
പൂവിടാത്ത ചെടികൾ
ഇന്നലെ 'കവാത്ത്'
ആയിരുന്നു...
അക്ഷരങ്ങൾ ഇനിയും
പൂക്കാതിരിക്കാൻ
വേരുകളടപടലം
വെട്ടി....
തുണിശീലകൾക്ക് നിറം നൽകി
ജീവനുകളെ
വേലികെട്ടി
തമ്മിലടിപ്പിച്ചു...
രക്തസാക്ഷിയാവാനും
ബലിദാനിയാവാനും
പഠിപ്പിച്ചു...
ഇനിയും പൂക്കാതിരിക്കാൻ
മസ്തിഷ്കങ്ങളെ
വന്ധീകരിച്ചു കൊണ്ടേയിരുന്നു...
വാകയും മഞ്ഞപ്പൂക്കളും
കോളാമ്പിപ്പൂക്കളും
പിറക്കാനാറച്ച്
ചാപിള്ളയായി ഒടുങ്ങി...
ചന്ദ്രനിലും
ചൊവ്വയിലുമിരുന്ന്
കുഴൽക്കിണറിനുള്ളിലെ
ജീവന്റെ
ഞരക്കങ്ങൾക്കായി
കാതോർത്തു....
കുഞ്ഞുടുപ്പുകളുടെ
ഹാഷ്ടാഗുകൾ
നിറം മങ്ങി മങ്ങി
ശൂന്യമായി തുടങ്ങി..
നിസംഗത മാത്രം നിശ്ശബ്ദതയോടൊപ്പം
വായുവിൽ പടർന്നു..
'അമ്മമാർ'
അപ്പോഴും നീതിക്കായി
മണ്ണെണ്ണ വിളക്കും
കത്തിച്ചു
കാവലിരുന്നു....