Archives / December 2019

ഫൈസൽ ബാവ
*കൊച്ചുബാവ ഒരു മായാത്ത ഓർമ്മ*(ടിവി കൊച്ചുബാവ വിട പറഞ്ഞിട്ട് 20 വർഷങ്ങൾ)

ബാവക്ക ഇന്നും ഒരു നിറഞ്ഞ ഓർമ്മ..1999  നവംബറിൽ ഒരു തണുത്ത പ്രഭാതത്തിൽ ബഷീർക്ക (ബഷീർ മേച്ചേരി) വിളിച്ചപ്പോൾ ഉണ്ടായ വേദന ഇന്നുമെന്റെ നെഞ്ചിൽ തങ്ങി നില്ക്കുന്നു. ടി വി കൊച്ചുബാവ എനിക്ക് ഒരു എഴുത്തുകാരൻ മാത്രമായിരുന്നില്ല . കഥകളില്ലാത്ത ലോകത്തേക്ക്‌ കഥകൾ പറയാൻ വേണ്ടി  എന്തിനാണിത്ര വേഗത്തിൽ ബാവക്ക പോയത്..

ഇന്നും ഓർക്കുന്നു ബാവക്ക എന്റെ പേര് മാറ്റിയത്. ഫൈസൽ പി ആമയം എന്ന പേരിൽ ആയിരുന്നു വരച്ചിരുന്നത്. അന്ന് എഴുത്തു കുറവായിരുന്നു, അതും ഫൈസൽ പി ആമയം എന്ന പേരിൽ തന്നെ. ബാവക്ക പറഞ്ഞു

 "നീ കുറച്ചുകൂടി എളുപ്പമുള്ള പേര് ആക്ക്."

എന്ത് ആക്കും ഞാൻ ചോദിച്ചു...

ബാവക്ക കുറച്ചുനേരം ആലോചിച്ചു. മേശപ്പുറത്തു എനിക്കായി ഉപ്പ അയച്ച കത്ത് കിടക്കുന്നു അതിനു പുറത്ത് ഉപ്പ *ഇത് ഫൈസലിന് (ബാവ) കൊടുക്കണം എന്നെഴുതിയിരുന്നു. അതെടുത്ത് ബാവക്ക എന്നെ ഒന്ന് നോക്കി... അപ്പോൾ തന്നെ ആ കവറിൽ എഴുതി 

*ഫൈസൽ ബാവ ആ ബ്രാക്കറ്റ്‌ വേണ്ട  മോനും ഉപ്പയും ഒരുമിച്ചിരിക്കുമ്പോൾ ഒരു ചേർച്ചയുണ്ട്.* അപ്പോൾ തന്നെ ഗൾഫ് വോയ്‌സിൽ അടുത്ത ലക്കത്തിൽ ഷാർജയിൽ നടക്കുന്ന ആർട്ട് ബിനാലയെ പറ്റിയും അതിൽ പങ്കെടുക്കുന്ന ഏക മലയാളിയായ ആർട്ടിസ്റ്റ് വിവേക് വിലാസിനിയെ പറ്റി ഫൈസൽ ബാവ എഴുതും എന്നു ചേർത്തു. അങ്ങനെ അന്ന് മുതൽ ഫൈസൽ ബാവയായി. പലരും കൊച്ചുബാവയുടെ അനിയനാണോ ചോദിച്ചു. അക്കാര്യത്തെ പറ്റി ബാവക്കയോട് പറഞ്ഞപ്പോൾ ബാവക്ക *"ആണെന്ന് പറഞ്ഞേടാ"* അതാണ് ബാവക്ക. 

ബാവക്കയുടെ കഥാലോകത്തെ പറ്റി ഏറെ പറയാനുണ്ട്.  എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കുറെ കഥകൾ. ചില കഥകളിലൂടെ, ഏറെ ആകുലതകള്‍ മനസ്സില്‍ പേറി, മറ്റാരും നടക്കാത്ത വഴിയന്വേഷിച്ച് വീണുകിട്ടിയ കഥാബീജത്തെ തേച്ചുമിനുക്കിയെടുത്ത്‌ കറുത്തഹാസ്യത്തില്‍ പൊതിഞ്ഞ്‌ നല്കിയിരുന്ന  കഥകളോരോന്നും വ്യത്യസ്തമായിരുന്നു. 

*ഭാവിയിലെ പോലീസുകാരൻ'* എന്ന കഥയിൽ   രാമമൂർത്തി എന്ന പോലീസുകാരന്റെ ജീവിതത്തിൽ നിഴലിച്ചു നിന്ന പോലീസുജീവിതത്തിനപ്പുറം ഒരു ജീവിതത്തെയാണ് പറയുന്നത്. രാമമൂർത്തി ഒരു പോലീസുകാരൻ ആകേണ്ട ആളല്ല എന്നിട്ടും ഞാനൊരു പോലീസ് ആയി എന്ന് രാമമൂർത്തി തന്നെ പറയുന്നു. ടെലിവിഷൻ അഭിമുഖത്തിൽ രാമമൂർത്തിക്ക് വെളിച്ചം ഇഷ്ടമേ അല്ല ഇരുട്ടത്തിരുന്നു അവ്യക്ത ചിത്രങ്ങൾ നൽകി അഭിമുഖം കൊടുത്തു. 

*"ലൈറ്റ് ഓൺ ചെയ്യട്ടെ സാർ? ടെലിവിഷൻകാരൻ രാമമൂർത്തിയോട് ചോദിക്കുന്നു. ഇല്ലേൽ സാറിന്റെ മുഖം പ്രേക്ഷകർ തിരിച്ചറിയില്ല. 

തിരിച്ചറിയേണ്ട. രാമമൂർത്തി ഇരുട്ടിലേക്ക് ഒന്നുകൂടി തല കുനിക്കുന്നു. പോലീസുകാരന്റെ മുഖമല്ല പ്രേക്ഷകർക്ക് വേണ്ടത്. രാമമൂർത്തി പറയുന്നു ഞങ്ങളുടെ മുറിയിൽ വെളിച്ചത്തിനല്ല സ്ഥാനം"* രാമമൂർത്തിയുടെ ആത്മ സംഘർഷവും ആത് നിന്ദയും എല്ലാ അടങ്ങിയ ആത്മഭാഷണം ആണ് ഈ കഥ. സ്വന്തം മകനെ ഹിന്ദി പഠിക്കാത്തതിന്റെ പേരിൽ തനി പോലീസായി മർദ്ദിക്കുന്ന ചിത്രം കഥയിൽ വരച്ചു കാട്ടുന്നു.  തന്റെ മാനസികാവസ്ഥയെ പറ്റി ഭാര്യ സാവിത്രിയുടെ മടിയിൽ തലവെച്ചു വിലപിക്കുന്നുണ്ട് രാമമൂർത്തി, എന്നാൽ ജോണ് എന്ന ചെറുപ്പക്കാരനെ ഇടിച്ചു കൊല്ലുന്ന ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നു... വില്ലനായ ഒരു പോലീസുകാരനെയാണ് കൊച്ചുബാവ കഥയിൽ രാമമൂർത്തിയായി വരച്ചു വെക്കുന്നത്. അവസാനം ഒരു കൊച്ചുബാവ ശൈലിയിൽ തന്നെ കഥ അവസാനിപ്പിക്കുന്നു. *"ഈ കഥ തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുംമില്ലാത്ത ഇക്കഥ റിട്ടയറായ ഒരു രാമമൂർത്തിയുടെ ഭ്രമകല്പനകളാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം രാമമൂർത്തിക്കാണെന്ന് വിനയപൂർവ്വം കഥാകൃത്ത്. ഒപ്പ്"*

 

കറുത്ത ഹസ്യത്തിൽ പൊതിഞ്ഞ ഈ കഥ ഇങ്ങനെയെങ്കിൽ *പ്രണയം* എന്ന  കഥയിലെ പൂജ. അവള്‍ ആധുനിക ജീവിതത്തെ ചേര്‍ത്തുപിടിച്ച് അതിനുസരിച്ച് സ്വഭാവവും ജീവിതശൈലിയും വേഷവും മാറ്റുന്നവളാണ്. അതുകൊണ്ടുതന്നെ ഭാരതസ്ത്രീതന്‍ ഭാവശുദ്ധി എന്ന കണ്സപ്റ്റിനെ അവള്‍ അത്ര സീരിയസായി കാണുന്നില്ല. എന്നാല്‍ പൂജയുടെ ഭര്ത്താവ് അവിനാശ് അങ്ങിനെയല്ല. ആധുനികജീവിതത്തോട് ഒപ്പമോടി എല്ലാം അനുഭവിച്ചറിയുകയും എന്നാല്‍ തന്റെ മുന്നില്‍ ആദ്യരാത്രി കാലെടുത്തുവെക്കുന്ന പൂജ വെള്ള കസവ് പുടവയെടുത്ത് മുല്ലപ്പൂ ചൂടി നാണത്തോടെ മുഖം താഴ്ത്തി കാലിന്റെ തള്ളവിരല്‍ കൊണ്ട് ചിത്രം വരയ്ക്കുന്നവളായിരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒരുമിച്ചനുഭവിച്ച ശേഷം കല്ല്യാണമെന്ന നാട്ടുനടപ്പനുസരിച്ച് ആദ്യരാത്രിയിലെ അഭിനയം എന്തിനാണെന്നാണ് പൂജയുടെ ചോദ്യം. ഭാരതപൈതൃകത്തെപ്പറ്റി താന്‍ പഠിച്ചു കഴിഞ്ഞതിനാല്‍ ഈ കാര്യങ്ങള്‍ തനിക്ക് നിര്‍ബന്ധമാണെന്ന് അവിനാഷും പറയുന്നു. നാല് മാസം ഗര്ഭിണിയായ പൂജ അത്തരത്തിലുള്ള ആദ്യരാത്രി മനസാ സ്വീകരിക്കാന്‍ തയ്യാറല്ല. അത് കൊണ്ടുതന്നെ ജീന്സും ടോപ്പുമിട്ടാണ് അവള്‍ മണിയറയിലേക്ക്‌ വരുന്നത്. ഇത് അവിനാശിനെ ചൊടിപ്പിക്കുന്നു. തുടര്ന്നുള്ള ഇവരുടെ തര്ക്കത്തിലൂടെയാണ് കഥ പറയുന്നത്. ആഖ്യാനത്തിന്റെ ശക്തിയാണ് പ്രണയം എന്ന കഥയെ വ്യത്യസ്തമാക്കുന്നത്.

*അടുക്കള* എന്ന കഥയിൽ എത്തുമ്പോൾ  പ്രണയത്തിലെ ഒരു ലോകമല്ല. അടുക്കള എന്ന കഥ തികച്ചും ഒരു സ്ത്രീപക്ഷരചനയാണ്. ബാവയുടെ ഭാഷയില്‍ അടുക്കള ഒരു വേവുനിലമാണ്. കഥയിലെ നായിക കോകിലയെപ്പോലുള്ളവര്‍ വെന്ത് കരിപുരണ്ട് ജീവിക്കുന്ന വേവുനിലം. ഭര്ത്താവിന്റെ തീന്മേശയ്ക്ക് മുന്നിലിരുന്നുള്ള വിളി കേട്ടാല്‍ ഓടിയടുക്കേണ്ട, ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍വഹിക്കേണ്ട, നാളത്തെ പകലില്‍ അവനൂട്ടാന്‍ എന്തെന്ന് ഇന്നുതന്നെ ഓര്‍ത്താല്‍ ഒരു സ്വപ്നത്തില്‍ നിറച്ച് അതുമാത്രം കാണേണ്ട വെറും ഒരു പെണ്ണ്. ഇവിടെ പെണ്ണ് ഒരു യന്ത്രം മാത്രമാണ്. ഭര്ത്താവിന്റെ ഏമ്പക്കത്തിനോപ്പം മനംപുരട്ടേണ്ട യന്ത്രം. മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷരചനകളില്‍ ഒന്നാണ് ഇത്. ആഖ്യാനത്തിലെ വ്യത്യസ്തതയാണ് കഥയുടെ കരുത്ത്‌. ഈ കഥ ഫെമിനിസ്റ്റ്‌ കാഴ്ചകളില്‍ പോലും വേണ്ട വിധത്തില്‍ തടഞ്ഞില്ല. സ്ത്രീകളുടെ ജീവിതയാഥാര്ത്ഥ്യങ്ങളെ തുറന്നു കാണിക്കുന്ന ജീവനുള്ള ഒരേടാണ് അടുക്കള എന്ന കഥ.

*കൊക്കരണി*  എന്ന   കഥയിൽ

വളരെ യാന്ത്രികമായ ജീവിതസാഹചര്യത്തെ കൂട്ടിയിണക്കി ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹം ബന്ധങ്ങളുടെ പവിത്രതയില്‍ അത്ര വ്യാകുലപ്പെടുകയില്ല എന്നത് കൊച്ചുബാവ വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുരുന്നു.

 ക്ലോണിങ്ങിന്റെ സാദ്ധ്യതകള്‍ അത്രയൊന്നും ചര്ച്ചചെയ്യപ്പെട്ടില്ലാത്ത കാലത്താണ് കൊക്കരണി എന്ന കഥ കൊച്ചുബാവ എഴുതുന്നത്. 

ഇമ്മാനുവല്‍-ശാന്തമ്മ ദമ്പതികള്‍ കിഡീസ് കോര്ണര്‍ എന്ന കടയില് നി്ന്ന് ഒരു കമ്പ്യൂട്ടര്‍ നിയന്ത്രിത, എന്നാല്‍ യഥാര്ത്ഥമാണ് എന്ന് തോന്നിക്കുന്ന സ്വഭാവവും മനുഷ്യരൂപവുമുള്ള ഒരു കുഞ്ഞിനെ വാങ്ങിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു ഉപഭോക്തൃസമൂഹമായി നാം ചുരുങ്ങികൊണ്ടിരിക്കുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ഈ കഥയില്‍ വരച്ചുകാട്ടുന്നുണ്ട്. കിഡീസ് കോര്ണര്‍ സന്ദര്ശിക്കാന്‍ വന്ന ദമ്പതികള്‍ ബിസിനസ്സിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. *“എല്ലാം കുഞ്ഞിനൊപ്പം വെച്ചിട്ടുള്ള കാറ്റലോഗിലുള്ള കാര്യങ്ങളാണ് എങ്കിലും ഒരിക്കല്‍ കൂടി പറയാം. കറന്റ് പോയി ഒരുമണിക്കൂര്‍ നേരത്തേക്ക്‌ കുഞ്ഞിനൊന്നും സംഭവിക്കില്ല. ഉദാഹരണത്തിന് ഫ്രിഡ്ജിലെ ഇറച്ചിയും മീനും പോലെ തന്നെ ഒരുമണിക്കൂര്‍ നേരത്തേക്ക് വലിയ ചീച്ചലൊന്നും ഉണ്ടാകില്ല”.* കച്ചവടത്തിന്റെ എല്ലാ തന്ത്രങ്ങളും ഇതില്‍ വരുന്നതോടൊപ്പം എന്തും വാങ്ങിക്കാം എന്ന ഉപഭോക്തൃമനസ്സിനുമീതെ കൊച്ചുബാവ തൂക്കിയിടുന്ന ഡെമോക്ലീസിന്റെ വാളാണ് കൊക്കരണി എന്ന കഥ.

മനുഷ്യന്റെ യുവത്വം നഷ്ടമാകുന്നതോടെ നരവീണ ശരീരം ഒരു ഭാരമായി മാറുന്നുവെന്ന അവസ്ഥ കൊച്ചുബാവ വൃദ്ധസദനം എന്ന നോവലിലും മറ്റു പല കഥകളിലും വളരെ ഭംഗിയായി വരച്ചുകാട്ടുന്നുണ്ട്. *നനഞ്ഞ ശിരോവസ്ത്രങ്ങൾ*   ഈ കഥയിലും അത്തരത്തിലുള്ള ആകുലതകള്‍ പേറുന്ന ഒരപ്പൂപ്പനും അമ്മൂമ്മയുമാണ് പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ അവര്‍ തങ്ങളുടെ സമൂഹത്തിലെ മൂല്യച്യുതികള്ക്കൊപ്പം സഞ്ചരിക്കുകയും അതിലെ ദുരന്തങ്ങള്‍ ആസ്വദിക്കുകയും തങ്ങള്‍ തന്നെ ഒരു ഭാരമാണെന്നത് സ്വയം അനുഭവിച്ച് ആസ്വദിച്ചു ജീവിക്കുക എന്നതാണ് ഇവര്‍ പുലര്ത്തിപ്പോരുന്ന രീതി. അവര്‍ കൈകള്‍ കോര്ത്തു പിടിച്ചു വേച്ചു വേച്ചു നടക്കുന്നത് സേവ്യര്‍ തന്റെ ഭാര്യയെ അടിച്ചുപുറത്താക്കുന്നത് കാണാനാണ്. ഒരു പെണ്ണിന്റെ എല്ലാ ദൈന്യതയെയും സമൂഹം വെറും കാഴ്ചക്കാരായി നോക്കിനില്ക്കുന്നതിനെ കറുത്ത ചിരിയോടെയാണ് കഥാകൃത്ത്‌ വിമര്ശിക്കുന്നത്. *“ചെറുതായി മഴയുണ്ടായിരുന്നു, ആ സമയത്ത്‌. മഴയില്‍ കുതിര്ന്ന ചെമ്മണ്ണില്‍ അവളുടെ കരച്ചിലും ദേഹവും അനാഥമായി കിടന്നു. പിരിഞ്ഞുപോകുന്നവരുടെ പാദങ്ങളോളം ചെന്നുതട്ടി അവളുടെ കരച്ചില്‍ ലോപിച്ചുപോകുകയും ചെയ്തു. അവരുടെ ഹൃദയത്തോളം കരച്ചിലെത്തിക്കാന്‍ കഴിയാതെ പോയിടത്താണ് അവളുടെ വന്‍പരാജയം”.* സ്ത്രീകളോട് സമൂഹം കാണിക്കുന്ന അവഗണനയും പുരുഷാധിപത്യത്തിന്റെ നേര്ക്കാഴ്ചയുമാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഈ കാഴ്ചയാണ് അവിടെ കൂടിയിരുന്നവര്‍ ഒരു പ്രതികരണവും ഇല്ലാതെ കണ്ടുതീര്ക്കുന്നത്. ഇത്തരം കാഴ്ചകള്‍ തേടിയലയുകയാണ് കഥയിലെ അപ്പൂപ്പനും അമ്മൂമ്മയും. 

ഒരു സമൂഹം കറുത്ത യാഥാര്ത്ഥ്യങ്ങളെ സ്വീകരിക്കുക വഴി ആ സമൂഹത്തിലെ വൃദ്ധര്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഈ കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഈ ബോധം അപ്പൂപ്പനിലും അമ്മൂമ്മയിലും ഉള്ളതിനാലാണ് സ്വന്തം മകളുടെ വീടിനുമുന്നിലുള്ള മാവിന്‍ചുവട്ടില്‍ അവര്‍ രാത്രി തള്ളിനീക്കുന്നത്. വൈകിയെത്തിയാല്‍ ചങ്ങലയഴിച്ചുവിട്ട നായ ആക്രമിക്കുമെന്നത് ഒരു പ്രതീകമാണ്.

ഇറച്ചി, ജലമാളിക, രണ്ടു പെണ്കുട്ടികൾ, കാള, സൂചിക്കുഴയിൽ യാക്കോബ്,  അങ്ങനെ എത്ര കഥകൾ, വൃദ്ധസദനം എന്ന ഒറ്റ നോവൽ മതി കൊച്ചുബാവ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ. പേരുങ്കളിയാട്ടം, വിരുന്നു മേശയിലേക്ക് നിലവിളികളോടെ (ഈ നോവലിലെ കബീർ എന്ന ഒറ്റ കഥാപാത്രം മതി പ്രവാസ ജീവിതത്തിന്റെ നോവ് അറിയാൻ) കാക്കളി, നിങ്ങൾ ജീവിച്ചു മരിച്ചു ഒക്കെ ശരി നിങ്ങൾ ചെയ്ത അത്ഭുതമെന്ത്, നോവലെറ്റുകൾ... ഇങ്ങനെ എന്നും മലയാളത്തിന് കൊണ്ടുനടക്കാൻ പാകത്തിൽ ഉള്ള വ്യത്യസ്തമായ ഒരു കഥാലോകത്തെ നല്കിയാണ് വളരെ വേഗത്തിൽ കഥകൾ ഇല്ലാത്ത ലോകത്തേക്ക് ബാവക്ക പറന്നു പോയത്. നവംബർ 25 വേദന നൽകുന്ന ദിനമാണ്. ബാവക്ക എനിക്കൊരു എഴുത്തുകാരൻ മാത്രമല്ല...

Share :