Archives / December 2017

എ.ചന്ദ്രശേഖര്‍
മേളയ്ക്കു ശേഷം, മേളയ്ക്കു മുമ്പ്.

പാസു വിതരണത്തിലും ഓണ്‍ലൈന്‍ ബുക്കിങിലും സംഭവിച്ച പിഴവുകള്‍ മാറ്റിനിര്‍ത്തിയാല്‍ സംഘാടന മികവുകൊണ്ടു ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഇക്കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് അവസാനിച്ച കേരളത്തിന്റെ 22-ാമതു രാജ്യാന്തര ചലച്ചിത്രമേള. എന്നാല്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഈ ചലച്ചിത്രമേള പ്രേക്ഷകമനസുകളില്‍ ബാക്കിയാക്കുന്നത് വാസ്തവത്തില്‍ എന്താണ്? മലയാള സിനിമയ്ക്ക് ഈ മേള സമ്മാനിക്കുന്ന നീക്കിയിരിപ്പ് എന്താണ്? തീര്‍ച്ചയായും 22 വര്‍ഷമെന്ന ഒട്ടും നിസാരമല്ലാത്ത കാലയളവില്‍ പൊതുഖജനാവില്‍ നിന്നുള്ള പണം മുടക്കി നടത്തുന്ന ഒരു സാംസ്‌കാരിക മഹാമഹത്തെപ്പറ്റി അത്തരത്തിലൊരു വിലയിരുത്തല്‍ ജനാധിപത്യത്തില്‍ തീര്‍ത്തും പ്രസക്തമാണെന്നു മാത്രമല്ല, അത്യാവശ്യവുമാണ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇരുപതാമതു ചലച്ചിത്രമേളയില്‍ ജയരാജിന്റെ ഒറ്റാലില്‍ തുടങ്ങി ഇങ്ങോട്ടു തുടര്‍ച്ചയായി മലയാള സ്വതന്ത്ര സിനിമകള്‍ രാജ്യാന്തര ജൂറിയുടെ ശ്രദ്ധയില്‍ പെടുന്നുണ്ട്, നല്ലത്. പോയ വര്‍ഷം വിധു വിന്‍സെന്റിന്റെ മാന്‍ഹോളും ഇത്തവണ സഞ്ജു സുരേന്ദ്രന്റെ ഏദനും ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എല്ലാം ഇത്തരത്തില്‍ രാജ്യാന്തര ജൂറിയുടെയും രാജ്യാന്തര നിരൂപകജൂറിയുടെയും ഒക്കെ ശ്രദ്ധയില്‍പ്പെട്ട് അംഗീകാരങ്ങള്‍ നേടിയത് മലയാളത്തിന് അഭിമാനം തന്നെയാണ്, സംശയമില്ല. രാജ്യാന്തര ചലച്ചിത്രമേള ഉയര്‍ത്തി വിടുന്ന ബൗദ്ധികവും സര്‍ഗാത്മകവുമായ ചോദനകളെ പിന്തുടര്‍ന്ന് സുദേവന്‍-മനോജ് കാന-സജിന്‍ ബാബു- സനല്‍കുമാര്‍ ശശിധരന്‍ പ്രഭൃതികളെ പിന്തുടര്‍ന്ന് നല്ല സിനിമയെ പ്രണയിക്കുന്ന യുവതലമുറ ചലച്ചിത്രമോഹികള്‍ക്ക് വെള്ളവും വളവുമാകുന്നുണ്ടെന്നതിലും രണ്ടഭിപ്രായമില്ല. എന്നാല്‍, മലയാളത്തിലെ അത്തരം സ്വതന്ത്ര സിനിമാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അവയ്ക്ക് വിപണിയും മൂലധനവും കണ്ടെത്താന്‍ ഈ മേള കൊണ്ട് എന്തു പ്രയോജനമുണ്ടാവുന്നുണ്ടെന്നത് വിലയിരുത്തപ്പെടേണ്ട സംഗതിയാണ്. പ്രത്യേകിച്ചും ഐ.എഫ്.എഫ്.കെ യുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍, ലോകസിനിമയുടെ പരിച്ഛേദം കേരളത്തിനു പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ പ്രാധാന്യം നമ്മുടെ സിനിമയെ മറുലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും കല്‍പിക്കപ്പെട്ടിട്ടുണ്ട് എന്നതു കൂടി പരിഗണിക്കുമ്പോള്‍. ഡോ. ബിജുവിനെയും സജിന്‍ ബാബുവിനെയും പോലുള്ള സ്വതന്ത്ര സംവിധായകരുടെ വാദങ്ങളും ആക്ഷേപങ്ങളും ഒരു പരിധി വരെ കഴമ്പുള്ളതാണ്. ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ ഫിലിം ബസാര്‍ ബോളിവുഡ് സിനിമയെ വളരെ സജീവമായി വിദേശവിപണിയിലേക്ക് മാര്‍ക്കറ്റ് ചെയ്യുകയും ഹിന്ദിയടക്കമുള്ള സ്വതന്ത്ര സിനിമകള്‍ക്ക് വിദേശത്തു പ്രദര്‍ശനത്തിനും വിദേശത്തുനിന്നുള്ള നിര്‍മാണസഹായവും കണ്ടെത്തുന്നതിലും വിജയിക്കുമ്പോള്‍ നമ്മുടെ മേളയിലെ ഫിലിം മാര്‍ക്കറ്റ് ഇനിയും ബാലാരിഷ്ടകള്‍ പിന്നിട്ടിട്ടില്ല. ഒരു മലയാളം സിനിമയ്‌ക്കെങ്കിലും ഈ മേളയിലൂടെ വിദേശ പ്രദര്‍ശനമോ, നിര്‍മാണ പങ്കാളിത്തമോ ലഭ്യമാവുന്നുണ്ടോ എന്നതിലാണ് ആത്മപരിശോധന ആവശ്യമായിട്ടുള്ളത്. ഡോ.സി.എസ്. വെങ്കിടേശ്വരന്‍ നിരീക്ഷിക്കുന്നതുപോലെ, മേളയിലെ രണ്ടു വിഭാഗങ്ങളിലേക്ക്-മത്സരവിഭാഗത്തിലേക്കും മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്കുമുള്ള മലയാള സിനിമകളുടെ എണ്ണത്തില്‍ കര്‍ക്കശമായ അക്കനിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നതിന്റെ പ്രായോഗികത പുനഃപരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.ഒരു പക്ഷേ, കൂടുതല്‍ സമാന്തര-സ്വതന്ത്ര സിനിമകള്‍ അവയിലുള്‍പ്പെടുത്തുകയും ഫിലിം മാര്‍ക്കറ്റ് മേളയുടെ സജീവും സക്രിയവുമായ ഒരംശം തന്നെയായി നിര്‍വഹിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ ഐ.എഫ്.എഫ്.കെ. മലയാള സിനിമയ്ക്ക് ലോക ചലച്ചിത്രഭൂപടത്തിലേക്കുള്ള ഒരു കിളിവാതില്‍ തന്നെയായി മാറുമെന്നതില്‍ സംശയമില്ല. കൗമാരം പിന്നിട്ട് യൗവനത്തിലേക്കുന്ന നിര്‍ണായക വഴിത്തിരിവില്‍ തീര്‍ച്ചയായും മുന്നോട്ടു നോക്കേണ്ടതും മുന്തിയ പരിഗണന നല്‍കേണ്ടതുമായ ഒരു സംഗതിയായിരിക്കണം ഇത്. ഉള്ളടക്കത്തിന്റെ കാര്യത്തില്‍, മുന്‍ മേളകളില്‍ നിന്നു വ്യത്യസ്തമായി കഴിഞ്ഞ രണ്ടു മൂന്നുവര്‍ഷത്തെ ഐ.എഫ്.എഫ്.കെ. അസ്ഥിയില്‍ പിടിക്കുന്ന ചിത്രങ്ങളുടെ അഭാവം കൊണ്ടാണു ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും മികച്ചത്/ അസാദ്ധ്യം എന്നു നിര്‍വചിക്കാന്‍ ഒരു ചിത്രം പോലുമില്ലാതിരിക്കുകയും, നല്ലത്/തരക്കേടില്ല എന്നു പറയാവുന്ന ഒരുപാടു ചിത്രങ്ങളുണ്ടാവുകയും ചെയ്യുന്ന വൈരുദ്ധ്യം. ഏറ്റവും മോശം എന്നു പറയാവുന്ന ചിത്രങ്ങളേ ഇല്ലാതിരിക്കുകയും ഏറ്റവും കുറവ് അഭിപ്രായം നേടുന്ന ചിത്രം പോലും ഒരു നിശ്ചിത നിലവാരത്തിനും മുകളിലായിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഒറ്റവാക്യത്തില്‍, ശരാശരി മേളച്ചിത്രങ്ങളുടെ നിലവാരത്തില്‍ കാര്യമായ ഉന്നതിയുണ്ടായിട്ടുണ്ടെങ്കിലും പ്രേക്ഷകപ്രത്യാശയില്‍ ഇക്കാലയളവിലുണ്ടായ വളര്‍ച്ചയെ, അവരുടെ കാഴ്ചബോധത്തിന്റെ ഭാവുകത്വപരിണതിയെ അഭിസംബോധന ചെയ്യാന്‍ അവയ്ക്ക് സാധ്യമാവുന്നുണ്ടോ എന്നതാണ് പുതിയ പ്രതിസന്ധി. ഐ എഫ് എഫ് ഐയില്‍ കൂടി പങ്കെടുത്ത ആളെന്ന നിലയ്ക്ക്, ഒരുപക്ഷേ ലോകമെമ്പാടുനിന്നുമുള്ള സിനിമകളുടെ പൊതുനിലവാരപ്രശ്‌നമായി ഇതിനെ കണക്കാക്കാനാവുമെന്നാണ് എനിക്കു തോന്നുന്നത്. കാരണം ഗോവയിലും സമാനമായ പ്രതിസന്ധിയെ നേരിടുന്നുണ്ട്. ഫ്രാന്‍സില്‍ നിന്നടക്കമുള്ള യൂറോപ്യന്‍ ചിത്രങ്ങളേറെയും ചലച്ചിത്രമേളകളെത്തന്നെ അഥവാ ചലച്ചിത്രമേളകളെമാത്രം ലക്ഷ്യമിട്ടു നിര്‍മിക്കപ്പെട്ട ഇന്‍ഡിപെന്‍ഡന്റ് ഫോര്‍മുല സിനിമകളായിത്തീരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. കമ്പോള മുഖ്യധാരയെ ഫോര്‍മുല ചിത്രങ്ങളെന്ന ആക്ഷേപിക്കുമ്പോള്‍ത്തന്നെ, സ്വതന്ത്ര സിനിമാസംരംഭങ്ങള്‍ അത്തരത്തില്‍ മറ്റൊരു സൂത്രവാക്യത്തിലേക്ക് ചുരങ്ങുന്നത്, സര്‍ഗാത്മകതയില്‍ മുന്‍വിധികളുണ്ടാക്കുന്നുണ്ട്. അതാവട്ടെ ആസ്വാദനത്തില്‍ മരവിപ്പുമുളവാക്കുന്നുണ്ട് ഈ മരവിപ്പാണ് ഐ.എഫ്.എഫ്.കെയില്‍ പ്രതിഫലിച്ചതും. നീളത്തിന്റെ കാര്യത്തിലടക്കം നവസിനിമ ചില പൊതുപ്രവണതകള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതാവട്ടെ അത്രകണ്ട് ആശാസ്യമെന്നു പറയാനാവുന്നതല്ലതാനും. അഞ്ചുവര്‍ഷം മുമ്പത്തെ ഫെസ്റ്റിവല്‍ ഷെഡ്യൂള്‍ പരിശോധിച്ചാല്‍ ഒന്നര മണിക്കൂറിനപ്പുറം നീളുന്ന ഒന്നോ രണ്ടോ ചിത്രങ്ങാണുണ്ടായിരുന്നതെങ്കില്‍, ഡിജിറ്റല്‍ ചിത്രനിര്‍മാണ വ്യാപനത്തോടെ ഈ വര്‍ഷങ്ങളില്‍ ഒന്നരമണിക്കൂറോ അതില്‍ത്താഴെയോ ഉള്ള ചിത്രങ്ങള്‍ വിരളിലെണ്ണാവുന്നതായി എന്നതാണു പ്രധാന മാറ്റം. ഈ മാറ്റം ഗുണപരമാണോ എന്നതാണ് പരിശോധിക്കേണ്ടത്.കാരണം, സിനിമയിലെ ഡ്യൂറി അഥവാ ഡ്യൂറേഷന്‍ ഘടനാപരവും പ്രമേയപരവുമായ ആവശ്യത്തിനു മാത്രം കൃത്യമായ ബോധ്യത്തോടെ ഉപയോഗിച്ചിരുന്ന ചലച്ചിത്രകാരന്മാരുടെ തലമുറയില്‍ നിന്ന് പ്രത്യേക അര്‍ത്ഥമില്ലാത്ത സൂക്ഷ്മതയിലേക്ക് അതു വഴിമാറുന്നുവോ എന്നതാണ് പ്രേക്ഷക ആശങ്ക. തെരഞ്ഞെടുപ്പില്‍ കുറേക്കൂടി നിഷ്ഠയും നിഷ്‌കര്‍ഷയും പുലര്‍ത്തുന്ന ഐ.എഫ്.എഫ്.കെ.യില്‍ അതുകൊണ്ടു തന്നെ കുറേക്കൂടി മികച്ച ചിത്രങ്ങള്‍ ഉണ്ടാവുകയും ചെയ്തു.ഉദ്ഘാടന ചിത്രമായിരുന്ന ദ് ഇന്‍സള്‍ട്ട്, ദ യങ് കാള്‍ മാര്‍ക്‌സ്, റീഡൗട്ടബിള്‍, ഗ്രെയന്‍, ഈസി, വാജിബ്, 14 ജൂലൈ 85,ആഫ്റ്റര്‍ ദ വാര്‍,അപ്രന്റീസ്, എസ്‌കവേറ്റര്‍,ഐ ആം നോട്ട് എ വിച്ച്,കുപാല്‍, റിട്ടേണീ, ദ് ഡസേട്ട് ബ്രൈഡ്, വില്ല ഡ്വല്ലേഴ്‌സ്, വാട്ട് വില്‍ പീപ്പിള്‍ സേ,വൈറ്റ് ബ്രിഡ്ജ്,ദ തേഡ് മര്‍ഡര്‍, എയ്ഞ്ചല്‍സ് വിയര്‍ വൈറ്റ്, ക്‌ളോസ്‌നെസ്,ലവ്‌ലെസ്, ഇന്‍ സിറിയ, ഖിബുല, മര്‍ലീന ദ മര്‍ഡറര്‍ ഇന്‍ ഫോര്‍ ആക്ട്‌സ്, ന്യൂട്ടണ്‍, റസിയ, ഓണ്‍ ബോഡി ആന്‍ഡ് സോള്‍, സ്പൂര്‍, സിംഫണി ഫോര്‍ അന, ദ് കേക്കമേക്കര്‍,ദ് സ്‌ക്വയര്‍ തുടങ്ങി ഒരു പിടി നല്ല സിനിമകള്‍ ഈ മേളയെ ശ്രദ്ധേയമാക്കി. എന്നാല്‍ അക്കാദമി അംഗം കൂടിയായ ഡോ. സി.എസ് വെങ്കിടേശ്വരന്‍ തന്നെ ചൂണ്ടിക്കാട്ടിയതു പോലെ, ക്യൂറേറ്റഡ് പാക്കേജുകള്‍,എന്തിന് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡ് നേടിയ വിഖ്യാത ചലച്ചിത്രകാരന്‍ സുഖറോവിന്റെ സിനിമകളുടെ വിഭാഗത്തിനു പോലും വേണ്ടത്ര ശ്രദ്ധ നേടാന്‍ സാധിച്ചോ എന്നതു പരിശോധിക്കപ്പെടേണ്ട കാര്യമാണ്. എന്തു കൊണ്ടാണ് പ്രമേയാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യപ്പെടുന്ന സിനിമകളുടെ പ്രത്യേകവിഭാഗങ്ങള്‍ നമ്മുടെ മേളയില്‍ വേണ്ടത്ര കാഴ്ചക്കാരെ ആകര്‍ഷിക്കാത്തത്? മാധ്യമങ്ങള്‍ അവയ്ക്കു നല്‍കാത്ത പരിഗണനയോ പഴയ സിനിമകളോടുള്ള പ്രേക്ഷകസമീപനമോ മാത്രമാണോ അതിനുള്ള കാരണം? മുഖ്യധാരാ വിഭാഗങ്ങള്‍ക്കു നല്‍കുന്നത്ര പ്രാധാന്യവും പരിഗണനയും സംഘാടനത്തില്‍ തുടങ്ങിത്തന്നെ അവയ്ക്കു ലഭ്യമാവാത്ത പ്രശ്‌നമുണ്ടോ? ഇക്കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോ എന്നതിലുപരി അവയേപ്പറ്റി, അവയുടെ പ്രാധാന്യവും പ്രസക്തിയും പ്രേക്ഷകരിലെത്തിക്കുന്നതിലും ബോധവല്‍ക്കരിക്കുന്നതിലും മേളയ്ക്ക് എത്രകണ്ട വിജയമവകാശപ്പെടാമെന്നതാണ് പരിധോധിക്കപ്പെടേണ്ടത്. വിശേഷിച്ചും, കേവലമൊരു ശരാശരി ചിത്രം മാത്രമായ സാത്താന്‍സ് സ്‌ളേവ്‌സിന് ആദ്യമായി മേളയില്‍ പ്രദര്‍ശിക്കപ്പെടുന്ന പാതിരാ ഭീകരചിത്രം എന്ന ലേബലില്‍ സംഘാടകഭാഗത്തുനിന്നുതന്നെയുണ്ടായ വിപണനതന്ത്രം സൃഷ്ടിച്ച പ്രേക്ഷകക്കൂട്ടം പരിഗണിക്കുമ്പോഴാണ് ക്യൂറേറ്റഡ് ക്‌ളാസിക്‌സിനും റിട്രോസ്‌പെക്ടീവുകള്‍ക്കും നല്‍കാവുന്ന സമാന ഹൈപ്പിനെ പറ്റി ആലോചിക്കേണ്ടി വരിക. ചലച്ചിത്രമേളാനന്തരമുള്ള ഈ ചിന്തകളടക്കമുള്ള ആത്മവിമര്‍ശനങ്ങളുള്‍ക്കൊണ്ട് വരും മേളയ്ക്കു മുമ്പേ ആത്മപരിശോധന നടത്തി വേണ്ടത്ര തിരുത്തലുകളും തയാറെടുപ്പുകളും നടത്തിയാല്‍ സ്വന്തമായി മേളപ്പറമ്പ് തയാറാവും മുമ്പേ മേളയുടെ പ്രായപൂര്‍ത്തി അലമ്പില്ലാതെ ആഘോഷിക്കാനാകും.

Share :