Archives / November 2019

ഫൈസൽ ബാവ
അളവുകോൽ നഷ്ടപ്പെടുമ്പോൾ പോഞ്ഞിക്കര റാഫിയുടെ

പോഞ്ഞിക്കര റാഫി ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്ന എഴുത്തുകാരനാണ്.  കൊച്ചിക്കാരുടെ സ്വന്തംറാഫിക്ക. വൈക്കം മുഹമ്മദ് ബഷീറിന്റെ ഉറ്റ ചങ്ങാതി. 1951ൽ എഴുതിയ ഫൂട്ട്റൂൾ എന്ന കഥയിലേക്ക് പ്രവേശിക്കുമ്പോൾ പുതിയൊരു ലോകം തുറന്നുവയ്ക്കാൻ ഒരുങ്ങിയ ഒരാളുടെ രചനാ കൗതുകം കാണാം. 

*ജൂസേപ്പുമേസ്തിരിയുടെ പ്രിയപ്പെട്ട ഫൂട്ട്റൂൾ ആരോ മോഷ്‌ടച്ചെടുത്തു.* ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്റെ മൂത്ത അപ്പൂപ്പൻറെ സ്വർണ്ണ ഫൂട്ട്റൂൾ കളവ് പോയ ചരിത്രം പറയുന്നതിലൂടെ കുടുംബ ചരിത്രവും പോർച്ചീഗീസുകാരുടെ ബന്ധവും കഥയിൽ ഇണക്കി ചേർക്കുന്നു. ഊടും പാവും പോലെ ചരിത്രവും ജീവിതവും ഇഴചേർന്നു നിൽക്കുന്നു.

പാരമ്പര്യമായി മരപ്പണിയിൽ അനുഗ്രഹീതമായ കഴിവുകൾ ഉള്ള ജൂസേപ്പ്മേസ്തിരിയുടെ കുടുംബത്തിൽ അന്ന് സ്വർണ്ണ ഫൂട്ട്റൂൾ മോഷ്ടിച്ചത് അദ്ദേഹത്തിന്റെ തന്നെ ഭാര്യയായിരുന്നു. അന്ന്  പറങ്കി സായിപ്പ് ആയിരുന്ന ജൂസേപ്പ് മേസ്തിരിയുടെ മുത്തച്ഛന്റെ ഭാര്യ തന്നെയായിരുന്നു ആ സ്വർണ്ണ ഫൂട്ട് റൂൾ മോഷ്ടിച്ചത്. അതവർ സഹോദരങ്ങൾക്ക് നൽകുകയും അവരത് വിറ്റ് പണമാക്കുകയും ചെയ്തു. കഥയിൽ ഫൂട്ട് റൂൾ ഒരു പ്രധാന കഥാപാത്രമായതിനാൽ ജൂസേപ്പും ഫൂട്ട്റൂളും തമ്മിലുള്ള ബന്ധം വളരെ പ്രാധാന്യം അര്ഹിക്കുന്നതായി കഥയിൽ ഭംഗിയായി വിളക്കി ചേർത്തിരിക്കുന്നു.

                                                                                              

പിന്നെയും ഈ പരമ്പരയിൽ കളവ് നടക്കുന്നുണ്ട്. അത് ജൂസേപ്പുമേസ്തിരിയുടെ അപ്പൂപ്പനായ അച്ചക്കോമേസ്തിരിയുടെ അപ്പൻ റാഫേൽ മേസ്തിരിയുടെ കാലത്താണ്. കാരണവരുടെ പണക്കിഴി മോഷണം പോകുന്നു. പോഞ്ഞിക്കരറാഫിയുടെ ഐശ്വര്യമായ സെന്റ് പാവളിന്റെ പ്രതിമ നോക്കി കാരണവർ പറയുന്നു. *"തന്നെ ഇവിടെ ഇരുത്തിയിരിക്കുന്നതെന്തിനാണ്? ചെയ്ത്താൻവന്ന്  ആ പണം മുഴുവനുമെടുത്തുകൊണ്ടുപോകുന്നത് വരെ നോക്കി വെറുതെ ഇരുന്ന തന്നെ ഇനി ഇവിടെ വേണ്ട! ആ പണത്തിന്റെ കാര്യത്തിന് ഒരു തീരുമാനമുണ്ടാക്കികൊണ്ടുവന്നാൽ ഇവിടെ ഇരുത്താം"* പ്രതിമ കുറ്റിക്കാട്ടിൽ തലകീഴാക്കി  കെട്ടി തൂക്കി. അച്ചക്ക മേസ്തിരിയുടെ മൂത്തമകനാണ് അതി പ്രശസ്തനായ ശൗരി മേസ്തിരി. അദ്ദേഹത്തിന്റെ മകനാണ് ജൂസേപ്പുമേസ്തിരി.

 ഇരുപത് വയസുകാരനായ ജൂസേപ്പ് പതിമൂന്ന് കാരിയായ അന്നയെ വിവാഹം കഴിക്കുന്നു. ജൂസേപ്പുമേസ്തിരിയുടെ ഫൂട്ട്റൂൾ നഷ്ടമാകുന്ന അവസ്‌ഥയിൽ കഥ മറ്റൊരു തലം തേടുന്നു... കഥയിലേക്ക് കയറിയിറങ്ങി പോകുമ്പോൾ ആ അവസ്ഥ തിരിച്ചറിയാം. ജൂസേപ്പുമേസ്തിരിയുടെ ജീവിതത്തിലൂടെ ഒരു കാലത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തെ കഥയിൽ നന്നായി ചേർത്തിരിക്കുന്നു.

സ്വർഗ്ഗദൂതൻ, പാപികൾ. ഫുൾ ടൈം കാമുകൻ  പോലുള്ള നോവലുകൾ, അലതല്ലുന്ന പുഴ, അച്ഛന്റെ അന്തകൻ, മത്തായി മാസ്റ്റർ, കൊച്ചുറോസി പോലെ അനേകം കഥകൾ മലയാളത്തിന് സമ്മാനിച്ച 

പോഞ്ഞിക്കര റാഫി എന്ന എഴുത്തുകാരന്റെ ഓർമ്മകൾക്ക് മുമ്പിൽ ഈ കുറിപ്പ് സമർപ്പിക്കുന്നു.

Share :