്ഛത്തിന്റേതാണെന്ന് കരുതുന്നതിൽ തെറ്റുണ്ടോ ? .കാലത്തിന്റെ പോക്കിൽ നമ്മളും പെട്ടിരിക്കാം.എന്നാൽ നിങ്ങളെയും എന്നെയുമെല്ലാം മാറ്റി മറിച്ചുകൊണ്ട് ഒരു ചിരി നമ്മുടെ മുന്നിലേക്ക് വരുന്നു.ആ ചിരിയുടെ അർത്ഥതലങ്ങൾ നമ്മെ വേട്ടയാടും.അതിൽപെടുന്ന നാം ആദ്യം പ്രതിഷേധിക്കും പിന്നെ തളർച്ചയിൽ നിന്നും സുരക്ഷിതമായ ഒരു തത്വ സംഹിതയിലേക്ക്, സ്‌നേഹ സമ്പന്നമായ ജീവിതത്തിലേക്ക് കടക്കാൻ വഴിയൊരുക്കും .

ആ ചിരി എവിടെ നിന്നു വന്നു ?എന്ന് നോക്കാൻ ഒരു മനുഷ്യന്റെ തൊണ്ടയിൽ കൂടി ഹൃദയത്തിന്റെയും മനസ്സിന്റെയും തള്ളലിൽ നിന്നും പുറത്ത് വന്ന ശബ്ദമാണ്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ, മനുഷ്യന്റെ ചിരിയല്ലാതെ ആരിങ്ങനെ ചിരിക്കും. ഇന്ത്യയിലെ ഏതു നടനാണു ഇങ്ങനെ ശബ്ദിക്കാൻ പറ്റും? .ചാർളി ചാപ്ലിനെ ആദരപൂർവ്വം ഓർത്തുകൊണ്ട് സുരാജിനെ അഭിനന്ദിക്കുന്നു .ജീവിതത്തിന്റെ എല്ലാ വേദനകളും സന്തോഷങ്ങളും ആ ചിരിയിൽ കാണുന്നു, അനുഭവിക്കുന്നു.അതാണ് 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25' എന്ന സിനിമയുടെ വിജയം

പ്രായമായ ഒരാളെ ശുശ്രുഷിക്കാൻ, സംരക്ഷിച്ചു നിർത്താൻ ആരെങ്കിലും വേണ്ടേ? മക്കളും ബന്ധുക്കളുമെല്ലാം അവരവരുടെ വഴികൾ തേടി പോകുമ്പോൾ വൃദ്ധൻ ഒറ്റപ്പെടുന്നു. അങ്ങിനെ ഒറ്റപ്പെടുന്ന ഒരു വൃദ്ധനെ മകൻ ഒരു റോബോട്ടിനെ കൊണ്ടുവന്ന് സംരക്ഷണ ചുമതല ഏൽപ്പിക്കുന്നതാണ് കഥയുടെ തുടക്കം.വൃദ്ധനായ സുരാജും(കുഞ്ഞപ്പൻ) റോബോട്ടുമായുള്ള ബന്ധത്തെയാണ് നാം പിന്നീട് കാണുന്നത്.എല്ലാ ബന്ധങ്ങളും ആർട്ടിഫിഷ്യൽ എന്ന് ഈ സിനിമ വിളംബരം ചെയുന്നോ എന്ന് ചോദിച്ചാൽ പ്രേക്ഷകരായ നിങ്ങൾ മറുപടി പറയണം.ആ മറുപടിയാണ് ഇന്നത്തെ ലോകത്തിന് ആവശ്യം.അതുകൊണ്ട് ഈ സിനിമ വൃദ്ധർ മുതൽ കുഞ്ഞുങ്ങൾ വരെ കണ്ടിരിക്കണം.ഈ സിനിമ പണം സമ്പാദിക്കുന്നതിനു വേണ്ടി മാത്രം എടുത്തതല്ല എന്ന് കരുതുന്നു.ചിത്രം കാണുമ്പോൾ നിങ്ങൾക്കും അത് ബോധ്യപ്പെടും.

സുരാജ് എന്ന നടൻ കഥാപാത്രമാകുമ്പോൾ ഉണ്ടാകുന്ന ചലനങ്ങളും ശബ്ദങ്ങളും റോബോട്ടുമായി ഒത്തുകൂടുമ്പോൾ എങ്ങനെ മാറുന്നു എന്ന് ഉള്ളുരുകിയല്ലാതെ നിങ്ങൾക്ക് കണ്ടിരിക്കാൻ പറ്റില്ല.

ഈ ചിത്രത്തിന്റെ കഥയും, കഥാപാത്രങ്ങളെ ചെയ്തവരേയും, സാങ്കേതിക വിദ?ഗ്ധരേയും പ്രത്യേകം പരാമർശിക്കുന്നില്ല . ഈ ചിത്രത്തിന്റെ ഭാഗം തന്നെയാണ് അവരെല്ലാം.

 

Share :