Archives / 

തിരുമലശിവൻകുട്ടി
എ.അയ്യപ്പൻ -          മലയാള കവിതയിലെ ഊതി ക്കാച്ചിയ പൊന്ന്.

       'വീണിടം വിഷ്ണുലോകം' എന്ന പഴമൊഴി അന്വർത്ഥമാക്കിയ കവിയാണ് എ അയ്യപ്പൻ. തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് , അയ്യപ്പൻ കവിതകൾക്കു വിഷയമാക്കിയിട്ടുള്ളത്. 1947 ഒക്ടോബർ 27-നു തിരുവനന്തപുരത്ത് നെടുമങ്ങാട്ടാണ് അയ്യപ്പൻ ജനിച്ചു വീണത്.   ബാല്യത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അയ്യപ്പൻ സഹോദരി സുബ്ബലക്ഷയിയുടെ നേമം എസ്റ്റേറ്റ് റോഡിലുള്ള വസതിയിലാണ് ,അവരുടെ സംരക്ഷണയിൽ വളർന്നതും പഠിച്ചതും.  പി.കുഞ്ഞുരാമൻ നായർ എന്ന കവിയെപ്പോലെ ,സ്ഥിരം മേൽവിലാസം ഇല്ലാതെ അലഞ്ഞു നടന്ന കവി. അവധൂതനെ പോലെ കവിതയെഴുതി , അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടു ദിവസങ്ങൾ തള്ളിവിട്ടിരുന്ന കവി. ഒടുവിൽ 2010 ഒക്ടോബർ 22-ന്നു തമ്പാനൂരിലുള്ള  ഉടുപ്പി ശ്രീവാസ് ലോഡ്ജ് (പിൽക്കാലത്ത് പുതുക്കിപ്പണിതപ്പോൾ തകർന്ന് വീണ ലോഡ്ജ് )  ന് മുമ്പിൽ കുഴഞ്ഞു വീണ് മരിച്ച കവി. മരിക്കമ്പോൾ അദ്ദേഹത്തിന്റെ കുപ്പായ കൈമടക്കിൽ കവിത കുറിച്ചു വെച്ചിരുന്ന കടലാസ് ഭദ്രമായുണ്ടായിരുന്നു ( പല്ല് എന്ന ഈ കവിത  അടുത്ത ദിവസം ചൈന്നയിൽ ആശാൻ അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ ആലപിക്കാൻ വേണ്ടിയാണ് എഴുതിയതെന്ന് അനുമാനിക്കുന്നു.)

           ബലി കുറിപ്പുകൾ ,മാളമില്ലാത്ത പാമ്പ് ,പ്രവാസിയുടെ ഗീതം ,ബുദ്ധനും ആട്ടിൻകുട്ടിയും ,കറുപ്പ്, വെയിൽ തിന്നുന്ന പക്ഷി ജയിൽ മുറ്റത്തെ പൂക്കൾ ,കൽക്കരിയുടെ നിറമുള്ളവർ  തുടങ്ങി കുറെ കവിതാ സമാഹാരങ്ങൾ .   

      വിദ്യാഭ്യാസ കാലത്തിനു ശേഷം "അക്ഷരം" എന്ന പേരിൽ അയ്യപ്പൻ ഒരു സാഹിത്യ മാസിക പുറത്തിറക്കിയിരുന്നു.  ആ സാഹിത്യ മാസികയിൽ പ്രസിദ്ധമായ പലരുടേയും രചനകൾ ഉൾപ്പെടുത്തിയിരുന്നു. നിലവാരത്തിലും സാഹിത്യ ഗുണത്തിലും മികച്ച പ്രസി ദ്ധീകരണമായിരുന്നു അക്ഷരം  ആർ .സുഗതനുമായുള്ള അടുപ്പം അയ്യപ്പനെ ഒറ്റയാനാക്കി. കുറെക്കാലം " നവയുഗം" മസികയുടെ പ്രൂഫ് വയനക്കാരനായിരുന്നു അയ്യപ്പൻ. 

        അയ്യപ്പന്റെ കവിതകളിലൂടെ സഞ്ചരിക്കുന്ന സാധാരണ വായനക്കാരന് ,ജീവിതം തകർന്നവന്റെ തീവ്ര ദുഃഖത്തിന്റെ നിലവിളി കേൾക്കാം ,വീടില്ലാത്തവന്റെ, കാമുകി നഷ്ടപ്പെട്ടവന്റെ ,ബന്ധങ്ങളറ്റ് പോയവന്റെ ,ആരോഗ്യം നഷ്ടപ്പെട്ടവന്റെ ,നാടില്ലാത്തവന്റെ , സമൂഹ പദവി നഷ്ടപ്പെട്ടവന്റെ ഒക്കെ വേദനയാർന്ന ശബ്ദം അനുഭവിക്കാം.

          കാറിടിച്ചു മരിച്ചവന്റെ മരണത്തിൽ ദുഃഖിക്കാനല്ല കവി ശ്രമിച്ചത്. അന്നത്തെ അത്താഴത്തിനുള്ള വഴി തേടലായിരുന്നു അയാളുടെ കീശയിലൂണ്ടായിരുന്ന പച്ചനോട്ടിലേയ്ക്ക് കണ്ണുചെന്നെത്തുന്ന കവിയുടെ അവസ്ഥയാണ് സത്യസന്ധമായി ആ കവിതയിൽ അവതരിപ്പിക്കുന്നത്. 

          ഇനിയെന്റെ കൂട്ടുകാർ മരിച്ചു പോയവരാണെന്ന് കവിതയെഴുതിയ അയ്യപ്പനെന്ന കവി ,മൂന്ന് നാല് ദിവസം കഴിഞ്ഞത് മരിച്ചവരോടൊപ്പം മോർച്ചറിയിലാണ്.

        ഇരുന്നു വാഴണം / അല്ലെങ്കിൽ ഞാൻ ഇരന്നു വാങ്ങണം/രണ്ടുച്ചുഴികളുണ്ടെന്റെ ശിരസ്സിൽ

         ഇരുന്നു വാഴാൻ അയ്യപ്പനെന്ന കവിക്കു കഴിഞ്ഞിട്ടില്ല. സ്വന്തം ആഹാരത്തിനും ലഹരിക്കും വേണ്ടി സ്നേഹം ഭാവിച്ച് ചിരിക്കുന്നവരോട് പോലും കവി ഇരന്ന് രുപാ വാങ്ങിയിരുന്നു.

         കണ്ണട എന്ന കവിതയിൽ ,കാഴ്ചക്കുറവുള്ളവർക്ക് കാഴ്ച നൽകുവാനുള്ളതാണ് കണ്ണടയെങ്കിലും താനൊരു വീണുടഞ്ഞ കണ്ണടയാണെന്നും അതായിരുന്നു അയ്യപ്പന്റെ ജീവിതമെന്നും നാം തിരിച്ചറിയുന്നു. വായ്ക്കരിപ്പാട്ട് -- മരിച്ചു പോയ മകനെ അടക്കം ചെയ്യുവാൻ വാങ്ങിയ ശവപ്പെട്ടിയുടെ കടം വീട്ടാനാകാത്ത അവസ്ഥ ചിത്രീകരിക്കുന്നു.

           കൽക്കരിയുടെ നിറമുള്ള കറുത്ത വർഗ്ഗത്തെ ,ഖനിത്തൊഴിലാളികളെ കുറിച്ച് എഴുതുമ്പോഴും അയ്യപ്പന്റെ നെഞ്ചിനുള്ളിലെ നെരിപ്പോടിൽ തീയാണ് എരിഞ്ഞിരുന്നത്..

        വിശപ്പുള്ളവൻ ചെരുപ്പു തിന്നുന്നതു കണ്ട്
ചിരിച്ചവനാണ് ഞാൻ
അന്നത്തെ കോമാളിത്തമോർത്ത്
ഇന്നു ഞാൻ കരയുന്നു.

       ബുദ്ധാ / ഞാനാട്ടിൻകുട്ടി / കല്ലേറു കൊണ്ടിട്ടെന്റെ കണ്ണു പോയ്/ നിൻ ആൽത്തറ കാണുവാനൊട്ടും വയ്യ.

സ്വയം ആട്ടിൻകുട്ടിയാകുന്ന കവി.

മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം / ഈ സത്യം പറയാൻ സമയമില്ലായിരുന്നു ./ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലൂടെ /
അത് മൃതിയിലേക്കൊലിച്ച് പോയ്./ഇല്ലെങ്കിൽ / ഈ ശവപ്പെട്ടി മൂടാതെ പോകു/ഇനിയെന്റെ ചങ്ങാതികൾ/ മരിച്ചവരാണല്ലോ. ..

 ശവപ്പെട്ടി ചുമക്കുന്നവരോട് പോലും പറയേണ്ടത് പറഞ്ഞ് വെച്ചിട്ട് കവി "ഇനിയെന്റെ ചങ്ങാതികൾ മരിച്ചവരാണല്ലോ." എന്ന് കൂടി പറഞ്ഞ് തന്നെയാണ് ഇവിടെ നിന്നും യാത്ര ആയത്. .....

Share :

Photo Galleries