Archives / October 2019

രേണുക ലാൽ 
നിലാവിനെ പ്രണയിച്ചവൾ 

                    അവളുടെ ഓരോ യാത്രയും ഓരോ ആഘോഷങ്ങൾ ആയിരുന്നു, നിലാവിനെ തേടിയുള്ള യാത്ര അങ്ങകലെ സൂര്യൻ ഭൂമിയെ ചുംബിച്ചുണരും മുൻപ് ഇറങ്ങും, ഇളം മഞ്ഞും തണുത്ത കാറ്റും മനസ്സിൽ മഴവില്ല് വിരിയിക്കുന്നത്തിനോടൊപ്പം തന്നെ ശരീരത്തിനെയും കുളിർമയമാക്കാറുണ്ട്

 എന്നത്തെയും പോലും തന്നെ ഇത്തവണയും ബസിന്റെ സൈഡ് സീറ്റിൽ തന്നെ ഇടം പിടിച്ചു. കണ്ണിനും മനസ്സിനും കുളിർമയമേകുന്ന അനുഭൂതി പകരുന്ന ആ യാത്രയിൽ ആരെയോ കാത്തിരിക്കുന്ന ഒരു പ്രതീതി അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരിയിലൂടെ വായിച്ചെടുക്കാൻ കഴിയും. 

 പൊതുവെ ഇത്തിരി കുറുമ്പിയാട്ടോ നമ്മുടെ കാ‍ന്താരി, ആരേം കിട്ടിയില്ലേൽ നമ്മുടെ കണ്ടക്ടർ ചേട്ടനെ വിളിച്ചിരുത്തി അങ്ങ് സൊറ പറയും, അത്ര വായാടി,ഇത്തവണ എന്തോ അവൾ നിശബ്ദ ആയി. 

              ഗുൽമോഹർ പൂക്കളുടെ മനോഹാരിതയും മഞ്ഞപട്ടു വിരിച്ച പോലെ റോഡിന്റെ വശങ്ങളിൽ കൊഴിഞ്ഞു കിടക്കുന്ന മന്താര പൂക്കളും എന്താ പറയുക മറ്റെന്തൊക്കെയോ അവളിലെ പ്രണയിനിയെ ഉണർത്തി. 

      രഹസ്യമായി കണ്ണനെ ആരാധിച്ചവൾ, പല രാത്രികളിലും അവളുടെ മോഹങ്ങളിൽ അവളോടൊപ്പം ഉണ്ടായിരുന്നവൻ, അവൾക്ക് മാത്രം അറിയാവുന്ന സ്വപ്നത്തിലെ രാജകുമാരൻ, ഇന്ദ്രനീലകല്ലിന്റെ മാന്ത്രികത പോലെ വശ്യമായ നയനങ്ങൾ കൊണ്ട് മനോഹരമായി പുഞ്ചിരിക്കുന്നവൻ.  

        ആ യാത്രയിൽ അവൾ, അവളിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കി, കുട്ടിയുടുപ്പും പൊട്ടാത്തരങ്ങളുമായി നടന്ന നാട്ടിൻപുറത്തുകാരി കുട്ടി ഇന്നൊരു മുതിർന്ന സ്ത്രീ ആയിരിക്കുന്നു , ആവോ, ഏയ്, പൊട്ടത്തരങ്ങളും കുറുമ്പുമെന്നിൽ നിന്ന് എങ്ങും പോയിട്ടില്ല, അതുകൊണ്ടല്ലേ ഏട്ടൻ എന്നെ പൊട്ടിക്കാളിന്നു വിളിക്കുന്നെ. 

         വയസ്സറിയിച്ചപ്പോൾ  അപ്പുപ്പൻ മേടിച്ചു തന്ന പട്ടുപാവാടയിട്ട്....... ശ്ശോ !ഓർക്കാൻ കൂടി വയ്യാ നാണമാകുന്നു. കൗമാര സ്വപ്‌നങ്ങൾ ചാമരം വീശുന്ന ആ മധുര പതിനേഴിൽ പൂവായി പൂത്തതും, പിന്നീട് എപ്പഴോ അറിയാതെ ഒരു മഴയുള്ള രാത്രിയിൽ അവന്റെ ശീതം കുറക്കുന്ന പുതപ്പായി മാറിയതും   എല്ലാം ഒരു ഓർമ്മ മാത്രമായി അവശേഷിച്ചു. 

             ഏയ് കുട്ടി ഇത്തിരി നീങ്ങിയിരിക്കു, ശ്ശോ !തുലച്ചു, സമയം പോയതറിഞ്ഞില്ല. ആകാശം കാർമേഘത്താൽ മൂടപ്പെട്ടു കിടക്കുന്നു, പെയ്യാത്ത മഴയുടെ കുളിരു തരുന്ന ഈ അന്തിരീക്ഷത്തിലും ഒരു പ്രണയമുണ്ട്.അതാ വീണ്ടും ഗുൽമോഹർ  ഈ വഴിയിൽ ഇതു വെച്ച ആളെ കണ്ടിരുന്നു എങ്കിൽ കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കായിരുന്നു അത്ര  പ്രണയം.വിടരാതെ പോയ പൂക്കളുടെ ചൊടിയിൽ നിന്നുതിർന്നു  വീഴുന്ന മിഴിനീരിന്റെ  സങ്കടം ആണോ ഈ ചുമപ്പ് നിറം. 

             അല്ല ഇതൊന്നും അല്ല മഴവില്ല് കൊണ്ട് പ്രണയം രചിക്കുന്ന ഈ പൊട്ടിപെണ്ണിന്റെ വരികളാണ് പ്രണയം, അതേ അതന്നെ, അയ്യോ ബസിൽ പാട്ട് വെച്ചു ശ്ശോ ന്റെ സങ്കല്പം പിന്നേം തെറ്റിക്കുന്നു, കേൾക്കാത്ത ഈ പാട്ടിൽ മധുരമായി തുളുമ്പുന്ന ഏതോ ഒന്ന് അതാണോ, കൺഫ്യൂഷൻ ഉണ്ടാക്കാൻ ഓരോന്ന് ഇടും, ന്തേലും ആകട്ടെ എനിക്കെന്റെ കൃഷ്ണൻ മതി, അതാണെന്റെ പ്രണയം. 

            ഇടക്കെപ്പോഴോ അവളുടെ കണ്ണുകൾ ഒരു തറവാട്ടു മുറ്റത്തുടക്കി, കണ്ടിട്ട് നായർ തറവാട് ആണെന്ന് തോന്നുന്നു വിളക്ക് കത്തണുണ്ട്‌, ഇടനാഴിയുടെ ചുറ്റിലും ചെടികളും ഉണ്ട്, കൊള്ളാം പഴമയെ സ്നേഹിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ,എല്ലാരും പുതുമയുടെ പുറകിലുള്ള നെട്ടോട്ടം അല്ലെ, ഒരു വീടെങ്കിലും കണ്ടല്ലോ, ആശ്വാസം !.. 

              അടുത്ത സ്റ്റോപ്പ്‌ ഇറങ്ങണം സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ, ന്റെ രാജകുമാരൻ, ആ !ഇരുണ്ട മുറിയുടെ അരണ്ട വെളിച്ചത്തിൽ കണ്ടപ്പോൾ നിലാതിങ്കൾ പോലും മാറി പോയിരിക്കുന്നു. കൃഷ്ണാ നീ എത്ര സുന്ദരനാണ്, നീ എന്നിലേക്ക്‌ വന്നനാൾ അറിയില്ല, ഞാൻ എങ്ങനെയാ പറയുക ഞാനാകെ പൂത്തു തളിർത്തു, കഴിഞ്ഞു പോയകാലങ്ങൾ എന്താ അനുരാഗ മഴപോലെ വീണ്ടും എന്നിലേക്ക്‌ പെയ്തിറങ്ങി. 

                   ന്റെ കണ്ണാ നീ തൊട്ടതു എന്നെയല്ല എന്റെ മോഹങ്ങളെ ആണ്, ആരും അറിയാതെ എന്റെ ഉള്ളിൽ ഞാൻ സൂക്ഷിച്ച എന്റെ പ്രണയത്തെയാണ്, പോകട്ടെ സമയമായി, ഒത്തിരി നേരം  നിൽക്കണില്ല, തിരിച്ചു വരവിൽ ചില  വരികൾ മനസ്സിൽ മിന്നി മാഞ്ഞു. 

 വള്ളികുടിലിന്റെയോരത്തു നിന്നൊരാ

 ഓടക്കുഴൽ വിളി കേൾക്കെ 

തനിയെ മറന്നങ്ങു നൃത്തം ചവുട്ടിഞാൻ 

എന്നോലപുരയുടെ ഉള്ളിൽ 

 ആവശ്യ നയനത്തിൻ ചാരുതയിന്നെന്റെ 

ആത്മാവിനുള്ളിൽ പതിഞ്ഞു

പുഞ്ചിരി കൊഞ്ചലാലെന്നെമയക്കാതെ 

നിൻ അനുരാഗിണി രാധ ഇല്ലേ 

രാധതൻ പ്രേമവും എന്നുടെ മോഹവും 

എല്ലാം നിനക്കിന്നിതറിയാം 

എൻ ചാരെ ഇന്ന് നീ വന്നു നിന്നിടല്ലേ  

കൃഷ്ണാ വയ്യാ എനിക്കു സഹിക്കാൻ  

ഗോപികാരമണാ നിൻ കാലടിക്കുള്ളിലെ 

ഒരുതരി മണ്ണി ഇവൾക്കേകു 

ഇനിയൊരു ജന്മത്തിൽ ഉണ്ടാകുമോ ഇവൾ 

നിന്നുടെ രാധയായി തീരാൻ 

അതു മാത്രം ഇന്നെന്റെ ഇങ്ങിതം കണ്ണാ 

നീ ആ സത്യം ഇന്നിവൾക്കേകു  ............... 

 

 എന്താ പറയുക..??

പൊൻസൂര്യകിരണത്തെ മോഹിക്കാൻ ആവുമോ 

ചേറ്റിലെ താമരക്കിന്നും??

 

        ആവോ എനിക്കറിയില്ല....... 

ഇനിയൊരു യാത്രയിൽ വീണ്ടും കാണാം.... 

 

                

Share :