
സബർമതി
സൈന്യത്തിന്റെ ബൂട്ടടി ശബ്ദം കേട്ടാണയാൾ ഉണർന്നത്. പതിവിന് വിപരീതമായി
പുറത്ത് ജയ് ശ്രീറാം വിളികളുടെ ശബ്ദം അലയടിക്കുന്നു. അദ്ധേഹം കിടന്ന കിടപ്പിൽ
തന്നെ കുഴിമാടം ചവിട്ടിത്തുറന്നു. ഊന്നുവടിയും , കണ്ണടയും ,ഖാദി മേൽമുണ്ടും
കൂടെക്കരുതി.
പുറത്തെ കാഴ്ച്ചകൾ അദ്ദേഹത്തെ അൽഭുതപ്പെടുത്തി!!
സബർമതി ആകെ മാറിയിരിക്കുന്നു. സൂര്യ കിരണങ്ങൾ വളരെ ശോകത്തോടെയാണ്
സബർമതിയിലെ വൃക്ഷങ്ങളുടെ ശിഖരങ്ങളിൽ തലോടുന്നത്.
പുറത്ത് ബഹളം കേൾക്കുന്ന ഭാഗത്തേക്കയാൾ വേച്ച് വേച്ച് നടന്നു; ഇപ്പോഴും
നെഞ്ചിന് വെടിയുണ്ട കൊണ്ട ഭാഗത്ത് ശക്തമായ നീറ്റലുണ്ട്. തെരുവിലെ ജയ് ശ്രീറാം
വിളിക്കുന്ന ജനക്കൂട്ടമൊന്നാകെ അയാളെ തുറിച്ച് നോക്കുന്നു!! ആൾക്കൂട്ടത്തിനിടയിലെ
തടവുകാരന്റെ അപകർഷതാബോധത്തിലേക്കയാൾ വഴുതി വീണു. ; താനേതാടോ
കെളവാ എന്ന ഒരു പുച്ഛഭാവം അവരുടെ നേതാവിന്റെ മുഖത്ത് നിന്നയാൾ
വായിച്ചെടുത്തു.
‘’ ഇത് സബർമതിയല്ലേ? ‘’- അയാൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
അതിനുത്തരം അവരുടെ കൂട്ടച്ചിരിയായിരുന്നു!!
‘’നിങ്ങൾ സന്യാസിമാരാണോ ‘’ ?!
‘’നിങ്ങൾ ധരിച്ച കാവി വസ്ത്രത്തിലും തൃശൂലത്തിലും രക്തക്കറയുണ്ടല്ലോ ‘’?
അയാൾ തെല്ല്ഗൗരവത്തിൽ അവരോടായ് ചോദിച്ചു,
അവർ കോപത്തോടെ അയാളെ തുറിച്ച് നോക്കി...
തെരുവിലെ ശിരസ്സറ്റ കുഞ്ഞുങ്ങളുടെ ദേഹത്ത് നിന്നും ;ദേഹി; ചിത്രശലഭങ്ങളുടെ
രൂപത്തിൽ പറന്നകന്നു പോകുന്നത് കണ്ടയാൾ മരവിച്ചു പോയി...
അപ്പോഴും അവർ ജയ് ശ്രീറാം വിളികൾ മുഴക്കിക്കൊണ്ടിരുന്നു.
തെരുവിലെ ഒരു പൊളിഞ്ഞ കൂരക്കകത്ത് തന്റെ ചർക്കയുടെ ചിത്രം കണ്ടയാൾ
അതിനടുത്തേക്ക് നീങ്ങി, വെളുത്ത താടിയും മുടിയും വില കൂടിയ അത്യാഡംബര
വസ്ത്രവും ധരിച്ച ഒരു ധനാഢ്യൻ ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി മാത്രം അത്
സ്പർശിക്കുന്നത് കണ്ടപ്പോൾ അയാൾ സങ്കടപ്പെട്ടു; അതിന്നപ്പുറത്ത് തന്റെ പഴയ
കണ്ണടയും, ഊന്നുവടിയും ബ്രിട്ടീഷുകാരിൽ നിന്നും ലേലം വിളിച്ചെടുത്ത ഒരു മദ്യ
വ്യവസായിക്ക് അഭിവാദ്യങ്ങളർപ്പിച്ച് കൊണ്ട് രാജ്യസ്നേഹികൾ പ്രിന്റെടുത്ത
ഒരുഫ്ലക്സ് ബോർഡ് കണ്ടപ്പോൾ അയാളുടെ ഹൃദയം നുറുങ്ങി...
തെരുവിൽ ക്ഷേത്ര മതിലിന് പിന്നിൽ നിന്നും ദബോൽക്കറുടേയും, പൻസാരയുടേയും,
ഗൗരീലങ്കേഷിന്റേയും ആത്മാവുകൾ റാം രാജിനെക്കുറിച്ച് അടക്കം പറയുന്നതയാൾ
കേട്ടു !!
അസ്വസ്ഥനായ അദ്ധേഹം കൈയിൽ ചരടും സ്റ്റീൽ വളയും ധരിച്ച ഒരാളോട്
ഡൽഹിയിലേക്ക് വല്ല ട്രെയിനുമുണ്ടോ എന്ന് ചോദിച്ചു,
ചോദ്യകർത്താവിന്റെ ഖാദിയുടെ മേൽക്കുപ്പായത്തിലേക്കും ,ഊന്നു വടിയിലേക്കും
തുറിച്ച് നോക്കിയതിനു ശേഷം അവൻ തിരിച്ച് ചോദിച്ചു, ഏത് ഡൽഹി എന്ത്
ഡൽഹി?? ‘’ഇപ്പോൾ ഡൽഹിയില്ല, അങ്ങേക്ക് കാന്തവപ്രസ്ഥത്തിലേക്കാണോ
പോവേണ്ടത് അതോ ഹസ്ഥിനാപൂരിലേക്കോ‘’?
കാന്തവപുരി ( നിങ്ങൾ നേരത്തെ പറഞ്ഞ നിങ്ങളുടെ ഡൽഹി) യിൽ ഇപ്പോൾ
രാജാവിന്നും പരിവാരങ്ങൾക്കും മാത്രമേ പ്രവേശനമുള്ളൂ...
ഖാദി ധാരി ദുഃഖഭാരത്താൽ തല താഴ്ത്തി... അയാൾ പ്രായം ചെന്ന ഒരു കാവിധാരിയെ
അടുത്ത് വിളിച്ചു ; എന്നിട്ടയാളോട് പറഞ്ഞു , എനിക്ക് കർശകരെയൊന്ന് കാണണം!
പ്രായം ചെന്നയാൾ ഖാദിധാരിയെ അടിമുടിയൊന്ന് നോക്കി, എന്നിട്ടയാൾ ഒരു
ആൽമരത്തിന് നേരേ വിരൽ ചൂണ്ടി ; അതിലെ നേരെ നടന്ന് ആ വഴി
അവസാനിക്കുന്നിടത്ത് നിന്ന് ഇടത്തോട്ട് നടന്നാൽ ഒരു വയലിലെത്തും. ആ വയലിൽ
നിങ്ങൾ പറഞ്ഞ നികൃഷ്ടരായ ശൂദ്രരെ കാണാം ;... ആ കാവിധാരി പറഞ്ഞു നിർത്തി.
; ഹരിജനങ്ങൾ , ദൈവമക്കൾ; എന്ന് സ്വയം പറഞ്ഞുകൊണ്ട് ഖാദി ധാരി തന്റെ
മേൽമുണ്ട് കൊണ്ട് കണ്ണീരൊപ്പി. അയാൾ വേച്ച് വേച്ച് നടന്ന് വയലിനടുത്തെത്തി ,
കുറേ മനുഷ്യർ കയ്യിലും കാലിലും ചങ്ങലകളാൽ ബന്ധിതരായി തകരഷീറ്റിന്റെ
മേൽക്കൂരക്ക് കീഴിൽ നനഞ്ഞ തറയിൽ കിടക്കുന്നു!!
അവിടെ ഗോതമ്പ് പാടങ്ങളിലിപ്പോൾ പച്ചപ്പനങ്കിളിയും, മാടപ്രാവുകളുമൊന്നും
വരാറില്ല. പരുന്തും കഴുകനുമല്ലാതെ മറ്റൊരു പറവ യും അവിടെ
ഇരതേടിയെത്താറില്ല...
അപ്പുറത്ത് കോൺക്രീറ്റ് മേൽക്കൂരക്ക് കീഴെ ശീതീകരിച്ച ഗോശാലയിൽ പൂണൂൽ
ധരിച്ച്, കുറി തൊട്ട് , കഴുത്തിൽ പൂമാല ധരിപ്പിച്ച ഗോക്കൾ
അയവിറക്കിക്കൊണ്ടിരുന്നു. അവയുടെ നേത്രങ്ങളിൽ നിന്നും വെറുതെ മിഴിനീർ
പൊടിഞ്ഞ് കൊണ്ടിരുന്നു!!
അവക്ക് തീറ്റ കൊടുക്കുന്ന ഒരാളെ ഖാദി ധാരി ശ്രദ്ധിച്ചു, അയാളുടെ കാലിലും
ചങ്ങലകളുണ്ട് !!
നിങ്ങളുടെ കാലുകളിൽ എന്താണ് ചങ്ങലകൾ; ? - അയാൾ ചോദിച്ചു.
പ്രഭോ, ഇവിടെ രാജാവിന്റെ വളരെയടുത്ത ആളുകളല്ലാത്ത എല്ലാവരുടേയും
കാലുകളിൽ ചങ്ങലകളുണ്ടാവും, ഞാനും റാം രാജ് സ്വപ്നം കണ്ട് നടന്നതായിരുന്നു,
ബ്രാഹ്മണനല്ലെങ്കിലും അവർക്ക് തൊട്ട് താഴെയാണെന്റെ ജാതി. ഇപ്പോൾ
രക്ഷയില്ലെന്നായി ; എനിക്കീ തൊഴുത്തിലെങ്കിലും ജോലിയുണ്ട് ; വാക്കുകൾ
മുഴുമിപ്പിക്കാനാവാതെ അവ അയാളുടെ തൊണ്ടയിൽ കുരുങ്ങി ചിതറിയൊടുങ്ങി...
;ഇവിടെ ഖാദിയും , ഖദറുമൊന്നും ആരും ധരിക്കാറില്ലേ; ? - തന്റെ ശിരസ്സിലെ
വിയർപ്പ് കണങ്ങൾ തുടച്ച് കൊണ്ട് ആകാംക്ഷയോടെ ഖദർ ധാരി ചോദിച്ചു,
അതിനുത്തരമെന്നോണം തന്റെ മുമ്പിലെ കാടി വെള്ളം നിറച്ച പാത്രം
ചവിട്ടിത്തെറിപ്പിച്ചയാൾ ഈർഷ്യതയോടെ നിലത്ത് തുപ്പി...
‘’പഴയ പോലെ തന്നെ ബ്രാഹ്മണനും പശുവിനും സുഖം; സംബന്ധവും
ആചാരങ്ങളുമെല്ലാം മുടക്കം കൂടാതെ നടക്കുന്നുണ്ട്’’ - അയാൾ പിറുപിറുത്തു.
ശ്രീറാമിനെ തെരുവിൽ അവമതിക്കുന്നത് കണ്ട് ഖാദിധാരി കണ്ണീർ പൊഴിച്ചു.
മൂടിക്കിടക്കുന്ന അന്തരീക്ഷത്തിന്റെ ഇരുളിൻ മറയോട് ചേർന്ന് റാം റാം റാം
എന്നുച്ചരിച്ച് അയാൾ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് നടന്നു നീങ്ങി ....