കാശ്മീരിൻ്റെ സൗന്ദര്യം തേടിയൊരു സ്വപ്നയാത്ര -രണ്ടാം ഭാഗം :
കാശ്മീരിലെ മഞ്ഞിൻ ലോകം തേടി ഗുൽമാർഗിലേക്കൊരു യാത്ര ജമ്മു & കാശ്മീരിൻ്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 56 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന hill station ആണ് ഗുൽമാർഗ് [ പൂക്കളുടെ പ്രദേശം] .പുരാതന കാലത്ത് ഗൗരി മാർഗ്ഗ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാശ്മീർ താഴ്വരയിലെ ബരാമുള്ള ജില്ലയിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത് [ പണ്ട് ഈ വഴി വന്ന് കാശ്മീർ ആക്രമിച്ചപ്പോൾ ഇന്ത്യ ഒന്നാം സിഖ് റെജിമെൻ്റിനെ വിമാനത്തിൽ ശ്രീനഗറിലെത്തിച്ച് കാശ്മീർ രാജാവിനെ രക്ഷിച്ചതും ,കാശ്മീർ ഇന്ത്യയിൽ ലയിക്കുവാൻ തീരുമാനിച്ചതും ചരിത്രം] ഇന്ത്യയുടെ winter sports ൻ്റെ തലസ്ഥാനമാണിത് എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. നമുക്കധികം സുപരിചിതമല്ലാത്ത skiing ,snow scooter ,snow sledges തുടങ്ങിയവ ഇവിടെ ഉണ്ട്. കാശ്മീരിലെ ശ്രീനഗറിൽ നിന്നും ഗുൽമാർഗിലേക്ക് driver ആയി വന്ന സുഹ്രുത്ത് \"സബാ\"ഞങ്ങൾ ചെന്നൈയിൽ നിന്നുമാണ് വന്നതെന്ന് പറഞ്ഞപ്പോൾ കുടുതൽ മനസ് തുറന്നു.ഞാൻ കേരളത്തിൽ നിന്ന് എന്ന് പറഞ്ഞപ്പോൽ മലയാളം സംസാരിച്ച് ഞങ്ങളെ ഞെട്ടിച്ചു!! ഇന്ത്യയുടെ ഏറ്റവും അങ്ങേ അറ്റത്തും മലയാളത്തിന് പിടിപാടുണ്ടോ?.... സംഭവമിതാണ്,കോവളത്ത് കാശ്മീരി handicrafts വിൽക്കുവാനായി സബായും 2വർഷമുണ്ടായിരുന്നു. ഇവിടെ 90%മുസ്ലീം ജനതയാണ്.ഇവിടെ ജനങ്ങൾ ഇന്ത്യയിൽ ആയിരുന്നാലും ,പാക്കിസ്ഥാനിൽ ആയിരുന്നാലും സമാധാനമാണ് തങ്ങൾക്ക് ഏറ്റവും കൂടുതലായി വേണ്ടതെന്ന് ആഗ്രഹിക്കുന്നു. രാഷ്ട്രീയക്കാരാണ് തങ്ങളുടെ ജീവിതം നശിപ്പിക്കുന്നതെന്ന് ഇവരും പറയുന്നു . പോകുന്ന വഴിയിൽ ഒരു ചെറിയ പട്ടണ ഭാഗത്ത് [ശ്രീനഗറിൽ തന്നെ ] പാക്കിസ്ഥാൻ എന്ന് വീടിൻ്റെ മതിലുകളിൽ എഴുതിയിരിക്കുന്നതും ,Indian dogs , India go back എന്നെഴുതിയിരിക്കുന്നതുമൊക്കെ കണ്ടു .ആ പ്രദേശത്ത് പാകിസ്ഥാൻ അനുകൂലികളാണ് വസിക്കുന്നതെന്ന് കാശ്മീരി ഡ്രൈവർ പറഞ്ഞു. ഗുൽമാർഗിലേക്കുള്ള വഴിയിലെ hairpin വളവുകളിലൂടെ വാഹനം നീങ്ങുമ്പോൾ പൈൻമരത്തിനിടയിലൂടെ വഴിയിലേക്ക് പടർന്നു കയറുവാൻ ശ്രമിക്കുന്ന മഞ്ഞിൻ സാമ്രാജ്യം നമുക്ക് കാണാനാകും. [ Cheverlot Tavera ആണ് കൂടുതലായും കാശ്മീരിൽ ഗതാഗതത്തിനുപയോഗിക്കുന്നത്.കാരണം മൈലേജ് ,സർവീസ് സൗകര്യമെന്നൊക്കെയാണ് ഡ്രൈവർ പറഞ്ഞത് .എന്തായാലും ഇത്രയും ടവേര മറ്റൊരു സംസ്ഥാനത്തും എനിക്ക് കാണാനായിട്ടില്ല.Toyota innova യും ഉപയോഗത്തിലുണ്ട്. മഞ്ഞ് കാലത്ത് Tata sumo യുടെ ചക്രങ്ങളിൽ ചെയിൻ ഘടിപ്പിച്ച് മഞ്ഞിലൂടെ ഇവർ സഞ്ചരിക്കും. ] പോകുന്ന വഴിയിൽ പ്രഭാത ഭക്ഷണത്തിനായിറങ്ങി.ആ പ്രദേശങ്ങളിലെ കൃഷി സ്ഥലങ്ങൾ ഏതാനും വർഷങ്ങൾ മുൻപ് വരെ അയ്യായിരം ചതുരശ്ര മീറ്ററിന് [കനാൽ എന്നോ മറ്റോ ആണവർ പറുന്നത് = ഏകദേശം ഒരേക്കർ ] പതിനായിരം രൂപയ്ക്ക് പോലും വാങ്ങാനാളില്ലായിരുന്നു.വിനോദ സഞ്ചാരം വിപുലമായപ്പോൾ 8 ലക്ഷം വരെ ഉയർന്നുവെന്നും കാശ്മീരികൾക്കല്ലാതെ മറ്റാർക്കും സ്ഥലം വാങ്ങാനാവില്ല എന്ന നിയമം കൊണ്ടു മാത്രമാണവർ ജീവിച്ചു പോകുന്നതെന്നും ഡ്രൈവർ പറഞ്ഞു. കുന്നിൻ ചെരുവുകൾ തുടങ്ങുന്ന Tangmargൽ വച്ച് തന്നെ വാഹനം തടഞ്ഞു നിർത്തി മഞ്ഞിൽ ധരിക്കാനുള്ള വസ്ത്രം ,ബൂട്ട് മുതലായവ വിൽക്കുന്നവരും ,വാടകയ്ക്കു കൊടുക്കുന്നവരും യാത്രികരെ സമീപിക്കും .ഇവിടെ നിന്നും വാങ്ങണമെന്നില്ല. ഗുൽമാർഗിൽ എത്തുമ്പോൾ ചുറ്റിനും മഞ്ഞിൻ്റെ ലോകമാണ് .അവിടെ തീർച്ചയായും ചെരുപ്പ് / ഷൂസ് എന്നിവ മാറ്റി റബർ ബൂട്ട് ധരിക്കുന്നതാണ് നല്ലത് [ ഷൂസ് തണുപ്പിനെ പ്രതിരോധിക്കുവാൻ പാശ്ചാത്യർ നിർമ്മിച്ച ചെരുപ്പാണെങ്കിലും , മഞ്ഞിൽ ഒരു ദിനം ഷൂസിൻ്റെ മരണമണി മുഴക്കും] 100 രൂപായ്ക്ക് ബൂട്ട് വാടകയ്ക്കെടുത്ത് മഞ്ഞ് വീണ വിശാല മൈതാനത്തിലേക്ക് പോകുമ്പോൾ മഞ്ഞിൽ സഞ്ചരിക്കുന്ന sledge നൽകുന്നവർ യാത്രികരുടെ പിന്നാലെ കൂടും [ഇവിടുത്തെ അല്പം അപരിഷ്കൃത മനുഷ്യരാണ് ഇവർ .വൻ വില പറയുമെങ്കിലും കുറയ്ക്കുവാൻ പറഞ്ഞില്ലെങ്കിൽ കാശ് പോകുന്നത് മാത്രം മിച്ചം. മഞ്ഞിലൂടെ നടന്നുപോകാവുന്നതേയുള്ളൂ. ആളുകൾ നടന്ന പാതയിലൂടെ ഇറക്കത്തിൽ നടന്നാൽ തെന്നി വീഴും . കാലടികൾ വീണ് തേഞ്ഞ മഞ്ഞിൻപുറത്തല്ലാതെ അൽപം മാറിയുള്ള പ്രദേശത്തുകൂടെ ഇറക്കം ഇറങ്ങുക .] കേബിൾ കാർ ഉള്ള പ്രദേശം പൈൻ മരങ്ങൾ ഇല്ലാത്ത ഒരു വരി പോലെ കാണാമെങ്കിലും ആദ്യമായി പോകുന്നതിനാൽ ഒരാൾക്ക് 500 രൂപാ നിരക്കിൽ Sledge നു ഞങ്ങൾ സമ്മതിച്ചു [1200 മറ്റോ ആണ് ആദ്യം പറഞ്ഞത് !!!] ധ്രുവങ്ങളിലെപ്പോലെ Sledge വലിക്കാൻ മഞ്ഞിൻ നായ്ക്കളെ പ്രതീക്ഷിച്ച ഞങ്ങൾക്ക് വേണ്ടി എത്തിയത് അതേ മനുഷ്യർ ആയിരുന്നു.!![മനുഷ്യർ വലിക്കുന്ന റിക്ഷാ പോലുള്ള സംവിധാനങ്ങളോട് എനിക്ക് വിമുഖതയുണ്ട് .കഷ്ടപ്പാട് കാണണമല്ലോ എന്നോർക്കുമ്പോൾ .... ] സാന്താക്ലോസിൻ്റെ Sledge വണ്ടിക്ക് പകരം അൽപം വലിപ്പമുള്ള കുരണ്ടി [തേങ്ങ ചിരവുന്ന പഴയ കാല സംവിധാനം ] പോലത്തെ ടledge ആയിരുന്നു. അതിൽ കയറി ഇരുന്ന് കാല് നീട്ടി വയ്ക്കുക. മറിഞ്ഞ് വീഴാതിരിക്കുവാൻ ഒരു ചെറിയ കയറിൽ മേൽ പിടിക്കാൻ സൗകര്യമുണ്ട്. ഏതാണ്ട് 2-3 കിലോമീറ്റർ ദൂരം ഒരേ മൈതാനത്തു കൂടെ അവർ കൊണ്ടു പോകും. [ മഞ്ഞിലേയ്ക്കാണ് കേബിൾ കാർ യാത്രികരെ കൊണ്ടു പോകുന്നത് ,അതിനാൽ ഈ മൈതാനത്ത് യാത്രികർ ചിലവഴിക്കണമെന്നില്ല .ഒരുവശത്തു കൂടെ ടാറിട്ട വഴിയുണ്ട് ,അതിലൂടെ ചില സ്വകാര്യ റിസോർട്ട് വാഹനങ്ങളെ കടത്തിവിടൂ എന്ന് പറയുന്നത് വിശ്വസനീയമായി തോന്നിയില്ല. ഏതായാലും മനുഷ്യർക്ക് അതിലൂടെ കാൽനടയായി സഞ്ചരിക്കുന്നതിന് തടസമില്ല. പ്രാദേശികർ മനപൂർവം ഡ്രൈവർമാരെ അതിലെ പോകുന്നത് തടഞ്ഞ് അവരുടെ ബിസിനസ് വർദ്ധിപ്പിക്കുന്നതായിരിക്കാം ] .ലേഖകൻ ഉത്തരഖണ്ഡിലെ 8000 അടി ഉയർന്ന മലനിരകൾ ഇടിമിന്നൽ - മഴ പോലുള്ള പ്രതികൂല സാഹചര്യത്തിൽ താണ്ടിയതായതിനാൽ ഇത് നടക്കാനാവാത്തതായി തോന്നിയില്ലയെങ്കിലും, ഏതൊരാൾക്കും മഞ്ഞിലൂടെ വേണമെങ്കിലും ഈ ഭാഗം താണ്ടാനാവുമെന്നു തന്നെ വിശ്വസിക്കുന്നു.. കേബിൾ കാർ 2 ഭാഗമായാണുള്ളത് ,രണ്ടാം ഭാഗം മഞ്ഞ് മേഘങ്ങളിൽ മൂടപ്പെടുമെന്നതിനാൽ ഒന്നും കാണാനാവില്ല .അതിനാൽ തന്നെ പലരും അതിൽ പോകാറില്ല .അതിനാൽ ആദ്യഭാഗം വരെ ടിക്കറ്റെടുത്തു .ലോകത്തിലേ ഏറ്റവും ഉയരമുള്ള കേബിൾ കാർ ആണ് ഗുൽമാർഗിലേത് .( 12959ft) അതിൻ്റെ ആദ്യ ഭാഗത്ത് ആണ് winter sports ഉള്ളത് .[ ടിക്കറ്റ് നിരക്ക് ഒരാൾക്ക് ഏകദേശം 1400 രൂപാ ആയെന്ന് തോന്നുന്നു .] കേബിൾകാർ യാത്രയിൽ മഞ്ഞിൽ നിൽക്കുന്ന വീടുകൾ കാണാം.Bobby,Mann പോലുള്ള സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 8530 അടി ഉയരത്തിൽ ഇവിടെ യാത്രികർക്ക് skiing നടത്താം. 15 മിനിട്ട് പരിശീലനം നൽകിയ ശേഷം യാത്രികരുടെ ഇഷ്ടാനുസരണം എത്ര സമയം വേണമെങ്കിലും സ്കീയിങ് നടത്താം. [ ഒരു മണിക്കൂറിന് രണ്ടായിരം രൂപ ഒക്കെ പറയും ,കേബിൾ കാർ അല്ലാത്ത ഒന്നിനും ഇവിടെ fixed rate ഇല്ല എന്ന തോർക്കുക. ആയിരം രൂപയോ ,അതിൽ താഴെയോ എന്നത് മോശമല്ലാത്ത നിരക്കായിരിക്കും. ] മഞ്ഞിൽ പോകുന്ന സ്കൂട്ടറാണ് മറ്റൊരാകർഷണം .ഇതും 2500 ഒക്കെ പറയുമെങ്കിലും 15 മിനിട്ട് റൈഡിന് ആയിരം രൂപായ്ക്ക് സമ്മതിക്കും. മഞ്ഞിൽ ഉത്ഭവിക്കുന്ന ഉറവയാണ് മറ്റൊരു കാഴ്ച .ലോകത്തെ ഏറ്റവും ഉയർന്ന golf course ഗുൽമാർഗിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഈ ഉയരത്തിലും ഇവിടെ ഭക്ഷണശാലകൾ ഉണ്ട് .അവിടെ നിന്ന് ചൂട് ഭക്ഷണം ലഭിക്കും .അതിനാൽ ഭക്ഷണം കൊണ്ടുവന്ന് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. Tour guide ആണ് മറ്റൊന്ന് .Rate 700 എന്നെഴുതിയിട്ടുണ്ടെങ്കിലും 500 ന് സമ്മതിച്ചു. എല്ലാത്തിനും Tip ചോദിക്കുന്നവരാണ് കാശ്മീരിലെ Tour സംബന്ധിയായ ബിസിനസ് ചെയ്യുന്നവർ .ഉച്ചകഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ഓരോ hairpinവളവിലും പട്ടാളക്കാർ .[ ജമ്മു -ശ്രീനഗർ ഹൈവേയിലെ ഇന്ത്യയിലെ ഏറ്റവും നീളമേറിയ റോഡ് തുരങ്കം ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി വരുന്നതിനാൽ അന്ന് കാശ്മീരിൽ ഹർത്താലായിരുന്നു ] .കാശ്മീരി ഡ്രൈവറോട് ആധാർ കാർഡ് ,R Cബുക്ക് ,ലൈസൻസ് എല്ലാം ചോദിച്ചു. ഞങ്ങൾ തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും എവിടെ നിന്നു വരുന്നു എന്നു മാത്രമേ ചോദിച്ചുള്ളൂ. കാശ്മീരിൽ tourist കളോട് കാശ്മീരികൾക്കോ, പട്ടാളക്കാർക്കോ ,തീവ്രവാദികൾക്കോ പ്രശ്നമില്ല .എല്ലാവരും വളരെ മാന്യമായാണ് പെരുമാറുന്നത് .വിനോദ സഞ്ചാരികളെ ശല്യപ്പെടുത്തിയതായോ ,തട്ടിക്കൊണ്ടു പോയതായോ ഒരിക്കലും വായിച്ചിട്ടില്ല ,കേട്ടിട്ടില്ല .[ Roja സിനിമയിൽ അല്ലാതെ ഒരിടത്തും] . നമ്മുടെ നാട്ടിലെ പോലെ തന്നെ യുവജനങ്ങളുടെ തൊഴിലില്ലായ്മയാണിവരുടെയും പ്രശ്നം. പോലീസ് -പട്ടാളമല്ലാതെ ഏത് സർക്കാർ ജോലിക്കും വൻ തുക കൈക്കൂലി നൽകിയിലേ ലഭിക്കൂ എന്ന് കാശ്മീരി ഡ്രൈവർ പറഞ്ഞു. സഹകാശ്മീരികളെ വേദനിപ്പിക്കുന്നതിൽ താൽപര്യമില്ലാത്തതിനാൽ പലരും ആ ജോലികൾക്ക് ശ്രമിക്കുകയുമില്ലത്രേ . ശ്രദ്ധിക്കുക: ഡ്രൈവർമാർ ഇത്തരം ശല്യപ്പെടുന്ന ബിസിനസ്കാരോട് ഒന്നും പറയില്ല ,അതവർക്ക് ദോഷമായേക്കാമെന്നതിനാലാവാം .ആവശ്യമില്ലാത്ത കാര്യങ്ങൾ വേണ്ട എന്നു പറയുക ,രാവിലെ 7 അല്ലെകിൽ 8 ന് ശ്രീനഗറിൽ നിന്നു പുറപ്പെടാൻ ശ്രദ്ധിക്കുക .എങ്കിൽ വൈകുന്നേരം 3 - 4 ന് തിരിച്ചെത്തി നാകും . [മൂന്നാം ഭാഗം :പെഹൽഗാം ;കാശ്മീരിലെ മിനി സ്വിറ്റ്സർലണ്ട്.]