Archives / November 2019

ആനന്ദ് അമരത്വ
വീട്‌     

  ഉത്തരം നോക്കി കിടക്കുന്നു കട്ടിലിൽ

ഉത്തരം കിട്ടാത്ത ചോദ്യവുമായി ഞാൻ.

കുട്ടനാടൻ ബോട്ടിൻ 

ഒച്ച പോൽ ഉച്ചത്തിൽ

കുലുങ്ങി കുഴഞ്ഞാടി കറങ്ങുന്നു 

കഴുക്കോലിൽ ഞാത്തിയ 

ഫാനെന്നു പേരുള്ള  കുന്ത്രാണ്ടം.

 

പണ്ടെങ്ങാണ്ട്‌ വെള്ള പൂശിയ ഭിത്തി

പുകയറ മൂടി കരിക്കലം പോലായി !

അറുവത്‌ വോൾട്ടിന്റെ 

അരണ്ട വെളിച്ചം തരുന്ന

ബൾബ്ബുമില്ലായിരുന്നെങ്കിൽ

ഇരുന്ന് മുരഞ്ഞ്‌

ചുക്കിരി പിടിച്ചയീ ജീവിതം 

വല്ലാതെ ചുരുണ്ടു കൂടി 

മാറാല പിടിച്ചേനെ!

 

ഇന്നലെ പെയ്ത മഴ പിടിച്ച്‌

ചരുവങ്ങളൊന്നും ബാക്കിയില്ലാതെ

ഓടിന്നിടയിൽ തിരുകിയ 

പാളക്കീറിൽ നിന്നും

കരിയോയിൽ പോലിന്നും

ഇറ്റിറ്റ്‌ വീഴുന്നുണ്ട്‌ വെള്ളത്തുള്ളികൾ.

 

വീതം വക്കാതെ അച്ഛനുമമ്മയും

എന്നേക്കുമായിറങ്ങി പോയപ്പോൾ

അറിഞ്ഞതേയില്ല ഞാൻ

ദുരിതക്കയത്തിൽ ഇത്രയ്ക്ക്‌

നീന്തിക്കുഴയുമെന്ന് !

 

ദ്രവിച്ചയൊരു കഴുക്കോലു പോലും

മാറ്റുവാനൊട്ടും അവകാശമില്ലാത്ത

ഒരു കാവൽക്കാരനെപ്പോലെ,

കൂടെപ്പിറപ്പുകൾക്കും അവകാശമുള്ള

എന്റെ വീട്ടിലിങ്ങനെ 

നിധിയില്ലാത്ത കുടം കാക്കുന്ന

ഭൂതത്തെ പോലെ കഴിയണമെന്ന് !

 

   

Share :