Archives / October 2019

   ദിവ്യ.സി.ആർ
വേനലിൽ ഒരു സ്നേഹമഴ

         വേനലിൻെറ കനത്ത തീ നാളങ്ങളിൽ നിന്നും ആശുപത്രി വരാന്തയിലേക്ക് കയറുമ്പോൾ അമ്മാമ്മയുടെ കൈകൾ മകളെ ചേർത്തുപിടിച്ചു. പനിച്ചൂടിൽ ചുവന്ന അവളുടെ കണ്ണുകൾ വെയിലിൻെറ തീച്ചൂളയിൽ ഒന്നുകൂടി കനത്തു. പാറിപ്പറന്ന അവളുടെ തലമുടിച്ചുരുളുകൾ മെല്ലെയൊതുക്കി, ആ സർക്കാർ ആശുപത്രി വരാന്തയിലേക്കവർ നടന്നു. ഒ.പി ടിക്കറ്റുമായി ഡോക്ടറെ കാണാനായി അടുത്ത മുറിയിലേക്ക് തിരിയുമ്പോൾ, പുറത്തേക്ക് നീളുന്ന രോഗികളുടെ നീണ്ട നിര കണ്ട് അമ്മാമ്മയ്ക്കുള്ളിൽ നിന്നും ദീർഘമായൊരു നിശ്വാസം പുറത്തേക്കു വന്നു.
പരാതികളും പരിഭവങ്ങളുമില്ലാതെ ആ നീണ്ട നിരയുടെ അവസാനം അവരും സ്ഥാനം കണ്ടെത്തി.
     മണിക്കൂറുകൾ നീണ്ട് ആ നിര ഒച്ചിനേക്കാൾ വേഗത കുറഞ്ഞ് തന്നെ നീങ്ങുകയാണ്. ആ അസഹ്യമായ കാത്തിരിപ്പിൽ സഹികെട്ട് നിത്യമോൾ അമ്മാമ്മയുടെ കൈകളിൽ തൂങ്ങി വാശിപിടിച്ചു.
'അമ്മേ.. കാല് വേദനിക്കണ്..'
അവളുടെ നിർബന്ധം സഹിക്കാൻ വയ്യാതെ അവളെ അമ്മാമ്മ ഒക്കത്തെടുത്തു. ചൂടിൽ പൊള്ളുന്നതു പോലെ തോന്നി മോളുടെ നെറ്റിത്തടം മാറോടു ചേർന്നപ്പോൾ !
ചുണ്ടുകൾ ചുവന്നു തുടുത്ത് , എന്തൊക്കെ അവൾ പുലമ്പി. പ്രായാധിക്യത്താൽ തളർന്ന അമ്മാമ്മ അവളെ അരികിലെ ഇരുമ്പ് ബെഞ്ചിലിരുത്തി.
മോളുടെ പാദങ്ങൾ നിലം തൊടുന്നതിന് മുൻപേ കുഴഞ്ഞു വീണു.
  എന്തു ചെയ്യണമെന്നറിയാതെ അമ്മാമ്മ ഉറക്കെ നിലവിളിച്ചു. സഹരോഗികൾ കുഞ്ഞിനെ താങ്ങിയെടുത്ത് ഡോക്ടറുടെ അരുകിലെത്തിച്ചു.
"പേടിക്കാനില്ലമ്മേ.. കുഞ്ഞിന് പനി കൂടുതലാണ്. ബി.പി കുറവാണ്. തല്കാലം ഇൻജക്ഷനും മരുന്നും നൽകാം. താലൂക്ക് ആശുപത്രിയിൽ പോയി രക്തവും മൂത്രവും പരിശോദിക്കൂ " - ഡോക്ടർ തൻെറ കർത്തവ്യം നിറവേറ്റി.
    കുഞ്ഞിന് ക്ഷീണം വിട്ടകന്നപ്പോൾ അവളേയും കൂട്ടി ബസ് സ്റ്റോപ്പിലേക്ക് നടന്നു, താലൂക്ക് ആശുപത്രിയെ ലക്ഷ്യം വച്ച്. ബസിന്റെ പിൻസീറ്റിലിരുന്ന് കുഞ്ഞിനെ ചേർത്ത് പിടിക്കുമ്പോൾ, കാലം വരുത്തിയ ദുരന്തങ്ങളുടെ കനം പേറിയ കൺതടങ്ങൾ ഒന്നുകൂടി വീർത്തിരുന്നു. ഭർത്താവ് ഉപേക്ഷിച്ച് കൈക്കുഞ്ഞുമായെത്തിയ മകളെ ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് കൂട്ടാൻ കഴിയുന്നതിന് മുൻപേ അവൾ ഭൂമി വിട്ടകന്നിരുന്നു. അനാഥയായ ഈ പെൺകുഞ്ഞിനെ ഏത് കൈകളിൽ സുരക്ഷിതമായി ഏൽപ്പിക്കുമെന്നത് എപ്പോഴും വൃദ്ധ ഹൃദയത്തെ നീറ്റുന്ന ചോദ്യമായി അവശേഷിച്ചു !
     വേദനകൾക്ക് കൂട്ടു നിൽക്കാത്ത സമയവും ദൂരവും, തൻെറ സ്വർണ ച്ചിറകിലേറി അപ്പോഴും യാത്ര തുടർന്നിരുന്നു.
"താലൂക്കാശുപത്രി.." കണ്ടക്ടറുടെ ആ വിളി വേദനകളിൽ നിന്നും അമ്മാമ്മയെ ഉണർത്തി. മയങ്ങിയിരുന്ന കുഞ്ഞിനെ വിളിച്ചുണർത്തി ബസ്സിൽ നിന്നിറങ്ങി.
   പഞ്ചായത്ത് ആശുപത്രിയിൽ നിന്നും കൊടുത്ത പേപ്പറുകൾ ലാബിൽ കൊടുത്തു. അവിടേയും കാത്തിരിപ്പിനൊടുവിൽ രക്തമെടുത്തു.
തീക്കനലിൻെറ ആധിക്യത്താൽ വിശപ്പും ദാഹവും ശരീരത്തെ പിടിച്ചു കുലുക്കാൻ തുടങ്ങിയിട്ട് കുറച്ചധികം സമയമായി. അമ്മാമ്മ കൈയ്യിലെ ചില്ലറത്തുട്ടുകളെണ്ണി. ഇരുപത് രൂപയോളമുണ്ട്.
ബസ്സിനായി !
കുഞ്ഞ് അപ്പോഴേക്കും വിശപ്പ് സഹിക്കാനാവാതെ കരച്ചിൻെറ വക്കോളമെത്തി.
അമ്മാമ്മ ചുറ്റും നോക്കി. എല്ലാവരും അവരവരുടെ തിരക്കുകളിൽ വ്യാപൃതരാണ്.
ആരോടാണ് പത്ത് രൂപ കടം ചോദിക്കുക !
അപരിചിതരായ ജനക്കൂട്ടത്തെ ആ വൃദ്ധ ഭയന്നു.
അടുത്ത് കണ്ട മരച്ചുവട്ടിലേക്ക് കുഞ്ഞിനേയും കൊണ്ടവർ നീങ്ങി. സമ്മിശ്ര വികാരങ്ങളാൽ നിറഞ്ഞ ആശുപത്രി പരിസരത്ത് ആരുടെ മുന്നിലാണ് കൈ നീട്ടേണ്ടതെന്നറിയാതെ അമ്മാമ്മ വിഷമിച്ചു.
  ആ വൃദ്ധയേയും കുഞ്ഞിനേയും താങ്ങി നിന്ന തണൽമരം ഏറ്റുവാങ്ങി. ശിഖരങ്ങളിൽ നിന്നുയർന്ന തണുത്ത കാറ്റിലും അമ്മാമ്മയുടെ കണ്ണുകൾ ചുവന്നു. ഹൃദയത്തിൽ തിങ്ങിനിറഞ്ഞ ദു:ഖം കണ്ണുകളിൽ തളം കെട്ടി, പെയ്യാൻ വിതുമ്പുന്ന കാർമേഘം പോലെ.
   "അമ്മേ.." തോളത്ത് നനുത്ത സ്പർശനത്തിലൂടെ മാത്രം തിരിച്ചറിഞ്ഞ ആ വിളിയിലേക്കവർ തിരിഞ്ഞു നോക്കി.
"എന്താ അമ്മേ.. എന്താ ഇവിടെ നിൽക്കുന്നത് ?
എന്തുപറ്റി..?" ആശ്വാസത്തിൻെറ പൊൻ കിരണവുമായി വന്ന ആ മാലാഖയെ നോക്കി തൊണ്ടയിടറി.
"മേളെ.. എനിക്കൊരു പത്ത് രൂപ തരാമോ.."
ഒന്നും മിണ്ടാതെ ആ നേഴ്‌സ് ആശുപത്രി കെട്ടിടത്തിനുള്ളിലേക്കു പോയി. അതിനേക്കാൾ വേഗത്തിൽ അമ്മാമ്മയുടെ അടുക്കലെത്തി. അൻപത് രൂപ വിറയാർന്ന, ചുളിവുകൾ വീണ കൈകളിലേൽപ്പിച്ചു.
തൊണ്ടയിൽ കുടുങ്ങിയ ഗദ്ഗദം പുറത്തേക്കൊരു നീർ പ്രവാഹമായി. വാക്കുകൾ തണൽമരച്ചില്ലകളുടെ താളത്തിൽ അലിഞ്ഞു ചേർന്നു.

Share :