Archives / November 2019

  ദിവ്യ.സി.ആർ
നോട്ടം

മഴയുടെ ചടുലതാളം നിലച്ചപ്പോഴാകണം ഇരുളിന്റെ സൗന്ദര്യം നുകരാനായി അവൻ പുറത്തേക്കു നോക്കിയത്. എങ്കിലും അസ്വസ്ഥമായ മനസ്സിൻെറ ജല്പനങ്ങളിൽ നിന്നുണരാനോ ബാൽക്കണി വിട്ട് മുറ്റത്തേക്കിറങ്ങാനോ അവനു കഴിഞ്ഞില്ല. ഇരുളിന്റെ വന്യതയിൽ അസ്വാഭാവികമായതെന്തോ ഒന്ന് തെളിയുന്നതു പോലെ.
തീഷ്ണമായ രണ്ട് കണ്ണുകൾ !
ആ നോട്ടം നേരിടാനാകാതെ അവൻ ആ നോട്ടം പിൻവലിച്ച് കണ്ണുകൾ മുറുകെയടച്ചു. അസ്വസ്ഥമായ മനസ്സ്, ഹൃദയസ്പന്ദനങ്ങളുടെ വേഗത വർദ്ധിപ്പിച്ചു. സ്വസ്ഥതയുടെ തിരിനാളം ഹൃദയത്തിൽ നിന്നുയർന്നപ്പോൾ ആ തീഷ്ണമായ നോട്ടത്തിൻെറ ഉടമയെ ആ ഇരുളിലവൻ ചികഞ്ഞു.
"ആ നോട്ടം..!
ആരുടേതാണത് ?"
അഗ്നി സ്ഫുരിക്കുന്ന തുറിച്ച നോട്ടം !
തൻെറ തൃഷ്ണകളെയെല്ലാം ഒരേസമയം നിശ്ചലമാക്കാനുള്ള ശക്തിയുള്ളതു പോലെ..
തീർച്ചയായും അത്തരമൊരു നോട്ടം കുലീനമായൊരു സ്ത്രിയ്ക്ക് മാത്രം സമ്മാനിക്കാൻ കഴിയുന്ന ഒന്നുമാത്രമാണ്.
ചിരപരിചിതമായ സ്ത്രീമുഖങ്ങളെയെല്ലാം അവൻെറ ചിന്താമണ്ഡലം അവരുടെ വേരുകൾ ചികഞ്ഞു. ഓർമ്മകൾ ചികഞ്ഞു നോക്കുമ്പോൾ പലരും ശരീരങ്ങൾ മാത്രമായൊതുങ്ങി. ഏറ്റുവാങ്ങിയ രതിസുഗന്ധങ്ങളാലവൻ പേർത്തുപേർത്തിരുന്നു. രുചിയറിഞ്ഞ മാംസത്തിൻെറ ഗന്ധം തിരിച്ചറിയാനവൻ നന്നേ ബുദ്ധിമുട്ടി.
   പ്രണയം; കാമാർത്തിയാലുണർന്ന് കത്തിയെരിഞ്ഞമർന്ന് വിയർത്തുണങ്ങിയ പാഴ് മരങ്ങളായി നിലം പൊത്തുമ്പോൾ, പിന്നെ 'അവൾ' തനിക്കൊരു ഭാരമാകുന്നതെത്രയോ തവണ താൻ അവഗണിച്ചിരിക്കുന്നു. വിവാഹഭീഷണി മുഴക്കിയ സ്ത്രീ ജന്മങ്ങളിൽ ഇത്തരമൊരു തീ പാറുന്ന നോട്ടമുണ്ടോന്ന് അവൻ വീണ്ടും വീണ്ടും ചികഞ്ഞു.
        "ഇല്ല !"
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവൻ തീർച്ചപ്പെടുത്തി. സ്നേഹത്തിനു മുന്നിൽ കീഴടങ്ങാതെ, സ്ത്രീ ശരീരത്തിന് മുന്നിൽ മുട്ടുമടക്കിയ തൻെറ വീരസാഹസിക കഥകൾ എത്രയോ തവണ കൂട്ടുകാരുമായി പങ്കിട്ടിരിക്കുന്നു. അവിടെയും ഇത്തരമൊരു നോട്ടം വേറിട്ടു നിൽക്കുന്നു.
   പണത്തിനും, തന്റെ താല്പര്യങ്ങൾക്കുമായി ചവിട്ടി മെതിച്ചു കടന്നു വന്ന വഴികളിലെ പുൽകൊടികൾ..!
   സ്നേഹത്തിൻെറ പട്ടുനൂലാൽ തുന്നാൽ കൊതിച്ചതൊക്കെയും എത്രയോ തവണ താൻ പിച്ചിച്ചീന്തുയിരിക്കുന്നു..!
   ആധുനികതയുടെ സൃഷ്ടിയായ സ്വാർത്ഥത തന്നിലേക്ക് നീണ്ടപ്പോൾ അഹങ്കാരിയായി കടന്നു പോയ ജീവിതവഴികൾ..
അനാഥമാക്കപ്പെട്ട ജീവിതങ്ങൾ..
ജന്മങ്ങൾ..!
   എങ്കിലും ഇരുളിൽ ജ്വലിക്കുന്ന ആ തൃഷ്ണയ്ക്ക് അവരാരുമായും യാതൊരു ബന്ധവും തോന്നിയില്ല. ഒറ്റപ്പെടലിൻെറ ദീർഘമായ നിശ്വാസം പോലും തന്നെ വേട്ടയാടുന്നതായി അവനു തോന്നി. ആ നോട്ടം നേരിടാനാകാതെ കണ്ണുകൾ അവൻ പിൻവലിച്ചു.
   കൂരിരുളിൽ നിന്നും ആ നോട്ടം വെളിച്ചം തേടുവാൻ തുടങ്ങി. കണ്ണുകൾക്കു ചുറ്റും നേർത്തൊരവരണം പോലെ മുഖം ചുവന്നു തെളിഞ്ഞുവന്നു.
"അമ്മ !"
വർഷങ്ങൾക്ക് മുൻപ് ആരൊക്കെയോ ചേർന്ന് ചവിട്ടിയരച്ചൊരു സ്ത്രീശരീരം അവൻെറ മുന്നിൽ കത്തുന്നത് അവൻ കണ്ടു.
അവൻെറ ദയനീയമായ അലർച്ച കാറ്റിനൊപ്പം തുടിതാളമുയർത്തിയ മഴയിൽ ലയിച്ചു ചേർന്നു.

Share :