Archives / November 2019

മായ ബാലകൃഷ്ണൻ 
മായാത്ത മുദ്ര 

പതിഞ്ഞ താളത്തിലൊരു കുടമണികിലുക്കം 

തിരികെയെത്തുന്നൂ ഓർമ്മകളിൽ .

 

പുസ്തകസഞ്ചിതൻ ഭാരവും പേറിനടക്കും  

ഞങ്ങൾ തന്നരികേ മന്ദമന്ദം നീങ്ങുകയാണവനും! 

ഒന്നരണ്ടുപോയാദ്യ കാഴ്ചയിൽ കുള്ളനാം 

*ഋഷഭ കുമാരനാണവനെന്നറികേ ...

 

എന്തു ശാന്തനാണ് സൗമ്യനാണു പ്രാർത്ഥനാ - 

നിർഭരമവനുടെ ചുവടുവയ്പുകൾ ! 

മെല്ലെക്കൊതിച്ച് ഒന്നു തൊട്ടപ്പോൾ 

സമ്മതം,കൂട്ടുകൂടാനവനും മണികിലുക്കി.  

 

എന്നോയേകനായ് അനാഥനായ് 

കശാപ്പുശാലയിൽ ഒടുങ്ങിടാതെ 

കൂട്ടുതെറ്റി വന്നുപെട്ടതാണീ നഗരഹൃത്തിൽ ;

വിശുദ്ധപുണ്യാളന്റെ തിരുനടയിൽ !

 

അഭയം തേടിയോനേ കൈവിടുമോ നാഥനും ?

കണ്ടാൽ കൗതുകമേറിടും പൊക്കത്തിൽ 

കുഞ്ഞനാം കാലിയിവൻ !

പഴുത്തിലവർണ്ണത്തിൽ തേനൊലിക്കണ്ണും 

കാണുന്നയാരിലും കാരുണ്യമേറ്റിടും ! 

 

വിമോചനസമരത്തിൻ ഗാഥകൾ പാടിയ 

കേരളനാടിൻ ചരിത്രവീഥിയാം അങ്കമാലി ;

ദത്തുപുത്രനായേറ്റെടുത്തു വിശുദ്ധനാം 

അപ്രേംമിന്റെ നാമവുമവനേകി .

  

പള്ളികൾ , ആരാധനാലയങ്ങൾ 

കൊച്ചുകൈവണ്ടികൾ വില്പനശാലകൾ 

തിങ്ങിവിങ്ങും നഗരയോരങ്ങൾ ,

ദശാബ്ദങ്ങൾ പിന്നിലേയിക്കൊച്ചു പട്ടണം 

പഴം പച്ചക്കറി നാനാവിധ വാണിഭങ്ങൾ

പൊടിപൊടിക്കും വീഥികൾ .

കൊന്നുതിന്നതില്ലവരാരുമേ കാത്തു 

പോന്നെത്രയും ഓമനയായ് ,

ഒരുപിടിയന്നം കായ്കനികൾ 

വച്ചുനീട്ടിയീ നഗരഹൃത്തിൽ ചേർത്തുവച്ചു 

 

ഉച്ചനേരങ്ങളിൽ വിശ്രാന്തിതേടിയെന്നുമീ 

പട്ടണമദ്ധ്യേ പുണ്യാളനു മുന്നിലും 

രാത്രിനേരങ്ങളിലോ തലചായ്ക്കാനായെത്തിടും

പടിഞ്ഞാറു പള്ളിതൻ അങ്കണത്തിലും!

പള്ളിമണികൾ സ്തുതിഗീതങ്ങളെന്നും കേൾപ്പവൻ 

കാണുന്നയാരിലും കാരുണ്യമേറ്റിടും .

 

കാലമാം കുരിശിൻ വഴികളിൽ 

മാനവസ്നേഹത്തിൻ മായാത്ത മുദ്രയായ് 

ഓർമ്മതൻ പടിവാതിൽ കടന്നെത്തുന്നൂ 

പതിറ്റാണ്ടുകൾ താണ്ടിയൊരു കുഞ്ഞനാം കാളക്കുട്ടൻ  !

 

* ഋഷഭം = കാള 

കുള്ളനാം*  വെച്ചൂർ മോഡൽ 

 

 

 

Share :