Archives / November 2019

ഗീത മുന്നൂർക്കോട് _
വിഡ്ഢിദിനത്തിലേക്ക് ഒരോർമനോവ് ( അനുഭവകഥ 16)

ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലെത്തി ഒരു വർഷം തികഞ്ഞിട്ടില്ല. 1995 ൽ ഇവിടെയെത്തിയിട്ട് ഒരു വർഷത്തോളംഞാൻ കുട്ടികളുമൊത്ത് താമസിച്ചിരുന്നത് മാത്തൂർമന റോഡിലുള്ള ഒരു വാടക വീട്ടിലായിരുന്നു.

തികച്ചും അപ്രതീതമായി ഒരു ഞായർ അവധി ദിനം. പതിവു ജോലികളും പാചകവും എല്ലാം കഴിഞ്ഞ് മക്കൾക്കൊപ്പം കളിയും ചിരിയുമൊക്കെയായി സ്വീകരണമുറിയിലിരിക്കുമ്പോൾ ഡോർ ബെൽ മുഴങ്ങുന്നു. കളിയിൽ മുഴുകിയിരുന്ന മക്കൾ എന്നോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു.

ഞാൻ തന്നെ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് വാതിൽ തുറന്നതും നല്ല ചൊറു ചൊറുക്കുള്ള ഒരു ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ടു മുന്നിൽ ! 

"ഗുഡ് മോർണിംഗ് മാം"

"ഗുഡ് മോർണിംഗ്'' ഒന്നു പുരികം ചുളിച്ച് ഞാൻ ശ്രദ്ധിച്ചു നോക്കി ഓർമകളിൽ പരതി.

അതെ. അറിയാം - ഉറപ്പാണ്, അവൻ തന്നെയാണ് ..

"രമേശ് " ???

പൊടുന്നനെ മുന്നിൽ നിന്ന ചെറുപ്പക്കാരന്റെ ഭാവം മാറി. ചിരി മാഞ്ഞു. കണ്ണുകൾ നിറഞ്ഞുകവിഞ്ഞു. 

എന്റെ കൈ പിടിച്ച് ഒരു വിങ്ങലോടെ

"ഞാൻ രമേശിന്റെ അനിയൻ രതീഷാണ് മാം... എന്നാലും മാം എത്ര കൃത്യമായി ഏട്ടനെ ഓർക്കുന്നു!"

"വലുതായപ്പോൾ നിനക്കും രമേശിന്റെ അതേ ഛായ വന്നല്ലേ? അവന്റെ മുഖം ഞാൻ എങ്ങനെ മറക്കാൻ. അത്രക്കും കുസൃതികളും വികൃതികളും കാണിച്ച് എന്നെ ക്ലാസ്സിൽ പൊറുതിമുട്ടിപ്പിച്ചതൊക്കെ എന്നും ഓർത്തു രസിക്കാനുള്ളതല്ലേ കുട്ടീ... ? നീ വാ. അകത്തേക്കിരിക്ക്. എല്ലാം വിശേഷങ്ങളും പറയ്."

പത്തു വർഷങ്ങളിലേറെയായി ഓജ്ജാർ കെ വി യിൽ നിന്നും ഈ കുട്ടികളെ പഠിപ്പിച്ചിറക്കിയത്. ഇപ്പോഴിതാ രതീഷ് എന്നെയന്വേഷിച്ച് ഒറ്റപ്പാലം വരെ വന്നിരിക്കുന്നു.

പെട്ടെന്നു തന്നെ ഒരു ചായ റെഡിയാക്കിക്കൊടുത്തു. ഊണ് ഒരു മണി കഴിയട്ടെ എന്നായി. 

ചായ പയ്യെ കുടിച്ചു കൊണ്ട് അവൻ പറയാൻ തുടങ്ങി "മാം, ഞങ്ങൾ ഓജ്ജാറിൽ നിന്നും അച്ഛന്റെ സ്ഥലം മാറ്റമായി പുനയിലേക്കാണല്ലോ പോയത്. ഏട്ടന് Mech Engineering കഴിഞ്ഞ് പൂനെയിൽ തന്നെ ഒരു നല്ല കമ്പനിയിൽ ജോലിയായി. ഞാൻ ജേർണലിസം ബിരുദമെടുത്തു. ഇപ്പോൾ Indian Express ലാണ്, കൊച്ചിയിൽ. അച്ഛനുമമ്മയും നാട്ടിൽ - കണ്ണൂരിലുള്ള വീട്ടിൽ "

പിന്നീട് അവൻ പറഞ്ഞത് നിറകണ്ണുകളോടെ ഗദ്ഗദത്താൽ വിക്കി വിക്കി .." ഏട്ടൻ രണ്ടു വർഷങ്ങൾക്കു മുമ്പ് പൂനെയിൽ വച്ച് ഒരു കാർ ആക്സിഡന്റിൽ മരണപ്പെട്ടു. അമ്മ ആ ഷോക്കിൽ ഒരു മനോരോഗിയായി. അന്നു മുതൽ എന്നെ ഏട്ടനെന്ന് കരുതി രമേശെന്നു വിളിച്ച് രതീഷിനെ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു... 

ഞാൻ ബാംഗ്ലൂരിലായിരുന്നു. അമ്മക്കു വേണ്ടി നാട്ടിലേക്കു വന്നു"

ഞാൻ അവനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു. പാവം കുട്ടി എന്നോർത്തു. രമേഷ് നായർ, രതീഷ് നായർ - ഒരു വയസ്സിനു മാത്രം വ്യത്യാസം- എന്നാൽ രണ്ടു പേരും പെരുമാറ്റത്തിലും സ്വഭാവത്തിലും ധ്രുവദൂരം - കുട്ടി പ്രായത്തിൽ

രമേശ് വല്ലാത്ത വികൃതിയും കുസൃതിയും സംസാരപ്രിയനുമായിരുന്നെങ്കിൽ രതീഷ് തികച്ചും ശാന്തശീലനും മിതഭാഷിയുമായിരുന്നു. ഏട്ടൻ പറയുന്നതനുസരിച്ച് താഴ്മയോടെ കാര്യങ്ങൾ ചെയ്തിരുന്ന രതീഷ് സ്ക്കൂളിൽ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 

രമേശാകട്ടെ എന്നും എന്തെങ്കിലും പ്രശ്നമുണ്ടാക്കി ഏതെങ്കിലുമൊരു അദ്ധ്യാപകനാൽ പ്രിൻസിപ്പലിന്റെയടുത്ത് പരാതിയുമായി എത്തപ്പെട്ടിരുന്നു. അവന്റെ അച്ഛൻ സ്ക്കൂളിലെ സ്ഥിരം സന്ദർശകനായിരുന്നു.

ഏതു വർഷത്തിലെന്നോർക്കുന്നില്ല, ഏപ്രിൽ ഒന്നിനുണ്ടായ ഒരു സംഭവം! കേൾപ്പിച്ചപ്പോൾ രതീഷും നന്നായി ഓർക്കുന്നെന്ന് പറഞ്ഞു. ക്ഷമകെട്ട് അച്ഛൻ വീട്ടിലെത്തി ഏട്ടനെ പൊതിരെ ബെൽറ്റെടുത്ത് തല്ലിയ ആ സംഭവം!

ഒമ്പത് 'എ' ഡിവിഷന്റെ ക്ലാസ് ടീച്ചറായിരുന്നു ഞാൻ. രമേഷ് എന്റെ ക്ലാസ്സിലെ കുട്ടി. പഠനകാര്യങ്ങളിൽ ശരാശരി വിദ്യാർത്ഥി. എന്നാൽ വല്ലാത്ത വികൃതിക്കുട്ടി. എപ്പോഴും പ്രസരിപ്പും ഊർജ്ജഭരിതവുമായ ഭാവം.

എല്ലാ കുട്ടികളുമായി നല്ല ചങ്ങാത്തം. പൊതുവെ കുട്ടികൾക്കും അധ്യാപകർക്കും അവനെ നല്ല ഇഷ്ടമായിരുന്നു. എന്നാൽ ഓരോ കുസൃതികളൊപ്പിച്ച് ഇടയ്ക്കിടെ ശിക്ഷകളും വാങ്ങിക്കൂട്ടിയിരുന്നു.

ഏപ്രിൽ ഒന്നിന് കുട്ടികൾ മിക്കവരും തക്കം പാർത്ത് എല്ലാവരേയും വിഡ്ഢികളാക്കാൻ കാത്തിരിക്കും, പ്രത്യേകിച്ച് അധ്യാപകരെ. ഞാൻ അസംബ്ലി കഴിഞ്ഞ് നല്ല കരുതലോടെയാണ് ക്ലാസ്സിലെത്തിയത്. കുട്ടികളുടെ  'ഗുഡ് മോർണിംഗി'ന് പ്രതിവചിച്ച് ഞാൻ മറ്റൊന്നു കൂടി ആശംസിച്ചു " Wish you all a very funny World Fool Day ''

അവർ. മുഖത്തോടു മുഖം നോക്കി കണ്ണുകളും പുരികങ്ങളും ഉരുട്ടിയും വളച്ചും എന്തെല്ലാമോ സംവദിക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് ഒരു കുട്ടി എഴുന്നേറ്റ് ഒരു റോസാപ്പൂ നീട്ടി. ഞാൻ ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ച് മേശപ്പുറത്തു വച്ചു. "താങ്ക് യൂ, ഡിയർ"

ഞാനടനെ അറ്റന്റൻസ് എടുത്തു. പിന്നീട് കണക്കിലേക്ക് നീങ്ങി. അങ്ങനെ ഒന്നാം പിരിയഡ് തീർന്ന് അവിടെ നിന്നിറങ്ങി വരാന്തക്കറ്റത്തുള്ള സ്റ്റാഫ് റൂമിലെത്തിയതും ഒമ്പത് എ യിൽ നിന്ന് ഒരു കൂട്ടച്ചിരിയും "ഏപ്രിൽ ഫൂൾ' മാം..." എന്ന സംഘഘോഷവും. തുടർന്ന് സോഷ്യൽ സയൻസ് മാഡം ശ്രീമതി എഡിത് മിൻസ് തുമ്മിക്കൊണ്ട് പുറത്തേക്കോടി വന്നു. വാഷ് റൂമിലേക്കോടുന്നതിനിടക്ക് "Geetha mam, your children are very bad" എന്ന്...!

അവരുടെ മുഖം ചെമന്നു തുടുത്തിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ തിരികെ ക്ലാസ്സിലെത്തി. എന്നെ കണ്ടതും ശബ്ദം നിലച്ചു. "മിൻസ് മാഡത്തിനെന്തു പറ്റി? നിങ്ങളെന്താ ചെയ്തത് ?"

"ഫൂളാക്കിയതാ മാം ."

"മോണിട്ടർ ???"

ഹേമന്ത് മോറെ എഴുന്നേറ്റു നിന്നു. ഭയത്തോടെ പറഞ്ഞു.

"We offered a rose flower to Minz mam. She smelled it & started sneezing terribly. Mann, I really don't know how she became sick"

"What's wrong with the flower. Tell the truth. Else I will report the matter to Principal."

ഉടനെ വിജയ ജാദവ് എന്ന പെൺകുട്ടി പറഞ്ഞു, "മാം രമേശ് നായർ പൂവിൽ എന്തോ സ്പ്രേ അടിച്ചിരുന്നു. എന്താന്നറിയില്ല."

അപ്പോഴേക്കും എഡിത് മിൻസ് മാഡം പ്രിൻസിപ്പളേയും കൂട്ടി ക്ലാസ്സിലെത്തി, വിചാരണക്കായി. 

രമേഷാണ് എല്ലാത്തിന്റേയും സൂത്രധാരൻ എന്ന് കണ്ടെത്തി അവനേയും കൂട്ടി അവർ ഓഫീസിലേക്കു പോയി. 

രമേഷിന്റെ അച്ഛനെ വരുത്തി. ഒരാഴ്ച സസ്പെൻഷൻ ശിക്ഷയുമുണ്ടായി.

ശിക്ഷ കഴിഞ്ഞുവന്ന രമേഷ് മിൻസ് മാഡത്തിനോടുo എന്നോടും മാപ്പു ചോദിച്ചു.

 എന്നെയും ഫൂളാക്കാൻ വേണ്ടി പൂ തന്നെങ്കിലും ഭാഗ്യവശാൽ ഞാൻ അതെടുത്തു മണപ്പിച്ചില്ല. 

രമേഷിന്റെ കുസൃതിക്കാലം മാത്രമേ മനസ്സിലുള്ളൂ. അവൻ ഈ ലോകത്തിപ്പോൾ ഇല്ലെന്ന് സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല.

ഒരിക്കൽ കൂടി രതീഷിനോട് പഴയ കഥ വിവരിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു. 

ഉച്ചയൂണും കഴിഞ്ഞ് രതീഷ് മടങ്ങുമ്പോൾ ഇനിയും വരാമെന്ന വാക്കും തന്നു. 

എത്രയെത്ര സംഭവചിത്രങ്ങളാണ് എന്നിലെ അധ്യാപികയുടെ ഹൃദയത്താളിലെന്ന് ഓരോന്നും മറിക്കുമ്പോൾ വിസ്മയിച്ചു പോകുന്നു!

 

Share :